പൂമുഖം LITERATUREലേഖനം സിനിമയും മയക്കുമരുന്നും

സിനിമയും മയക്കുമരുന്നും

സിനിമ കേവലം വിനോദം മാത്രമല്ല, സാമൂഹ്യ പ്രതിഷേധത്തിന്റെയും സംസ്കാരത്തിന്റെയും ശക്തമായ മാധ്യമവുമാണ്. സിനിമ എന്ന കലയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, അവയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും സാധ്യമാവണം. എന്നാൽ, സിനിമയുടെ ഈ ശക്തി ചിലപ്പോൾ നെഗറ്റീവ് ആയും ഉപയോഗിക്കപ്പെടുന്നുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം, വിതരണം, ഫലങ്ങൾ എന്നിവയെ സിനിമകൾ ചിലപ്പോൾ കാല്പനികവൽകരിക്കുകയോ ആകർഷകമാക്കി പൊലിപ്പിക്കുകയോ ചെയ്യുന്നു. ഇതിന് പ്രേക്ഷകരെ,പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സിനിമകളിൽ മയക്കുമരുന്നുകളുടെ ചിത്രീകരണം എങ്ങനെ അവതരിപ്പിക്കുന്നു എന്നത് പ്രധാനമാണ്. പലപ്പോഴും യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായി, അതിരുകടന്ന ലഹരിശീലത്തെ, വിധേയത്വത്തെ ലളിതവൽക്കരിക്കുന്ന രീതി കാണാറുണ്ട്. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന കഥാപാത്രങ്ങൾ ചിലപ്പോൾ “കൂൾ” ആയോ, “റിബൽ” ആയോ ചിത്രീകരിക്കപ്പെടുന്നത് ചില യുവതീയുവാക്കളെയെങ്കിലും അവരുടെ ജീവിതത്തിൽ മയക്കുമരുന്നുകൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കാം എന്ന സാധ്യതയുണ്ട്. ഇത്തരം വിഷയങ്ങൾ നമ്മുടെ സിനിമകൾ എങ്ങനെ കാണുന്നു എന്നത് പ്രധാനവിഷയമാണ്. മലയാള സിനിമ ഇപ്പോഴും ഇതിനെ ഗൗരവമായി എടുക്കാൻ ശ്രമിച്ചിട്ടില്ല. മറ്റു മാധ്യമങ്ങൾ നമ്മൾ എത്തപ്പെട്ടു എന്ന് കരുതുന്ന സമകാലിക അവസ്ഥയെ ഭീകര അവസ്ഥയായി പൊലിപ്പിച്ചു കാണിക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗത്തെ അതിന്റെ ആഴത്തിൽ തൊടാനും സാമൂഹ്യ ബോധത്തോടെ വിശകലനം ചെയ്യാനും കഴിയാതെ പോകുന്നു. മറ്റേതു കലയെക്കാളും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ നമ്മുടെ സിനിമകൾക്ക് കഴിയേണ്ടതാണ്.എന്നാൽ അത്തരത്തിൽ ഒരു ശ്രമം നമ്മുടെ സിനിമാലോകം മുന്നോട്ട് വെക്കുന്നില്ല. വൈകാരികമായ പറച്ചിലുകൾ അല്ല ഉണ്ടാവേണ്ടത് ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ശാശ്വതമായ പരിഹാരത്തിനായുള്ള ശ്രമമാണ്. അതുണ്ടാകുന്നില്ല എന്നതാണ് ഏറെ നിർഭാഗ്യകരം.

