പൂമുഖം Travelയാത്ര ഇസതാംബൂള്‍ നാമ (ഭാഗം–7)

ഇസതാംബൂള്‍ നാമ (ഭാഗം–7)

ബൈസാന്റിയവും  കോൺസ്റ്റാന്റിനോപ്പിളും

ബി.സി. 6000 മുതലുള്ള ചരിത്രം അവകാശപ്പെടാവുന്ന നഗരമാണ്  ഇസതാംബൂൾ. ഒരു കാലത്ത് അശ്വാരൂഢരായ നാടോടികളുടെ നഗരമായിരുന്ന ഇവിടം. പിന്നീട് വൻ കപ്പലുകളിൽ എത്തുന്ന കച്ചവടക്കാരുടെ കേന്ദ്രമായി. ഗ്രീക്ക്, റോമൻ, ബൈസാന്റിൻ, ഓട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന നഗരത്തിൽ ഓർത്തഡോക്സ് പുരോഹിതന്മാരും കത്തോലിക്കാ പാതിരിമാരും  ഇസ്ലാംമതപണ്ഡിതരും തങ്ങളുടെ കാലടിപ്പാടുകൾ പതിച്ചു കടന്ന് പോയി. 

ബിസി 6000ത്തിൽ ഇസ്താംബൂൾ  നിയോലിത്തുകളുടെ അധിവാസ സ്ഥലം ആയിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നായ ‘കാറ്റൽഹോയുക്ക്’ (catalhoyuk-bc 7500) ഇസ്താൻബൂളിന്  300 മൈൽ  തെക്ക് കിഴക്കാണ്.

ബിസി 2000ൽ  ഇന്ന് അനറ്റോളിയ എന്നും ഏഷ്യ മൈനർ എന്നും  വിളിക്കപ്പെടുന്ന ഏഷ്യൻ ടർക്കിയിൽ  ഹിറ്റൈറ്റ്സ (Hittites) എന്ന  ഇൻഡോ യൂറോപ്യൻ ജനസമൂഹമാണ് ജീവിച്ചിരുന്നത്. ഈജിപ്തിനെ വെല്ലുന്ന സംസ്കാരവും നിയമങ്ങളും ഇവർക്കുണ്ടായിരുന്നു. ചെറിയ ഗ്രാമങ്ങളും ഗോത്രങ്ങളുമായി ജീവിച്ചിരുന്ന ഇവരെ ഒന്നിച്ചു ചേർത്ത്  ഇന്ന് തുർക്കി എന്നറിയപ്പെടുന്ന രാജ്യത്തിന്റെ ആദിമരൂപം ഇവരാണ് സൃഷ്ടിച്ചത്. ബിസി 1200 കളിൽ അസീറിയൻ, ലീഡിയൻ, ഫ്രിജിയൻ എന്നീ സംസ്കാരങ്ങളും ഇവിടെ പല കാലത്തായി വന്ന് പോയി. സംഗീത ഉപകരണമായ ഹാർപ്പും നാണയ നിർമ്മാണവും ലീഡിയക്കാരുടെ  സംഭാവനയായി കരുതപ്പെടുന്നു. തൊടുന്നതെല്ലാം സ്വർണ്ണമായിപ്പോകുന്ന കഥയിലെ മിഡാസ് രാജാവ് മദ്ധ്യ അനറ്റോളിയലെ ഫ്രിജിയൻന്മാരിൽപ്പെട്ടതാണ്.

