പൂമുഖം LITERATUREലേഖനം ദേവസ്വം മന്ത്രി നേരിട്ട ജാതി വിവേചനം – ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വയംകൃത ഗതികേടാണ്!

ദേവസ്വം മന്ത്രി നേരിട്ട ജാതി വിവേചനം – ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വയംകൃത ഗതികേടാണ്!

ജാതിവിവേചനം ഇന്ത്യയിൽ കുറ്റകരമാണ് – കേരളത്തിൽ ഒരു മന്ത്രി തന്റെ ജീവിതത്തിൽ ജാതി വിവേചനം നേരിട്ടപ്പോൾ എന്തുകൊണ്ട് നിയമ നടപടികളിലേക്ക് കടക്കാതെ പ്രതികരണങ്ങളിൽ ഒതുക്കി? എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. ആ ഒരൊറ്റ ചോദ്യത്തിന്റെ പ്രസക്തിയുടെ, അത് വെളിവാക്കുന്ന നിസ്സഹായതയുടെ ആഴംകൊണ്ട് തന്നെ ഈ സാഹചര്യം വളരെ സവിശേഷമായ ഒന്നാണ്!

ഇന്ത്യൻ രാഷ്ട്രീയം (മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല) കഴിഞ്ഞ നൂറിലധികം വർഷങ്ങളിൽ ജാതിയെന്ന ക്രൂര യാഥാർഥ്യത്തെ നേരിട്ടതിലെ വ്യക്തത ഇല്ലായ്മയാണ് ഇന്ന് നാം കാണുന്ന ഈ അവസ്ഥയിൽ എത്തി നിൽക്കാനുള്ള പ്രധാന കാരണം. വർണ്ണാശ്രമ ധർമ്മങ്ങൾ കേവലം തൊഴിൽ അധിഷ്ടിതമൊന്നുമല്ല – പകരം അത് ഹിന്ദു വിശ്വാസ പ്രാമുഖ്യമുള്ള ഭരണ സംവിധാനങ്ങളിൽ വളരെ ശ്രദ്ധയോടെ ബ്രാഹ്മണസമൂഹം തങ്ങളുടെ സാമൂഹിക സാമ്പത്തിക മേൽക്കൈ ഉണ്ടാകാൻ വേണ്ടി ക്രാഫ്റ്റ് ചെയ്തു നിർമ്മിച്ച ഒരു ഭരണക്രമമാണ്. പല നാട്ടുരാജ്യങ്ങളായി, ചെറു ഗ്രാമ രാജ്യങ്ങളായി ഒക്കെ കിടന്നിരുന്ന ഇന്ത്യയിൽ ഇത്തരത്തിൽ ഒരു ഏകരൂപമുള്ള – ബ്രാഹ്മണ മേൽക്കോയ്മയുള്ള ഒരു ഭരണക്രമം ഉണ്ടാക്കുക എന്ന ശ്രമകരമായ ജോലി അനേകം വർഷങ്ങൾ പ്രധാനമായും “സ്മൃതി – ശാസ്ത്രങ്ങൾ പോലുള്ള ജ്ഞാന നിർമ്മിതിയും” സാർത്ഥവാഹകസംഘങ്ങൾ വഴിയുള്ള അതിന്റെ പ്രചാരവും, ഒപ്പം ഗുപ്തകാലം മുതലിങ്ങോട്ട് നടന്ന തീവ്രമായ ക്ഷേത്ര നിർമ്മിതികളും ഒക്കെ ചേർന്ന നിരന്തര പരിശ്രമത്തിലൂടെ നേടിയെടുത്തതാണ്. ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഭരിച്ച ഹിന്ദു-ഇതര രാജാക്കന്മാർക്ക് പോലും ഉന്മൂലനം ചെയ്യാൻ കഴിയാത്ത, അത്രയും ശക്തമായ ഒരു നിർമ്മിതിയാണിത്.

