പൂമുഖം BOOK REVIEW ജൈവികവികസനത്തിന്‍റെ സമാന്തരബോധ്യങ്ങൾ

ശ്രീ പി എസ്. രാംദാസ് എഴുതിയ 'അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം' എന്ന പുസ്തകത്തെ പറ്റി: ജൈവികവികസനത്തിന്‍റെ സമാന്തരബോധ്യങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ികസനം, ഭരണകൂടം, ജനാധിപത്യം, സംസ്ക്കാരം തുടങ്ങിയ വലിയ  അധികാര  സമസ്യകളെ സമീപിക്കാൻ സർവ്വർക്കും  സ്വീകാര്യമായ  ഒരളവുകോൽ ലഭ്യമല്ല.  ബൃഹത് സമസ്യകളോട്  ഏകശിലാരൂപത്തിലുള്ള വീക്ഷണം  വെച്ചുപുലര്‍ത്തുന്നത് അഭികാമ്യവുമല്ല.  നിർണായകമായ  സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിൽ സമീപിക്കുന്ന അഭിമുഖങ്ങളാണ്  ഈ  പുസ്തകത്തിലുള്ളത്.  നിലപാടുകളുടെയും വിഷയങ്ങളുടെയും കാര്യത്തിൽ വിഭിന്നത നിലനിൽക്കുമ്പോഴും ശക്തമായൊരു  സ്ത്രൈണ രാഷ്ട്രീയ  നിലപാട് അവയ്ക്ക് സമാനത  വളർത്തുന്നു.

ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളുടെ  നേർക്ക് കാതലായ  വിമർശനങ്ങൾ അഴിച്ചുവിടേണ്ടതിന്‍റെ ആവശ്യകത അവ നമ്മെ ശക്തമായിത്തന്നെ ഓർമ്മപ്പെടുത്തുന്നു.

വികസനമെന്നത്  മേലെനിന്നു കീഴോട്ട്  പറിച്ചു  നടുന്ന ഒരു  പരിവർത്തന  പ്രക്രിയയായി കാണുന്ന  വ്യവസ്ഥാപിത  രീതിയെ ചോദ്യം  ചെയ്യാൻ താഴെനിന്ന് മേലോട്ടുള്ള ഒരു  ജൈവിക വികസന സങ്കല്പം ആവശ്യമാണെന്ന ബോധം  പ്രധാനമാണ്.

“വ്യക്തിഗതമായതു രാഷ്ട്രീയമാണ്”  എന്ന  ഫെമിനിസ്റ്റ്  ആശയം ജീവിതം  കൊണ്ട് വ്യക്തമാക്കുന്നവരാണ് ഈ പുസ്തകത്തിൽ അഭിമുഖത്തിന് വിധേയരാവുന്നതിൽ അധികവും.  തങ്ങളുടെ  സ്ത്രൈണ  അസ്‌തിസ്ത്വം ഒരു  വശത്തും  കടുത്ത  ആൺകോയ്മ സാമൂഹ്യ  യാഥാർഥ്യങ്ങൾ  മറുവശത്തും നിലകൊള്ളുമ്പോൾ ഈ വൈരുദ്ധ്യത്തെ മറികടക്കാൻ വ്യക്തി-സാമൂഹ്യ  ബന്ധങ്ങളുടെ അധികാരമണ്ഡലം വിമർശനാത്മകമായി  പരിശോധിച്ചേ  മതിയാവൂ.  വിഭവങ്ങളുടെയും അധികാരത്തിന്‍റെയും സാംസ്കാരിക  മൂലധനത്തിന്‍റെയും കുന്നുകൂട്ടൽ  ചില  കേന്ദ്രങ്ങളിൽ ഒതുങ്ങി  കുത്തകവൽക്കരിക്ക പ്പെടുമ്പോൾ ജനാധിപത്യമെന്നതു നിരർത്ഥകമാവുന്നു.  വിഭവങ്ങളുടെയും   അധികാരത്തിന്‍റെയും  വികേന്ദ്രികരണം എന്ന  ജനാധിപത്യാവകാശം  സാധ്യമാക്കാൻ ശക്തമായ  വിമർശനബോധവും  സക്രിയമായ സാമൂഹിക ഇടപെടലുകളും ആവശ്യമാണ്.

