ചലനമെന്നതിന്റെ പര്യായമാണ്
സംസാരം
നമുക്കറിയാവുന്ന ഭാഷയല്ലെങ്കിലും സംസാരിക്കുന്നുണ്ട്
ചലിക്കുന്നവയെല്ലാം!
ചിറകുകൾ കുടഞ്ഞു പറക്കുന്ന
പക്ഷികളോട്
ആകാശം
സംസാരിക്കുന്നതാകാം
മേഘചലനങ്ങൾ
പാറിവരുന്ന കാറ്റും,
മരങ്ങളും തമ്മിൽ
സംസാരിക്കുന്നതല്ലാതെ
മറ്റെന്താണ്
ഇലകളുടെ ഇളക്കം!
രണ്ട് കരയോടുമുള്ള
പുഴയുടെ വർത്തമാനമാകണം
അലകൾ
മനുഷ്യനിൽ നാവ് മാത്രമല്ല
സംസാരിക്കുന്നത്
കൈളും, കാലുകളും, ലിംഗവും
കണ്ണുകളും സംസാരിക്കുന്നുണ്ട്!
പ്രിയപ്പെട്ട ഒരാളെ കാണുമ്പോൾ
കണ്ണുകൾ സംസാരിക്കുന്നത് അറിയുന്നില്ലേ?
ഇണചേരുമ്പോൾ
നാവിനെക്കാളധികം
സംസാരിക്കുന്നുണ്ട്
ലിംഗങ്ങൾ
നാവ് മിണ്ടാതാകുന്നത്
മൗനം.
ശരീരത്തിലുള്ള അംഗങ്ങളെല്ലാം
സംസാരിക്കാതാ-
വുന്നതാണ് മരണം
ചില നേരങ്ങളിൽ
നമ്മിൽ നിന്നുണ്ടാകുന്ന
ചെറിയ ചലനങ്ങൾ
പുനർജ്ജന്മമാണ്
ചിലപ്പോഴുള്ള മൗനം
ആത്മഹത്യയും.
കവർ: ജ്യോതിസ് പരവൂർ