പൂമുഖം Travel അസം ഓർമ്മകൾ – 10

അസം ഓർമ്മകൾ – 10

കാർഷികോത്സവങ്ങൾ

നമ്മുടെ വിഷു ദിനത്തിൽ അസമിൽ നടക്കുന്ന കാർഷികോത്സവമാണ് ബിഹു എന്നും ഇതവരുടെ ദേശീയോത്സവമാണെന്നും കേട്ടിട്ടുണ്ട്. എന്നാൽ ജനുവരി പകുതിയോടെ അയൽവാസികൾ വന്ന് ഞങ്ങളെ ബിഹുവിന് ക്ഷണിച്ചപ്പോഴാണ് അസമിൽ ഒരു വർഷത്തിൽ മൂന്ന് അവസരങ്ങളിലായി ബിഹു ആഘോഷിക്കുന്നുണ്ടെന്നും ജനുവരിയിലേത് മാഘ ബിഹുവാണെന്നും അറിഞ്ഞത്. സൂര്യൻ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന മകര സംക്രാന്തിക്കാണ് ഈ ആഘോഷം നടക്കുന്നത്. അസാമീസ് കലണ്ടറിലെ മാഘ മാസത്തിലെ ഉത്സവമായതിനാലാണ് മാഘബിഹുവെന്നറിയപ്പെടുന്നത്. പൗഷ മാസത്തിലെ അവസാന ദിനത്തിൽ തന്നെ ആഘോഷം തുടങ്ങും. രാവിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ ഒന്നിച്ച് ചേർന്ന് മത്സ്യബന്ധനത്തിൽ ഏർപ്പെടും. ഇറച്ചിയും മത്സ്യവും നിർബന്ധമാണ് ഈ ആഘോഷത്തിന്. കുളങ്ങളിലെ മത്സ്യങ്ങളെ ഇതിനായി കാത്തുവയ്ക്കുന്ന പതിവുമുണ്ട്.

സമൂഹ മീന്‍പിടുത്തം
Image credit: Subamoyi.in

നെല്ല് കൊയ്തു കഴിഞ്ഞ പാടത്ത് അല്ലെങ്കിൽ വീടിന് പുറത്ത് മുളയും വൈക്കോലും മറ്റും ഉപയോഗിച്ച് താൽകാലികമായി കെട്ടിയുണ്ടാക്കിയ ഭേലഘറിൽ വച്ചാണ് നേരം ഇരുട്ടുമ്പോൾ എല്ലാവരും ചേർന്ന് വിവിധ വിഭവങ്ങൾ ഒരുക്കുന്നത്. ഇതിനിടയിൽ ആൺ കുട്ടികൾ അയൽ വീടുകളിൽ ചുറ്റിക്കറങ്ങി വിറകു കഷണങ്ങളും പച്ചക്കറികളും മോഷ്ടിക്കുന്നതും കളികളിൽ ഏർപ്പെടുന്നതുമെല്ലാം ഈ ആഘോഷത്തിലെ രസകരമായ ചില മുഹൂർത്തങ്ങളാണ്. തയ്യാറാക്കിയ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനെ തുടർന്ന് സ്ത്രീകൾ മധുരപലഹാരങ്ങളുമായെത്തും. അരി, എള്ള്, തേങ്ങ എന്നിവയുപയോഗിച്ചുണ്ടാക്കുന്നതാണ് അവരുടെ പരമ്പരാഗത വിഭവങ്ങളേറെയും. പിത്ത, ലാരു, ചിര എന്നൊക്കെയാണ് ഇവയിൽ ചിലതിന്‍റെ പേര്. എല്ലാം ഒരുക്കി മൂക്കറ്റം തിന്ന് അർമാദിക്കൽ. അത്ര തന്നെ. ശരിക്കും ഭക്ഷണത്തിന്‍റെ ഉത്സവം തന്നെയാണിത്. വെറുതെയല്ല ഭോഗാലിബിഹു എന്ന പേര് കിട്ടിയത്. ചില ഗോത്രവർഗക്കാർ ആഘോഷത്തിന്‌ വീര്യം പകരാൻ റൈസ് ബീറുമുണ്ടാക്കുമത്രെ! പാട്ടും നൃത്തവുമെല്ലാം കൂടിയാകുമ്പോൾ ആഘോഷം പൊടിപൂരം. ഭേലാഘറിനടുത്ത് വിറകും വൈക്കോലും ഉപയോഗിച്ച് പിരമിഡ് ആകൃതിയിൽ തീർത്ത മേജി കത്തിക്കുന്ന ചടങ്ങ് നേരം പുലരുമ്പോഴാണ് നടത്തുന്നത്. ആളുകൾ കുളി കഴിഞ്ഞെത്തി മേജിക്ക് ചുറ്റുമിരുന്ന് പിത്ത എന്ന പലഹാരവും അടയ്ക്കയും അഗ്നിദേവന് സമർപ്പിക്കുകയും ചെയ്യും. ഭേലാഘറിനും ഒപ്പം തീ കൊളുത്തും. കത്തിത്തീരാറായ വിറക് കൊള്ളികളും ചാരവും പാടത്തും ഫലവൃക്ഷങ്ങൾക്ക് ചുവട്ടിലുമെല്ലാം വിതറുന്നു.