വൻ  കുത്തകതാൽപര്യങ്ങളുടെ വിഭവ  ചൂഷണങ്ങൾക്കെതിരെ ആദിവാസികളടക്കമുള്ള വലിയ ഇന്ത്യൻ ജനവിഭാഗങ്ങൾ ഇന്ന്  സമരപാതയിലാണ്.  നിലനിൽപ്പും  ആത്മാഭിമാനവും  ഊന്നിക്കൊണ്ടുള്ള സമരങ്ങളുടെ  രാഷ്ട്രീയ  ഭൂമിശാസ്ത്രം ഇന്ന് വിപുലപ്പെടുന്നുണ്ട്.  ഇത്തരം  ശബ്ദങ്ങളെ  ദേശദ്രോഹ മുദ്ര  കുത്തിയും ജനവിരുദ്ധ  നിയമങ്ങളുടെ ഒരു  നിര  തന്നെ സൃഷ്ടിച്ചും സൈനികമായി  നേരിടാനാണ് ഭരണകൂടം ശ്രമിക്കുന്നത്.  മനുഷ്യാവകാശങ്ങളുടെ സംരക്ഷണോത്തരവാദിത്വമുള്ള ഭരണകൂടം നവലിബറൽ രീതിയിൽ കമ്പോളാനുകൂലമായി  മാറുമ്പോൾ ജനാധിപത്യാവകാശധ്വംസനം അതിന്‍റെ ദൈനംദിന പ്രവർത്തനത്തിന്‍റെ ഭാഗമായിത്തീരുന്നു.  ബിനായക് സെന്നിനെപോലുള്ള ജനപക്ഷ  മനുഷ്യാവകാശ പ്രവർത്തകർ “ദേശദ്രോഹികളായി” മുദ്ര ,കുത്തപ്പെടുന്നത് ഭരണകൂടത്തിന്‍റെ  മേൽപ്പറഞ്ഞ  കാലത്താണ്.  താഴെനിന്ന്  മേലോട്ടുള്ള ജനകീയമായൊരു ജനാധിപത്യ സങ്കൽപ്പവും അതിനായുള്ള  പ്രവർത്തനവും എത്ര ദുഷ്ക്കരമാണെന്ന് ബിനായക് സെന്നിന്‍റെ അനുഭവവും  വ്യക്തമാക്കുന്നു.

സാമൂഹ്യ-രാഷ്ട്രീയ  സമസ്യകളെ  അഭിസംബോധന ചെയ്യുമ്പോൾ മൂല്യ നിരപേക്ഷമായ ഒരു  സാമൂഹ്യശാസ്ത്ര വീക്ഷണം അവലംബിക്കുന്നവരല്ലേ ഇവിടെ  സംഭാഷണം നടത്തുന്ന സ്ത്രീ പ്രവർത്തകർ.  അവർക്കു  നിലപാടുകൾ  പ്രധാനമാണ്.  ഇന്ത്യൻ  സ്ത്രീപക്ഷ  നിലപാടുകൾക്ക് ഇവിടുത്തെ  സാഹചര്യങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്.  അതേസമയം  സമകാലിക  സ്ത്രൈണാവസ്ഥയും ആൺകോയ്മയും നേരിടുന്നതിന് ലഭ്യമായ സാർവ്വലൗകിക  സമരാനുഭവങ്ങൾ ഇന്ത്യൻ സ്ത്രീകൾക്ക് പ്രചോദനമാകുന്നുണ്ട്.

ഇന്ത്യൻ  എഴുപതുകളിൽ സാമൂഹ്യരംഗത്തു ദൃശ്യമായ പ്രസ്ഥാനങ്ങളിൽ സ്ത്രീപക്ഷ പ്രവർത്തനങ്ങൾക്ക് മുഖ്യമായൊരു സ്ഥാനമുണ്ട്.  ഇന്ത്യയിലെ  ലിംഗ-വർഗ-ജാതി  തലങ്ങളിലുള്ള അസമത്വങ്ങളെ വ്യത്യസ്ത രൂപങ്ങളിൽ  അഭിസംബോധന ചെയ്യുന്ന  പ്രസ്ഥാനങ്ങൾ ഇക്കാലത്തു ഉയർന്നുവന്നു.  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, വധുഹത്യ, തൊഴിലിടങ്ങളിലെ സ്ത്രീ വിരുദ്ധത, നിയമപരമായ പൊളിച്ചെഴുത്ത്, രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യ പ്രശ്നങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കപ്പെടുന്ന ചർച്ചാ വിഷയങ്ങളാക്കാൻ ഫെമിനിസ്റ്റ് ഇടപെടലുകൾകൊണ്ട് കുറെയൊക്കെ  സാധിച്ചു.   സ്ത്രീ പ്രസ്ഥാനങ്ങളുടെ മുൻകൈയിൽ നടന്ന കൂടിച്ചേരലുകൾ ഇന്ത്യയിലെ  നവലിബറൽ സാമ്പത്തിക പുനഃ ക്രമീകരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും തീവ്ര വലതുപക്ഷ ഹിന്ദുത്വവാദം  ഉൽപാദിപ്പിക്കുന്ന അഭിനവ ഹിംസാത്മക ആൺകോയ്മ ഉയർത്തുന്ന സമസ്യകളും കാര്യമായ ചർച്ചക്ക്  വിധേയമാക്കി. എന്നാൽ  ജാതി  പ്രശ്നത്തെ വേണ്ടും വിധം  അപഗ്രഥിക്കുന്നതിലും  ജാതി-ലിംഗ ബന്ധങ്ങളെ  പുതിയ  സാഹചര്യത്തിൽ നോക്കിക്കാണുന്നതിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയെന്നു  തോന്നുന്നില്ല.

