Home ഓർമ്മ ഞാൻ കണ്ട ഹിമാലയം

സരിത രാമനാഥിന്റെ വ്യത്യസ്‌തമായ യാത്രാ അനുഭവം. : ഞാൻ കണ്ട ഹിമാലയം

ss1

I
വറസ്റ്റ് ബേസ് ക്യാമ്പിലേക്കൊരു ട്രെക്ക്, എത്രയോ നാളുകളായുള്ള ആഗ്രഹം. വേണ്ടത് അവസരം, ലീവ്, പണം !!

നൂറു തവണ എന്നോട് തന്നെ ഞാൻ ചർച്ചിച്ചു
പോണോ? വേണ്ടാ.
വേണ്ടേ? പോണം!!
പോണ്ടണോ…. !!!! വേണ്ടണം…. !!!!!

ശെടാ … എന്നാൽ ഇനി ഉറക്കെ ചിന്തിച്ചു നോക്കാം..!!

നേരെ ബെറ്റർ ഹാഫിനോട് “ഞാനീ EBC ഒന്നു ട്രെക്കി നോക്കട്ടേ “ന്ന് ചോദിച്ചു… കുഴിമടിയനും, കാർ പാർക്ക് ചെയ്ത് അര കിമീ പോകാൻ പോലും ഓട്ടോ പിടിയ്കുന്നത്ര ആക്ടീവായ കക്ഷിയാണേലും ഭീകര പ്രോത്സാഹിയാണ് …

Must ടാ … very popular, worth trying.. ഏതെങ്കിലും പോയിന്റിൽ വച്ച് വയ്യ എന്ന് തോന്നിയാൽ, ഡോണ്ട് പുഷ് യുവർ സെൽഫ്. ഈഗോ നിന്നെ ഡ്രെവ് ചെയ്യരുത് . റെസ്റ്റ് എെ ക്നൊ യു വിൽ മാനേജ്.

ചുമ്മതങ്ങേര് തള്ളിയതാണോ, ശരിയ്കും പറഞ്ഞതാണോ? ആർക്കറിയാം

അതിയാൻ പിന്നൊന്നും അറിഞ്ഞില്ല, ഞാൻ ചർച്ചിക്കാനും പോയില്ല . കൂടുതൽ ചിന്തിച്ചാൽ മൊത്തം നെഗറ്റീവ് കേസേ ഓർമ്മ വരൂ … ചുമ്മാ ഞാനായിട്ട് എനിയ്ക് പാര വെക്കുന്നതെന്തിനാ

എന്റെ ഗൂഢപ്രവർത്തനങ്ങളെ പറ്റിയൊന്നും ആശാന് വലിയ പിടിപാടൊന്നും ഇല്ല.

ഒരു ദിവസം കക്ഷി ഡ്രൈവ് ചെയ്ത് വരുമ്പോൾ ഞാൻ അന്തംവിട്ടോടി വരുന്നു… വല്ല പട്ടിയും എന്റെ പുറകിലുണ്ടോന്ന് റിയർവ്യൂ മിററിൽ നോക്കുന്നതും ഞാൻ കണ്ടു…

വീട്ടിൽ വന്നതേ
എന്ത് പറ്റി?
ഇത് ജോഗ്ഗിംഗ്

uhhh…”ട്രക്ക് ഫൈനലൈസ് ചെയ്തോ “?
“അതൊക്കെ അന്നേ മ്മള് ഉറപ്പിച്ചല്ലോ ”

ഹിയ്യോ!! അപ്പ ബുക്കിംഗ്?
പണ്ടേ !!

ങ്ങ്ഹേ…. ഫ്ലൈറ്റ് ടിക്കറ്റ്?
ജെറ്റ് എയർവേസ് എന്നും ഓഫർ തരുമോ?

എന്നാ പോകണ്ടേ?
രണ്ട് മാസം ഉണ്ട്

വാട്ട് എബൗട്ട് യുവർ കിറ്റ്?
Decathlon

*******************************
ഏറ്റവും വലിയ കടമ്പ, ഹാൻഡിലിങ്ങ് മാതാശ്രീ..

അമ്മാ, ഞാൻ ട്രെക്കിംഗ് ന് പോകുവേ!
എന്നോടെന്നും പറയണ്ട, പണ്ടേ നിനക്ക് നിലത്ത് നിൽക്കാൻ വയ്യല്ലോ !!
മോഡ്: കലിപ്പ്

രണ്ട് ദിവസം ഗ്യാപ്പിട്ട് സെക്കന്റ് ട്രയൽ

അമ്മാ, ഞാൻ രണ്ടാഴ്ച കഴിഞ്ഞാ പോകുവേ
എവിടാ ??
ഒന്നൂല്ല, കഴിഞ്ഞ പ്രാവശ്യത്തെ പോലെ
ഹിമാചൽ…. അല്ല ഹിമാചൽപ്രദേശ്.. അതിന്റെ കുറച്ചൂടെ അപ്പുറം, ഹിമാലയത്തിൽ. ചുമ്മാ കാഠ്മണ്ഡുവിൽ ഇറങ്ങി ഇന്ത്യ – നേപ്പാൾ ബോർഡറിൽ.

