എന്താണ് സംഭവിച്ചതെന്ന്
നിനക്കറിയേണ്ടതുപോലെ
എനിക്കും അറിയണമെന്നുണ്ട്.
അറിയുന്നതുവരെ
അതിനൊരുത്തരമില്ലതന്നെ.
അല്ലെങ്കിലും
ചോദ്യങ്ങൾക്കു മുന്നേ
ഉത്തരപ്പിറവിയില്ല-
യെന്നറിക നീ സഖേ….
ചോദ്യശരമാരിനടുവിലെ
വിഷാദപർവ്വവനസ്ഥലിയാ-
ണവർതൻ
നികുംഭില …
പരസ്പരം നോക്കി നെടുവീർപ്പിടൽ.
കാതുകൾക്ക് അരോചകമാം
ശബ്ദമുറിവുകൾ.
എന്താണ് സംഭവിച്ചതെന്ന
ചോദ്യത്തിനുത്തരം കിട്ടും മുമ്പേ
യാത്രയാവുന്നു
കിഞ്ചന വർത്തമാനയാത്രകൾ.
അടിമവേഷം കെട്ടിയവർതൻ,
വേതാളനടനം.
സംഭവിക്കുന്നതെല്ലാമറിയുവാനും
കേൾക്കുവാനും
ഞാനിവിടെ
എന്തിനാണ്,
ഏതിനെന്നറിയാതെ
ഒറ്റയ്ക്കിരിപ്പാണ്.
കവർ: ജ്യോതിസ് പരവൂർ