പൂമുഖം LITERATURE നളിനി ജമീലയുടെ പ്രണയ ലഹരികൾ

ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന മണിലാലിന്റെ 'ബാർ / ബേറിയൻസ്, മദ്യവും മലയാളിയും' പുസ്തകത്തിൽ നിന്ന് : നളിനി ജമീലയുടെ പ്രണയ ലഹരികൾ

്രണയം പെണ്ണിൽ ഉലയുന്നതും അത് പൂവും കായുമാവുന്നതും കാണണമെങ്കിൽ​​ നളിനിച്ചേച്ചിയോടൊപ്പം കൂടണം.​ ​ഇടക്ക് രാത്രിയിൽ പ്രതീക്ഷിക്കാതെ​ ​വരുന്ന വിളിയുണ്ട്,​ ​അത് നളിനിച്ചേച്ചിയുടേതായിരിക്കും.​ ​എന്നെ വിളിക്കാൻ അവർക്ക് സമയചിന്തകളില്ല. ഏതെങ്കിലും പാർട്ടിയിലിരിക്കുമ്പോഴോ അതിൽ നിന്നും വേറിട്ടതിനു​ ​ശേഷമോ ആയിരിക്കും അവർ വിളിക്കുക.​ ​വിളിക്കുമ്പോഴൊക്കെ ലഹിരിയുടെ വലിയൊരു ചിറ അവർ നീന്തിക്കടന്നിട്ടുണ്ടാവും.​ ​പ്രണയത്തിൽ പൊതിഞ്ഞിരുന്നായിരിക്കും അവർ സംസാരിക്കുക.​ ​പ്രണയം ആരോടൊക്കെയാവും എന്നൊന്നും പറയാൻ കഴിയില്ല.​ ​ആരോടെന്നില്ലാതെ എല്ലാറ്റിനോടുമുള്ള പ്രണയമെന്നാണ് അവരുടെ തളിർത്ത മാനസികാവസ്ഥയെ ഞാൻ വിലയിരുത്തുക.​ ​ഒരു പ്രണയത്തിൽ തുടങ്ങി പല പ്രണയങ്ങളായി പരിണമിക്കുകയാണ് അവരുടെ സംഭവബഹുലമായ ജീവിതം.

മണിലാലിനെ വിളിക്കാൻ തോന്നി എന്നു പറഞ്ഞു​ ​കൊണ്ടായിരിക്കും ഇഴഞ്ഞതും എന്നാൽ ആർജ്ജവുമുള്ളതുമായ വർത്തമാനം തുടങ്ങുക.​ ​അപൂർവ്വമായി മാത്രമാണവർ വിളിക്കുക.ആയതിനാൽ വിഷയ​ ​സമ്പന്നമായിരിക്കും.​ ​നല്ലതാളത്തിലുള്ള അവരുടെ വാക്കും പ്രയോഗങ്ങളും നിരീക്ഷണങ്ങളുമൊക്കെ രസമാണ്.

തിരുവനന്തപുരത്താണ് ഞാൻ നളിനിച്ചേച്ചിയെ പരിചയപ്പെടുന്നത്.​ ​അന്നവർ മൈത്രേയന്റേയും മായയുടേയും ജയശ്രിയുടേയും സുഭാഷിന്റേയുമൊക്കെ മുൻകയ്യിൽ നടന്നിരുന്ന ലൈംഗീകത്തൊഴിലാളികളുടെ ക്ഷേമത്തിനു​ ​വേണ്ടിയുള്ള സംഘടനയുടെ പ്രവർത്തകയായിരുന്നു.

