‘ 58 വയസ്സുള്ള ആലപ്പുഴക്കാരി (തൻ്റേതല്ലാത്ത കാരണത്താൽ മൂന്നു തവണ വിധവ. ഏക മകൾ ഭർത്താവിനൊപ്പം വിദേശത്ത്) 35-40 വയസ്സ് പ്രായവും ആരോഗ്യം, സേവന സന്നദ്ധത, പുരോഗമന ബുദ്ധി, നവോത്ഥാനമനോഭാവം എന്നീ ഗുണങ്ങളുമുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജാതി, മതം, സാമ്പത്തികം, ശീലങ്ങൾ എന്നിവ പ്രശ്നമല്ല’
ഈസ്റ്റർ ദിനത്തിൽ പ്രാധാന്യത്തോടെ വന്ന സുധാംബികയുടെ പരസ്യം കണ്ട് പരിചയക്കാരിൽ ചിലർ ആളെ ഊഹിച്ചെടുത്തു. ചിലർ കളിയാക്കി. ചിലർ കടന്നലുകളെ പോലെ കുത്തി.
‘ മതിയായില്ലേ നിനക്ക്! എത്ര ആണുങ്ങൾ വീഴണം നിനക്ക് സമാധാനമാവാൻ! ‘ മൂത്ത ചേച്ചി അരിശത്തോടെ ചോദിച്ചു.
‘ ഞാൻ നിങ്ങളെപ്പോലെ അന്ധവിശ്വാസി അല്ല ചേച്ചീ,’ അവൾ ശാന്തതയോടെ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞാണ് ഏറ്റവും അടുത്ത കൂട്ടുകാരി വിളിച്ചത്. സുഖത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കുന്നവളാണ്. ശരിയിലും തെറ്റിലും കൂടെക്കാണുന്നവളാണ്. പക്ഷേ അഭിപ്രായം വെട്ടിത്തുറന്നു പറയും എന്ന ദോഷമുണ്ട്.
‘ കാര്യമൊക്കെ ശരി, എന്താ നീ 35-40 പ്രായം വെച്ചത്? ‘കൂട്ടുകാരി അതൃപ്തിയോടെ ചോദിച്ചു.
‘ അതുമാത്രം ഇത്തിരി കടന്നുപോയി. ഭയങ്കര ബോറ്. നിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ ആളുകൾ എന്തൊക്കെ ആലോചിച്ചുകൂട്ടും! ഏതായാലും പരസ്യം കൊടുക്കുന്നതിനു മുമ്പ് നിനക്ക് എന്നെ കാണിക്കാമായിരുന്നു.’
കൂട്ടുകാരി നിർത്തിക്കഴിഞ്ഞതും അവൾ തിരിച്ചടിച്ചു. അതുവരെ വിളിച്ച എല്ലാർക്കുമുള്ളത് അവൾ കൂട്ടുകാരിക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു :
‘ ആളുകൾ എന്തു വേണമെങ്കിലും ആലോചിച്ചു കൂട്ടട്ടെ. ഞാനൊരു കിറുക്കിയാണെന്നോ, അല്ലെങ്കിൽ അതിനപ്പുറം എന്തെങ്കിലും ആണെന്നോ വിചാരിച്ചോട്ടെ. എന്തു വിചാരിച്ചാലും വയസ്സു കാലത്ത് എന്നെ നോക്കാൻ ആരെങ്കിലും കാണുമോ? ചെന്നെയിലുള്ള നിന്റെ മോൾ വന്നു നോക്കുമോ? അല്ലെങ്കിൽ അമേരിക്കയിൽ കിടക്കുന്ന എന്റെ മോൾ വന്നു കൊണ്ടുപോകുമോ? കാര്യ മറിയാതെ ഉപദേശിക്കാൻ വരാതെ സൈനബ ‘
ദേഷ്യം ശമിച്ചപ്പോൾ സുധാംബിക ശാന്തയായി പറഞ്ഞു ‘ ആരെങ്കിലും വരുമോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. പക്ഷേ ഒരാലോചന വന്നു. ബന്ധുക്കളാരും ഇല്ലാത്ത ഒരുത്തൻ’
വിവാഹലോചനയ്ക്ക് സുധാംബിക പറഞ്ഞ വിശദീകരണത്തിൽ തൃപ്തി തോന്നാതെയും വഴക്കുകിട്ടിയതിൽ പരിഭവിച്ചും ഇരിക്കുകയായിരുന്നു സൈനബ. അവൾ ഉള്ളിലെ ജിജ്ഞാസ അടക്കി മിണ്ടാതെയിരുന്നു. സുധാംബിക തുടർന്നു.’ അയാൾക്ക് നമ്മൾ പരസ്യത്തിൽ പറഞ്ഞതിലും പ്രായമുണ്ടാവും. വലിയ അറിവുള്ളയാൾ. സംസാരം കേട്ടിരിക്കാൻ നല്ല സുഖം. തത്വചിന്തയും മനഃശാസ്ത്രവും ഒക്കെ. എന്റെ ആലോചനയിൽ താല്പര്യം തോന്നാൻ കാരണമെന്ത് എന്നതിന് മാത്രം ചോദിച്ചിട്ടും ചോദിച്ചിട്ടും കക്ഷി ഉത്തരം പറഞ്ഞില്ല. പക്ഷേ എന്റെ മുൻഭർത്താക്കന്മാരെപ്പറ്റി അറിയാൻ വലിയ താല്പര്യവും. ആള് പോയി ക്കഴിഞ്ഞപ്പോൾ … ശരിയോ തെറ്റോ… എനിക്ക് വെറുതെ ഒരു തോന്നൽ… ആൾക്ക് എങ്ങനെയെങ്കിലും ജീവനൊടുക്കണം. പക്ഷേ സ്വയം ചെയ്യാൻ പേടിയും. അതാ എന്നെ…
സൈനബ ഫോൺ ചെവിയിൽ വെച്ച് ജനാലയിലൂടെ പുറത്തേക്കു നോക്കി.
‘ആകാശം നല്ലവണ്ണം ഇരുണ്ടു കഴിഞ്ഞു. വലിയ മഴ പെയ്തേക്കുമെന്ന് തോന്നുന്നു.’ അവൾ പറഞ്ഞു
അതിനെന്താ, പെയ്യട്ടെ. അത് പറഞ്ഞു സുധാംബിക ഫോൺ വെച്ചു.
കവർ : ജ്യോതിസ് പരവൂർ