അറിയാവുന്നവരുവല്ലോം ഉണ്ടോ?
പിന്നേ…!!!

അങ്ങനെ നാടു മുഴുവൻ പാടിക്കോണ്ട് നടന്നെങ്കിലും എവറസ്റ്റ് എന്ന വാക്ക് അമ്മോടു പറയാതെ ഞാനൊരു മുങ്ങ് മുങ്ങി …..

പിന്നെ അമ്മ കാണുന്നത് എന്റെ EBC ഫോട്ടോയാണ്.

s10

II
A Flying Autorickshaw

EBC ലേക്കൊരു ട്രെക്കിംഗ്, അതങ്ങുറപ്പിച്ചശേഷം ആദ്യം തപ്പിയത് ലുക്ലയിലേക്കുള്ള ഫ്ലൈറ്റിനെ പറ്റിയായിരുന്നു. Tenzing–Hillary Airport എന്നാണ്, ലുക്ല വിമാനത്താവളത്തിന്റെ പേര് ‘

ഈ ക്ലാ…ക്ലീ ഒക്കെ പേരിലേ ഉള്ളൂ…. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളം, എന്ന പദവി വളരെ വർഷങ്ങളായി കൈപ്പിടിയിലൊതുക്കി വച്ചിരിക്കുന്ന ഭീകരനാണവൻ..

ആകെ ഒരു ധൈര്യം 2018-ൽ അപകടം ഒന്നും ഉണ്ടായിട്ടില്ല. 2017ൽ ആണ് അവസാനത്തേത്…. ഭയങ്കര ട്രാക്ക് റെക്കോഡ്

ടിക്കറ്റെടുത്തിട്ട് ആദ്യം നോക്കിയത് അവിടുത്തെ air Crashes ന്റെ ചരിത്രമാണ് ?ഇതൊക്കെ വായിച്ചിട്ട് ടിക്കറ്റെടുത്ത് പോക്ക് ഉണ്ടാവില്ല….

കാഠ്മണ്ഡു താമേൽ മാർക്കറ്റിലുള്ള പൊട്ടാല ഗസ്റ്റ്ഹൗസിലാണ് നമ്മൾ ട്രക്കേഴ്‌സ് ഒന്നിച്ചു കൂടിയത് . താമേൽ, ഒരുപാട് ചെറിയ കടകളുള്ള വലിയ ഷോപ്പിംഗ് മാർക്കറ്റാണ്. നോർത്ത് ഫെയ്സിന്റെയും കൊളംബിയയുടെയും ലോഗോ പതിപ്പിച്ച ഡ്യൂപ്ലിക്കേറ്റ് ട്രെക്കിംഗ് ആക്‌സസറീസ് എല്ലാ കടകളിലും കാണാം. പിന്നെ കുറേ കരകൗശല വസ്തുക്കളും വസ്ത്രങ്ങളും. ട്രക്കിംഗിന് ആവശ്യമായ സാധനങ്ങൾ ചിലയിടങ്ങളിൽ വാടകയ്കും ലഭിയ്കും.

രാവിലെ 6:30യ്ക് എല്ലാവരും റെഡിയായി ഹോട്ടലിന്റെ റിസപ്ഷനിൽ എത്താനായിരുന്നു നിർദ്ദേശം. ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ വലിയ ഉറപ്പില്ലാത്തതു കൊണ്ട് രാത്രി തന്നെ ഞാൻ ഒരുമണിക്കൂറിന്റെ വിശാലമായ കുളി പാസ്സാക്കിയിരുന്നു. കാഠ്മണ്ഡുവിൽ തന്നെ നല്ല തണുപ്പ്, 6:00 മണിയ്ക് അലാറമടിച്ചിടും, പുതപ്പിനടിയിടിയിൽ നിന്ന് പൊങ്ങാനേ പറ്റുന്നില്ല…. “എന്തരാകുമോ എന്തോ? ഈ മൈനസ്സ് ടെമ്പറേച്ചർ ഒക്കെ ന്യൂസ്ഹൗവറിൽ കണ്ട പരിചയമേ ഉള്ളൂ. നമ്മുടെ പങ്ക്ച്വാലിറ്റി ആദ്യദിവസം തന്നെ അറിയിക്കണ്ട എന്നോർത്ത് ഠപ്പേന്ന് താഴെയെത്തി, ഏഴുമണിയോടെ എയർപ്പോർട്ടിലും.