പാരിസ്ഥിതിക പ്രശ്നങ്ങളെ സ്ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന സൈദ്ധാന്തിക പരിശ്രമങ്ങളും പ്രായോഗിക പരിശ്രമങ്ങളും പ്രായോഗിക  പ്രവർത്തനങ്ങളും എഴുപതുകൾ തൊട്ടു ശക്തിപ്രാപിച്ചു.  സ്ത്രീകൾ നേതൃത്വം നൽകുന്നതും വലിയ  തോതിൽ സ്ത്രീ  പ്രാതിനിധ്യമുള്ളതുമായ പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ വിവിധ  ഭാഗങ്ങളിൽ ഉയർന്നുവന്നത്  ആർക്കും ശ്രദ്ധിക്കാതിരിക്കാൻ ആവുമായിരുന്നില്ല.  ജീവിക്കാനുള്ള  അവകാശവും സമൂഹത്തിന്‍റെ നിലനിൽപ്പിന്‍റെ പ്രശ്നവും അവയിലൂടെ ഉയർത്തി കാണിക്കപ്പെട്ടു.  വികസനവും  പരിസ്ഥിതിയും നിലനിൽപ്പിന്‍റെ പ്രശ്നഭൂമികയിൽ ചർച്ച ചെയ്യേണ്ടതിന്‍റെ ആവശ്യകത ഊന്നപ്പെട്ടു.    സമകാലിക വികസന  വീക്ഷണങ്ങളുടെ ആന്തരിക  വൈരുദ്ധ്യങ്ങളും ജനതകളെ പ്രാന്തവൽക്കരിക്കുന്ന അവയുടെ വിഭവാധികാര കേന്ദ്രീകരണ  രീതികളും വിമർശനത്തിന്  വിധേയമായി.  പ്രകൃതിയുടെയും മനുഷ്യസമൂഹങ്ങളുടെയും വൈവിധ്യവും നിലനിൽപ്പും ഇന്നത്തെ  ആധിപത്യ – ആൺകോയ്മ  വികസന രീതികൊണ്ട് നശിപ്പിക്കപ്പെടുകയാണെന്ന ബോധ്യം ഉണ്ടാക്കാൻ സ്ത്രീപക്ഷ  പാരിസ്ഥിതിക വീക്ഷണങ്ങൾക്കു കുറെയൊക്കെ  സാധിച്ചു.  പ്രസ്ഥാനങ്ങളുടെ ജൈവികത  നിലനിർത്തുന്നതിന് അവയിൽ  ചിലതിന്‍റെ എൻ  ജി  ഒ  വൽക്കരണം തടസ്സമായിട്ടുണ്ട്.   ബ്യുറോക്രാറ്റിക് രീതിയിലുള്ള  സംഘടനാസംവിധാനങ്ങളിലൂടെയല്ല മറിച്ച്, മനുഷ്യർ തങ്ങളുടെ  തന്നെ ഏജൻസി ഏറ്റെടുക്കുന്ന സാമൂഹ്യ ഇടപെടലുകളിലൂടെയാണ് മാറ്റത്തിന്‍റെ ചാലക ശക്തികളാകാൻ അവർക്കു  സാധിക്കുക.  ചെറുതും വലുതുമായ പ്രസ്ഥാനങ്ങൾ എല്ലാം  വിജയം  കണ്ടുവെന്ന് അഭിപ്രായപ്പെടാൻ  പ്രയാസമാണ്.  പക്ഷെ  ഒറ്റനോട്ടത്തിൽ പരാജയമെന്ന് തോന്നിക്കുന്ന  ഇത്തരം  പ്രസ്ഥാനങ്ങൾ സാമൂഹ്യമായ നിരവധി പാഠങ്ങൾ ബാക്കിവെക്കുന്നുവെന്നാണ് യാഥാർത്ഥ്യം.