നമ്മുടെ സംസ്ഥാനത്തിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ശാസ്ത്രീയമായ ഒരു പഠനം ഇപ്പോഴും നടന്നിട്ടില്ല എന്ന് വേണം കരുതാൻ. സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ ശാസ്ത്രീയമായ സർവേകളിലൂടെയും പഠനങ്ങളിലൂടെയും വിലയിരുത്ത പ്പെടേണ്ടതുണ്ട്. എന്നാൽ ഭീതി പരത്തുന്ന രീതിയിൽ കേട്ടുകേൾവികളുടെയും പോലീസ് ഭാഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചയാകുമ്പോൾ യാഥാർഥ്യം ഏറെ അകലെയാണ് എന്നത് നമ്മൾ തിരിച്ചറിയാതെ പോകുന്നു. സെൻസേഷൻ എന്നതിനപ്പുറം ഇതിനെ ഗൗരവതരത്തിൽ നാം കാണുന്നുണ്ടോ? പൊതു ഇടങ്ങൾ നഷ്ടമാകുകയും എല്ലാം വിപണിവൽക്കകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെ കാണാതെ ന്യൂ ജെൻ മുഴുവൻ കുഴപ്പക്കാരാണ് എന്നൊരു ചിന്തയിലേക്ക് തള്ളിവിടാൻ നിലവിലെ ചർച്ചകൾ വഴിവെക്കുന്നില്ലേ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഈ ബഹളങ്ങൾക്കിടയിൽ നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. സിനിമകളിലൂടെ ഇക്കാര്യങ്ങൾ പറയുമ്പോൾ അത് കൂടുതൽപേരിലേക്ക് എത്തപ്പെടും എന്നൊരു പ്രത്യേകതയുണ്ട്. സിനിമയിൽ ഇത്തരം വിഷയങ്ങൾ പുതിയ കാലത്ത് വേണ്ടവിധത്തിൽ അഡ്രസ് ചെയ്യപ്പെടുന്നി ല്ലെന്നാണ് സമകാലിക സിനിമകൾ വെച്ച് നമുക്ക് പറയാനാവുക.

ഈവിഷയം കൈകാര്യം ചെയ്യുന്ന ഒരു വിദേശസിനിമ പരിചയപ്പെടുത്തുക കൂടിയാണ് ലേഖനത്തിന്റെ ഉദ്ദേശം.മയക്കുമരുന്ന് കാരണം ജീവിതം മറ്റൊന്നായി മാറിയ നാലുപേരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സിനിമയാണ് അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ഡാരൻ അരോൺസ്കി സംവിധാനം ചെയ്ത 2000ൽ ഇറങ്ങിയ ‘Requiem for a Dream’. 1978ൽ ഇറങ്ങിയ ഹ്യൂബർട്ട് സെൽബി ജൂനിയറുടെ ഇതേ പേരിലുള്ള നോവലാണ് ഈ സിനിമക്ക് ആധാരമായത്. മയക്കുമരുന്നിന് അധീനമായ ജീവിതത്തിന്റെ പിടിയിൽ വീഴുന്നതിൻെറ അനന്തരഫലങ്ങൾ അതീവ യാഥാർത്ഥ്യ ബോധത്തോടെ ചിത്രീകരിച്ചത് കാണാനും പഠനവിധേയമാക്കാനും വഴിയൊരുക്കുന്ന സിനിമയാണ് ഇത്.

ഭാവിയെ കുറിച്ച് വലിയ പ്രതീക്ഷകൾ ഉള്ള ചെറുപ്പക്കാരനാണ് ഹാരി ഗോൾഡ്ഫാർബ്, എന്നാൽ മയക്കുമരുന്ന് ഉപയോഗത്തിൽ പെടുന്നതോടെ ജീവിതം മാറിമറിയുന്നു. ഹാരിയുടെ കാമുകിയാണ് മാരിയൺ സിൽവർ.അവൾക്കും ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. ലോകത്ത് അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാകാൻ ആഗ്രഹിക്കുന്ന യുവതി. ഹാരിയുടെ സുഹൃത്താണ് ടൈറൺ. സാമ്പത്തികമായി മുന്നേറാനുള്ള വലിയ ആഗ്രഹങ്ങൾ ഉള്ള, അതിനായി പരിശ്രമിക്കുന്ന ചെറുപ്പക്കാരൻ. ഹാരിയുടെ അമ്മയാണ് സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രം. തന്റെ ഏകാന്തജീവിതത്തിൽ ടെലിവിഷൻ ഷോകളെ ആശ്രയിക്കുന്ന ഒരു മധ്യവയസ്ക. ടെലിവിഷൻ ഷോയിൽ പങ്കെടുക്കാൻ ഒരു അവസരം കിട്ടുമെന്നു കരുതി തടി കുറയ്ക്കാൻ അമിതമായി ഡയറ്റ് പിൽസ് (അംഫിറ്റമിനുകൾ) കഴിക്കുന്നതിലൂടെ ഉണ്ടായ അപകടാവസ്ഥയാണ് അവരിലൂടെ കാണിക്കുന്നത്.

