അമ്മ തൻ നാവിൽ നിന്നുതിർന്ന
യക്ഷിക്കഥകൾ ഭയം വിതച്ച ബാല്യം.
മുട്ടിറങ്ങും മുടി ,
സാന്ധ്യശോഭയുറും നയനദ്വയം ,
കുങ്കുമവർണ്ണം തൂവിത്തെറിക്കും കവിൾത്തടം,
വിടർന്നുലഞ്ഞ ചുണ്ട് ,
വശീകരണമന്ത്രം
നിറഞ്ഞുലയും മന്ദഹാസം
നിലാവ്തോല്ക്കും വെണ്മ
വഴിയും ഉടയാടകൾ
ഉയർന്നു താഴും നെഞ്ചിൻ ദ്രുത ചലന നടനചാരുത.
പാദപതനമേതുമില്ലാതെ
തുവൽസ്പർശമേല്പിയ്ക്കാതെ
ഭൗമസഞ്ചാരം
എത്രമേൽ സുന്ദരഭാവം
അത്രമേൽ ക്ഷണവേഗഭീകരം .
കാലമെത്ര കടന്നുപോകിലും
ഭയമാർന്ന കഥകൾതൻ ഭീകരരാത്രികൾ കേട്ടുറങ്ങിയ നാളുകൾ ഇന്നു
നിദ്രാവിഹീന യാമങ്ങൾ..!
കഥകളിൽ നിന്ന് പടിയിറങ്ങിയവർ
പഴമയെ കൊല്ലുന്നു.
എനിക്കും നിനക്കുമിടയിൽ
മടുപ്പില്ലാതെ നിറഞ്ഞുപെയ്യുന്ന
അതിജീവനകഥകൾതൻ
ജീവരസം തുളുമ്പി തൂവുന്ന നിറവർണച്ചെപ്പ്.
………………………
കവർ : ജ്യോതിസ് പരവൂർ