പൂമുഖം വായനാനുഭവം “അടി” – കഥയുടെ പൂർണ്ണത

“അടി” – കഥയുടെ പൂർണ്ണത

ഏതു പ്രായത്തിലും കഥ കേൾക്കാനും അതു വഴി വൈകാരിക അനുഭൂതി നേടാനുമുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. തീരെ ചെറുപ്പത്തിൽ മുത്തശ്ശിക്കഥകളിൽ നിന്നും അത് തുടങ്ങുന്നു. അന്നേരം യുക്തിക്ക് പകരം ഭാവനയാണ് കൂടുതൽ പ്രവർത്തനക്ഷമമാകുക. പറയുന്നയാളുടെ മുഖഭാവവും അംഗ ചലനങ്ങളും ശബ്ദവിന്യാസക്രമീകരണവുമെല്ലാം കേൾവിക്കാരനിൽ ആ കഥ പതിയുന്നതിന്റെ തീവ്രതയെ സ്വാധീനിക്കും. മുത്തശ്ശിക്കഥകളുടെ പ്രത്യേകത, അതിന്റെ നാടകീയതയാണ്. കൃത്രിമത്വമില്ലാത്ത ഒഴുക്കോടെയുള്ള കഥ പറച്ചിൽ പരിപൂർണമായും അത് കേൾക്കുന്ന കുട്ടിയെ എൻഗേജ് ചെയ്യിപ്പിക്കുന്നു.

തുടക്കത്തിൽ പറഞ്ഞ വൈകാരിക അനുഭൂതി വായനക്കാരനിൽ ഉണ്ടാകണമെങ്കിൽ, കഥ പറയുന്നയാൾക്ക് വായനക്കാരന്റെ ഹൃദയവുമായി സംവദിക്കാൻ സാധിക്കണം. അതിന് ജന്മസിദ്ധമായ പ്രതിഭ ഉണ്ടായേ തീരൂ.

താൻ വായനക്കാരന് മുന്നിലേക്ക് നീട്ടി വെച്ചിരിക്കുന്നത് ഒരു കഥയാണ് എന്നും, ഇത് വായിക്കുന്നയാൾക്ക് വേണ്ടത് രസാനുഭൂതി ആണെന്നും കഥാകൃത്ത് മനസ്സിലാക്കുന്നില്ലെങ്കിൽ, കഥയിൽ വ്യക്തികളെയും സംഭവങ്ങളെയും വികാരങ്ങളെയും കാണുന്നതിന് പകരം വാചകങ്ങളാണ് വായനക്കാരൻ കാണുക. ആദ്യം പറഞ്ഞ ആ പൂർണമായ ഇടപെടൽ ഇല്ലാതാവുന്നു അപ്പോൾ.

വളരെ വിരളമായി മാത്രം സംഭവിക്കുന്ന മനോഹരമായ കഥയാണ് വി. ഷിനിലാൽ ഈയാഴ്ചത്തെ സമകാലിക മലയാളം വാരികയിൽ എഴുതിയ ‘അടി’. തുറന്ന രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്നത് കൊണ്ട്, സാമൂഹിക തിന്മകൾക്കെതിരെ തൂലിക പടവാളാക്കി എന്നിങ്ങനെയുള്ള വിരസമായ കമന്റ് അല്ല ഉദ്ദേശിക്കുന്നത്. കഥ എന്ന നിലയിൽ, കല എന്ന നിലയിൽ അതിന് സാഹിത്യത്തിലുള്ള സ്ഥാനമാണ്. തുടക്കം, കഥാപാത്രങ്ങൾ, സംഭവങ്ങൾ, ആശയം, ചലനാത്മകത, സർവോപരി സ്വാഭാവികത എന്നീ ഘടകങ്ങളിലൊക്കെ ഇത്രയും പൂർണത കാണാൻ പറ്റിയ കഥ ഷിനിലാലിൽ നിന്നും വായിച്ചിട്ട് കുറച്ചേറെയായി. ബുദ്ധപഥം, സ്പർശം എന്നിവയ്ക്ക് ശേഷം എഴുത്തുകാരന്റെ പ്രതിഭ കാണിച്ചു തരുന്ന ഒന്നാം തരം കഥ തന്നെയാണിത്.

