പൂമുഖം LITERATUREലേഖനം പാരീസ് ഒളിമ്പിക്സ് – ഇന്ത്യയുടെ കുതിപ്പും കിതപ്പും

പാരീസ് ഒളിമ്പിക്സ് – ഇന്ത്യയുടെ കുതിപ്പും കിതപ്പും

മറ്റൊരു ഒളിമ്പിക് കായിക മാമാങ്കത്തിനുകൂടി തിരശ്ശീല വീണിരിക്കുന്നു. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഏറെ പ്രതീക്ഷകളുമായാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്. എന്നാൽ ചില നേട്ടങ്ങളെ കോട്ടങ്ങൾ ഗ്രസിച്ചൊരു കാഴ്ച്ചയാണ് അന്തിമ ഫലത്തിൽ വ്യക്തമായത്.

രാജ്യത്തെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത രാജ്യങ്ങൾ വരെ സുവർണ്ണനേട്ടങ്ങൾ കൊയ്തപ്പോൾ 145 കോടി ജനസംഖ്യയുള്ള, മാനവവിഭവശേഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാം പോയിന്റ് നിലയിൽ 71 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020 നേക്കാൾ 1 മെഡൽ കുറവ്.അന്ന് 48 ആം സ്ഥാനത്തായിരുന്നെങ്കിൽ ഇന്ന് 71 ലേക്ക് കൂപ്പുകുത്തി. സുവർണ്ണ മോഹങ്ങൾ ഓരോന്നോരോന്നായി തകർന്നു വീഴുകയും ചെയ്തു.

ഷൂട്ടിങ്‌ റേഞ്ചിൽ മനു ബാക്കർ പുറത്തെടുത്ത സ്ഥിരത രാജ്യത്തിന്‌ നൽകിയ 2 മെഡലുകളാണ് ചരിത്രനേട്ടമായി മാറിയത്. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഫൈനലിൽ കടന്ന ഈ മിടുക്കിക്ക് പക്ഷേ 25 M എയർ പിസ്റ്റളിൽ നിർഭാഗ്യവശാൽ നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 10 M എയർ പിസ്റ്റൾമിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിംഗ് അവസാന ഷോട്ടിൽ പുറത്തെടുത്ത മികവാണ് മെഡൽ ഉറപ്പിച്ചത്. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കല മെഡൽ നേടിയ സ്വപ്‌നിലും അത്ഭുതകരമായ പ്രകടനമാണ് പുറത്തെടുത്തത്. രാജ്യത്തിനായി ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കിയ അമനും (57Kg ഫ്രീസ്റ്റൈലിലെ വെങ്കലം) ഗ്രൂപ്പ് തലം മുതൽ ലൂസേഴ്സ് ഫൈനൽ വരെ പോരാട്ട വീര്യം തരിമ്പും ചോരാതെ നിലനിർത്തിയ ഇന്ത്യൻ ഹോക്കി ടീം നേടിയ വെങ്കല നേട്ടവും ശ്രദ്ധേയമായി. ഈ മെഡൽ നേട്ടത്തിൽ ശ്രീജേഷ് എന്ന മലയാളി ഗോൾ കീപ്പറുടെ പ്രകടനം വിളങ്ങി നിന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ഹോക്കി ഗോൾ കീപ്പർ എന്ന നിലയിലേക്കുള്ള ശ്രീജേഷിന്റെ BIG LEAP കൂടിയായിരുന്നു ഈ ഒളിമ്പിക്സ്. ശ്രീജേഷിനെ മറികടക്കാൻ പന്തിന് വളരെ ചുരുക്കം സന്ദർഭങ്ങളിലേ സാധ്യമായുള്ളൂ എന്നത് അദ്ദേഹത്തിന്റെ കേളീമികവ് എടുത്തു കാട്ടുന്ന നിമിഷങ്ങളായി. എന്നാൽ നീരജിന് ജാവലിനിൽ ഉറച്ച സ്വർണ്ണം വെള്ളിയായി മാറുന്ന കാഴ്ച അവിശ്വസനീയമായിരുന്നു. ഈ ഇനത്തിലെ സുവർണ്ണ താരം നജീം എന്ന പാകിസ്ഥാനിയ്ക്ക് ഇന്ത്യക്കാർ കയ്യടിക്കുന്ന രംഗങ്ങളും ഏറെ ഹൃദ്യമായി.

