പൂമുഖം LITERATUREകവിത ആമിനപ്പടി

ആമിനപ്പടി

ആമിനപ്പടിയിൽ
ആമിനാടെ വീടില്ല.
ആമിനാടെ ബന്ധുക്കളില്ല.
ഫോട്ടോകളില്ല.
വോട്ടർപ്പട്ടികയിലോ
ആധാർ കാർഡിലോ
സ്കൂൾ രജിസ്റ്ററിലോ
അമിനയെന്നൊരുത്തി
ഉണ്ടായിരുന്നതിന്റെ തെളിവുകളില്ല.

എന്നിട്ടും
ബസ് കണ്ടക്ടർമാർ ഇന്നും വിളിക്കും:

“ആമിനപ്പടി…ആമിനപ്പടി…”
……..
ഒരു സാധ്യത:

ഒരു കാലത്ത് അവിടെയൊരു
ടെയ്ലർ ഷോപ്പ്
ഉണ്ടായിരുന്നിരിക്കാം.
തുന്നൽ മെഷീന്റെ പെഡൽ ചവിട്ടിക്കൊണ്ടിരുന്നൊരു പെണ്ണൊരുത്തി,
അവൾ ജനാലയിലൂടെ
പുറത്തേക്ക് നോക്കുന്നുണ്ട്.
അവളുടെ പേര് ആമിനക്കുട്ടി.

അല്ലെങ്കിൽ അല്ല.

മറ്റൊരു സാധ്യത:

ആമിനയെന്നൊരുവൾ
ഒരിക്കലും ഉണ്ടായിരുന്നില്ല.
ആദ്യം പേര് വന്നു.
പിന്നെ അതിന് ചുറ്റും ഒരുവളെ
ആളുകൾ സങ്കൽപ്പിച്ചെടുത്തു.

വൈകുന്നേരങ്ങളിൽ ടീസ്റ്റാളിൽ
ഒത്തുചേരുന്ന മൂന്ന് വൃദ്ധന്മാർക്ക്
ഇതിനെക്കുറിച്ച് രണ്ട് കഥകളുണ്ട്.

ഒന്നാമൻ പറയും:

“ലവളൊര് ഓടാമ്പലാർന്ന്.”

രണ്ടാമൻ പറയും:

“അല്ല, സിനിമേൽ ചേരാൻ നാടുവിട്ടതാ.”

മൂന്നാമൻ ഒന്നും പറയില്ല.

അയാൾ ചായയിൽ അലിയാതെ കിടന്ന പഞ്ചാരക്കട്ട വലിച്ചുറ്റിക്കുടിക്കും.

പക്ഷേ, ആമിനയെന്ന പേര് ഉച്ചരിക്കുമ്പോഴിപ്പോഴും
ഷർട്ടിന്റെ മുകളിലെ ബട്ടണഴിച്ച്,
നെഞ്ചിലെ പൂടയിൽ വിരലോടിച്ച്
മൂന്ന് പേരും നെടുവീർപ്പിടും.

വാർദ്ധക്യം ഓർമ്മകളുടെ ശവപ്പറമ്പല്ല.
അതൊരു അതിർത്തിക്കല്ലാണ്.
അടച്ചുപൂട്ടിയെന്ന് കരുതിയ ആഗ്രഹങ്ങൾ
അവിടെയിപ്പോഴും
പ്രേതങ്ങളെപ്പോലെ എഴുന്നേറ്റുനിൽക്കും.

രാത്രിയിൽ
ഗൂഗിൾ മാപ്പ് തുറന്ന് നോക്കുമ്പോൾ
ആമിനപ്പടി
ഒരു നീല ബിന്ദുവിനടുത്ത്
ശാന്തമായി കിടക്കുന്നു,
ഭൂമിയിലെ മൗനം പോലെ.

പക്ഷേ
എന്റെ ഫോൺ സ്ക്രീനിൽ
അത് ഒരു സ്ഥലമല്ല.
ഒരു ചോദ്യം മാത്രമാണ്.

ഒരു പേര്
എങ്ങനെയാണ്
ഒരു മനുഷ്യനെക്കാൾ കൂടുതൽ കാലം ജീവിക്കുന്നത്?
……..
പിറ്റേന്ന്
മഴ പെയ്യുന്നു.
ആമിനപ്പടി ശൂന്യമാണ്.

മൂന്ന് വൃദ്ധന്മാരും വന്നിട്ടില്ല.
ഓട്ടോകളുമില്ല.
ചായക്കടയുമില്ല.
ബോർഡിൽ പേര് മാത്രം.
അതിൽ
മഴവെള്ളം ഒഴുകുന്നു.

ദൂരെ നിന്ന് നോക്കുമ്പോൾ
ആരോ
വളരെ പഴയ ഒരു പ്രണയലേഖനം
മായ്ച്ചുകളയാൻ ശ്രമിക്കുന്നതുപോലെ.
പക്ഷേ
മായുന്നത് മഷിയാണ്.
കഥയല്ല.

കവര്‍: സി പി ജോണ്‍സണ്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.