ഗ്രീക്ക് സിറ്റി സ്റ്റേറ്റ് ആയ ബൈസാന്റിയം ആണ് പിന്നീട് ഇവിടെ ആധിപത്യം സ്ഥാപിച്ചത്. ബി സി 660ൽ ബൈസാസ് (Byzas) എന്ന ഗ്രീക്ക് ഭരണാധിപനാണ് സ്വന്തം പേരിൽ ബൈസാന്റിയം നഗരം സ്ഥാപിച്ചത്. ഇപ്പോഴത്തെ തുർക്കിയിലെ ഓൾഡ് ടൗൺ എന്നറിയപ്പെടുന്ന ഭാഗമായിരുന്നു ഇത്. ഗ്രീസിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് എവിടെയാണ് തന്റെ ആസ്ഥാനം ഉറപ്പിക്കേണ്ടതെന്ന് പുരോഹിതന്മാരോട് അഭിപ്രായം ചോദിച്ചപ്പോൾ ‘കണ്ണ് കാണാത്തവരുടെ നാടിന്റെ മറുകരയിൽ’ എന്ന് അവർ  പറഞ്ഞുവത്രേ! ഈ യാത്രയ്ക്ക് 15 വർഷം മുൻപ് ഗോൾഡൻ ഹോണിന്റെ മറുവശത്തായി അനറ്റോളിയയിൽ ബോസ്ഫറസിന്റെ കരയിൽ സൃഷ്ടിക്കപ്പെട്ട ഗ്രീക്ക് കോളനി ആയ കാൽസിലോണി(Chalcedon)നെയാണ് ഇവർ സൂചിപ്പിച്ചത്. സുരക്ഷിതമായ തുറമുഖം , തന്ത്ര  പ്രാധാന്യമുള്ള സ്ഥാനം എന്നീ നിലകളിൽ അനുഗ്രഹീതമായ ഒരു സ്ഥലം മറുകരയിൽ ഉള്ളപ്പോൾ അത് കാണാൻ കഴിയാതെ പോയ ആളുകൾ തീർച്ചയായും അന്ധന്മാർ തന്നെയായിരിക്കണമല്ലോ?

സുരക്ഷിതമായ നഗരം എന്ന നിലയ്ക്കും  മെഡിറ്ററേനിയനും കരിങ്കടലും തമ്മിലുള്ള സമുദ്രയാത്രകൾക്ക്  ഉത്തമമായ തുറമുഖത്തിന് പറ്റിയ ഇടമായിരുന്നതിനാലും നഗരം പെട്ടെന്ന് തന്നെ സാമ്പത്തികവും  തന്ത്രപരവുമായിട്ടുള്ള പ്രാധാന്യം കൊണ്ട്  അഭിവൃദ്ധിപ്പെട്ടു.  അളവറ്റ മത്സ്യസമ്പത്തും ബോസ്ഫറസ് വഴി പോകുന്ന കപ്പലുകളിൽ നിന്നുള്ള ചുങ്കവും ചേർന്ന്  ഈ നഗരത്തിന്റെ തെരുവോരങ്ങളെ സമ്പത്തും സൗന്ദര്യവും കൊണ്ട് നിറച്ചു.

ബി സി 490 ൽ പേർഷ്യൻ ചക്രവർത്തിയായ ഡാരിയസ് ബോസ്ഫറസിന് കുറുകെ ബോട്ടുകൾ കൂട്ടിയിണക്കി ഒരു പാലം നിർമ്മിച്ചതിലൂടെ ആയിരക്കണണക്കിന് പട്ടാളക്കാർ യൂറോപ്യൻ ഭാഗത്തേക്ക് കടന്നു. ബിസി 334 ൽ  മഹാനായ അലക്സാണ്ടർ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഇതേ വഴിയിൽ യാത്ര ചെയ്തു വന്ന് പേഷ്യാക്കാരെ പുറത്താക്കുകയും ഗ്രീക്ക് ഭാഷയും സംസ്കാരവും വേരുറപ്പിക്കുന്ന വിധത്തിൽ അനട്ടോളിയയിൽ താമസമാക്കുകയും ചെയ്തു. ഹിപ്പോഡ്രോമും ഇസ്താംബുൾ ആർക്കിയോളജിക്കൽ  മ്യൂസിയത്തിൽ ഉളള അലക്സാണ്ടറിന്റെ സാക്രോഫാഗസും  ഇതിന്റെ ബാക്കി പത്രങ്ങളാണ്. ബി സി 323 ൽ അദ്ദേഹത്തിന്റ മരണത്തോടെ  അനട്ടോളിയ അലക്‌സാണ്ടറിന്റെ പിൻഗാമികൾ വിഭജിച്ചെടുത്തു. പിന്നീട് ഈ നാട് സുരക്ഷിതത്വത്തിനായി റോമിനെയാണ് ആശ്രയിച്ചത്.