മനുഷ്യന്റെ സാമൂഹ്യ പുരോഗതിയുടെ പാതയിൽ പുരോഹിത വർഗ്ഗം ലോകത്തെമ്പാടും ഈ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. പല മത വിശ്വാസ സമൂഹങ്ങളായി കിടന്നിരുന്ന യൂറോപ്പിനെ അതെല്ലാം തകർത്ത് ഒരു ക്രിസ്തുമത വിശ്വാസത്തിനു കീഴിൽ കൊണ്ട് വന്ന ശേഷം, കൃസ്തുമത പുരോഹിത വർഗ്ഗം ഭരണ സംവിധാനങ്ങളിൽ നടത്തിയ മനുഷ്യത്വരഹിതമായ ഇടപെടലുകൾ നമുക്കറിയാവുന്നതാണ്. അടിമത്തവും വർണ്ണവിവേചനവും ഈ മനുഷ്യസ്നേഹം പാടുന്ന സകല മത ഗ്രന്ഥങ്ങളിൽ എവിടെയും ഒരു പാപമായിരുന്നില്ല. ഏകശിലാരൂപത്തിലുള്ള, ഒരു ചെറു സംഘം സമ്പൂർണ്ണ നേതൃത്വം കൈയാളുന്ന മത സംവിധാനത്തിൽ മാറ്റങ്ങൾ താരതമ്യേന എളുപ്പത്തിൽ സംഭവിച്ചു (ഇപ്പോഴും ബ്രിട്ടനിൽ രാജാവ് അധികാരത്തിലേറുമ്പോൾ ആർച്ച് ബിഷപ്പ് ഏൽപ്പിക്കുന്ന വാൾ പള്ളിയെ സംരക്ഷിക്കാൻ കൂടിയുള്ളതാണ് – ജനങ്ങളെ മാത്രമല്ല). പകരം അനേകം നാട്ടുരാജ്യങ്ങളായി ചിതറുകയും, ഓരോ നാട്ടിലും നിയമം നടപ്പാക്കുന്ന മേൽജാതി സമൂഹം ഉണ്ടാവുകയും ചെയ്ത ഇന്ത്യയിൽ അങ്ങിനെ മാറ്റങ്ങൾ പെട്ടെന്ന് സംഭവിക്കുന്നതായിരുന്നില്ല. മാത്രമല്ല – മാറ്റങ്ങൾക്കായുള്ള കാതലായ, ഫലപ്രദമായ ശ്രമങ്ങൾ നിരന്തരമായി നടന്നുമില്ല.

ഒരു കേന്ദ്രീകൃത ദേശമെന്ന സങ്കൽപ്പത്തിന് ഒരുപാട് അപ്പുറം, സ്വയം പര്യാപ്തമായ ഗ്രാമങ്ങളുടെ സംഗമമായി ഇന്ത്യയെ വിഭാവനം ചെയ്ത ഗാന്ധി, അദ്ദേഹത്തിന്റെ “നല്ല കാലത്ത്” – തൊട്ടുകൂടായ്മ ഇല്ലാതാക്കി, എല്ലാ തൊഴിലിനും ബഹുമാനം നൽകി, ഗ്രാമ-സ്വയം പര്യാപ്തതക്കുള്ള തൊഴിൽ വൈവിധ്യത്തിന്റെ നട്ടെല്ലായി വർണ്ണാശ്രമ ധർമ്മത്തെ ഉപയോഗിക്കാം എന്ന് കരുതി. നാല്പതുകളുടെ മധ്യത്തിൽ തന്റെ ആദ്യകാല ധാരണകൾ തെറ്റാണെന്നു തിരിച്ചറിഞ്ഞ ഗാന്ധിയെ പിന്നെ ഇന്ത്യ കേൾക്കാൻ നിന്നില്ല. അദ്ദേഹത്തിന്റെ മുപ്പതുകളുടെ അവസാനം വരെയുള്ള അഭിപ്രായങ്ങൾ എടുത്തു പറഞ്ഞു പിന്നീട് നമ്മൾ അദ്ദേഹത്തെ ഒരു ജാതിവെറിയനായി ചിത്രീകരിച്ചു.
അംബേദ്‌കർ മുതൽ ഇങ്ങോട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതിയെന്ന സങ്കീർണ്ണ പ്രശ്നത്തെ അഭിമുഖീകരിച്ച ഒരു ചിന്തകനും, കോൺഗ്രസ്, ഇടത്, സോഷ്യലിസ്റ്റ് അടക്കമുള്ള ഒരു സംഘടനകൾക്കും ഈ പ്രശ്നത്തിന് ശരിയായ ഒരു പരിഹാരം നിർദ്ദേശിക്കാൻ സാധിച്ചില്ല. മിശ്രവിവാഹമെന്ന താരതമ്യേന ഫലപ്രദമാകുമായിരുന്ന ഒരു സങ്കേതത്തെ ഒരു പക്ഷെ നാം ബ്രാഹ്മണവൽക്കരണത്തിന്റെ സാധ്യതയായി കണ്ട് തള്ളിക്കളഞ്ഞു – ഒപ്പം ദളിത് അടക്കമുള്ള ജാതി സ്വത്വങ്ങളെ ശാക്തീകരിക്കുകയും ചെയ്തു.

