പൂമുഖം LITERATUREലേഖനം കർണാടക – കോൺഗ്രസ്സിന്റെ തിരിച്ചുവരവ്

കർണാടക – കോൺഗ്രസ്സിന്റെ തിരിച്ചുവരവ്

ബി ജെ പി ഹൈന്ദവ ഏകീകരണവും മോദി വികസനവും വിഷയമാക്കുമ്പോൾ, അഴിമതിയും അദാനിയും രാഹുൽ തരംഗവുമായി കോൺഗ്രസ്.

കർണാടക തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കുകയാണ്. അതിനു മുൻപായി പുതിയ നിയമസഭ നിലവിൽ വരേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് പ്രകാരം മെയ് 10 നു ഒരു ഘട്ടമായി കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കും തെരെഞ്ഞെടുപ്പ് നടക്കും. മെയ് 13 ന് വോട്ടെണ്ണൽ നടക്കുകയും തുടർന്ന് പുതിയ സർക്കാർ നിലവിൽ വരികയും ചെയ്യും വിധമാണ് ക്രമീകരണങ്ങൾ.

കർണാടക കോൺഗ്രസ്സിനും ബി ജെ പിക്കും വളരെ നിർണ്ണായകമായ സംസ്ഥാനമാണ്. 2018 ലെ തെരഞ്ഞെടുപ്പിൽ 104 സീറ്റും 36.35% വോട്ടുമായി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എങ്കിലും 38.14% വോട്ടുകളും 80 സീറ്റുകളും നേടിയ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 18.30% വോട്ടുകളും 37 സീറ്റുകളും നേടിയ ജെ ഡി എസ്സുമായി ചേർന്ന് സർക്കാർ രൂപീകരിച്ച്‌, കുമാരസ്വാമി എന്ന ജെ ഡി എസ് നേതാവിനെ മുഖ്യമന്ത്രി ആക്കി.
ശ്രദ്ധേയമായ മറ്റൊരു കാര്യം, രണ്ടു തവണ ബിജെപി അധികാരത്തിൽ വന്നപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നുവെങ്കിലും വോട്ടിംഗ് ശതമാനത്തിൽ കോൺഗ്രസിന് പിന്നിലായിരുന്നു. 2008 ലെ തെരഞ്ഞെടുപ്പിൽ 110 സീറ്റുകളുമായി ഒന്നാം സ്ഥാനത്തു എത്തിയപ്പോഴും വോട്ടിങ് ശതമാനം 33.86 മാത്രം.65 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തു വന്ന കോൺഗ്രസിന് അന്ന് 34.76% വോട്ടുകൾ ലഭിച്ചു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ വിജയിച്ചപ്പോൾ 19.9% വോട്ടു മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. 2008 ന്റെ തനിയാവർത്തനമായിരുന്നു 2018 ലെ തെരഞ്ഞെടുപ്പ്.

എന്നാൽ 2019 ജൂലൈ ഒന്നിന് കോൺഗസ്സിന്റെ രമേശ് ജാർക്കിഹോലിയും ആനന്ദ് സിംഗും നാടകീയമായി സ്‌പീക്കർക്കു രാജിക്കത്തു കൊടുക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കോൺഗ്രസ്സിൽ നിന്ന് 12 പേരും ജെഡിഎസ്സിൽ നിന്ന് 3 പേരും നിയമസഭ അംഗത്വം രാജി വയ്ക്കുന്നു. അനുരഞ്ജന ശ്രമങ്ങൾക്കായി കോൺഗ്രസ് അവരുടെ എല്ലാ മന്ത്രിമാരെയും രാജി വയ്പ്പിക്കുകയും രാജിക്കത്തു കൊടുത്ത എല്ലാ എം എൽ എ മാർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും അങ്ങനെ ഭരണം പിടിച്ചു നിർത്തുവാൻ എല്ലാവിധ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു . സ്‌പീക്കർ എം എൽ എ മാരുടെ രാജി സ്വീകരിക്കുന്നില്ല. ഒടുവിൽ രാജി നൽകിയവരിൽ ചിലർ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്യു ന്നു. രാജി നൽകിയ 14 കോൺഗ്രസ് എം എൽ എ മാരിൽ രാമലിംഗറെഡ്‌ഡി മാത്രമാണ് രാജി പിൻവലിച്ചത്.ഒടുവിൽ സുപ്രീം കോടതി നിർദ്ദേശ പ്രകാരം സ്‌പീക്കർ 13 കോൺഗ്രസ് എൽ എൽ എ മാരുടെയും 3 ജെഡിഎസ്സ് എം എൽ എ മാരുടെയും രാജി സ്വീകരിക്കുന്നു. സഖ്യത്തെ പിന്തുണച്ച ഒരു പ്രാദേശിക എം എൽ എ യും ബി ജെ പി ക്കു പിന്തുണ നൽകുന്നു. അങ്ങനെ നിയമസഭയിൽ കോൺഗ്രസ് ജെഡിഎസ് സഖ്യം 101 സീറ്റിലേക്കും ബി ജെ പി 105 സീറ്റിലേക്കും മാറി.