റോമൻ  ഭരണം

 AD 73 ൽ  വെസ്പേസിയൻ ചക്രവർത്തിയുടെ കീഴിൽ ഇത് റോമാ സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണമായി മാറി. സെപ്റ്റിമിയസ് സെവെറസ് (AD 200) ആണ് നഗരത്തെ രക്ഷിക്കാനായി ശക്തമായ മതിലുകൾ പണിതത്. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നു പല ഭാഗത്തും കാണാം. ഇതിനിടയിൽ ഗോത്തുകളുടെ ആക്രമണം ഉണ്ടായെങ്കിലും പിന്നീട് വന്ന കോൺസ്റ്റാന്റൈൻ എന്ന റോമൻ ചക്രവർത്തിയുടെ കീഴിൽ നഗരം അഭിവൃദ്ധി പ്രാപിച്ചു. നാശോന്മുഖമായ റോമിനെ ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം സാമ്രാജ്യത്തിന്റെ മദ്ധ്യഭാഗത്തുള്ള ബൈസാന്റിയം തലസ്ഥാനമായി തിരഞ്ഞെടുത്തു. നോവ റോം (New Rome) എന്ന് നാമകരണം ചെയ്തുവെങ്കിലും കോൺസ്റ്റാന്ൻ്റൈന്റെ നഗരം എന്നർത്ഥം വരുന്ന കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരാണ് പ്രസിദ്ധമായത്.

ഇപ്പോൾ സുൽത്താൻ അഹമ്മദ് പാർക്ക് സ്ഥിതിചെയ്യുന്ന ഇടത്തായിരുന്നു കോൺസ്റ്റാന്റൈന്റെ കൊട്ടാരം. സമീപത്ത് തന്നെ മിലിയോൺ എന്ന പേരിൽ ‘zero mile marker’ നിർമ്മിച്ചു. ഇവിടെ നിന്നാണ് സാമ്രാജ്യത്തിലെ മറ്റ് നഗരങ്ങളിലേക്കുള്ള ദൂരം കണക്കാക്കിയത്.

എഡി നാലാം നൂറ്റാണ്ടിലെ അവസാനം ഭരിച്ച തിയഡോസിയസ് ഒന്നാമനായിരുന്നു അവസാനത്തെ റോമൻ ചക്രവർത്തി. എ ഡി 400ൽ റോമാസാമ്രാജ്യം ഭരണ സൗകര്യത്തിനായി രണ്ടായി വിഭജിച്ചു.  പടിഞ്ഞാറൻ ഭാഗം ക്രമേണ  ‘ബാർബേറിയൻ’മാരുടെ കീഴിൽ ഇരുണ്ട കാലത്തിലേക്ക് നീങ്ങി. ബാക്കിയുള്ള കിഴക്കൻ ഭാഗം ബൈസാന്റിൻ സാമ്രാജ്യം എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ആദ്യകാല റോമാസാമ്രാജ്യത്തിൽ നിന്നും വ്യത്യസ്തമായിരുന്നു കോൺസ്റ്റാൻന്റൈന്റെ ഭരണകാലം. ഇവിടെ ക്രിസ്തുമതം ഔദ്യോഗിക മതമായും   ഗ്രീക്ക് ഭരണ ഭാഷയായും  തുടർന്നു.

പിന്നീടുള്ള 500 വർഷം സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം ഇരുണ്ടകാലത്ത് തന്നെ തുടർന്നെങ്കിലും ബൈസാന്റൈൻ സാമ്രാജ്യം ശാന്തിയിലും  സമൃദ്ധിയിലും സമാധാനത്തിലും അതിൻറെ സാംസ്കാരിക മുന്നേറ്റം തുടർന്നു. ആധുനികകാലത്തെ തുർക്കി, ഗ്രീസ്, പാലസ്റ്റീൻ, ഈജിപ്ത് എന്നിവ അടങ്ങിയതായിരുന്നു ഈ സാമ്രാജ്യം.

ബൈസാന്റൈൻ ചക്രവർത്തിമാരിൽ ഏറ്റവും പ്രസിദ്ധനും പ്രഗൽഭനും എഡി 527 മുതൽ 565 വരെ ഭരിച്ച ജസ്റ്റിനിയൻ ചക്രവർത്തിയായിരുന്നു. കോഡെക്സ് ജസ്റ്റിനസ് (Codex Jastinius) എന്ന പേരിൽ അദ്ദേഹം നിർമ്മിച്ച നിയമസംഹിത പിൽക്കാലത്ത് യൂറോപ്പിലെ പല രാജ്യങ്ങളുടെയും  നിയമനിർമ്മാണത്തിന് മാർഗദർശിയായി. പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായി അദ്ദേഹം നിർമ്മിച്ച ബസിലിക്ക സിസ്റ്റെർൺ എന്ന ജലസംഭരണിയും ഹയ സോഫിയ പള്ളിയും ഇന്നും കാഴ്ചക്കാരെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ കാലത്താണ് മൊസൈക് കൊണ്ടുള്ള ചിത്രപ്പണികൾ നിർമ്മിക്കുന്ന രീതികൾ  സ്ഫുടം ചെയ്തെടുക്കപ്പെട്ടത്. ലോകത്തിൻറെ പൊക്കിൾകൊടി എന്നറിയപ്പെട്ട ഹയ സോഫിയയിലെ ഒംഫാലിയോൺ എന്ന പ്രത്യേക ഭാഗത്ത്  വച്ചാണ് ചക്രവർത്തിമാരുടെ  സ്ഥാനാരോഹണം നടന്നിരുന്നത്. ഏകദേശം 500 കൊല്ലം ബൈസാന്റീൻ സാമ്രാജ്യം യൂറോപ്പിലെ തിളങ്ങുന്ന സൂര്യനായി വർത്തിച്ചു.