ഫലത്തിൽ ജാതി ഉന്മൂലനം എന്ന ലക്ഷ്യത്തിൽ നിന്ന് ഓരോ ജാതിയുടെയും സാമ്പത്തിക-സാമൂഹിക ശാക്തീകരണം എന്ന വഴിയിലേക്ക് നാം തിരിഞ്ഞു. ഈഴവ ശിവന്റെ പ്രതിഷ്ഠയൊക്കെയും വന്നത് ആ വഴിക്ക് തന്നെയാണ്. സമൂഹത്തെ ജാതി തിരിച്ചു ശാക്തീകരിക്കുന്ന ഈ വഴിതെറ്റിയ നവോത്ഥാനം പക്ഷെ ഇന്ത്യൻ ജനാധിപത്യത്തിന് ഒരു സുപ്രധാനമായ സങ്കേതമായി ഭവിക്കുകയും ചെയ്തു. ജാതി രാഷ്ട്രീയം അങ്ങിനെ രാഷ്ട്രീയ, തൊഴിൽ സംവരണം വഴി അവസാനം മുന്നോക്ക സംവരണത്തിൽ എത്തി തീർത്തും ശക്തി പ്രാപിച്ചു മുന്നേറുമ്പോൾ, സാമൂഹ്യ നിയന്ത്രണം എപ്പോഴും ബ്രാഹ്മണിക്കൽ സങ്കേതമായ വർണ്ണാശ്രമ ധർമ്മങ്ങളിൽ സങ്കേതങ്ങളിലെക്ക് എത്തിയതിന്റെ തെളിവാണ് മന്ത്രി ശ്രീ രാധാകൃഷ്ണന്റെ അവസ്ഥ – അല്ലെങ്കിൽ സമാനമായ അനേകം അവസ്ഥകൾ!.

മന്ത്രി ശ്രീ രാധാകൃഷ്ണൻ വെറും മന്ത്രിയല്ല അദ്ദേഹം “ദേവസ്വം മന്ത്രിയാണ്”. വർണ്ണാശ്രമ ധർമ്മങ്ങൾ ഊട്ടിയുറപ്പിച്ച ബ്രാഹ്മണ മേധാവിത്തത്തിന്റെ ഇന്നും നിലനിൽക്കുന്ന സുപ്രധാന സങ്കേതങ്ങളാണ് ക്ഷേത്രങ്ങൾ. ജാതിശ്രേണീ-സ്വതങ്ങളുടെ ആ കനക ബിംബങ്ങൾ “ഭരിക്കുമ്പോൾ” എങ്ങിനെയാണ് അദ്ദേഹത്തിന് കേസുകൊടുക്കാനാവുക? ഇന്ത്യയിൽ ബ്രാഹ്മണമേധാവിത്തം ഊട്ടി ഉറപ്പിക്കുന്ന ബിംബങ്ങളുടെ നശീകരണമെന്ന തന്തൈ പെരിയാറിന്റെ ശക്തമായ ദ്രാവിഡ മുന്നേറ്റത്തിന്, ഈ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയം ഒരിക്കലും പിന്തുണ നൽകിയില്ല എന്ന വലിയ തെറ്റിന്റെ അനന്തര ഫലം ഇങ്ങനെ ഒരു കാരിക്കേച്ചർ പോലെ ദൃശ്യമാകുന്ന അവസരങ്ങൾ അപൂർവ്വമാണ്! ഇന്ത്യൻ പ്രതിപക്ഷത്തിന് പുതിയൊരു ദിശാബോധം ഉണ്ടാകേണ്ടുന്ന പാതയിലേക്ക് നീളുന്ന ഒരു ചൂണ്ടുപലക കൂടിയാണ് ഇത്തരം സംഭവങ്ങൾ .

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like