നിയമസഭയിൽ നടന്ന ഹിതപരിശോധനയിൽ 99 വോട്ടുകൾ മാത്രം നേടി കുമാരസ്വാമി മന്ത്രി സഭ പുറത്തായി. 105 വോട്ടുകൾ കുമാരസ്വാമിക്ക് എതിരെ പോൾ ചെയ്യപ്പെട്ടപ്പോൾ 2 പേർ പങ്കെടുത്തില്ല. ജൂലൈ 26 നു ബി ജെ പി നേതാവ് ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഡിസംബർ 5 നു 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ ബി ജെ പിയും 2 സീറ്റുകളിൽ കോൺഗ്രസ്സും 1 സീറ്റിൽ ബി ജെ പി വിമതനും വിജയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ ഭരണവിരുദ്ധ വികാരങ്ങൾ ഇല്ലാതിരുന്നിട്ടും കർണാടകയിൽ മോഡി അനുകൂല വോട്ടുകൾ കാരണമാണ് കോൺഗ്രസ്സിനും സിദ്ധാരാമയ്യക്കും ഭരണം നഷ്ടമായത്. ലിംഗായത്തുകൾക്കു പ്രത്യേക മതം പ്രഖ്യാപിച്ചതും തിരിച്ചടിയായി. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 28 ൽ 25 സീറ്റും ബിജെപിക്ക് നേടാനായതു മോഡി ഘടകം കാരണമാണ്.

കർണാടകയിൽ മെയ് 10 നു നടക്കുന്ന തെരഞ്ഞെടുപ്പ് ബി ജെ പിക്കും കോൺഗ്രസ്സിനും ജീവന്മരണ പോരാട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും അഭിമാന പോരാട്ടം കൂടിയാണിത്. കഴിഞ്ഞ തവണ 37 സീറ്റുകൾ നേടിയ ജെഡിഎസ് ഇക്കുറി മുപ്പതിൽ താഴെ സീറ്റുകളിലേക്ക് താഴുവാനാണ് സാധ്യത.

ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന, വടക്കൻ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ലിംഗായത്തുകൾ 1990 മുതൽ ബിജെപി അനുഭാവികളായി കാണപ്പെടുന്നു. 15 ശതമാനം വരുന്ന സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള വൊക്കലിംഗർ പരമ്പരാഗതമായി ജെഡിഎസ്സിനെ പിന്തുണച്ചവരാണ്. ജനസംഖ്യയുടെ 33 ശതമാനം വരുന്ന പിന്നാക്ക ജാതിക്കാർ,അതിൽ 15 ശതമാനം വരുന്ന ദളിത് വിഭാഗങ്ങൾ, 12 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങൾ എന്നിവർ നിരവധി ഭിന്നിപ്പുകൾ ഉണ്ടെങ്കിലും, കോൺഗ്രസ് വോട്ട് ബ്ലോക്കുകളായി കണക്കാക്കപ്പെടുന്നു.
പ്രബലരായ ലിംഗായത്തുകളെക്കൂടാതെ മറ്റു ജാതികളെ ആകർഷിക്കുന്നതിനാണ് ബിജെപിയുടെ ശ്രമം. ഇതിനായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച വികസന-ക്ഷേമ നടപടികളുടെ വിതരണത്തിലൂടെ കാര്യമായി ശ്രമിക്കുന്നു. എന്നിരുന്നാലും, ലിംഗായത്ത സമുദായത്തിന്റെ ശക്തനായ നേതാവ് ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതിനാൽ ആ വിഭാഗത്തിന്റെ വോട്ടുകളുടെ കാര്യത്തിൽ ആശങ്കയിലുമാണവർ.