വലിയ ബാഗ് 10kg യും ചെറിയ daypack ബാഗ് 5Kg യും എന്നാണ് ആദ്യമേ അറിയിച്ചത്… കൊടും തണുപ്പിനെ പേടിച്ച് ഡെക്കത്ത്ലോണിൽ കണ്ടതൊക്കെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്റെ വലിയ ബാഗ് 13kg! സാരമില്ല ഫൈനടിച്ചാലും തണുത്ത് മരിക്കണ്ടല്ലോ എന്ന് സമാധാനിച്ചിരിന്നു.

അപ്പോഴല്ലേ സെക്യൂരിറ്റി ചെക്ക്, നമ്മുടെ നാട്ടിലെ ഷോപ്പിംഗ് കോംബ്ലക്സിൽ ഉള്ളതിനേക്കാൾ സിംബിൾ!!! അവരെല്ലാം കൂടെ വാരിക്കൂട്ടിയിട്ട് പ്ലെയിനിന് താങ്ങാൻ പറ്റുവോന്ന് ഒരു ചെക്ക് …. സംഭവം വിമാനത്തിൽ കേറിയപ്പോഴാണ് ഗുട്ടൻസ് പിടി കിട്ടിയത്, ക്രാഷാകാൻ യോഗമുണ്ടേൽ പുറത്തുന്നാരും ബുദ്ധിമുട്ടണെമെന്നില്ല…

മലകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്നത് കണ്ടാൽ, പൈലറ്റ് , “ഒന്നും കാണുന്നില്ലല്ലോ, ഇവ്ടെങ്ങാണ്ടാർന്നല്ലോ ആ റൺവേ! “, എന്ന് പറഞ്ഞ് വഴി തപ്പി നടക്കുവാണെന്ന് തോന്നും. എനിക്കുറപ്പാ, അങ്ങോര് ഒരു ഊഹത്തിനങ്ങ് ഓടിയ്കുവാ?

പിന്നെ കേറുമ്പോഴേ airhostess മിഠായി തരും, മുട്ടിടി കുറയ്ക്കാൻ ബെസ്റ്റാ!! കാരണം ഈ സാധനം അപ്പുറത്ത് ഇറങ്ങിയാൽ ഇറങ്ങീന്ന് പറയാം. പിന്നെ ചെവിയിൽ വെക്കാൻ കുറച്ച് പഞ്ഞിം തരും….? കാഠ്മണ്ഠുവിൽ നിന്ന് പറന്നുയർന്നാൽ ഓന്ത് നിറം മാറുന്ന സ്പീടിൽ ആണ് കാലാവസ്ഥ മാറുന്നത്. മ്മടെ ബീമാനം ഒറ്റ കുഴിയും (air pocket ) വിടൂല്ല. സീറ്റ് ബെൽറ്റ് ഊരാൻ പാടില്ല, കാരണം ചാടി ചാഞ്ചാടി ചരിഞ്ഞാടിയാണ് യാത്ര ? പൈലറ്റിന് ഒരു ഗ്രൗണ്ട് സപ്പോർട്ടും ഇല്ല… അങ്ങോർക്ക് വേണേ നോക്കി കണ്ടും ഓടിക്കണം, റൺവെ തപ്പിപ്പിടിച്ച് ലാൻഡണം … 40 min ആണ് യാത്രാ ദൈർഘ്യം?

വിമാനത്തിൽ കയറുന്നവർ ഒന്ന് കൂനി നിൽക്കണം, അല്ലേൽ മുകളിൽ തലയിടിയ്കും…. ബല്യെ പ്ലെയിനായോണ്ട്….

മറക്കാനാവാത്ത ഒരു യാത്രയാണത്…. തവിട്ടിന്റെയും പച്ചയുടെയും പല ഷേഡുകളിൽ ഉള്ള മലമടക്കുകൾക്ക് മുകളിലൂടെ…. ദൂരെ ചാരനിറത്തിൽ മഞ്ഞിന്റെ നിഴൽ വീണപോലെയുള്ള മലകൾ, വെള്ളത്തൊപ്പിയിട്ട മലകൾ….. കണ്ണു ചിമ്മിയാൽ ഞാനെന്തെങ്കിലും വിട്ടുപോയാലോ എന്ന് വീർപ്പുമുട്ടിക്കുന്ന സുന്ദരമായ പ്രകൃതി.

40 മിനിട്ട് യാത്രയുടെ അവസാനം യുറേക്കാ, ദേ റൺവേ! വെറും 525m ആണ് റൺവെയുടെ നീളം. teeny tiny Sloppy Runway?
? ടേക്ക് ഓഫ് ചെയ്യാൻ, ഇറക്കത്തിലേക്കോടിച്ച് മേലോട്ട് പൊങ്ങണം… ജഡ്ജ്മെന്റ് ഒന്നു മാറിയാൽ മൂക്കുംകുത്തി കൊക്കയിലേക്ക് വീഴും… ?ലാൻഡ് ചെയ്യുന്നതും ചെറിയ കയറ്റമാണ്, അതു തെറ്റിയാൽ കൊഴപ്പമില്ലാ, അപ്പുറത്തൊക്കെ വേറേം കൊക്കകളുണ്ടല്ലോ…? ഓപ്ഷൻ പലതാണല്ലോ!!