അടുത്ത 400 വർഷം കൊണ്ട് നാശോന്മുഖമായ  ഈ സാമ്രാജ്യo ചുരുങ്ങി ഗ്രീസും അനറ്റോളിയയും മാത്രം ബാക്കിയായി. മധ്യപൂർവദേശത്ത് ഇസ്ലാം മതം പ്രചരിക്കാൻ തുടങ്ങിയതോടെ ഇവരിൽ പെട്ട സെൽജുക്ക് ടർക്കുകൾ  (1037-1243) എന്ന നാടോടികളുടെ സംഘം ഇറാനിൽ നിന്ന് തുർക്കിയിൽ എത്തുകയും ഇന്നത്തെ ഏഷ്യൻ ടർക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭരണം ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ ബൈസാന്റീൻ സാമ്രാജ്യത്തിൽ കോൺസ്റ്റാന്റിനോപ്പിളും ഗ്രീസും മാത്രം ബാക്കിയായി. സാംസ്കാരികമായി വളരെ ഉന്നത നിലവാരം പുലർത്തിയിരുന്ന ഇവരുടെ കാലത്തെ നീക്കിയിരിപ്പുകൾ ഇസ്‌താംബൂളിലെ ആർക്കിയോളജി മ്യൂസിയത്തിലും ഇസ്ലാമിക് ആർട്ട്  മ്യൂസിയത്തിലും  പ്രദർശിപ്പിച്ചിട്ടുണ്ട് .

1204 ൽ നാലാം കുരിശുയുദ്ധകാലത്ത് ഇറ്റാലിയൻ കൂലിപ്പട്ടാളം കോൺസ്റ്റാന്റിനോപ്പിൾ  കൊള്ളയടിക്കുകയും ‘ലാറ്റിൻ എംപയർ’ എന്ന പേരിൽ അമ്പതു വർഷത്തോളം ഈ നഗരം ഭരിക്കുകയും ചെയ്തു. ഇക്കാലത്ത് ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയ  നാല് കുതിരകളുടെ പ്രതിമകളും മറ്റു പല കൊള്ള മുതലുകളും വെനീസിലെ സെന്റ് മാർക്ക് സ്ക്വയറിലെ പള്ളിയിൽ ഇന്നും കാണാം.

ബൈസാന്റീൻ രാജാക്കന്മാർ ഈ നഗരം തിരികെപ്പിടിച്ചെങ്കിലും 1243 ൽ മംഗോളിയക്കാരുടെ ആക്രമണത്തിൽ ഈ സാമ്രാജ്യം തുടച്ചു നീക്കപ്പെട്ടു. ഇവരോടൊപ്പം അനറ്റോളിയയിലേക്ക് എത്തിയ ചില തുർക്കിഷ് ഗോത്രവർഗ്ഗക്കാർ ഇതിനിടയിൽ നേതൃസ്ഥാനത്തേക്ക് ഉയർന്ന് വന്നു. ഇവരാണ് പിൽക്കാലത്ത് ഓട്ടമൻമാര്‍ എന്നറിയപ്പെട്ടത്.