മുൻപൊരിക്കൽ പറഞ്ഞത് ആവർത്തിക്കുന്നതിൽ ക്ഷമിക്കുക. കഥക്ക് ഒരു ഭാഷയുണ്ട്. ഒരു സ്വരവിതാനവും . കഥയുടെ സ്വരവിതാനത്തെ സാധൂകരിക്കുന്നതാകണം അതിന്റെ ഭാഷ. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ അവരുടെ വ്യക്തിത്വത്തെ നീതീകരിക്കുന്നതും കൂടിയായാൽ മാത്രമേ സ്വാഭാവികതയുണ്ടാവുകയുള്ളൂ. കഥാകൃത്തിന് ആ കഥയെയും കഥാപാത്രങ്ങളെയും കാലത്തെയും സംബന്ധിച്ച് ഉത്തമ ബോധ്യമുണ്ടാകണം. തുടക്കം, തുടർച്ച, ഒടുക്കം ഈ മൂന്ന് ഘടകങ്ങളും വളരെ വ്യക്തമായി അയാൾ നിർവചിച്ചിരിക്കണം . ഇനി”അടി” യിലെ’ കഥാപാത്രങ്ങളുടെ സംഭാഷണം നോക്കുക;

നിരന്തരമായ അടികളേറ്റ് കഴുത്ത് കുനിഞ്ഞു പോയ എസ് ഐ ഫിലിപ്സ്, പിടിച്ചു നിൽക്കാൻ വയ്യാ എന്ന അവസ്ഥയിലെത്തുമ്പോൾ ആശ്വാസം കണ്ടെത്താൻ തന്റെ മുത്തശ്ശിയിലേക്ക് പോകുന്ന രംഗമുണ്ട്. തിരുവനന്തപുരത്തുകാരന്റെ ഇന്നത്തെ ഭാഷയും തിരുവിതാംകൂർ മുത്തശ്ശിയുടെ പഴയ ഭാഷയും മനോഹരമായാണ് കഥാകൃത്ത് വ്യക്തമാക്കുന്നത്. “നെടുമങ്ങാട്ട് ചന്ത സമരം തൊടങ്ങി. മേത്തമ്മാരും നായമ്മാരും ഈഴച്ചട്ടമ്പിമാരൊന്നും നമ്മള ആളുകള ചന്തക്കകത്ത് കേറ്റൂലാ. കൊണ്ട് ചെല്ലണ കിടുപിടികള് അവര് പിടിച്ച് പറിച്ചോണ്ട് പോവും. വെല ചോയ്ച്ചാ അടി തരും. അങ്ങനാ സമരം തൊടങ്ങണത്. എന്റപ്പനും പെയ്യ്. സമരം ചെയ്യാൻ.”

“എന്നിട്ടാ?”

“എന്നിട്ടെന്തര്? ആര് കേപ്പാൻ ആര് കാമ്മാൻ….”

ഇതിലെ മുത്തശ്ശിയുടെ സംഭാഷണം, ധർമരാജയിലേക്കോ രാമരാജ ബഹദൂറിലേക്കോ വായനക്കാരന്റെ ഓർമ്മയെ എത്തിക്കുന്നുവെങ്കിൽ, നിസ്സംശയം പറയാം കഥാപാത്രങ്ങളും കാലവും എഴുത്തുകാരന്റെ നിയന്ത്രണത്തിലാണെന്ന്. മനോഹരം!

കഥ ആരംഭിക്കാൻ എളുപ്പമാണ്. അവസാനിപ്പിക്കാനാണ് പ്രയാസം. പിഴവറ്റ അന്ത്യം എവിടെ, എങ്ങനെ എന്ന ആശയക്കുഴപ്പത്തിലാവുമ്പോൾ ചിലർ കാണിക്കുന്ന ജാലവിദ്യയാണ്‌ വായനക്കാരനെ അതേ ആശയക്കുഴപ്പത്തിൽ നിർത്തുക എന്നത്. പക്ഷേ, “അടി “വായിച്ചു തീരുമ്പോൾ, “ഒടിയനല്ല, അടിയൻ… അടിയൻ….!” എന്ന് ആക്ഷേപഹാസ്യരസാനുഭൂതിയിൽ ഒരു പുഞ്ചിരിയോടെ ആത്മഗതം ചെയ്യുന്നു വായനക്കാരൻ.

അത്യുക്തിയോ സ്ഥൂലീകരണമോ ഇല്ലാത്ത ഒരു കഥ..!

(കുറിപ്പ് : അയ്യങ്കാളിയുടെ രംഗപ്രവേശം, നെടുമങ്ങാട് സമരം തുടങ്ങിയവ മുത്തശ്ശി നേരിൽ കണ്ടവയാണെങ്കിൽ കഥയിലെ കാലഗണന യോജിക്കുന്നില്ല എന്ന് ചിലപ്പോൾ വായനക്കാർ പറഞ്ഞേക്കാം. പക്ഷേ കഥാരചന എന്നത് ചരിത്രത്തിന്റെ പുനർ വായനയല്ല. എങ്കിലും, ഒരു കഥാകൃത്ത് സൂക്ഷ്മത പുലർത്തേണ്ടുന്ന അടിസ്ഥാനപരമായ കാര്യമാണ് കഥാപാത്രത്തിന്റെ പേര്. തുടക്കത്തിലെ ‘കൃഷ്ണൻ തമ്പി’ ഒടുവിൽ ‘വിക്രമൻ തമ്പി ‘ആയത് ഗുരുതരമായ അപരാധമാകുന്നു.)

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like