മുതിർന്നവർക്ക് പുതു വസ്ത്രങ്ങൾ നൽകി ആദരിച്ചു കൊണ്ടാണ് മാഘബിഹു ദിനത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ് കളപ്പുരകൾ നിറഞ്ഞിരിക്കുന്ന കാലമല്ലെ. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വിരുന്നൊരുക്കി സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ നല്ലൊരവസരമാണിത്. അതിലവർ ഏറെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. അയൽവാസിയുടെ ആതിഥേയത്വം സ്വീകരിച്ച് വിവിധ വിഭവങ്ങളും മധുര പലഹാരങ്ങളും കഴിച്ച് ശരിക്കും മത്തുപിടിച്ച അവസ്ഥയിലാണ് മാഘബിഹുവിന്‍റെ തലേദിവസത്തെ ‘ഉരുക’ എന്നറിയപ്പെടുന്ന ആഘോഷത്തിൽ പങ്കെടുത്ത് ഞങ്ങൾ തിരിച്ചെത്തിയത്.

ഒക്ടോബറിൽ ഒരു ബിഹു ആഘോഷമുണ്ടായിരുന്നു. കൊംഗാളി ബിഹു. അന്ന് ഞങ്ങളെല്ലാം പൂജയുടെ അവധിക്ക് കോളജ് അടച്ചതിനാൽ നാട്ടിലെത്തിയിരുന്നു. ഞാറ് പറിച്ച് നടാനായി എന്ന് ഓർമ്മപ്പെടുത്തുന്നതിനും നല്ല വിളവ് ലഭിക്കാനായി പ്രാര്‍ത്ഥനകൾ നടത്തുന്നതിനുമാണ് ഈയൊരാഘോഷം. കളപ്പുരകളെല്ലാം ശൂന്യമാകുന്ന കാലത്ത് നടക്കുന്നതിനാൽ ‘പാവങ്ങളുടെ ബിഹു’ എന്നാണത്രേ ഈ ആഘോഷം അറിയപ്പെടുന്നത്. അസാമീസ് കലണ്ടറിലെ കാത്തി മാസത്തിൽ ആഘോഷിക്കുന്നതിനാൽ ‘കാത്തി ബിഹു’ എന്നും ഇതിന് പേരുണ്ട്.