ഒരു കുലുക്കത്തോടെ റൺവേയിൽ ഇടിച്ച് ഒരു L ഷേപ്പിൽ ഓടി ലാൻഡ് ചെയ്ത് ഒന്നാം ഘട്ടം വിജയിച്ചു….

സന്തോഷം കൊണ്ട് ഇരിയ്ക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. നല്ല തണുപ്പ് .ബാഗ്ലൂരിലെ കാർബൺ മോണോക്സെെഡും അനുസാരികളുമില്ലാത്ത കിടുക്കൻ ശുദ്ധവായു, ആക്രാന്തത്തോടെ ഞാൻ വലിച്ചു കേറ്റി.

പല ഹിമാലയൻ ട്രക്കിംഗ് റൂട്ടുകളിലേക്കുള്ളവർ ആദ്യം എത്തുക ഇവിടെയാണ്, ഒരു കുഞ്ഞൻ ടൗൺ. അത്യാവശ്യം കടകളും ടീ ഹൗസുകളും ഇവിടെയുണ്ട്. നല്ല പച്ചപ്പും ഹരിതാഭയും. ചെറിയ വീടുകളും ആളനക്കവുമുള്ള സുന്ദരി ടൗണാണിത്. വലിയ ചുമടുകളുമായി പോകുന്ന പോർട്ടർമാരും വെളുക്കെ ചിരിയ്ക്കുന്ന സ്ത്രീകളും ആപ്പിൾ കവിളുകളുള്ള കുഞ്ഞുങ്ങളും. അപാര ശാന്തതയാണ് ഈ പ്രദേശത്തിന്റെയൊരു മുഖമുദ്ര. എന്തൊരു സന്തോഷമാണെന്നോ അവരുടെ മുഖത്ത്…

s8

s7

III
തണുത്തു വിയർത്തൊരു യാത്ര

നിങ്ങളെപ്പോഴെങ്കിലും തണുത്തു വിറച്ച് വിയർത്തു കുളിച്ചിട്ടുണ്ടോ വിയർത്തു കുളിച്ച് തണുത്തു വിറച്ചിട്ടുണ്ടോ? അങ്ങനെയുണ്ട്, അതിനൊരു ഹിമാലയൻ ട്രെക്കിംഗിന് പോയാൽ മതി.

ഡിസംബറിൽ ആരേലും ഹിമാലയത്തിൽ പോകുമോ? കേട്ടവരെല്ലാം ചോദിച്ചതാണിത്… പിന്നല്ലാതെ !!! അല്ലാത്തപ്പോൾ, ഏത് മണുങ്ങൂസിനും പോകാം, ഡിസംബറിൽ ഡെയർ ഡെവിൾസ് മാത്രം??

ലുക്ളയിൽ – 2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഞങ്ങൾ ട്രക്ക് തുടങ്ങിയപ്പോൾ… അങ്ങ് മുകളിൽ എത്തിയപ്പോഴേക്കും -25 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഇവിടെയുള്ളതിന്റെ പകുതി ഓക്സിജൻ , thin air ,കുത്തുന്ന തണുപ്പ് …. അതിന്റെ കൂടൊരു കാറ്റുണ്ട്, അത് തരുന്ന wind chill ഉം

ഡിസംബറിലെ തണുപ്പിനെ നേരിടാൻ നാലോ അഞ്ചോ ലെയർ വസ്ത്രങ്ങൾ വേണം. അതികഠിനമായ കയറ്റം, അതിജീവനം പ്രയാസകരമായ ഹൈ ആൾടിട്യൂട് , Above treeline. 100% അൾട്രാവയലറ്റ് രശ്മികളെ തടയുന്ന കണ്ണടകൾ വേണം. മഞ്ഞിൽ തട്ടി റിഫ്ളക്റ്റ് ചെയ്യുന്ന വരുന്ന പ്രകാശം അല്ലേൽ നമ്മുടെ കണ്ണ് പഞ്ചറാക്കും

രാത്രി ഉറങ്ങാനേ പറ്റില്ല, ഓരോ മണിക്കൂർ കഴിയുമ്പോഴും ഉണരും.. ശരീരം വിളിച്ചുണർത്തുന്നതാണ്, ഓക്സിജൻ ആവശ്യത്തിന് കിട്ടാത്തതുകൊണ്ട്

ട്രക്ക് തുടങ്ങിയപ്പോഴേ ലീഡർ പറഞ്ഞു, ”നാട്ടിലെപ്പോലെ മൂട്ടിൽ വെയിലടിക്കുന്നതുവരെ കിടന്നുറക്കരുത്, ഒടുക്കത്തേതായിപോകൂന്ന് ”

ടീ ഹൗസിലെ ഓരോ മുറിയും, ഒരു ചെറിയ പ്ലൈവുഡ് ക്യാബിൻ ആണെന്ന് പറയാം.

