പൂമുഖം POLITICS മോഡി മാജിക് തീരുന്നോ?

മോഡി മാജിക് തീരുന്നോ?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ത്തർ പ്രദേശിലെ ഒരു നാടോടി കൂട്ടം തങ്ങളുടെ വായ്ത്താരി കൊണ്ട് കോടതികളെ സ്തംഭിപ്പിക്കുന്നതായി പറഞ്ഞുകേള്‍ക്കാറുണ്ട്. സണ്ടോ ഓയിൽ എന്നറിയപ്പെടുന്ന ഒരു തരം ലൈംഗിക ഉത്തേജന എണ്ണ വിൽക്കുന്നവർ ആണിവര്‍. ഏറെ ആളുകൾ കൂടുന്ന കോടതി പരിസരത്തും വർഷങ്ങളായി അവർ വില്‍പ്പന നടത്താറുണ്ട്, . വായ്ത്താരിയുടെ മാസ്മര ശക്തി കൊണ്ട് കക്ഷികളേയും, വക്കീലന്മാരേയും മൊത്തം ആള്‍ക്കൂട്ടത്തേയും പിടിച്ചു നിര്‍ത്തിയാണ് ഇവരുടെ വ്യാപാരം . ഈ വില്പന പലപ്പോഴും, കോടതി വ്യവഹാരങ്ങളെ സ്തംഭിപ്പിക്കുകയോ  മന്ദഗതിയിൽ ആക്കുകയോ ചെയ്യാറുണ്ട്.  കക്ഷികളും വക്കീലന്മാരും നാടോടികളുടെ ജാലവിദ്യയില്‍ ലയിച്ച് കോടതിയെ തന്നെ മറക്കും .

നോട്ട് റദ്ദാക്കലിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ  ഓര്‍മ്മിക്കാവുന്ന ഒരു കഥയാണ് ഇത്. കാരണം അഞ്ഞൂറ് , ആയിരം രൂപ നോട്ടുകൾ റദ്ദാക്കല്‍ വഴി പ്രധാനമന്ത്രി  ചെയ്തതും ഏകദേശം ഇതേ പണിയാണ്.

സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച്, ഒരു ജാലവിദ്യയിലെന്ന പോലെ നിശ്ചലമാക്കി, ജനങ്ങളെ അവരുടെ സാധാരണ ജീവിതത്തിൽ നിന്നും മാറ്റി നിര്‍ത്തി, തന്‍റേതായ  ചില ലാട സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തി കേമനായി ഇരിക്കുകയാണ് അദ്ദേഹം. ലോകം മുഴുവൻ പമ്പരവിഡ്ഡിത്തമായി വിമർശിച്ചിട്ടും, മോഡിജി  അതിനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുകയാണ്, ഇപ്പോഴും .

