പൂമുഖം COLUMNSഫീച്ചർ സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 5)

സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 5)

പക്ഷെ എന്‍റെ നില വഷളായിക്കൊണ്ടിരിക്കുന്നു. എല്ലാവരെയും പേടി. മൂത്ത പെങ്ങള്‍ വയനാട്ടില്‍ നിന്ന് വന്ന് ഇവിടെ താമസമാക്കി. മൂപ്പര്‍ക്ക് ഇവിടെ ഒരു അവകാശമുണ്ട്. കുടുംബവുമായി യോജിക്കാത്ത ഒരു സ്വഭാവം. ഞാന്‍ വളര്‍ന്നത് ഐക്യതയുള്ള ഒരു കുടുംബത്തിലാണ്. പെങ്ങളെ എനിക്ക് പേടി. പകല്‍ ഭര്‍ത്താവ് വീട്ടില്‍ ഇല്ല. പിന്നെ മൂപ്പരുടെ നായാട്ടാണ്. അമ്മയ്ക്കും പെങ്ങള്‍ക്കും മുറുക്കുണ്ട്. ഞാന്‍ പുകയിലയും വെറ്റിലയും എത്തിച്ചുകൊടുക്കും. പകുതിയാക്കി കൊടുക്കണം എന്ന് തുടങ്ങി, എന്‍റേത് തണ്ട് മുറിയാണ് മറ്റേയാളുടെത് വാലുമുറിയും എന്നിങ്ങനെ ലഹള തന്നെ. പിറ്റേന്ന് രണ്ടെണ്ണം വാങ്ങി ഓരോന്ന് രണ്ടാള്‍ക്കും കൊടുത്തു. അപ്പോള്‍ വേറൊരടവ്. എന്‍റെത് കിടക്കയുടെ ചുവട്ടിലായിരുന്നു, മറ്റവരുടെത് തലയണയുടെ ചുവട്ടിലും, രണ്ടും കാണുന്നില്ല. ഞാനെന്തു ചെയ്യണം! ഞാന്‍ തന്നെ സഹിക്കുന്നു. ഭര്‍ത്താവിനെ അറിയിക്കുന്നില്ല. തലയണമന്ത്രം പഠിച്ചിട്ടേയില്ലാത്ത ഒരു വിഡ്ഢിയാണ് ഞാന്‍. ഭക്ഷണം കഴിക്കുവാന്‍ പെങ്ങളെ പേടി.

അപ്പോഴേക്കും അച്ഛന്‍ മരിച്ച ശേഷം ആവള നിന്ന് സ്വത്തെല്ലാം വിറ്റ്, അമ്മയുടെ മുയിപ്പോത്തേതും വിറ്റ് മുളിയങ്ങല്‍ പുനത്തില്‍ പറമ്പ് വാങ്ങുന്നു. അത് ഭാഗിച്ചു. തേങ്ങ പറിപ്പിക്കുമ്പോള്‍ ജ്യേഷ്ഠൻ എന്തല്ലാമോ കശപിശ ഉണ്ടാക്കുന്നു. അതുവരെ ഒരേ മനസ്സായി കഴിഞ്ഞ കുടുംബം ഈ നിലയിലായപ്പോള്‍ മനസ്സ് ഒന്നുകൂടി വിഷമിക്കുന്നു. അതിലിടയ്ക്ക് എനിക്കിവിടെ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ ഭര്‍ത്താവ് എന്നോട് സ്വന്തം വീട്ടിലേക്ക് പോകുവാന്‍ പറയുന്നുണ്ട്. എന്‍റെ സമാധാനത്തിനു വേണ്ടി ഞാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പെങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിച്ചു. കുട്ടികളും ഞാനും ഉമ്മറപ്പടിയില്‍ നില്ക്കുകയാണ്. എന്നെ വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.അങ്ങോട്ട്‌ മാറിക്കോളണം കുട്ടികള്‍ പേടിച്ചു പോകും എന്നും പറഞ്ഞ് ഉറഞ്ഞുതുള്ളിക്കൊണ്ട്‌ എന്നെക്കൊല്ലാൻ വരുന്നു. അപ്പോള്‍ അമ്മ പറയുന്നു. എന്താ വേണ്ടതെന്ന് പറയണം. നമുക്ക് പരിഹാരം ഉണ്ടാക്കാം. മരിച്ചുപോയ അച്ഛന് നിരക്കാത്തത് ഇവിടെ എന്തോ നടക്കുന്നു. അതുകൊണ്ട് അച്ഛന്‍ മകളുടെ മേല്‍ ഉറഞ്ഞുവന്നതാണ്‌ എന്നാണ് ചുരുക്കം.