രണ്ടോ മൂന്നോ ബെഡ് ഒരു മുറിയിൽ. ഒരു ചെറിയ (തേഞ്ഞ) ബെഡ്, തലയിണ . Quilt കിട്ടിയാൽ ആഡംബരം.
ഇവിടൊരു ശവം വീഴണോ? തരുന്നോ… എന്ന് ചോദിച്ചാൽ മതി, തരും. ചിലപ്പോൾ അതിന് കാശു കൊടുക്കണം. എന്റെ ശോക മുഖം കണ്ട് കാശു വാങ്ങീല്ല (ഡിസംബറിൽ കസ്റ്റമർ കുറവായോണ്ട്, ന്തായാലും പൂത്തിരിക്കുവല്ലേ എന്ന് വിചാരിച്ചിട്ടാവില്ല )

ഒരു ചെറിയ മുറിയും, ഇത്തിപ്പോരം ഓക്സിജനും … അപ്പുറത്തെ ബെഡിൽ ഉള്ളവരുടെ ശ്വാസം വിടൽ കേൾക്കുമ്പോഴേ എനിക്ക് ടെൻഷനാ, പണ്ടാരം …. എനിക്കുള്ള ഓക്സിജനും കൂടാണല്ലോ, ഈ ആക്രാന്തം പിടിച്ച് വലിച്ച് കേറ്റുന്നത്… അവസാനം വാതിൽ തുറന്നിട്ടാലേ ഇനിയുറങ്ങൂന്ന് നമ്മൾ തീരുമാനിച്ചു… നമ്മളറിയാതെ നമ്മളു വല്ല കോമയിലും പോയാലോ?

ആദ്യത്തെ ദിവസമാണ് ഞാൻ ഞെട്ടിയത്, എന്റ്റെടുത്താരാ കിടന്നു കൂർക്കം വലിക്കുന്നേ എന്ന് ചാടി പിടഞ്ഞ് എണീറ്റിരുന്ന് അണച്ചുപോയി…. സംഭവം അടുത്ത ‘റൂമിൽ’ നിന്നാണ് . നമ്മുടെ ഇടയിലുള്ള ഭിത്തി പ്ലെവുഡ് ഷീറ്റ്

കൊടും തണുപ്പാണെങ്കിലും മുറികളിൽ ഒന്നും ഹീറ്റിംഗ് സംവിധാനങ്ങൾ ഒന്നുമില്ല ഒരു Bukhari ഉള്ളത് ഡൈനിംഗ് റൂമിൽ മാത്രമായിരിയ്ക്കും. രാവിലെയും രാത്രിയും ഓരോ മണിക്കൂർ അത് കത്തിയ്കും. അവിടെയാണ് ഉറങ്ങാൻ പോകുന്നതുവരെ എല്ലാവരും ചിലവിടുക.

മരങ്ങൾ ഇല്ലാത്തതു കൊണ്ട് താഴെയുള്ള സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്ന കുറച്ച് വിറകേ അവിടെയുള്ളൂ. സാഗർമാതാ നാഷണൽ പാർക്കിന്റെ ഭാഗമായതിനാൽ വർഷത്തിൽ 15 ദിവസമേ വിറക് സംഭരണം അനുവദിച്ചിട്ടുള്ളൂ. പിന്നെ യാക്കിന്റെ ചാണകം ഉണക്കിയതും ഇന്ധമായി ഉപയോഗിക്കും

ചില ടീഹൗസുകൾ വൈകുന്നേരം അവി പറക്കുന്ന ടവ്വലുകൾ തരും, ഒന്നു ഫ്രഷാകാൻ… ഒരു മിനിട്ട് പോലും ചൂടു നിൽക്കില്ല എങ്കിലും, അത് തന്ന ആശ്വാസം…!!

നമ്മുടെ നാട്ടിൽ റോഡിൽ നോക്കിയാൽ ആമ്പുലൻസേ ഉള്ളൂ എന്ന് പറഞ്ഞതുപോലെയാണ്, അവിടെ തലയ്ക്കു മീതെ ഹെലികോപ്റ്ററേ ഉള്ളൂ… അത്ര ഫ്രീക്വൻറ് ആണ് Evacution.

Altitude mountain sickness (AMS), high altitude pulmonary edema (HAPE), high altitude cerebral edema (HACE) ഇതിനെയൊന്നും തട്ടീട് നടക്കാൻ വയ്യാത്ത അവസ്ഥ. പിന്നെ വീഴ്ച കൊണ്ടുണ്ടാക്കുന്ന ഒടിവും ചതവും മുറിവും.