ലേഖകനും സഹപാഠികളും ശര്‍മാജിയുടെ വീട്ടില്‍

ആനന്ദത്തിന്‍റെയും ആവേശത്തിന്‍റെയും ഉത്സവമായ ‘റെംഗോലി ബിഹു’വാണ് ബിഹു ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഏപ്രിൽ മാസത്തിൽ വിവിധ പരിപാടികളോടെ ഏഴു ദിവസമാണ് ആഘോഷം. മധുര പലഹാരങ്ങളും മറ്റു വിഭവങ്ങളുമൊരുക്കി വെച്ച് അയൽവാസികളും സുഹൃത്തുക്കളുമെല്ലാം പല ദിവസങ്ങളിലായി ഞങ്ങളെ ക്ഷണിച്ചിരുന്നു. അസമീസ് കലണ്ടറിലെ അവസാന മാസമായ ചോതിയിലെ അവസാന ദിനത്തിൽ ആഘോഷത്തിന് തുടക്കമാവും. പുതുവർഷത്തിലെ ബൊഹാഗ് മാസത്തിലാണ് പ്രധാന പരിപാടികളെല്ലാം നടക്കുന്നത്. അതിനാൽ ബൊഹാഗ്‌ ബിഹു എന്നും ഇതറിയപ്പെടുന്നു. നമ്മുടെ നാട്ടിൽ വിഷുവിനെത്തുടർന്ന് കാർഷികവൃത്തികൾക്ക് തുടക്കം കുറിക്കുന്ന പോലെ വിത്തുവിതയ്ക്കാനുള്ള സമയമായെന്ന് ഒർമ്മപ്പെടു ത്തുക കൂടി ചെയ്യുന്നുണ്ട് ഈ ആഘോഷം. അന്ന് ശർമ്മാജിയുടെയും മറ്റു അയൽവാസികളുടെയുമെല്ലാം ആതിഥേയത്വം സ്വീകരിക്കുമ്പോൾ അസംകാരുടെ ദേശീയോത്സവമായ ബിഹു അഘോഷം ശരിക്കും ഞങ്ങളുടേതുകൂടിയായി മാറുകയായിരുന്നു.

ബിഹു നര്‍ത്തകര്‍
Image credit: TourDeFarm

പുതുവർഷ പിറവിയിൽ അസംകാർ മതഭേദമില്ലാതെ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഈ കാർഷികോത്സവം വിളവു തരുന്ന പ്രകൃതിയോടുള്ള മനുഷ്യന്‍റെ സ്നേഹ പ്രകടനം തന്നെയാണ്. രാത്രി മുതൽ പുലരുവോളം സദ്യവട്ടങ്ങളും നൃത്തസംഗീതവുമെല്ലാമായി വലിയൊരാഘോഷം. ബൊഹാഗ് ബിഹുവിനോടനുബന്ധിച്ച് അരങ്ങേറുന്ന നാടോടി കലാരൂപമായ ബിഹുനൃത്തം ഈ ആഘോഷത്തിന് പൊലിമ കൂട്ടുന്നു. ഒരു ദിവസം വൈകുന്നേരം കുറച്ചകലെയുള്ള പാടത്ത് വെച്ച് നടന്ന ബിഹുഡാൻസ് ആസ്വദിക്കാനുള്ള അവസരവും ഞങ്ങൾ മലയാളികൾ പാഴാക്കിയില്ല. കൊയ്ത്തു കഴിഞ്ഞ പാടത്തു നിന്ന് കൊട്ടിപ്പാടി അവതരിപ്പിച്ചിരുന്ന ബിഹു നൃത്തം പിൽക്കാലത്ത് നഗരവേദികളിലേക്ക് വരെ വഴിമാറിയിട്ടുണ്ട്. ചുവടുകളിലും ഉടയാടകളിലും സംഗീതത്തിലുമെല്ലാം അസമിന്‍റെ തനതു പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട് ഈ നൃത്തരൂപം. ധോലക്, പെപ്പ, തുടങ്ങിയ വാദ്യോപകരണങ്ങളുമായി പുരുഷന്മാർ പാടുമ്പോൾ പരമ്പരാഗത വസ്ത്രമായ ‘മേഘല ഛദർ’ (ചുവപ്പ് കരയോടെ ചന്ദനനിറത്തിലുള്ള വേഷ്ടിയും മുണ്ടും) ധരിച്ച് ആഭരണങ്ങളിഞ്ഞ് മുടിയിൽ അസമിന്‍റെ സംസ്ഥാന പുഷ്പമായ കൗപ്പൽപ്പൂവും ചൂടിയെത്തുന്ന യുവതികൾ നൃത്തമാടും. ദ്രുതഗതിയിലുള്ള കൈകാൽ ചലനം, അരക്കെട്ടിന്‍റെ താളാത്മകമായ ചാഞ്ചാട്ടം എന്നിവകൊണ്ട് ഏറെ ആകർഷകമാണ് ഈ നൃത്തം. പുതുവർഷത്തെ വരവേൽക്കുന്നതിനുള്ള ഉണർത്തുപാട്ടുകളാണ് ബിഹു ഗാനങ്ങൾ. ഇവ ഭൂമി ദേവിയെ ഉത്തേജിപ്പിക്കുമെന്നും അങ്ങനെ നല്ല വിളവ്‌ ലഭിക്കുമെന്നും ഇവിടുത്തെ കർഷകർ വിശ്വസിക്കുന്നു. ലളിതമായ ഭാഷയിലുള്ള ബിഹു ഗാനങ്ങൾ നാടോടി സംഗീതത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുന്നതിനാൽ ഏറെ ജനപ്രിയമായി മാറിയിട്ടുണ്ട്. ചില ഗാനങ്ങളിൽ സാമൂഹിക പ്രശ്നങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന രീതിയുമുണ്ട്.

