പൂമുഖം LITERATUREകഥ ഹിംസാരഹസ്യം

ഹിംസാരഹസ്യം

മലയുടെ താഴ്‌ വാരത്തിലുള്ള ഒരു പാറക്കെട്ടിൽ രണ്ടു യുവാക്കൾ ജീവനെടുക്കാൻ പരസ്പരം പോരാടുകയായിരുന്നു. പുരാതനമായ ഒരു പ്രശ്നത്തിന്‍റെ തീർപ്പിനായിരുന്നു പോരാട്ടം. യുവാക്കളിൽ
ഒരുവൻ ദയാലുവും നീതിനിഷ്ഠനും അപരൻ നീചനും നിഷ്ഠൂരനും ആയിരുന്നു. സമയം സന്ധ്യ. അന്തരീക്ഷം മറ്റു വിധത്തിൽ ശാന്തം.

മനുഷ്യയുവാക്കളുടെ പോര് നേർമുകളിൽ നിന്ന മരത്തിലിരുന്ന് ഒരു പുലി നിരീക്ഷിക്കുകയായിരുന്നു. കുറച്ചു കാത്തിരുന്ന ശേഷം ഇനി ആഹരിച്ചേക്കാം എന്നു ചിന്തിച്ച് പുലി താഴേക്കു ചാടി. താഴേക്കു പോകുന്ന പോക്കിൽ ആരെ ആഹാരമാക്കണം എന്ന ആശയക്കുഴപ്പം പുലിക്കു തോന്നി. കറുത്ത്, മെലിഞ്ഞ് ഉയരം കൂടിയവനെ വേണോ ഇരുനിറമുള്ള തടിയനെ വേണോ ?

നിയതിയും ആശയക്കുഴപ്പത്തിൽപെട്ടു:
നന്മയെ നിലനിർത്തണോ, തിന്മയെ നിലനിർത്തണോ? രണ്ടും തുല്യ അളവിൽ വേണ്ടതാണല്ലൊ. പുലി പുറപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് തീരുമാനം വേഗം വേണം താനും. മൂന്നാംകക്ഷിയായ പുലിയുടെ കാര്യത്തിലും തീരുമാനമെടുക്കണം. ഒടുവിൽ…..

ഉപരിജീവി തുടരുന്നതാണ് പരിണാമബുദ്ധ്യാ നോക്കുമ്പോൾ നല്ലതെന്ന ചിന്തയിൽ പുലിയെ ഉപേക്ഷിച്ച് വായുപ്രവാഹം കൊണ്ട്, പോരാടിക്കൊണ്ടിരുന്ന യുവാക്കളെ അകലേക്ക് വലിച്ചു മാറ്റി .

പാറക്കെട്ടിൽ ചിതറിക്കിടന്ന പുലി സമൃദ്ധമായ ഒരു ഉറുമ്പു സദ്യക്ക് പര്യാപ്തപ്പെട്ടു.

പുലിയുടെ വീഴ്ച കണ്ടു സ്തംഭിച്ചു നിന്ന യുവാക്കളിൽ നിഷ്ഠൂരനായവന് മാനസാന്തരം സംഭവിച്ചു . ദയാലുവും നീതിനിഷ്ഠനുമായ യുവാവ് പൂർണ്ണ ഏകാഗ്രതയോടെ പോരാടുകയായിരുന്നെങ്കിൽ ആ സമയത്ത് നിഷ്ഠൂരനായ യുവാവിന്‍റെ മനസ്സിൽ ഹിംസയെ കുറിച്ചും അഹിംസയെക്കുറിച്ചും ജീവിതത്തിൽ ആദ്യമായി വലിയ, വലിയ ചിന്തകൾ വന്നിരുന്നു :

എന്തുകൊണ്ടാണ് എനിക്ക് അക്രമത്തിനോടും തിന്മയോടും ഇത്ര പ്രതിപത്തി ? എത്ര ശ്രമിച്ചിട്ടും നന്മയുടെയും അഹിംസയുടെയും ഭാഗം ചേർന്ന് നിൽക്കാൻ എനിക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ് ? പ്രപഞ്ച സംവിധാനത്തിൽ ഞാൻ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ധർമ്മം അനുഷ്ഠിക്കുന്നുണ്ടോ?

പുലി മുന്നിൽ വന്നു വീണു ചിതറിയ നിമിഷത്തിൽ ഒരു മിന്നൽ പോലെ അവന്റെയുള്ളിൽ ഹിംസയുടെയും അഹിംസയുടെയും പൊരുൾ വെളിപ്പെട്ടു.

ബുദ്ധതുല്യമായ സ്നേഹത്തോടെ അപരനെ ആലിംഗനം ചെയ്ത്, പുലിയെ ആഹരിക്കാൻ വട്ടം കൂട്ടുന്ന ഉറുമ്പിൻ കൂട്ടത്തെ ചൂണ്ടി അവൻ ഇങ്ങനെ പറഞ്ഞു:
‘സഹോദരാ, ഹിംസ പരമമായ ധർമ്മമാണെന്നറിയുക. ഉത്തമഭാവത്തിൽ അത് അഹിംസയെയും ഉൾക്കൊള്ളുന്നു. ശരിയായ അളവിൽ, ശരിയായ സമയത്ത് ഹിംസ ചെയ്യുക എന്നതിനപ്പുറം ശ്രേഷ്ഠമായി യാതൊന്നുമില്ല.’

ചിത്രം : ഡോ. ശ്രീകാന്ത് രാമചന്ദ്രൻ

Comments
Print Friendly, PDF & Email

You may also like