വികസനത്തിന്‍റെയും നിലനിൽപ്പിന്‍റെയും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വീക്ഷണം കേവലമായ  വിശ്വാസങ്ങളെ ഊന്നിയുള്ളതായതിനാൽ പ്രയോജനം  കിട്ടില്ല.  വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ഏകമുഖമായ സാംസ്കാരിക  വീക്ഷണത്തിലൂടെ ഉയർത്തിക്കാട്ടപ്പെടുന്ന പാരിസ്ഥിതിക  വീക്ഷണം ഉൾച്ചേർക്കലിന്‍റെ ബോധത്തിന് പകരം അകറ്റി മാറ്റലിന്‍റെ വീക്ഷണം പ്രദാനം ചെയ്‌തേക്കാം.  വിമർശനവും ബഹുസ്വരതയും അതിൽ പ്രധാനമാണ്.  പാരിസ്ഥിതികതയുടെ  രാഷ്ട്രീയം നിർണായകമാണ്.  വിഭവ-അധികാരങ്ങളുടെ ജനാധിപത്യവൽക്കരണം അതിന്‍റെ  മുഖ്യമായ  ഊന്നലാകണം.

നമ്മുടെ  സാംസ്കാരിക രംഗത്ത് പിടിമുറുക്കുന്ന ഫാസിസ്റ്റു പ്രവണതകൾക്കും  യാഥാസ്ഥിതികതകൾക്കും  എതിരെയുള്ള  ഒരു  പ്രവർത്തനം അനിവാര്യമായ  ഒരു  സന്ദർഭമാണിത്.  ആണ്കോയ്മയും  തീവ്രദേശീയതയും  നവലിബറൽ കമ്പോളാധിപത്യവും സാംസ്കാരിക  മണ്ഡലത്തെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്.   സർഗ്ഗാത്മകതയുടെ ജീവസ്സുറ്റ ആവിഷ്ക്കാരങ്ങളിലൂടെ വൈയക്തിക-സാമൂഹ്യ ദ്വന്ദ്വത്തെ  അഭിമുഖീകരിക്കുന്ന ജൈവികമായ കൂട്ടായ്മകളെ സാധ്യമാക്കുന്ന ഇടപെടൽ  രീതികൾ ഇന്ന്  അനിവാര്യമാണ്.

നമ്മുടെ  അവകാശങ്ങളുടെ ലോകം വിപുലപ്പെടുന്നത്   നിരന്തരമായ  ഇടപെടലുകളിലൂടെയും  സാർത്ഥകമായ സമരങ്ങളിലൂടെയുമാണ്.   ആശയപരമായി വികസ്വരമാകുന്ന അവകാശ  സങ്കപ്പൽങ്ങളും  ദൈനംദിന ജീവിതത്തിൽ മനുഷ്യർക്ക് ലഭ്യമാകുന്ന അവകാശങ്ങളുടെ ശ്രേണിയുമായി വലിയ അന്തരമുണ്ട്.  വിമർശനാത്മകമായ ഇടപെടലുകളുടെ നൈരന്തര്യം അതുകൊണ്ടു  തന്നെ അനിവാര്യവുമാണ്‌.

പരിസ്ഥിതിയുടെയും സാംസ്കാരിക  മേഖലയുടെയും മനുഷ്യാവകാശങ്ങളുടെയും രാഷ്ട്രീയം  ശക്തമായ സ്ത്രീ  നേതൃത്വങ്ങൾ വ്യത്യസ്ത നിലപാടുകളിൽ നിന്ന്  വിശകലനം ചെയ്യുകയാണ്  ഈ  പുസ്തകത്തിൽ.   പ്രസക്തങ്ങളായ വിഷയ നിർണയത്തിലൂടെയും ചോദ്യങ്ങളിലൂടെയും  ഇന്ത്യൻ രാഷ്‌ടീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെ സജീവമായ  ചില  പ്രശ്നങ്ങൾ ചർച്ചാ വിഷയമാക്കാൻ ഈ  പുസ്തകത്തിലെ  അഭിമുഖങ്ങൾ ശ്രമിക്കുന്നുണ്ട്.   മേധാ പട്കർ, അജിത് കൗർ, അരുണാ റോയ്, നന്ദിത  ദാസ്, വന്ദന ശിവ എന്നിവരുടെ  വ്യത്യസ്ത  വിഷയങ്ങളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ശ്രേദ്ധേയമായ  അഭിപ്രായങ്ങൾ ഒന്നിച്ചു  കൊണ്ടുവരികയാണ് ശ്രീ  പി  എസ്.  രാംദാസ്  ഇവിടെ  ചെയ്യുന്നത്.  സമകാലിക  ഇന്ത്യയുടേയും കേരളത്തിന്‍റെയും സാഹചര്യങ്ങളുടെ സങ്കീർണതകളെ  കുറേകൂടി  തെളിച്ചത്തോടെ നോക്കിക്കാണാൻ ഈ  പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുമെന്നു  കരുതുന്നു.


 പി. എസ്. രാം ദാസ്, അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം, പ്രസാധനം: ഗ്രീൻ ബുക്സ്

Comments
Print Friendly, PDF & Email

എഴുത്തുകാരൻ നിരൂപകൻ ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സർ

You may also like