എല്ലാ ബിഹു ആഘോഷങ്ങളും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതും നിരവധി ആചാരങ്ങളോടു കൂടിയതുമാണ്. ജീവിതത്തെ ഉല്ലാസഭരിതമാക്കുന്ന ഇത്തരം ഉത്സവങ്ങൾ വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ അസമിലെ മനുഷ്യഹൃദയങ്ങളുടെ ഐക്യപ്പെടലിനുള്ള അവസരം കൂടിയായി മാറുന്നുണ്ട്.

കൃഷിയും ചില ഭക്ഷ്യവിഭവങ്ങളും

കേരളത്തിലേതു പോലെ അസമിലെ പ്രധാന ഭക്ഷ്യവിള നെല്ല് തന്നെയാണ്. ചോളം, തിന, പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവ കൂടാതെ തേയില, കരിമ്പ്, ചണം, എണ്ണക്കുരുക്കളായ കടുക്, സോയാബീൻ തുടങ്ങിയ നാണ്യ വിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അസമിലെ എല്ലാ ജനസമൂഹവും മതപരവും സാമൂഹികവുമായ ചടങ്ങുകളില്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് അടയ്ക്ക. കുറച്ച് വെറ്റിലയും ഒരു ജോടി അടയ്ക്കയും അവരുടെ സംസ്കാരത്തിൽ അന്തർലീനമായ ഒരു ഘടകം തന്നെയാണ്. അതുകൊണ്ടാണ് തങ്ങളുടെ വീട്ടുപറമ്പിൽ കവുങ്ങുകൾ വെച്ചുപിടിപ്പിക്കാൻ അവർ പ്രത്യേകം താൽപര്യമെടുക്കുന്നത്. മിക്കയിടങ്ങളിലും വാണിജ്യാടിസ്ഥനത്തിൽ കവുങ്ങ് കൃഷി ചെയ്യുന്നുമുണ്ട്. അസമിലൂടെയുള്ള യാത്രക്കിടയിൽ ചിലയിടങ്ങളിൽ തെങ്ങും കവുങ്ങുമെല്ലാം ഒരുമിച്ചു കാണുമ്പോൾ കേരളക്കരയിൽ എത്തിയ ഒരു പ്രതീതിയാണുണ്ടാവുക. അസംകാരുടെ പ്രധാന കാർഷികോത്സവമായ ബിഹുവിനും മറ്റും തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങളിൽ തേങ്ങ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തെ അപേക്ഷിച്ച് ഇവിടെ തെങ്ങുകൃഷി വളരെ കുറവാണ്. മിക്കവാറും എല്ലാതരം മണ്ണിലും കേരവൃക്ഷങ്ങൾ വളരുമെങ്കിലും പ്രളയ സാധ്യതയുള്ളതും വെള്ളം കെട്ടി നിൽക്കാനിടയുള്ളതുമായ താഴ്ന്ന പ്രദേശവുമായതാകാം തെങ്ങുകൃഷിക്ക് ഇവിടെ കൂടുതൽ പ്രാധാന്യം ലഭിക്കാതെ പോകുന്നത്.

