പൂമുഖം CINEMA വിശ്വാസപാതയിലെ മുള്ളുകള്‍ – ‘ഓക്ക’ എന്ന ലാറ്റിന്‍ അമേരിക്കന്‍ ചിത്രം

വിശ്വാസപാതയിലെ മുള്ളുകള്‍ – ‘ഓക്ക’ എന്ന ലാറ്റിന്‍ അമേരിക്കന്‍ ചിത്രം

San Pedro യിലെ ഇടിഞ്ഞു വീഴാറായ ഒരു മഠത്തില്‍ നിന്നാണ്‌ സിസ്റ്റര്‍ റഫേല ഒരു ചെറിയ മോട്ടോര്‍ സൈക്കിളില്‍ San Vicente യിലേയ്ക്ക് യാത്ര പുറപ്പെടുന്നത്. ദൈവം മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശങ്ങളാണ്‌ സ്വപ്നങ്ങളെന്നും, ചിലപ്പോഴൊക്കെ അത് വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നുമൊക്കെ വിശ്വസിക്കുന്ന ആത്മീയജീവിതത്തിനുടമയാണ്‌ യുവതിയായ ആ കന്യാസ്ത്രീ. എല്ലാം തരുന്നത് ദൈവമാണെന്നും ദൈവഹിതമനുസരിച്ചാണ്‌ ഓരോ മനുഷ്യന്‍റെ ജീവിതമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ആര്‍ച്ച് ബിഷപ്പ് San Vicente എന്ന സ്ഥലത്താണ്‌ എത്തിച്ചേരുന്നത്. അദ്ദേഹത്തെ കണ്ട് കുമ്പസാരിച്ച് (Confession) പാപമോചനം നേടുക, തന്‍റെ മഠത്തിന്‍റെ ദയനീയസ്ഥിതി അദ്ദേഹത്തിന്‍റെ മുമ്പില്‍ അവതരിപ്പിക്കുക എന്നതൊക്കെയാണ്‌ അവളുടെ യാത്രാലക്ഷ്യം. പാലം കടന്ന്, വളവ് തിരിഞ്ഞു, കുന്നുകള്‍ കയറി ഏതുദിശയിലേയ്ക്കാണ്‌ പോകേണ്ടതെന്നൊക്കെ കോണ്‍‌വെന്‍റിലെ മദര്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. റഫേലയുടെയൊപ്പം പോകാന്‍ വേറൊരു സിസ്റ്ററിനു ആഗ്രഹമുണ്ടെങ്കിലും മദര്‍ സമ്മതിക്കുന്നില്ല. ആ സിസ്റ്ററിന്‍റെ ചിലവിനു തരുന്ന വീട്ടുകാര്‍ എന്തിനാണവളെ പറഞ്ഞയച്ചതെന്നു ചോദിച്ചെങ്കിലോ എന്നോര്‍ത്താണ്‌ മദര്‍ സമ്മതം നല്‍കാത്തത്.

സിസ്റ്റര്‍ റഫേല ഭക്ഷണപ്പൊതികളും വെള്ളവുമൊക്കെയെടുത്ത് യാത്ര പുറപ്പെടുമ്പോള്‍ മദര്‍ പറഞ്ഞു : ദൈവേച്ഛയാണ്‌ എല്ലാം. എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക. നീയായിട്ട് ഒരു തീരുമാനവും സ്വന്തമായി എടുക്കരുത്. പ്രാര്‍ത്ഥനകളില്‍ അവര്‍ ദൈവത്തോട് പറയുന്നുണ്ട് : Our Father, Who art in heaven/ Hallowed be Thy name/ Thy Kingdom come/Thy will be done, on earth as it is in Heaven/ Give us this day our daily bread/ And forgive us our trespasses, as we forgive those trespass against us/ And lead us not into temptation, but deliver us from evil/ Amen.