ഹാരി, മാരിയൺ, ടൈറൺ എന്നിവർ മയക്കുമരുന്നിന്റെ ലോകത്തേക്ക് എത്തപ്പെടുകയും ഹെറോയിൻ വിൽപ്പനയുടെ വഴിയിലേക്ക് അപ്രതീക്ഷിതമായി കടക്കുന്നതോടെ എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന ആശയത്തിനു വഴിപ്പെടുകയും ചെയ്യുന്നു.അതിൽ അവർക്ക് അപ്രതീക്ഷിതമായി ലാഭം കിട്ടുന്നുമുണ്ട്. അതോടെ ടൈറൻ തന്റെ ലക്ഷ്യത്തിലേക്കു അടുക്കാൻ തിടുക്കം കൂട്ടുകയും ക്രമേണ അവർ മൂന്നുപേരുടെയും ജീവിതം പൂർണ്ണമായും മയക്കുമരുന്നിന്റെ നിയന്ത്രണത്തിൽ ആവുകയും ചെയ്യുന്നു. അവരൊരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലേക്ക് ജീവിതം മാറുന്നു. പിന്നെ നാലുപേർക്കും നേരിടേണ്ടിവരുന്നത് ദുരന്തങ്ങളാണ്. ഹാരിയുടെ ശരീരം തളരുകയും കൈ നഷ്ടപ്പെടുകയും, കാമുകി മാരിയൺ വികൃതമായ ലൈംഗികബന്ധത്തിലൂടെ പണം സമ്പാദിക്കുന്ന അവസ്ഥയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. അതോടെ അവളുടെ മനസ്സും ശരീരവും തകർന്നു പോകുന്നു, ടൈറൺ ജയിലിൽ ആവുന്നു. അവിടെ അവൻ ക്രൂരമായി ഉപദ്രവിക്കപ്പെടുന്നു. ഹാരിയുടെ അമ്മയുടെ മാനസികനില കൂടുതൽ മോശമാകുന്നതോടെ അവർ ആശുപത്രിയിൽ എത്തുന്നു. ഇങ്ങനെ നാലു ജീവിതങ്ങളിൽ മയക്കുമരുന്ന് ഉണ്ടാക്കിയ ദുരന്ത ചിത്രങ്ങളാണ് ഈ സിനിമ.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിൽ സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രേക്ഷകർക്ക് അതിശക്തമായ അനുഭവം നൽകി. സ്‌കൂൾ, കോളേജ് തലങ്ങളിൽ ഈ ചിത്രം സാമൂഹ്യപഠനങ്ങൾക്കായി തെരെഞ്ഞെടുക്കപ്പെട്ടു. കൾട്ട് സിനിമ എന്ന നിലയിൽ ഇതിന്റെ സിനിമാ ആഖ്യാന രീതികളും ഏറെ ചർച്ചചെയ്യപ്പെട്ടു.

ജെയർഡ് ലെറ്റോയാണ് ഹാരിയുടെ വേഷം ചെയ്തത്. ഹാരിയുടെ അമ്മയായ സാറാ ഗോൾഡ്ഫാർബ്യുടെ വേഷം ചെയ്ത എല്ലൻ ബർസ്റ്റിന്റെ പ്രകടനം എടുത്തുപറയാതെ വയ്യ. ഹാരിയുടെ കാമുകി മാർലൺ ആയി വന്ന ജെന്നിഫർ കോണലിയും ,ടൈറണായി വേഷമിട്ട മാർലൺ വെയൻസും മികച്ച പ്രകടനം കാഴ്ചവെച്ചു. സിനിമയുടെ ഭാവതീവ്രത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ക്ലിന്റ് മാൻസെലിന്റെ സംഗീതസംവിധാനമായിരുന്നു, ഫാസ്റ്റ്-കട്ടിംഗ്, സ്ലോ-മോഷൻ, ക്ലോസ്-അപ്പ് ഷോട്ടുകൾ, സർറിയലിസ്റ്റിക് ഇമേജറി എന്നിവ ഉപയോഗിച്ച് മയക്കുമരുന്നു ആസക്തിയുടെ യാഥാർത്ഥ്യം ക്രൂരമായി ചിത്രീകരിച്ചതിലൂടെ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ സംവിധായകൻ ഡാരൻ അരോൺസ്കിക്ക് കഴിഞ്ഞു. മയക്കുമരുന്നുകളുടെ ആസക്തിയെക്കുറിച്ച് ബോധവൽക്കരണം ആവശ്യമുള്ളവർ ഈ സിനിമ നിര്ബന്ധമായും കാണണം,ഉപയോഗിക്കണം.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like