ചോദ്യം:
“കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡുകളെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്? മാറിവന്ന തൊഴിൽ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നതെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തോട് എങ്ങനെ പ്രതികരിക്കുന്നു? “
ഉത്തരം: സജി വർഗീസ്, Bank Employees Federation of India യുടെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്
1. ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. സ്ഥിരതൊഴിൽ എന്ന സങ്കല്പം തന്നെ ഇല്ലാതാക്കാനാണ് ലേബർ കോഡുകൾ ലക്ഷ്യമിടുന്നത്. ലേബർ കോഡിലൂടെ തൊഴിലിന്റെ താൽക്കാലികവൽക്കരണം മാത്രമല്ല തൊഴിലാളികളെ കൂലിയടിമകളാക്കി മാറ്റാനും തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കാനും ഉള്ള ശ്രമമാണ് നടത്തുന്നത്.
2. ആദ്യം ബ്രിട്ടീഷുകാരോടും സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് ദേശീയ ഭരണകൂടങ്ങളോടും നിരന്തരമായി തൊഴിലാളികൾ പോരടിച്ചതിന്റെ ഫലമായാണ് തൊഴിൽ നിയമങ്ങൾ നിലവിൽ വന്നത്. ഒരു പരിധിവരെ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടന രൂപീകരിക്കപ്പെട്ടതിന്റെ സ്വാധീനവും അതിന്റെ പിറകിലുണ്ടാവാം. ആ തൊഴിൽ നിയമങ്ങൾ പൂർണ്ണമായും തൊഴിലാളികൾക്ക് അനുകൂലമായിരുന്നു എന്ന് പറയാൻ കഴിയില്ല.എന്നാൽ ആ തൊഴിൽ നിയമങ്ങളിലൂടെ അന്നത്തെ മുതലാളിമാരും ഭരണകൂടങ്ങളും തൊഴിലാളികൾക്ക് നൽകിപ്പോന്ന ചില അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി ലേബർ കോഡുകളിലൂടെ ഇന്ത്യൻ ഭരണകൂടം ഹനിക്കുകയാണ്.
300 ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന ഇടങ്ങളിൽ നിന്നും അവരെ പിരിച്ചുവിടാൻ മുതലാളിമാർക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു.
ഒരു തൊഴിലാളി സംഘടന തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ പണിമുടക്ക് നോട്ടീസ് നൽകിയാൽ മുതലാളിമാർ അതിന്മേലുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷമേ പണിമുടക്കിലേക്ക് പോകാനാവൂ എന്ന നിയമഭേദഗതി പണിമുടക്കുകൾ ഒഴിവാക്കുന്നതിന് വേണ്ടി മനപ്പൂർവ്വം കൊണ്ടുവന്നതാണ്.
ഇതിനകം തന്നെ ലേബർ കോടതികളുടെ പ്രവർത്തനം നിലച്ചു കഴിഞ്ഞു.
ലേബർ ഓഫീസർ മാരെ എല്ലാ അധികാരവും നഷ്ടപ്പെട്ട കേവലം ഉപദേശിമാർ ആയി മാറ്റുകയാണ് ചെയ്യുന്നത്.
നൂറ്റാണ്ടുകളായി തുടരുന്ന ആക്ടുകളും ചട്ടങ്ങളും കേവലം ഒരു ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ മറ്റാനാ വില്ല. അതിന്റെ പൂർത്തീകരണത്തിന് വർഷങ്ങൾ എടുക്കും. അതിനിടയിൽ തൊഴിലാളികളെ കൂലിയടിമകളാക്കി മാറ്റാം എന്നാണ് ഭരണാധികാരികൾ കരുതുന്നത്. ധനമൂലധനത്തിന് കടന്നുവരാനും തൊഴിൽ നൈതികത ഇല്ലാതെ പ്രവർത്തിക്കുവാനും ആവശ്യമായ രൂപത്തിൽ Hire and Fire Policy ആണ് കൊണ്ടുവന്നിട്ടുള്ളത്. ഇത് ഇന്ത്യയിലെ തൊഴിലാളികൾ അംഗീകരിക്കില്ല. വലിയ സമര പോരാട്ടങ്ങൾക്ക് ഇത് വഴിവയ്ക്കും.
