പൂമുഖം LITERATUREനർമ്മം കേളുമാഷ് (ഭാഗം 3)

കേളുമാഷ് (ഭാഗം 3)

പോക്കറ് മാഷെ ഭൂമിശാസ്ത്രം ക്ലാസിൽ പകരക്കാരനായി ഒരിക്കൽ കേളുമാഷിന് പോകേണ്ടി വന്നു. പോക്കറ് മാഷ് ഒരു നല്ല കൃഷിക്കാരനായത് കൊണ്ട് ഇടയ്ക്ക് അക്കാരണം കൊണ്ട് സ്കൂളിൽ നിന്നും മുങ്ങാറുണ്ട്. ആ അധികഭാരവും കേളു മാഷിലാണ് മിക്കവാറും ചെന്നെത്തുക.

പാവം കേളുമാഷ്! മൂപ്പര് മലയാളത്തിന് പുറമെ ചരിത്രവും ഭൂമിശാസ്ത്രവും ഇംഗ്ലീഷും തുടങ്ങി പലതും പലർക്കു വേണ്ടിയും നെഞ്ചിലേറ്റും! നന്മ മാത്രമാണ് ലക്ഷ്യം. ചെയ്യുന്ന കർമ്മം മാത്രമാണ് ജീവിത പുണ്യം എന്ന് കരുതുന്ന കേളു മാഷ് പോക്കറ് മാഷുടെ ഒഴിവിൽ ഭൂമി ശാസ്ത്രം തന്നെ പഠിപ്പിക്കാമെന്ന് കരുതി ഒൻപത് – സി ക്ലാസിൽ ചെന്നു.

കേളു മാഷെ കണ്ടയുടനെ കൂട്ടികൾ ഒന്നടങ്കം പറഞ്ഞു.

“കേളു മാശെ മലയാളം ടെക്സ്റ്റ് പൊസ്തകം ഞാള് ഇന്ന് കൊണ്ട് വന്ന്ക്കില്ല.”

പതിഞ്ഞ സ്വരത്തിൽ ചിരിച്ചുകൊണ്ട് കേളു മാഷ് പറഞ്ഞു.

“ആയിക്കോട്ടെടോ. ഇങ്ങളോട് ആരാ പറഞ്ഞെ ഞാൻ മലയാളം എടുക്വാന്ന്. മ്മക്ക് ഇന്ന് പോക്കറ് മാഷെ ഭൂമിശാസ്ത്രം പഠിക്കാം”

‘അമ്മോ ഇങ്ങള് ഭൂമിശാസ്ത്രം പഠിപ്പിക്വോ “

മുന്നിലിരിക്കുന്ന റീന പെരുത്ത് അത്ഭുതത്തോടെ കേളുമാഷെ നോക്കി ചോദിച്ചു.

വര: പ്രസാദ് കാനാത്തുങ്കൽ

“പിന്നെന്താ” കേളു മാഷ് ആത്മവിശ്വാസത്തോടെ പറഞ്ഞു. അത് കേട്ടതും രണ്ടാമത്തെ ബെഞ്ചിലിക്കുന്ന ക്ലാസ് ലീഡർ ശോഭ എഴുന്നേറ്റ് നിന്ന് കേളുമാഷോട് ഒറ്റ ചോദ്യം.

“സേർ ഭൂമിയുടെ ചുറ്റളവ് എത്രിയാ സേർ”

തലക്കടിയേറ്റപോലെയായി കേളു മാഷ്. ഭൂമിക്ക് അങ്ങനെയൊരു ചുറ്റളവുണ്ടോ അതോ അച്ചുതണ്ട് പോലുള്ള വല്ല കാണാക്കാഴ്ചയോ! മാഷ്ടെ മനസ്സിൽ നിരവധി കൊള്ളിയാനുകൾ മിന്നിമറഞ്ഞു. പെട്ടെന്ന് ഒരാശയം മാഷ്ടെ ബുദ്ധിയിലുദിച്ചു. ഇവിടെ തോറ്റാൽ ആകെ നാറുമെന്ന് കരുതിയ മാഷ് ക്ലാസ് ലീഡർ ശോഭയോടു ഒരൂ മറുചോദ്യം ചോദിച്ചു.

“എടോ ഇഞ്ഞ് ഏട്ന്നാ ബെരുന്നേ”

ശോഭ ആകെ അമ്പരന്ന് സ്ഥലപ്പേര് പറഞ്ഞു. “പാലേരീന്ന്”

“ഉം. പാലേരീന്ന് പേരാമ്പ്രയ്ക്ക് എത്ര ദൂരേണ്ട്?” കേളുമാഷ് ആവേശത്തോടെ കുട്ടിയെ നോക്കി ചോദിച്ചു.

അതോടെ ക്ലാസിലെ കിലുക്കാംപെട്ടിയായ ശോഭ ശോഭയറ്റ് നിശ്ചലമായി. എന്നിട്ട് തലതാഴ്ത്തി പറഞ്ഞു.”അറിഞ്ഞൂട സേർ”

അത് കേട്ടതോടെ മാഷ് ഉഷാറായി. ഒന്നുറക്കെ ചിരിച്ചിട്ട് കേളു മാഷ് അട്ടഹസിച്ചു. “മളെ ആദ്യം അത് പഠിക്ക്. ന്നിറ്റ് മതി ഭൂമിയുടെ ചുറ്റളവ്.”

ക്ലാസ് മൊത്തം നിശ്ചലം. ആ തഞ്ചത്തിൽ കേളു മാഷുടെ ഭൂമിശാസ്ത്ര പഠനം കേമമായി പുരോഗതി പ്രാപിക്കയായി!

(തുടരും)

Comments

You may also like