അച്ഛന് ആവള മുന്നൂറ്റന്‍ കുഴിയില്‍ ശങ്കരന്‍ നമ്പ്യാര്‍ (തറവാട് – വയലാളി)
അമ്മ മുയിപ്പോത്ത് രയരോത്ത് കുഞ്ഞുമാധവിഅമ്മ (തറവാട് – കീരിപ്പിലാക്കൂല്‍)
ജനനം 1930 ആവളയില്‍. അഞ്ച് മക്കളില്‍ മൂത്തത് അപ്പുക്കുട്ടി നമ്പ്യാര്‍, രണ്ടാമത് ഗോപാലന്‍ നമ്പ്യാര്‍, മൂന്നാമത്തത് ഞാന്‍, നാലാമത് അനുജത്തി മുളിയങ്ങല്‍ മഠത്തില്‍ നാരായണന്‍ നായരുടെ ഭാര്യ ജാനു, അഞ്ചാമത് കായണ്ണ ഉണ്ണി മാസ്റ്ററുടെ ഭാര്യ നാരായണി. ഇവരും ഇവരുടെ മക്കളും ചെറുപ്പത്തില്‍
എന്‍റെ കുടുംബം. കഷ്ടപ്പാട് വളരെ അനുഭവിച്ചിട്ടുണ്ട്. അച്ഛന്‍ ജനങ്ങള്‍ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. അത് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനുമായി.
അന്ന് E.M.S ഉം A.K.G യും മറ്റുള്ള രാഷ്ട്രീയ നേതാക്കളും ഒളിവില്‍ കഴിയുന്ന കാലത്ത് ഞങ്ങള്‍ക്കുള്ള ഒരൊഴിഞ്ഞ വീട്ടില്‍ ഒളിച്ചുതാമസിച്ചിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുവാന്‍ വേണ്ടി പൊരുതിയ ആളാണ് ജ്യേഷ്ടന്‍ അപ്പുക്കുട്ടി നമ്പ്യാര്‍. M.S.P യില്‍ നിന്ന് രാജി കൊടുത്ത് പോന്നയാളാണ്. കാരണം ബ്രിട്ടീഷിന്‍റെ ആളായിട്ട് ജോലി വേണ്ടാത്തത് തന്നെ. പിന്നെ അച്ഛനും മക്കളും തൊഴിലാളി വര്‍ഗ്ഗത്തിനെ രക്ഷിപ്പാനുള്ള ശ്രമത്തിലായി.

എ കെ ജിയും ഇ എം എസ്സും മറ്റ് നേതാക്കളും ഒളിവില്‍ കഴിയുന്ന കാലം. അവര്‍ അച്ഛന്‍റെ അടുത്തെത്തുന്നു. ഒരൊഴിഞ്ഞ താഴെ കുറൂര, അവിടെ താമസിപ്പിക്കും. അടുത്ത് വീടും കറണ്ടും ഇല്ലാത്തത് കൊണ്ട് ഒളിവില്‍ കഴിയുന്നവര്‍ക്ക് സൌകര്യമാണ്.
ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് ഗോപാലേട്ടനും ഞാനും ആണ്. അപ്പുക്കുട്ടിയേട്ടന്‍ തിരുവള്ളൂര്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഞങ്ങള്‍ രണ്ടാളും ആവള സ്കൂളിലാണ് പഠിക്കുന്നത്. അഞ്ച് വരെ ക്ലാസ് ഉള്ള സ്കൂളായത് കൊണ്ട് 10 വയസ്സില്‍ കവിഞ്ഞിട്ടില്ല. പേരിന് രണ്ട് വിശ്വാസമുള്ള പണിക്കാരെ പറമ്പില്‍ പണിക്ക് നിര്‍ത്തും. അവര്ക്ക് ഭക്ഷണം എത്തിക്കുകയാണെന്നും പറഞ്ഞാണ് 10 വയസ്സില്‍ താഴെയുള്ള ഞങ്ങള്‍ ബോധപൂർവം അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. ചെറിയ കൂരപ്പുര. മെല്ലെ ചെറിയ ജാലകത്തിന്‍റെ പുറമെ നിന്ന് ഞങ്ങള്‍ കൈ ആംഗ്യം കാണിക്കും. അവര്‍ വാതില്‍ തുറക്കുമ്പോൾ ഭക്ഷണം അകത്തു വെച്ചുകൊടുക്കും. കുറെ വെള്ളവും ഒരു കലത്തില്‍ കോരി വെച്ചുകൊടുക്കും. മൂത്രമൊഴിക്കാനുള്ള മറ്റൊരുകലവും. ഞങ്ങള്‍ തിരിച്ചുപോരും. പണിക്കാര്‍ക്ക് ചോറ് കൊടുത്തെന്ന ഭാവത്തില്‍, മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ടാണ്.