ഉത്തർ പ്രദേശിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ബി ജെ പി സ്വന്തമായി ഭൂരിപക്ഷം നേടിയെടുത്തത് അദ്ദേഹത്തിന്‍റെ വിജയമാണ്. ഇത് നോട്ട് റദ്ദാക്കലിന് ശേഷമായിരുന്നു എന്നത് സത്യം.  നിങ്ങളുടെ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തും, ഇല്ലെങ്കില്‍  എന്നെ കൊന്നോളൂ  എന്നൊക്കെ നാട്ടു ലാടന്‍റെ ശൈലിയിൽ,  വിളിച്ചു കൂകി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് , തെരഞ്ഞെടുപ്പിൽ .വിജയിക്കുന്നു.  മേമ്പൊടിയായി, അവിടെ ഭരിച്ച പാർട്ടിയിൽ ഒരു നേതൃ വിഭാഗീയത, പിണിയാളുകളെ കൊണ്ട് സൃഷ്ടിച്ച് തെരഞ്ഞെടുപ്പിനു മുൻപേ  അവരെ തളർത്തുന്നു. അതിനു ഹിന്ദുത്വ എന്ന മധ്യകാല വിചാര സരണിയുടെ പരിവേഷം കൂടി ആയപ്പോൾ രാജ്യം ഒരു ഭൂതാവിഷ്ട സ്ഥിതിവിശേഷത്തിൽ ആയി.
എന്നാൽ എല്ലാ ഭൂതാവേശത്തിനുമുള്ളതുപോലെ മോദിജിക്കും അദ്ദേഹത്തിന്‍റെ രാഷ്‌ടീയത്തിനും അദ്ഭുതകരമായ ചില മറുമരുന്നുകള്‍ ഉണ്ടായിവരുന്നതായി കാണുന്നു.
കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം അല്ല ഇതിനു പിന്നില്‍ .  നോട്ട് റദ്ദാക്കലും  ജി.എസ് ടി എന്ന് ഏറെ കൊട്ടി ഘോഷിച്ച നികുതി പരിഷ്കാരവും മോദിയുടെ പാർട്ടിയെ  പിന്തുണക്കുന്ന ഗുജറാത്തിലെ വ്യാപാരികളെയാകെ പരിഭ്രമിപ്പിച്ചിരിക്കുകയാണ്. ജി എസ് ടിക്ക് എതിരെ നടന്ന ഏറ്റവും വലിയ റാലി സൂറത്തിൽ ആണ് എന്ന് വാർത്തകൾ വന്നപ്പോൾ അത് ആർക്കും വിശ്വസിക്കാനായില്ല. എന്നാൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിൽ, മോദിയുടെ ഏറ്റവും വലിയ വാഗ്ദാനം മൂന്നു മാസത്തിനകം, ജി എസ് ടി അഴിച്ചു വാർക്കും എന്നാണ്.

നോട്ട് റദ്ദാക്കലും , ജി എസ് ടി നികുതി പരിഷ്കാരവും കൂടി ഇന്ത്യൻ സാമ്പത്തിക ഘടനയെ  വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ചെറുകിട വ്യവസായ, വ്യാപാര രംഗം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖല ഏകദേശം സ്തംഭിച്ച അവസ്ഥയിൽ ആണ്. ഡൽഹിയിൽ, ഒരു റിയൽ എസ്റ്റേറ്റ് ഉടമ, ജയിലിൽ ആണ്, മറ്റൊരാൾ ഒളിവിലാണ് . ഒരു കമ്പനിയെ ബാങ്കുകൾ ഏറ്റെടുത്തു കഴിഞ്ഞു. വിദേശ നിക്ഷേപം എന്ന വാക്ക്  തന്നെ വാർത്താമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു . ഓഹരി വിപണി മാത്രമാണ് മുകളിലേക്ക് പോകുന്നത്.  നിക്ഷേപിക്കാൻ, മോദിജി ബാക്കി വെച്ചത് അത് മാത്രമാണ്, എന്ന് തോന്നുന്നു.

ഇവിടെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും, കോൺഗ്രസ് പാർട്ടിയുടേയും  പ്രസക്തി. അമേരിക്കയിലെ സാം പിട്രോഡ നേതൃത്വം കൊടുത്ത രണ്ടാഴ്ചത്തെ വിപാസന രാഹുൽ ഗാന്ധിക്ക് പൊതു സമ്മതിയുള്ള കാര്യങ്ങൾ, നല്ല വേദികളിൽ, അത് അംഗീകരിക്കുന്ന ആൾക്കാരോടൊപ്പമിരുന്ന്‍ ചർച്ച ചെയ്യുവാന്‍ അവസരം സൃഷ്ടിച്ചു. ടെലിവിഷനും, ഓൺലൈൻ മാധ്യമങ്ങളും വഴി അവ ഇന്ത്യയിലും എത്തിയപ്പോൾ, പപ്പു(വിഡ്ഡി ) എന്ന വിളി രാഹുലിനാണോ, പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയെടുക്കുന്ന മോദിക്കാനോ യോജിക്കുക എന്നു വരെ ചര്‍ച്ച നടന്നു.