ഞാന്‍ പേടിച്ചുപോയി മക്കളെയും കൂട്ടി വഴിയോട്ട് വന്നു. അടുക്കളയില്‍ ഒരേ ഒരു നില്‍പ്പ് . കുറെ കഴിഞ്ഞ് എന്‍റെ ഭര്‍ത്താവ് വരുന്നു. ഞാന്‍ പറയുന്നു എന്നെ ഇപ്പോള്‍ എന്‍റെ വീട്ടില്‍ ആക്കണമെന്ന്. റോഡും വാഹനവും കുറഞ്ഞ കാലം. നേരം പുലരട്ടെ എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുന്നു. അഞ്ചരക്ക് ഒരു ബസ്സുണ്ട് മുളിയങ്ങളിലെക്ക്, അതിന് പോകാന്‍ തയ്യാറാകുന്നു. എന്‍റെ ഡ്രസ്സെല്ലാം എടുക്കാന്‍ പറയുന്നു. ഞാന്‍ തെറ്റിദ്ധരിക്കുന്നു. എന്നെ ഒഴിവാക്കുകയാണെന്നായി എന്‍റെ ധാരണ. കൂത്താളി ബസ്സ് കാത്ത് വാഴയില്‍ കണാരന്‍റെ ചായപ്പീടികയില്‍ ഇരിക്കുമ്പോള്‍ സെക്കന്‍റ്‌ ഷോ കഴിഞ്ഞ് ആളുകള്‍ സിനിമാക്കഥയും പറഞ്ഞ് നടന്നു പോവുകയാണ്. പറയുന്നത് എന്തെന്നാല്‍ അങ്ങനെ രാജകുമാരന്‍ രാജകുമാരിയേയും ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി. അത് സിനിമാക്കഥയാണ്. പക്ഷെ ! ഞാനത് എന്‍റെ അനുഭവമാക്കി ഉറപ്പിച്ചു. മൂപ്പരുടെ കൈ ഞാന്‍ മുറുകെ പിടിച്ചു വെച്ചു. വിഷമം കൊണ്ട്. മൂപ്പരുണ്ടോ ഇതറിയുന്നു. മെല്ലെപ്പറഞ്ഞു കൈ വിട് ആരേലും കാണും എന്ന്. ബസ്സ്‌ വന്ന് അതില്‍ കയറി എന്നെ മുളിയങ്ങല്‍ വീട്ടില്‍ എത്തിച്ചു. പക്ഷെ, എന്‍റെ മനസ്സാകെ മാറി. അങ്ങേ അറ്റം സ്നേഹിച്ച ഭര്‍ത്താവ് എന്നെ ഒഴിവക്കിയതാണെന്ന ധാരണയായി. പിന്നെ ചെറിയ ചന്ദ്രനു മാത്രമുള്ള ഒരു ലോകമായി എന്‍റെത്. അവനെ നിലത്ത് വെക്കുകയില്ല. പുരയായിട്ട് മനസ്സില്‍ ഒരു ബന്ധവുമില്ല.

