പൂമുഖം LITERATUREകുഞ്ഞിക്കഥ കാലം

ഞെട്ടറ്റുപതിക്കുന്നേരം ഇല തന്റെ ആത്മസുഹൃത്തിനെയൊന്ന് നോക്കി. ഒന്ന് പുണരാൻ, ആർദ്രമായി വിടപറയാൻ ഉള്ളം തുടിച്ചു. അവൻറെ യൗവനത്തെ സ്പർശിച്ചുണർത്തിയ കാറ്റ് ഒരൂയലിനാൽ അന്ത്യാഭിവാദ്യം നേർന്നിട്ട് കുരുന്നിലച്ചാർത്തുകളിലേയ്ക്ക് നൂണുകയറിയതപ്പോഴാണ്. വിടപറയലിന്റെ വിഷാദം വെടിഞ്ഞ കുസൃതിക്കാറ്റ് തള്ളിവിട്ട തളിരിലകൾ തന്റെ ചങ്ങാതിയെ ആലിംഗനം ചെയ്യുന്നതവൻ കണ്ടു. ആ തലോടലിൽ മിഴികൂമ്പിയ പച്ചില, ചങ്ങാതിയുടെ കണ്ണിലെ നനവ് കണ്ടില്ല. മണ്ണിന്റെ അന്ത്യചുംബനം സിരകളിൽ തണുപ്പായി അരിച്ചിറങ്ങുന്നേരം പുതു ചില്ലകളിൽ സംഗീതമായിത്തീർന്ന കാറ്റിൽ കാലത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് പഴുത്തിലയറിഞ്ഞു.

Comments

You may also like