അന്ന് പാര്‍ട്ടി ക്ലാസ് നടത്തും. അത് പി വി ശങ്കരനും വേറെ നേതാക്കന്മാരുമാണ് നടത്താറ്. ഞങ്ങള്‍ എല്ലാം ശ്രദ്ധിച്ച് കേള്‍ക്കും. അന്നത്തെ പാര്‍ട്ടിയുടെ ലക്ഷ്യവും അത് കൈകാര്യം ചെയ്യേണ്ടതായ രീതിയും. ഭക്ഷണം വീട്ടില്‍ നിന്ന് അമ്മ കൊടുക്കും. ഹോട്ടലും ചായപ്പീടികയും ഇല്ലെന്നല്ല. പുറത്ത് നേരാം വണ്ണം ഇറങ്ങാനും പറ്റില്ല, ആരിലും പോക്കറ്റ് മണിയും ഇല്ല. അച്ഛന്‍ വയല്‍ വാങ്ങാത്ത കാലമാണ്. പുരയില്‍ ഞങ്ങള്‍ ഏഴാള്‍ക്ക് കഴിപ്പാനുള്ള മാര്‍ഗം തന്നെ കുറവാണ്. ഒരു മരുന്ന് കച്ചവടമുള്ള പെട്ടിപ്പീടികയുണ്ട്. അതാണ് ജീവിതത്തിനുള്ള ഏക മാര്‍ഗം. കഷ്ടിച്ച് നാഴിയരി വൈകുന്നേരത്തേക്ക് ഉണ്ടാകും, അതിന്‍റെ പുറമെ കീഴന നിന്ന് കുഞ്ഞിരാമക്കുറുപ്പും ചിന്നക്കുറുപ്പും എത്തിച്ചു തരുന്ന നാഴിയരിയും കൂടെയുണ്ടാകും. അവര്‍ ബ്രിട്ടീഷിന്‍റെ കാലത്ത് ആവളയുടെ അധികാരിയുടെ മക്കളാണ്. അച്ഛന്‍ ബ്രിട്ടീഷിന്‍റെ കാലത്തുള്ള കോണ്‍ഗ്രസ്സ് അധികാരി. മക്കള്‍ അന്നത്തെ നിഷിദ്ധമായ കമ്മ്യൂണിസ്റ്റുകാര്‍. വൈരുദ്ധ്യം നോക്കണം. അമ്മയെ സ്വാധീനിച്ച് അച്ഛന്‍ കാണാതെ നെല്ലുകുത്ത് പുരയില്‍ പോയി പെണ്ണുങ്ങളോട് ഒളിച്ചുവാങ്ങിയാണ് ആ നാഴിയരി അവര്‍ എത്തിക്കുന്നത്. രണ്ടു നാഴി അരിയിട്ട് ചോറ് വെച്ച് അമ്മ ക്ലാസ്സ് എടുക്കുന്ന നേതാക്കന്‍മാര്‍ക്ക് കൊടുക്കും. അച്ഛനോട് ഒന്നിച്ചിരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിക്കും. ‘വേണ്ട ഞാനും കുട്ടികളും അകത്ത് നിന്ന് കഴിക്കാം’ എന്ന് പറഞ്ഞ് അച്ഛന്‍ ഒഴിയുന്നത് ചോറ് ബാക്കി ഇല്ലാത്തത് കൊണ്ടാണ്.
അച്ഛനും ഞങ്ങള്‍ നാല് പേരും അകത്ത് ചെന്ന് ഇരിക്കുമ്പോഴേക്കും അമ്മ ചോറ് വെച്ച കലത്തില്‍ കഞ്ഞിവെള്ളവും പകര്‍ന്ന് ഉപ്പും ചിരകിയ ബന്നിങ്ങയും ഇട്ട് ഇളക്കി മുക്കി കിണ്ണത്തില്‍ ഞങ്ങള്‍ക്ക് വിളമ്പി കാത്തു നില്‍പ്പുണ്ടാകും. ഞങ്ങള്‍ ശബ്ദിക്കാതെ അത് കഴിച്ചു മുഖം കഴുകി ഏമ്പക്കം ഇട്ടുകൊണ്ട് ചോറ് തിന്നു എന്ന വ്യാജേന നേതാക്കന്മാരുടെ അടുത്ത് ചെല്ലും. പിന്നീടാണ് ക്ലാസ്സ് തുടങ്ങുന്നത്. അത് പത്തുവയസ്സിന് താഴെയുള്ള ഞങ്ങള്‍ ശരിക്ക് ശ്രദ്ധിച്ച് ഉള്‍ക്കൊള്ളും. അതാണ് എന്‍റെ രക്തത്തോട് അലിഞ്ഞുചേര്‍ന്ന കമ്മ്യൂണിസം.

അന്ന് എന്‍റെ നാരായണിക്കുട്ടിയായ, ജനങ്ങളുടെ ബ്ലോക്ക് മെമ്പറായ, നാരയണി ടീച്ചര്‍ ജനിച്ചിട്ടില്ല. ഓര്‍മ്മശക്തി കുറവായതിനാല്‍ ചിലത് ഓര്‍മ്മയില്ല. പിന്നെ ഞങ്ങള്‍ താഴെ കുറൂരക്ക് മാറി താമസിച്ചു. പിന്നീടാണ് ഐശ്വര്യങ്ങളെല്ലാം വന്നത്. നാരായണി ജനിച്ചു. അശ്വതി നക്ഷത്രം. അശ്വതിവീട്ടില്‍ പട്ടിണിയില്ല എന്നുള്ള പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലില്‍ പതിരുണ്ടെങ്കില്‍ പശുവിന്‍ പാലും കയ്ക്കും. അത് യാഥാര്‍ത്ഥ്യമാണ്.