പോകുന്നവർ ശ്രദ്ധിക്കുക. ഒരു ട്രാവൽ ഇൻഷുറൻസില്ലേൽ പോക്കാണ്. ലോകത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിൽ ഒന്നാണ്. സീസണിൽ നല്ല തിരക്കാണെങ്കിലും റോഡുകൾ ഇല്ലാത്ത സ്ഥലമാണ്. നടക്കാൻ പറ്റില്ല എങ്കിൽ ഹെലികോപ്റ്റർ തന്നെ ശരണം

s6

s5

IV
Dreamchasers

ഒരു പാട് ബ്ലോഗുകളും, വീഡിയോകളും കണ്ട് നല്ല റിസർച്ച് ചെയ്താണ് EBC യിലേക്ക് ഞാനിറങ്ങിത്തിരിച്ചത്. ഈ ഡെഡിക്കേഷൻ പഠിച്ചാൻ പോയപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാനാരായേനെന്നോ?

TIMS Card ഉം സാഗർമാതാ നാഷണൽ പാർക്ക് പെർമിറ്റും ട്രെക്ക് ഓർഗനൈസർമാരായ We Ramblers ശരിയാക്കിയിട്ടുണ്ട്. പാസ്പോർട്ടിന്റെ കോപ്പിയും ഫോട്ടോയും ഒക്കെ അതിന് വേണ്ടി ആദ്യമേ അയച്ചുകൊടുത്തിരുന്നു. പിന്നെ World Nomads ന്റെ ട്രാവൽ ഇൻഷ്യറൻസും. എന്നും ജോഗ്ഗിംഗ്, ജിമ്മിൽ വർക്ക് ഔട്ട് . വിവിധ സൈറ്റുകളിൽ നിന്ന് എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിനെ പറ്റിയും മുന്നൊരുക്കങ്ങളപ്പറ്റിയും വായന. സ്വപ്നാടനത്തിന്റെ മൂന്ന് മാസങ്ങൾ.

അവിടെ ചെന്നിറങ്ങിയപ്പോൾ വരികളിൽ കണ്ടെതെല്ലാം വരച്ച് വച്ചതു പോലെ….. ലുക്ള മുതൽ നാംചേ വരെ ചെറിയ ഹിമാലയൻ ഗ്രാമങ്ങളിലൂടെ (അവരുടെ വീട്ടുമുറ്റത്ത് കൂടെ ) ആണ് ട്രക്കിംഗ്. ഒരുപാട് കുട്ടികൾ കളിച്ചു ചിരിച്ച് സ്കൂളിലേക്ക് പോകുന്നു. പിള്ളേരെ പഞ്ചാരയടിച്ച്, ചോക്കളേറ്റ്സും ഡ്രൈ ഫ്രൂട്സും ഒക്കെ കൊടുത്ത്, അവരുടെ ഫോട്ടോയും ക്ലിക്കി ഞാനും അവരിലൊരാളായി.

ആദ്യ ദിവസത്തെ ട്രക്കിംഗ് ലുക്ളയിൽ നിന്ന് ഫാക്ടിംഗിലേക്കായിരുന്നു …. താരതമ്യേനെ എളുപ്പം. താഴ്ന്ന ആൾട്ടിട്യൂടിലാണ് ഫാക്ടിംഗ്. കൂടുതൽ ഓക്സിജനുണ്ട് . തണുപ്പ് കൂടി എന്നേയുള്ളൂ.. ഒരു മൂന്ന് മൂന്നര മണിക്കൂറിന്റെ നടത്തം.

വഴിനീളെ ബുദ്ധ സ്തൂപങ്ങളും , പ്രാർത്ഥനകൾ എഴുതിയതും കൊത്തിവച്ചതുമായ ‘മാണി കല്ല്’കളും, പ്രയർ വീലുകളും ഉണ്ട്. തടികളിലും, മെറ്റലിലും ഉള്ളവ. ഇവയുടെ ഒക്കെ ഇടത് വശത്തുകൂടയേ പോകാവൂ എന്നാണ് ബുദ്ധമത വിശ്വാസം. പ്രയർവീലുകൾ 1, 3, 5 എന്ന കണക്കിൽ കറക്കാം, അപ്പോൾ മനസ്സിൽ എന്താഗ്രഹിച്ചാലും നടക്കുമത്രേ!
വിശ്വാസവും പൂജയുമൊന്നും ഇല്ലെങ്കിലും വന്ദിച്ചില്ലേലും നിന്ദിക്കരുത് എന്ന് അമ്മ പറയുന്നത് ഞാൻ അതേപടി അനുസരിയ്കാറുണ്ട്. അല്ലെങ്കിൽ നമ്മുടെ കൂടെയുള്ള ഗൈഡുകളെ അത് വിഷമിപ്പിക്കും, ഷെർപ്പകൾ കടുത്ത ബുദ്ധമത വിശ്വാസികളാണ്.