പിത്ത എന്ന പേരിലുള്ള അസമിലെ നിരവധി തനതുവിഭവങ്ങൾ ഏറെയും പശിമയുള്ള ബോറ ഇനത്തിൽപ്പെട്ട അരി കൊണ്ടുണ്ടാക്കുന്നതാണ്. കാഴ്ചയിൽ നമ്മുടെ നാട്ടിലെ പുട്ടു പോലെ തോന്നുന്ന ഒരു വിഭവമാണ് ‘സുംഗ സോൾ’ അസാമീസിൽ ‘സുംഗ’ എന്നാൽ ഇത് മുളങ്കുറ്റിയും ‘സോൾ’ എന്നാൽ അരിയുമാണ്. മൂപ്പെത്താത്ത മുളന്തണ്ടാണിതിനുപയോഗിക്കുന്നത്. കുതിർത്ത അരി നിറച്ച ഈ മുളങ്കുറ്റികൾ വാഴയിലയോ വൈക്കോലോ കൊണ്ട് നന്നായി അടച്ചുവെച്ച് തീജ്വാലയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. തണുക്കുമ്പോൾ മുള ചീന്തിയയാണ് ഈ വിഭവം പുറത്തെടുക്കുക. പുതിയ മുളങ്കുറ്റിയിൽ ചുട്ട പുട്ടിന്‍റെ ഒരു രുചിയനുഭവപ്പെടുമെങ്കിലും ശർക്കരപ്പാവും തൈരും ചൂടു പാലും പഞ്ചസാരയും ചേർത്ത് കഴിക്കാം. മധുരം ഇഷ്ടമില്ലാത്തവർക്ക് ഇറച്ചിക്കറിയോ വെജിറ്റബ്ൾ കറിയോ ഉപയോഗിക്കാം.

സുംഗ സോൾ
Image credit: redriverbluehills.wordpress.com

അസമിലെ ഒരു തനത് നെല്ലിനമാണ് ബോക സോൾ. ദരാംഗ് ജില്ലയിൽ ചിലയിടങ്ങളിൽ ഇത് കൃഷി ചെയ്യുന്നുണ്ട്. വേവിക്കാതെ കഴിക്കാമെന്നതാണ് പോഷക സമ്പന്നമായ ഈ അരിയുടെ പ്രത്യേകത. ഒരു മണിക്കൂറോളം തണുത്ത വെള്ളത്തിൽ കുതർത്തി വെച്ച് പാൽ, ശർക്കരപ്പാവ്, നേന്ത്രപ്പഴം എന്നിവ ചേർത്താണ് ഇവ കഴിക്കുന്നത്. ആഹാര സാധനങ്ങൾ പാകം ചെയ്യാൻ സൗകര്യപ്പെടാത്ത പ്രത്യേക സാഹചര്യങ്ങളിൽ സൈനികർക്കും വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതി ദുരന്തങ്ങളിൽ ഒറ്റപ്പെടുന്നവർക്കുമെല്ലാം ഈ അരിയുടെ ഉപയോഗം ഏറെ സൗകര്യപ്രദമാണ്. പതിനേഴാം നൂറ്റാണ്ടിൽ അഹോം പട്ടാളക്കാർ മുഗളന്മാർക്കെതിരെ പോരാടുമ്പോൾ ഈ പ്രത്യേക അരി പ്രയോജനപ്പെടുത്തിയിരുന്നത്രേ! വയനാട്ടിലെ തനത് നെല്ലിനങ്ങളായ ജീരകശാല ഗന്ധകശാല എന്നിവയെപ്പോലെ ഈ നെല്ലിനത്തിനും ഭൌമ സൂചിക പദവി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

(തുടരും)

കവര്‍: സി പി ജോണ്‍സണ്‍

Comments
Print Friendly, PDF & Email

You may also like