നിലവിലുള്ള ജാതി അടിത്തറയുടെ ഏകീകരണത്തിനുപുറമെ, ഭരണവിരുദ്ധതയും ജെഡിഎസ്സിന്റെ ചേരിപ്പോരും തകർച്ചയും കാരണം കോൺഗ്രസ് വോട്ടുകൾ കൂടുമെന്നും അങ്ങനെ ഭരണം നേടാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ജാതി പുനഃസംഘടനയിൽ മുസ്ലീങ്ങൾക്കുള്ള 4 ശതമാനം സംവരണം എടുത്തുകളയുകയും പട്ടികജാതി സംവരണം 15ൽ നിന്ന് 17 ശതമാനമായും, പട്ടികവർഗ വിഹിതം 3 ൽ നിന്ന് 7 ശതമാനമായും ഉയർത്തുകയും , ലിംഗായത്ത് ക്വാട്ട 5 മുതൽ 7 ശതമാനം വരെയും വൊക്കലിംഗ 4 മുതൽ 6 വരെയും ഉയർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ന്യൂനപക്ഷ വിരോധം തീവ്രമായി പ്രചരിപ്പിച്ചു കൂടുതൽ ഹൈന്ദവ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കി ക്രോഡീകരിക്കാനാണ് ബിജെപി ഉന്നമിടുന്നത്. ലിംഗായത്ത് , വൊക്കലിംഗ പ്രാതിനിധ്യങ്ങൾ വടക്കും തെക്കും ഫലം നിർണ്ണയിക്കാൻ പര്യാപ്തമായതിനാൽ ബോംബൈ-കർണാടക മേഖലയും (50 സീറ്റുകൾ )പഴയ മൈസൂർ മേഖലയും (65 സീറ്റുകൾ) തെരഞ്ഞെടുപ്പിൽ പ്രധാന ഘടകങ്ങളായേക്കാം.

മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജെഡിഎസ് ഉയർത്തിക്കാട്ടുമ്പോൾ ബിജെപിയും കോൺഗ്രസും മുഖ്യമന്ത്രി മുഖം ഉയർത്തിയിട്ടില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള തർക്കം നിയന്ത്രിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞു. യെദിയൂരപ്പയുടെ നീരസം ഉണ്ടെങ്കിലും നിലവിലെ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയെ ഉയർത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേക്ഷം മാർച്ച് 29നു ABP News C- Voter നടത്തിയ സർവേ കോൺഗ്രസ് 115 -127 സീറ്റുകൾ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും, ബിജെപി 68-80 വരെ സീറ്റുകളും, ജെഡിഎസ് 23 -35 സീറ്റുകളും നേടുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

ജെഡിഎസ് 93 സ്ഥാനാർത്ഥികളുടെ ആദ്യ ലിസ്റ്റ് ഡിസംബർ 22 നു തന്നെ പ്രഖ്യാപിച്ചു പ്രചാരണ രംഗത്ത് വന്നെങ്കിലും കുമാരസ്വാമിയും സഹോദരൻ രേവണ്ണയും തമ്മിലുള്ള വഴക്കിൽ അവരുടെ ശക്തികേന്ദ്രങ്ങൾ ആയ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് ആകട്ടെ, വലിയ തർക്കങ്ങൾ ഇല്ലാതിരുന്ന 124 സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. ബാക്കി സ്ഥാനാർത്ഥികളുടെ വിവരം ഏപ്രിൽ നാലാം തിയതിക്ക് ശേഷം പ്രസിദ്ധീകരിക്കും എന്നാണ് അറിയുന്നത്. ബി ജെ പിയും സീറ്റു നിർണ്ണയത്തിൽ വിഷമ വൃത്തത്തിൽ ആണ്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like