Karla badillo

ഇത് കാര്‍ല ബാദില്യോ (Karla Badillo) എന്ന മെക്സിക്കന്‍ സം‌വിധായികയുടെ ആദ്യ മുഴുനീള ചലച്ചിത്രമായ Oca യുടെ കഥയാണ്‌. മെക്സിക്കോ – അര്‍ജന്‍റീന സം‌യുക്ത സം‌രംഭമായ, സ്പാനിഷ് ഭാഷയിലുള്ള ഈ ചിത്രത്തിന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേള (TIFF 2025) യുടെ വേദിയിലായിരുന്നു. സിസ്റ്റര്‍ റഫേലയുടെ മോട്ടൊര്‍ ബൈക്ക് വഴിയില്‍ വച്ച് കേടാവുന്നു. അതും തള്ളി അവര്‍ നടന്നെത്തുന്നത് ഒരു പള്ളിപ്പെരുന്നാളിന്‍റെ സ്ഥലത്താണ്‌. അവരില്‍ ചിലര്‍ വിശുദ്ധ ജെലേഷ്യസി (St. Gelasius) ന്‍റെ രൂപക്കൂടും ചുമന്നുകൊണ്ട് നഗരത്തിലേയ്ക്കുള്ള യാത്രയിലാണ്‌. നഗരത്തിലേയ്ക്ക് ചെന്നാല്‍ ചെകുത്താന്‍റെ പ്രലോഭനങ്ങളുണ്ടാവും എന്ന് വിശ്വസിച്ച്, അതിന്‍റെ കൂടെ പോകാത്തവരുമുണ്ട്. കാല്‍മുട്ടില്‍ നീന്തി പ്രദക്ക്ഷിണം നടത്തുന്ന അതീവ വിശ്വാസികളും അവര്‍ക്കിടയിലുണ്ട്. സിസ്റ്റര്‍ അവരോടൊപ്പം ചേരുന്നു. അവരില്‍ നല്ലവരും, പരദൂഷണം പറഞ്ഞുപോകുന്നവരും, ക്രൂര സ്വഭാവമുള്ളവരുമെല്ലാമുണ്ട്. മോട്ടോര്‍ബൈക്ക് നന്നാക്കിക്കൊടുത്താല്‍ സിസ്റ്റര്‍ അവരെ വിട്ടുപോകുമെന്നു കരുതുന്നവരും അവര്‍ക്കിടയിലുണ്ട്. സിസ്റ്ററിനെ സഹായിക്കാന്‍ ശ്രമിക്കുന്ന റൊഹേലിയ (Rogelia) എന്ന ഒരു പാവം പെണ്‍‌കുട്ടിയും, സിസ്റ്ററിനായി എന്തെങ്കിലും പാട്ട് വായിക്കട്ടെ എന്നു ചോദിക്കുന്ന ഒരു ഗിറ്റാര്‍വാദകനുമൊക്കെ അക്കൂട്ടത്തിലുണ്ട്. ആ യാത്രയില്‍ സിസ്റ്റര്‍ റഫേല ഒരു പട്ടാളക്കാരനെ കണ്ടുമുട്ടുന്നുണ്ട്. അയാള്‍ സിസ്റ്ററിന്‍റെ മോട്ടോര്‍ ബൈക്ക് നന്നാക്കിയെടുത്ത് അതുമായി കടന്നുകളയുന്നു.

Natalia as Sr Rafaela

രൂപക്കൂട് ചുമക്കുന്നവര്‍ക്ക് ക്രമേണ അതിലുള്ള താല്പര്യം കുറഞ്ഞുവരുന്നു. റൊഹേലിയ സഹായിക്കാമെന്നു പറയുന്നുണ്ടെങ്കിലും അവളുടെ അമ്മയുടെ ‘സ്വഭാവദൂഷ്യം’ അവളെ അനുവദിക്കുന്നില്ല. അവസാനം, അവള്‍ നിര്‍ബ്ബന്ധിക്കുമ്പോള്‍ You are ugly but strong എന്നും പറഞ്ഞ് അവളെ വിശുദ്ധന്‍റെ രൂപക്കൂടു ചുമക്കാന്‍ അനുവദിക്കുന്നുണ്ട്. സിസ്റ്റര്‍ റഫേല അവരെയൊക്കെ വഴിതെറ്റിച്ചു എന്നു കുറ്റപ്പെടുത്തി അവരേയും കുറെ നേരം രൂപക്കൂടു ചുമപ്പിക്കുന്നുണ്ട്.