ചെറിയ water Controlled പ്രയർ വീലുകൾ പല സ്ഥലങ്ങളിലും കാണാം. അതങ്ങിനെ കറങ്ങിക്കൊണ്ടേയിരിയ്കും
മരങ്ങളിലും പാലങ്ങളിലും Khada കെട്ടിയിരിക്കുന്നുണ്ട് . ശാന്തിയും സമധാനവും നന്മയും ഓരോ കോണുകളിലേക്കും കാറ്റിലൂടെ പകർന്ന് ,പഞ്ചവർണ്ണത്തിലുള്ള പ്രയർ ഫ്ലാഗുകൾ എവിടെ നോക്കിയാലും കാണാം. ഭൂമി, ജലം, ആകാശം/മേഘം, അഗ്നി, വായു ഇവയാണ് മഞ്ഞ, പച്ച, നീല, ചുവപ്പ്, വെള്ള കൊടികൾ പ്രതിനിധാനം ചെയ്യുന്നത്.

ഫാക്ടിങ്ങിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ, കാത്തുകാത്തിരുന്ന സസ്പെൻഷൻ ബ്രിജ്ജുകൾക്കടുത്ത് എത്തി. വല്ലാത്തൊരു കുലുക്കമുണ്ടതിന് . താഴോട്ട് നോക്കിയാൽ കണ്ണിൽ ഇരുട്ടു കയറും. എന്തുമാത്രം ഞാനതിനെ പറ്റി വായിക്കുകയും സ്വപ്നം കാണുകയും ചെയ്തെന്നോ? എനിക്കതൊക്കെ ഓരോ മൈൽസ്റ്റോണുകളായിരുന്നു.

ബ്രിഡ്ജിന്റെ സൈഡിൽ ഉള്ള നെറ്റൊക്കെ പഴക്കമുള്ളതാണ്. പൊടിഞ്ഞതും പൊട്ടിയതുമൊക്കെയുണ്ട്. സൈഡിൽ പിടിച്ച് നടക്കാൻ പാടില്ല, കൂർത്ത കമ്പികൾ പൊങ്ങി നിൽക്കുന്നുണ്ട്. സൂക്ഷിച്ചാൽ നമുക്കു കൊള്ളാം, TT ഇഞ്ചക്ഷൻ എടുക്കാൻ ഒരു ഹെൽത്ത് സെന്റർ പോലും ഞാനവിടൊന്നും കണ്ടില്ല….

ഫാക്ടിങ്ങിലേക്കുള്ള വഴിയിൽ ഒരു പാട് താഴേയ്ക്ക് നീളുന്ന കൽപ്പടവുകൾ ഉണ്ട്. ഇറക്കം അനായാസകരമാണെങ്കിലും രണ്ടു കാര്യങ്ങൾ മനസ്സിൽക്കത്തും. തിരിച്ചു വരുമ്പോൾ ഇതൊക്കെ വലിഞ്ഞുകയറണം! മുന്നോട്ടുള്ള യാത്ര കട്ടപ്പൊകയായിരിക്കും, ലക്ഷ്യസ്ഥാനം മുകളിലാണ്..!!!

s4

s3

ട്രക്കിംഗിങ്ങിൽ ഫാസ്റ്റ് ട്രെക്കേഴ്സും സ്ലോ ട്രെക്കേഴ്സും ഉണ്ട്. ഞാനെന്നെ മീഡിയം സ്പീട് സെക്ടറിൽ ആണിട്ടേക്കുന്നത്.. കുടുംബപരമായി നല്ല ബെസ്റ്റ് ഹാർട്ടാ മ്മടെ ഫാമിലീടെ… അവിടെ കാർടിയാക്ക് അറസ്റ്റിന്റേം ഹൃദ്രോഗികളുടെം മഹാസമ്മേളനമാണ്. ഞാനൊരു TMTപോലും നോക്കീട്ടില്ല. എടുത്തോർക്കെല്ലാം കുറിപ്പടി കിട്ടീട്ടുണ്ട്. ഇമ്മാതിരി സെറ്റപ്പിൽ എഞ്ചിൻ കട്ട്ഓഫ് ആകുമോന്ന് ഉള്ളിന്റെ ഉള്ളിൽ പേടിയുള്ളോണ്ട്(ല്ല) ഫിറ്റ് ബാൻറ് ആണ് എന്റെ speedometer. ഒരു 120 -135 മാക്സിമം ഹാർട്ട് ബീറ്റിൽ കൂടുതൽ ഞാൻ വണ്ടി വിടൂല്ല

നമ്മുടെ ഗ്രൂപ്പിലെ ആദ്യ കാഷ്വാലിറ്റി തുടങ്ങിയതും ഒന്നാം ദിവസത്തിന്റെ അവസാനമായിരുന്നു. ഗ്രൂപ്പിൽ ഒരാൾക്ക് കാലിൽ ലിഗ്മെൻറ് ടിയർ.. അന്നത്തെ ദിവസം ആശാന്റെ ബാക്ക്പാക്ക് കൂടെ എടുത്ത് നടന്ന് ഞാൻ മാതൃകയായി. ഒരുപാട് ആഗ്രഹിച്ചു സ്വപ്നസാക്ഷാത്കാരമായാണ് ഓരോ ട്രെക്കറും എത്തുന്നത്. പകുതി വഴിയ്ക്ക് നിർത്തിപ്പോകുന്നത് വലിയ സങ്കടമാണ്. നാമംചേയിലേക്കുള്ള ഭീകരകയറ്റം കഴിഞ്ഞപ്പോളേയ്ക് അയാൾക്ക് ഹെലികോപ്റ്റർ ഇവാക്വേഷൻ വേണ്ടി വന്നു .