പുനത്തില്‍ അന്ന് പുരയായിട്ടില്ല. മറയുള്ള ഷെഡ്‌ മാത്രം. മോനെ ചുമലിലിട്ടിട്ട് ഒരു കൈ കൊണ്ട് മുറ്റമടിക്കും. പാത്രം തേച്ച് മോറും. പുര തൊടുകയില്ല. എല്ലാവരും ബഹിഷ്ക്കരിച്ചതായി തോന്നുന്ന ഒരു മനസ്സ്. എന്‍റെ ഡ്രസ്സൊന്നും ഞാന്‍ എടുത്തലക്കില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചു എന്നാണല്ലോ എന്‍റെ തോന്നല്‍. ഭര്‍ത്താവ് വന്ന് എന്നെ നോക്കുന്നുണ്ടെങ്കില്‍ ഞാന്‍ മാറി നിന്നു കളയും. എന്നെ കൊല്ലാന്‍ വന്നതാണെന്ന തോന്നല്‍. മൂപ്പര്‍ കണ്ണീര്‍ ഒഴിച്ചുകൊണ്ട് തിരിച്ചു പോകും. മറ്റ് രണ്ടു മക്കള്‍ക്കും ഭര്‍ത്താവിന്‍റെ അമ്മയുണ്ട്. ശരിക്കും നോക്കും. എന്‍റെ വിചാരമേയില്ല. എന്ത് ഭക്ഷണം തന്നാലും അത് ചന്ദ്രനെ തീറ്റിക്കും. മതിയായാലും ഞാന്‍ വിടുകയില്ല. എനിക്ക് ഭക്ഷണം വേണ്ട. കുളി ദിവസവും മുടക്കില്ല. അത് അന്നവിടെ വെള്ളമില്ല. പുനത്തില്‍ തെക്കയില്‍ നിന്ന് ഞാന്‍ തന്നെ കൊണ്ടുവന്നു (കുഞ്ഞന്‍ ചുമലില്‍ തന്നെ ഉണ്ടാകും) കുളിക്കും. ആദ്യം ഡ്രസ്സ്‌ അലക്കി പാറപ്പുറത്ത് ഉണക്കാനിട്ടാണ് കുളി. എന്നിട്ട് അതു തന്നെ എടുത്ത് ധരിക്കും. അതിലിടയ്ക്ക് ഒരു ദിവസം മൂത്ത ജ്യേഷ്ഠൻ ഒന്നിച്ചിരുത്തി ചോറ് തിന്നിച്ചു. മറ്റൊരു ദിവസം നാരായണി ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് വന്ന് അവളുടെ ഒന്നിച്ചിരുന്നും വയറു നിറയെ തിന്നു. ഇന്നും സ്നേഹമുള്ള ആള്‍ അടുത്തു നിന്ന് കഴിക്കുമ്പോള്‍ മാത്രമേ എനിക്ക് കഴിക്കാനാവൂ.

Dr. S. Santhakumar

ചുരുക്കിപ്പറയാം ചിലരുടെ അഭിപ്രായ പ്രകാരം ഒരു മാനസിക ഡോക്ടറെ കാണുവാന്‍ തീരുമാനിച്ചു. ഒതയോത്ത് ചിന്നക്കുറുപ്പോട് 50 ക പലിശക്ക് വാങ്ങി ഭര്‍ത്താവ് ജ്യേഷ്ഠൻ വശം കൊടുത്തു. ജാനു പല്ല് കെട്ടിക്കുവാനും, നാരായണി ട്രെയിനിങ്ങിനും, എന്നെ ഡോക്ടറെ കാണിക്കുവാനും അവരുടെ ഭര്‍ത്താക്കന്‍മാരും ജ്യേഷ്ഠനും കൂടി കോഴിക്കോട്ടേക്ക് പോയി. ഡോക്ടര്‍ ശാന്തകുമാറാണ്. അയാളുടെ വീട്ടില്‍ പോയി. രോഗവിവരം പറഞ്ഞു. കുടുംബത്തില്‍ വേറെ ആര്‍ക്കെങ്കിലും ഇങ്ങനെ ഉണ്ടോ എന്ന് ഡോക്ടറുടെ ചോദ്യം. ആര്‍ക്കും ഇല്ല എന്ന് ജ്യേഷ്ഠന്‍റെ മറുപടി. കാലം വൈകിയതു കാരണം ആശുപത്രിയില്‍ കിടക്കണം. ഷോക്ക് തന്നെങ്കിലെ ഓര്‍മ്മ തിരിച്ചുകിട്ടുകയുള്ളൂ എന്ന് ഡോക്ടറുടെ തീരുമാനം.

ഈ കുറിപ്പിന്‍റെ ഓഡിയോ രൂപം കേൾക്കാം. ശബ്ദം നല്‍കിയത് ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ

(തുടരും)

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.