സിസ്റ്റര്‍ തിരിച്ചുപോകാന്‍ തീരുമാനിക്കുന്നു. അതിനിടയില്‍ പല്‍മീറ എന്നു പേരുള്ള ധനാഢ്യയായ ഒരു സ്ത്രീയെയും അവരുടെ ഡ്രൈവറായ മാനുവലിനെയും കാണുന്നു. അവര്‍ സിസ്റ്ററിനെ കാറില്‍ കയറ്റുന്നു. പല്‍മീറയ്‌ക്കാണെങ്കില്‍ ദൈവത്തിലും അത്ഭുതങ്ങളിലുമൊന്നും വലിയ വിശ്വാസവുമില്ല. മികച്ച ജീവിതനിലവാരമുണ്ടായിട്ടും തനിക്കര്‍ഹമായ സ്നേഹം ആരില്‍ നിന്നും കിട്ടാത്തതിനാല്‍ അവര്‍ ഖിന്നയാണ്‌. എന്താണ്‌ വിശ്വാസം എന്നുള്ള ചോദ്യത്തിന്‌, റഫേല മറുപടി പറയുന്നതിങ്ങനെയാണ്‌ : Faith is to blindly believe in something you can’t see. അതിനിടയില്‍ രൂപക്കൂടു ചുമക്കുന്നവര്‍ ഒരു ട്രക്കിലേയ്ക്ക് അതു കയറ്റുകയും പിന്നീടത് നിലത്തുവീണു തകരുകയും ചെയ്യുന്നുണ്ട്. തളര്‍ച്ചയും വിശപ്പുമൊക്കെ കൂടിയപ്പോള്‍ വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒക്കെ അവര്‍ കൈവെടിയുകയാണ്‌. അവസാനം നഗരത്തിലെത്തി, റഫേല ആര്‍ച്ച് ബിഷപ്പിനെ കാണുകയാണ്‌. അദ്ദേഹം നില്‍ക്കുന്നത് വളരെ ഉയരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമിലാണ്‌. വൃദ്ധയായ ഒരു കന്യാസ്ത്രീ അദ്ദേഹത്തിനു കുടിക്കാനായി വെള്ളവുമായി വേച്ചുവേച്ചു വരുന്നുണ്ട്. ബിഷപ്പ് , റഫേലയ്ക്കുള്ള ഉപദേശങ്ങള്‍ കൊടുക്കുന്നതിനിടയില്‍ ആ പ്ലാറ്റ്‌ഫോം തകര്‍ന്നു രണ്ടാളും താഴെവീഴുകയാണ്‌. പൊളിഞ്ഞ പള്ളിയുടെയുള്ളില്‍ ഇരിക്കുന്ന സിസ്റ്ററിനെ കാണുന്നതോടെ ചിത്രം അവസാനിക്കുന്നു.

വിഖ്യാത ചലച്ചിത്രകാരനായിരുന്ന Luis Bunuel ന്‍റെ Nazarin, Viridiana എന്നീ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് സിസ്റ്റര്‍ റഫേല. ഒരു വശത്ത് ആത്മീയതയുടെ വിശുദ്ധിയും മറുവശത്ത്‌ ഭൗതികയാഥാര്‍ത്ഥ്യങ്ങളുടെ പരുക്കന്‍ കാഴ്ചകളുമാണ്‌ ഈ ചിത്രത്തിലുടനീളം നാം കാണുന്നത്. അതിജീവനത്തിനായുള്ള പരക്കം പാച്ചിലില്‍ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ പിന്നിലേയ്ക്ക് പോകുന്നതും കാണാം.