മീഡിയം സ്പീടിൽ വണ്ടിയോടിക്കുന്ന ഞാൻ പലപ്പോഴും ഒറ്റയ്ക്കായി നടപ്പ്. ചില സ്ഥലങ്ങളിൽ ചോയ്ച്ച് ചോയ്ച്ച് പോയി. പിറകേ ഉള്ള ഗൈഡ്, ലിഗ്മെന്റ് പണി കൊടുത്ത സുഹൃത്തിനൊപ്പം വളരെ പിറകേ ആണ് . വഴിയുള്ള പിള്ളേരെ സോപ്പിട്ടും ചോക്ളേറ്റ് കൊടുത്തും ഞാനങ്ങ് തിമർത്തു നടന്നു.

അപ്പോഴാണ് യാക്കിന്റെയും മ്യൂളിന്റെയും കൂട്ടം ഓടി വരുന്നത് കണ്ടത്?. വരമ്പ് പോലൊരുവഴി, ഇതുങ്ങളവിടെ പെര നിറഞ്ഞങ്ങ് നിൽപ്പായി. ശിക്കാരി ശംഭുവിനെപ്പോലെ ഒറ്റച്ചാട്ടത്തിന് ഞാൻ സൈഡിലുള്ള പാറപ്പുറത്ത് കേറി??നമ്മളെക്കാൾ സ്പീടിൽ യാക്ക് മലകയറും എന്ന് ഇമ്മാതിരി ‘അനർഘ ‘നിമിഷത്തിലൊന്നും മ്മക്ക് കത്തൂല്ല??

തുടങ്ങിയപ്പോഴെ കോഓഡിനേറ്റർ പറഞ്ഞതാ, ഒറ്റയ്ക് നടക്കരുത് . ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ സാവധാനമേ തിരിഞ്ഞു കളിക്കാവൂ… ബാക്ക്പാക്ക് കൊണ്ട് ഇടിച്ച് പിറകെ ഉള്ളവരെ തള്ളിയിട്ട് കൊല്ലരുത്. വഴിയിൽ പോർട്ടർമാരും പാക്ക് ആനിമൽസും ഉണ്ടാകും. സാധനങ്ങളുടെ ഭാരം കാരണം അവർ കുനിഞ്ഞാണ് നടപ്പ്. Yak & Mules വഴിയിലൂടെ ഓടും. വന്നിടിച്ചാൽ സൈഡിലെ കൊക്കയിലേക്ക് വീണുപോകും. എപ്പോഴും മലയോട് ചേർന്നേ നടക്കാവൂ

ഞാൻ ജന്മനാ ‘ചൊറിയുമ്പോൾ അറിയുന്ന പിള്ളയായത് ‘ കൊണ്ട് അന്നത്തോടെ നന്നായി. പിന്നെ ഗൈഡ് റിഞ്ചിയായിരുന്നു എന്റെ ബെസ്റ്റ് ബഡ്ഡി ??

അങ്ങനെ നടന്നുനടന്ന് ഒരു സസ്പെൻഷൻ ബ്രിജ്ജിന്റെ അപ്പുറത്ത് ഞങ്ങൾക്കായുള്ള അന്നത്തെ ക്യാമ്പ് കണ്ടു. ബാഗ്ലൂരിലെ ഫ്ലാറ്റിലെ കാർപാർക്കിൽ നിന്ന് കമ്പനിയുടെ കാർപാർക്ക് വരെയുള്ള എന്റെ മൊണോട്ടണസ് ജീവിതത്തിൽ നിന്നൊരൊളിച്ചോട്ടം. എന്ത് രസം!!
ഹയ്യ്യ്യ് !!! ഇത്രേയുള്ളൂ.. കൊള്ളാല്ലോ ‘ഫസ്റ്റ് ഡെ’ എന്നൊരു ഗബ്ബർ സിംഗ് ചിരിയും ഉള്ളിൽ പാസ്സാക്കി ഞാൻ മൗണ്ടൻ ലോഡ്ജിലെ ബുഖാരിയ്ക്ക് മുന്നിൽ ചുരുണ്ടു…..

s1

s2

Comments
Print Friendly, PDF & Email

You may also like