മരിച്ചു പോയ മനുഷ്യരോളം പാർശ്വവത്കരിക്കപ്പെട്ടർ
ഭൂമിയിൽ ആരുമില്ല
പ്രതികരിക്കാൻ കഴിയില്ലെന്ന
ആനുകൂല്യം മുതലാക്കി
മറമാടുകയോ,
ദഹിപ്പിക്കുകയോ ചെയ്തവരെ
സ്വന്തം ജീവിതത്തിൽ നിന്ന് തള്ളിമാറ്റുന്നു ജീവിക്കുന്നവർ!
നാവനങ്ങുന്നില്ലെന്നതു കൊണ്ടുമാത്രം അവർക്ക് ഭാഷനഷ്ടമായി
എന്ന് വിധിക്കുന്നു!
മുഖത്ത് ഭാവങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന ന്യായത്തിൽ
അവരുടെ വികാരങ്ങളെ
തിരിച്ചറിയാൻ കൂട്ടാക്കാതിരിക്കുന്നു!
തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തോട്
കൊല്ലപ്പെട്ട മനുഷ്യനൊന്നും മിണ്ടാനില്ലെന്ന് മനസ്സിലാക്കുന്നു
എന്തിനാണെന്നെ
അടിച്ചുകൊന്നതെന്ന്
അയാൾ തീർച്ചയായും ചോദിക്കുന്നുണ്ടാകും!
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ ബോംബർ വിമാനങ്ങൾ
തുപ്പിയ തീയിൽ
വെന്തു പോയ കുഞ്ഞുങ്ങൾ
“നിന്നെയിനി കളിക്കാൻ കൂട്ടില്ലെന്നു വൈമാനികനോട് പിണങ്ങുന്നുണ്ടാകും!
കടംകയറി
ആത്മഹത്യചെയ്ത കർഷകൻ
റീത്തുവെക്കാൻ വന്ന നേതാവിനോട്
“നീയൊക്കെ എന്റെജീവിതം തുലച്ചില്ലേ?
എന്നപരിഭവിക്കുന്നുണ്ടാകും
വർഗ്ഗീയതയാൽ
കൊല്ലപ്പെട്ടവൻ
“ഇന്നലെവരെ നമ്മളൊന്നായിരുന്നില്ലേ മനുഷ്യരേയെന്ന് സങ്കടപ്പെടുന്നുണ്ടാകും!
മരിച്ചുപോയവരെല്ലാം
ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്
മൗനമാണവരുടെ ഭാഷ
നിരാശയാണ് ഭാവം
അത് മനസിലാകണമെങ്കിൽ
നമുക്കും സംഭവിക്കണം
മരണം പോലൊരു മൗനവും,
ജീവിതമവസാനിച്ചതുപോലുള്ള ശൂന്യതയും.