A scene from OCA

സം‌വിധായിക കാര്‍ല ബാദില്യോ തന്‍റെ ചെറുപ്പകാലത്തെ അനുഭവങ്ങളെ ചേര്‍ത്തുപിടിച്ചാണ്‌ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മതത്തിന്‍റെ കെട്ടുപാടുകള്‍ വലിച്ചുമുറുക്കിയ ഉള്‍നാട്ടിലായിരുന്നു അവരുടെ കുട്ടിക്കാലം. ദിവ്യാദ്ഭുത വിവരണങ്ങള്‍ കേട്ടുകേട്ട് വളര്‍ന്നൊരു കാലത്ത് അവരും കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചിരുന്നു. San Luis Patosi യിലെ കുട്ടിക്കാലത്ത് കണ്ടതും കേട്ടതുമെല്ലാം പുരുഷകേന്ദ്രീകൃതമായ കത്തോലിക്കാ സഭയുടെ അധികാരപ്രമത്തതയായിരുന്നു. ആണധികാരസാമ്രാജ്യത്തില്‍ സ്ത്രീകളുടെ സ്ഥാനം പരിമിതമാണെന്നും അവര്‍ക്ക് കാര്യമായി അതിലൊന്നും ചെയ്യാനില്ലെന്നുമുള്ള തിരിച്ചറിവാണ്‌ തന്നെ ആ ചിന്തയില്‍ നിന്നു പിന്തിരിപ്പിച്ചതെന്ന് അവര്‍ പറയുന്നുണ്ട്.
നതാലി സോലിയാന്‍ (Natalie Solian) വേഷമിട്ട സിസ്റ്റര്‍ റഫേലയും, ക്രിസ്റ്റല്‍ ഗ്വാദലൂപെ (Cristel Guadalupe) യുടെ റൊഹേലിയയും, സിസീലിയ സ്വാറെസി (Cecilia Suarez) ന്‍റെ പല്‍മീറയും ജെറാര്‍ഡോ ട്രെഹൊ-ലൂന (Gerardo Trejo-Luna) യുടെ മാനുവലും ചിത്രത്തെ മികച്ച കാഴ്ചാനുഭവമാക്കി മാറ്റിയിട്ടുണ്ട്. ഡയന ഗരായ് (Diana Garay) യുടെ ക്യാമറ മെക്സിക്കന്‍ ഭൂപ്രകൃതിയുടെ മികവാര്‍ന്ന ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്.

Cecilia, Karla & Natalia

പാമ്പും കോണിയും പേലെയുള്ള ഒരു സ്പാനിഷ് കളിയാണ്‌ ഓക്ക (Oca) അഥവാ Game of the Goose. കയറ്റിറക്കങ്ങള്‍ ഉള്ള ഒരു ബോര്‍ഡ് ഗെയിം. ഈ കളിയിലെ കട്ടകളുടെ പ്രവചനാതീതമായ നീക്കങ്ങളെ റഫേലയുടെ യാത്രാനുഭവങ്ങളെ ബന്ധപ്പെടുത്താം. വിധിയും, വിശ്വാസവും, വിശേഷാധികാരങ്ങളും, സ്വാര്‍ത്ഥതയും, വിസ്മയങ്ങളുമെല്ലാമുള്ള ജീവിതയാത്ര. ശ്രേണീബദ്ധമായ കത്തോലിക്കാസഭയില്‍, ഒരു തട്ട് ആനുകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളുമാഘോഷിക്കുന്ന പുരോഹിതരാല്‍ താഴ്ന്നു നില്‍ക്കുമ്പോള്‍, മറുതട്ട് കനത്ത നിയമവ്രതങ്ങളും അസ്വാതന്ത്ര്യങ്ങളും വരിഞ്ഞുമുറുക്കിയ കന്യാജീവിതങ്ങളുടെ ഭാരരാഹിത്യത്താല്‍ ഉയര്‍ന്നുനില്‍ക്കുന്ന അസന്തുലിതാവസ്ഥ വളരെ പ്രകടമാണ്‌. അതേസമയം, ആചാരവിശ്വാസങ്ങളെ ഒരു ചടങ്ങുപോലെ മാത്രം ആഘോഷിച്ച് അതിലൂടെ സ്വാര്‍ത്ഥലാഭങ്ങള്‍ മാത്രം കൊയ്യാന്‍ ശ്രമിക്കുന്ന സാധാരണ ‘മതവിശ്വാസി’കളെയും അതില്‍ നിന്ന് മറികടക്കാന്‍ പാടുപെടുന്നവരേയും നമുക്ക് കാണാം. ഒരു പക്ഷേ, ഇന്ത്യന്‍ സാമൂഹികാവസ്ഥയുമായി ഇതിനു സാമ്യമുണ്ടെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ‘വിശ്വാസജീവിത’ത്തില്‍ അതിലേറെ പരിതാപകരമായ അവസ്ഥയിലാണ്‌.

Oca board game
Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.