എന്നാൽ ബോക്സിങ്, അമ്പെയ്ത്ത്, ബാഡ്മിന്റൺ, ഗുസ്തി, ഗോൾഫ്, ടേബിൾ ടെന്നീസ്, ഗുസ്തി, ഭാരദ്വഹനം അത് ലെറ്റിക്സ് തുടങ്ങി മെഡൽപ്രതീക്ഷ ഏറെയുണ്ടായിരുന്ന ഇനങ്ങളിൽ ഇന്ത്യൻപ്രകടനം ശരാശരിയോ അതിനും താഴെയോ ആയിരുന്നു.

ലക്ഷ്യ സെൻ അടക്കമുള്ളവർ നിർണ്ണായകഘട്ടത്തിൽ പതറുന്നത് നാം കണ്ടു. ചിരാഗും സാത്വിക്കും പരാജയമടയുന്നത് ഞെട്ടിപ്പിക്കുന്ന രംഗമായി… ഗുസ്തിയിൽ വിനേഷ് ഫോഗാട്ടിന് അയോഗ്യത കല്പിയ്ക്കപ്പെട്ടത് മറ്റൊരു തിരിച്ചടിയും നാണക്കേടുമായി.

നിർഭാഗ്യങ്ങളെ പഴിച്ചാൽ പോലും അമ്പെയ്ത്ത് പോലുള്ള ഇനങ്ങളിൽ ലോകോത്തരതാരങ്ങൾ ടീമിൽ ഉണ്ടായിട്ടും മെഡൽനേട്ടം അന്യമായത് നമ്മുടെ താരങ്ങൾക്ക് സമ്മർദ്ദത്തെ അതിജീവിക്കുവാനാകുന്നില്ലെന്ന വാദത്തിന് ശക്തി പകരുന്നതായി.

കായിക മന്ത്രാലയത്തിന് കീഴിൽ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്ക് മാത്രമായി കോടികൾ ചിലവഴിച്ചെന്നു മന്ത്രാലയവും വേണ്ടത്ര ലഭിച്ചില്ലെന്ന് ചില കളിക്കാരും പറയുന്നത് തന്നെ പൊരുത്തക്കേടുകൾ സംഭവിച്ചിട്ടുണ്ട് എന്നതിലേക്ക് വൈറൽ ചൂണ്ടുന്നവയാണ്.

2028 ൽ ലോസ് ഏഞ്ചലസിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിലേക്കുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ വ്യക്തമായ പദ്ധതിയോടും ആസൂത്രണത്തോടും കൂടി നടപ്പിലാക്കിയാൽ മാത്രമേ മികച്ചൊരു നേട്ടം കൈവരിക്കാനാകൂ എന്ന തിരിച്ചറിവാണ് വേണ്ടത്… അതിനുതകുന്ന രീതിയിലുള്ള പരിശീലനരീതികളിലേക്കു തിരിയേണ്ടതുണ്ട്. ചൈന, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ അവലംബിക്കുന്ന രീതികൾ നമുക്ക് മുന്നിലുണ്ട്. അത്തരത്തിൽ മാറാൻ മന്ത്രാലയവും പരിശീലകരും കളിക്കാരും തയ്യാറായാൽ മാത്രമേ വലിയൊരു നേട്ടം ഇന്ത്യക്ക് നേടിയെടുക്കാനാകുകയുള്ളൂ എന്നു കൂടി പറയേണ്ടിയിരിക്കുന്നു

Comments

You may also like