ചെറുപ്പത്തില്‍, അച്ഛന്‍റെ അച്ഛൻ മരിച്ചപ്പോള്‍ ആ വീട്ടില്‍ നിന്ന് അമ്മയും മകനും ഇറങ്ങിപ്പോന്നതാണ്. അന്ന് മരുമക്കത്തായമാണ്. ഭാര്യക്കും മക്കള്‍ക്കും സ്ഥാനമില്ല. ശവമെടുക്കുന്നതിനു മുന്‍പ് ഭാര്യയും മക്കളും ഇറങ്ങിപ്പോരണം. അതാണ് നിയമം. പിന്നീട് അമ്മമ്മയും മകനും തറവാട്ടില്‍ കൂലിവേല ചെയ്ത് അരപ്പട്ടിണിയായി ജീവിച്ചു.32 വയസ്സ് വരെ. പിന്നീട് മകൻ എന്‍റെ അമ്മയെ കല്യാണം കഴിച്ചു. പിന്നീട് എല്ലാവരും കൂലിവേല ചെയ്ത് കഴിച്ചുകൂട്ടി. നാരായണി ജനിക്കുന്നത് വരെ.
തറവാട്ടില്‍ മൂരിപ്പണിയായിരുന്നു അച്ഛൻ കല്യാണം കഴിക്കുന്നത് വരെ. മുന്നൂറ്റന്‍ കുഴിയിലായിരുന്നപ്പോൾ മരുന്ന്കച്ചവടം കൊണ്ടുള്ള ചെറിയ പണം കൊണ്ട് കരിങ്ങാട്ടുമ്മല്‍ എന്നുള്ള പറമ്പ് വാങ്ങി. അവിടെ അച്ഛന്‍ തന്നെ പണിയെടുത്തുകൊള്ളും. പിന്നീട് അമ്മയുടെ ചുരുങ്ങിയ പണ്ടമുള്ളത് എടുത്ത് വിറ്റ് താഴെ കുറൂര വാങ്ങി. സുമാര്‍ ആറേക്കര്‍ സ്ഥലം. കുറച്ച് തെങ്ങും മാവും പിലാവും, വെള്ളം കയറുന്ന കൊല്ലി സ്ഥലവും വെള്ളരിക്കുണ്ടും, താഴെ കുറെ കാടും അടങ്ങിയതാണ് ആ സ്ഥലം. അവിടെ മാറിയതിന് ശേഷമാണ് നാരായണി ജനിച്ചത്.

അതിനു ശേഷം ഒരു മാറ്റമുണ്ടായി. തറവാട്ടില്‍ കാരണവരുടെ മകളെ മരുമകന്‍ കല്യാണം കഴിച്ചത് കാരണം അയാള്‍ക്ക് സ്വത്ത് കൊടുക്കണം എന്നൊരു മോഹം കാരണവര്‍ക്ക്. പക്ഷെ 14 വര്‍ഷം മൂരിപ്പണി അടിമയായെടുത്ത അച്ഛനെ മറിച്ചിടാന്‍ പറ്റില്ലല്ലോ. അച്ഛന്‍ ലേശം ബുദ്ധിശാലിയാണ് അതുകൊണ്ട് അച്ഛനും മറ്റെ ആള്‍ക്കും കൂടി കുറെ വയലും കുനിയും കൊടുക്കേണ്ടിവന്നു. അത് അച്ഛന്‍ ഭാഗിച്ചെടുത്ത് കൃഷി നടത്തിത്തുടങ്ങി. പിന്നെ തകൃതി തന്നെ. രാഷ്ട്രീയ പ്രവര്‍ത്തനവും തകൃതിയായി നടന്നു. ഇന്ന ദിവസം ഇന്ന നേതാക്കന്മാര്‍ ഇന്ന സമയത്തെത്തും എന്നുള്ള വിവരം അച്ഛന് ലഭിക്കും. അച്ഛന്‍ അവരെ കൂട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കും. M.S.P വരുന്നുണ്ടെന്ന് മുന്‍കൂട്ടി വിവരം തരാന്‍ ഭാഗ്യത്തിനൊരു കോണ്‍ഗ്രസ്‌കാരനായ ഒരു ദല്ലാള്‍ ഉണ്ട്. അത് ആരെന്നല്ലെ? കടിയങ്ങാട്ടുകാരനായ ആവള മേനവന്‍ ചാത്തന്‍, നല്ല വ്യക്തിയാണ്. ഞങ്ങളുടെ കുടുംബത്തോട് ഏറെ കൂറുള്ളയാള്‍.
(തുടരും…)