1453 ൽ ഓട്ടൊമൻ സുൽത്താനായ മെഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിളിന്  ചുറ്റും ഉപരോധം തീർത്തു. സഹായത്തിനായി  ബൈസാന്റീൻ  രാജാവ്  പടിഞ്ഞാറൻ നാടുകളിൽ ഉള്ള ക്രിസ്ത്യൻ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചുവെങ്കിലും ലഭിച്ചില്ല. രണ്ടുമാസം ഉപരോധം നീണ്ട് പോയി. അക്കാലത്ത്  അറിയപ്പെട്ട ലോകത്തിലെ ഏറ്റവും ബലമേറിയ  മതിലുകളായിരുന്നു കോൺസ്റ്റാന്റിനോപ്പിളിന്റേത്. ഗോൾഡൻ ഹോണിന്റെ കുറുകെ വലിച്ചു കെട്ടിയിരുന്ന  ഭീമകാരനായ ഇരുമ്പ് ചങ്ങല ശത്രുയാനങ്ങളെ പ്രതിരോധിച്ചു. വലിയ ഉരുളൻ തടിക്കഷണങ്ങളിൽ ഒലീവ് എണ്ണ പുരട്ടി അതിന് മുകളിലൂടെ തന്റെ കപ്പലുകൾ കരയിലൂടെ ഉരുട്ടി നീക്കിയാണ് മെഹമ്മദ് ഈ ചങ്ങലയെ മറികടന്നത്. ഈ സുപ്രധാന നീക്കത്തിലൂടെ 29 മേയ് 1453 ൽ ഓട്ടോമൻമാർ കോൺസ്റ്റാന്റിനോപ്പിൾ  കീഴടക്കി. അങ്ങനെ ഏകദേശം 1000 കൊല്ലം നിലനിന്ന റോമൻ ഭരണം  അവസാനിച്ചു.

അങ്ങനെ അധികാരത്തിലേറിയ മെഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിളിനെ  ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പ്രഖ്യാപിച്ചു. ക്രിസ്ത്യൻ ഓർത്തഡോക്സ് പള്ളികളുടെ ആസ്ഥാനമായിരുന്ന ഹയാ സോഫിയ മുസ്ലിം പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു. പണ്ഡിതനായിരുന്ന ഇദ്ദേഹം ആറുഭാഷകൾ സംസാരിക്കുമായിരുന്നു.കലയും ശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിൽ അതീവ താൽപ്പരനുമായിരുന്നു. മത സൗഹാർദ്ദത്തിന്റെ അന്തരീക്ഷം നിലനിർത്തിയ ഇദ്ദേഹം ക്രിസ്ത്യാനികളെയും  മുസ്ലിങ്ങളെയും ഒരു പോലെ തൻറെ സഭയിലേക്ക് സ്വാഗതം ചെയ്തു.

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ശേഷം പതിവ് പോലെ വിജയിച്ച പട്ടാളക്കാർക്ക് മൂന്ന് ദിവസം  പരിധികളില്ലാതെ നഗരം  കൊള്ള  ചെയ്യാനുള്ള അധികാരം  ലഭിച്ചു.   ഈ മൂന്ന് ദിവസം അവർക്ക് പിടിച്ചടക്കിയ രാജ്യത്ത് ഏതു വിധത്തിലുള്ള പ്രവർത്തനങ്ങളും അനുവദനീയമായിരുന്നു. അക്കാലത്ത് കോൺസ്റ്റാന്റിനോപ്പിളിൽ ഉണ്ടായിരുന്ന എല്ലാ പള്ളികളും പിടിച്ചെടുക്കുകയും മുസ്ലിം പള്ളികൾ ആക്കി മാറ്റുകയും ചെയ്തു എന്നാണ് പൊതുവേയുള്ള വിശ്വാസം. പക്ഷേ എന്നാൽ ഔദ്യോഗികമായി അവിടെയുള്ള നാല് പള്ളികൾ മാത്രമേ ഇത്തരത്തിൽ മാറ്റപ്പെട്ടുള്ളു എന്നാണ് രേഖകളിൽ പറയുന്നത്. ഉപരോധം അവസാനിക്കാറായപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ഭരണാധികാരികൾ തങ്ങളുടെ കീഴിലുള്ള പ്രദേശത്തിന്റെ താക്കോലുമായി സുൽത്താനെ കണ്ട് കീഴടങ്ങാനായി അവിടെ എത്തി. അവരുടെ പള്ളികളും ആരാധനാലയങ്ങളും ക്രിസ്ത്യാനികൾക്ക് തന്നെ സൂക്ഷിക്കാനുള്ള അനുവാദം  സുൽത്താൻ നൽകി. പിൽക്കാലത്ത് സുലൈമാൻ ദി മാഗ്നഫിസന്റിന്റെ കാലത്തു പ്രശ്നം വീണ്ടും പൊന്തി വന്നു. അദ്ദേഹം തന്റെ ഗ്രാൻഡ് മുഫ്തിയുമായി കൂടിയാലോചിക്കുകയും ക്രിസ്ത്യൻപള്ളികളിൽ അവർക്ക് തന്നെ സമാധാനപൂർണമായ ആരാധനക്ക്  അനുവാദം  നൽകുകയും  ചെയ്തു.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like