മോദിയെ ദേശീയ നേതൃത്വത്തിലേക്ക് അയച്ചത് ഗുജറാത്ത് രാഷ്‌ട്രീയം ആണ്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, സാമ്പത്തിക അസ്വസ്ഥത , മോദിയുടെ വിശ്വസ്തൻ അമിത് ഷായുടെ മകനെ പറ്റിയുള്ള ആരോപണങ്ങൾ എല്ലാം ചേര്‍ന്ന്‍  ബി ജെ പിയെ ഒരു ദുർഘട അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. പട്ടേൽമാരുടെ, ദളിതരുടെ, യുവാക്കളുടെ ബി ജെ പിയോടുള്ള അസംതൃപ്തി വേറെ. പക്ഷെ ഇവയെ ഒക്കെ തങ്ങളുടെ രാഷ്‌ട്രീയ എതിരാളികൾ ആയുധം ആക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്നറിയാവുന്ന കൂർമ്മ ബുദ്ധിയാണ് മോഡി – അമിത് ഷാ കൂട്ടുകെട്ടിനുള്ളത്.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ആ കൂട്ടുകെട്ടിന്  ഒരു വെല്ലു വിളി ഉയർന്നിരിക്കുന്നു. കോൺഗ്രസ്സും രാഹുൽ ഗാന്ധിയും ആ വെല്ലുവിളി, ഇത്തവണ ശരിയാം വണ്ണം ഏറ്റെടുത്തിരിക്കുന്നു. ഒറ്റയടിക്ക് ബിജെപിയെ ഗുജറാത്തിൽ തോൽപ്പിക്കാം എന്ന് ആരും കരുതുന്നില്ല. പക്ഷെ അവിടെ മോഡി-അമിത് ഷായെ വിയർപ്പിച്ച്, ഭൂരിപക്ഷം കുറയ്ക്കുക എന്ന ശ്രമകരമായ ദൌത്യമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ അവർ വിജയിച്ചാൽ 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും , അതിനു മുൻപുള്ള അസംബ്ലി തെരഞ്ഞെടുപ്പുകളിലും മോഡി- അമിത് ഷാ കൂട്ടുകെട്ടിന് കൂടുതൽ വിയർക്കേണ്ടി വരും, തീർച്ച.

ഗുജറാത്തും, ഇപ്പോഴുള്ള ദേശീയ രാഷ്‌ട്രീയവും, ഒന്ന് വ്യക്തമാക്കുന്നു.  അടുത്ത മാസം കോൺഗ്രസ് അധ്യക്ഷൻ ആകുമ്പോൾ രാഹുൽ ഗാന്ധി, എല്ലാവരും ഉറ്റു നോക്കുന്ന, ഒരു മുഴുവൻ സമയ ദേശീയ നേതാവും ആകും എന്നതാണത്. അതോടു കൂടി എല്ലാവരും അക്ഷമയോടെ കാത്തിരിക്കുന്ന, അടുത്ത തെരഞ്ഞെടുപ്പിന്‍റെ കാഹളവും മുഴങ്ങും. തെരഞ്ഞെടുപ്പു രംഗം കലുഷിതമാകാന്‍ പോകുകയാണ് .  ഇന്ത്യ ഇതുവരെ നിന്നിരുന്ന പോലെ നില്‍ക്കണമോ അതോ ഒരു ഹിന്ദു രാഷ്ട്രമായി രൂപാന്തരം പ്രാപിക്കണമോ എന്ന തെരഞ്ഞെടുപ്പിന്‍റെ  കാലമാണ് വരുന്നത് . ഇവിടെ മോദിയുടെ മാജിക് ഇതുവരെ കണ്ടത് പോലെ ഫലം പ്രാപിക്കുമോ എന്ന്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

Comments

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like