അവരുടെ ജീവിതത്തെ, ഒരു സ്ത്രീ സഞ്ചരിച്ച ദൂരങ്ങളെ ലോകത്തിനു​ ​മുന്നിൽ തുറന്നു​ ​വെക്കണമെന്ന അതിയായ ആഗ്രഹമായിരുന്നു എന്നുമവർ പങ്കുവെച്ചിരുന്നത്.​ ​പുസ്തകമെഴുതി,​ ​ചെറുസിനിമകൾ ചെയ്തു.​ ​പക്ഷെ അതിലൊന്നും അവരുടെ ജീവിതത്തിന്റെ ഒരു ചെറിയ അംശം​ ​പോലും പുറത്തുവന്നിട്ടില്ല.​ ​അവർക്കു പറയാൻ ഒരുപാടുകാര്യങ്ങൾ ഉണ്ടായിരുന്നു.​ ​പക്ഷെ അത് കേൾക്കാൻ അധികമാരും ഇല്ല.​ ​പുസ്ത്കം കുറെ ആളുകൾ വായിച്ചു,​ ​സിനിമകൾ കുറച്ചുപേർ കണ്ടു.​ ​കേൾക്കാൻ സന്നദ്ധയായവരോട് അവരുടെ ജീവിതം പറഞ്ഞുകൊണ്ടിരിക്കുന്നു.

14963393_1246971848693549_4737891300559590404_n

നളിനിച്ചേച്ചിയുമായി ഒരു സിനിമ ഞാൻ ആലോചിച്ചിരുന്നു.​ ​പലപ്പോഴും ഈയാവശ്യത്തിനും അല്ലാതെയും ഞങ്ങൾ കണ്ടുമുട്ടിയിരുന്നു.​ ​കാണുമ്പോഴൊക്കെ മദ്യത്തിന് താല്പര്യം പ്രകടിപ്പിക്കും,​ ​ആവശ്യപ്പെടില്ല.​ ​ഹൃദയം മുഴുവനായും തുറക്കാനുള്ള താക്കോലായിരുന്നു അവർക്ക് മദ്യമെന്ന് എനിക്ക് തോന്നിയിരുന്നു.

ഒറ്റപ്പെഗ്ഗിൽ തന്നെ അവർ വേറെയൊരാളായി മാറുന്നത് കണ്ടിട്ടുണ്ട്. അപ്പോഴത്തെ അവരുടെ മനസാവരണം പ്രണയമായിരിക്കും.​ ​തികഞ്ഞ ആത്മവിശ്വാസവും ധാർഷ്ട്യവുമൊക്കെ അകമ്പടിയായി വരും.​ ​പ്രണയം ധാർഷ്ട്യം ആത്മവിശ്വാസം ഇവയൊക്കെ ഒരു പെണ്ണിൽ നിന്നും വരുന്നത് സഹിക്കാൻ മാത്രം വളർന്നിട്ടില്ല നമ്മുടെ സമൂഹം.​ ​ഇത്തരം സന്ദർഭങ്ങളിലൊക്കെ കലഹങ്ങളുടെ തേർവാഴ്ചകൾക്ക് സാക്ഷിയായിട്ടുണ്ട്.​ ​നളിനിച്ചേച്ചി ഒന്നിലും കൂസാതെ നിൽക്കും.​ ​ലൈംഗീകത്തൊഴിലാളികളെക്കുറിച്ചു​ ​മാത്രമല്ല സ്ത്രീകളെയും കുറിച്ചുള്ള ധാരണ തിരുത്തിയെഴുതിയ ആളാണ് എനിക്ക് നളിനിച്ചേച്ചി.​ ​ലൈംഗീകത്തൊഴിലാളിയായിരിക്കുമ്പോഴും പ്രണയമായിരുന്നു അവരുടെ അധോവസ്ത്രം.​ ​ശരീരത്തെ അനുവദിക്കുമ്പോഴും അതിൽ മറ്റാർക്കും തൊടാൻ സാധിച്ചിട്ടില്ലായിരിക്കും.

ജീവിതമാവാതെ പോയത്,​ ​ജീവിതമായത്,​ ​സങ്കല്പങ്ങളിൽ അഭിരമിച്ചത്,​ ​യാഥാർത്ഥ്യങ്ങളിൽ നിലംപരിശായത് എന്നിങ്ങനെ നളിനച്ചേച്ചിയുടെ പ്രണയത്തെ ഞാൻ വേർതിരിച്ചു നോക്കിയിട്ടുണ്ട്.​ ​അടിസ്ഥാനപരമായി അവർ ഒരു സ്ത്രീയായിരുന്നു.​ ​ലൈംഗികത്തൊഴിലിനെ അവർ എങ്ങിനെയാണ് കണ്ടതെന്ന് ചോദിച്ചാൽ എനിക്കിപ്പോഴും ഉത്തരമില്ല.​ ​അവർ അതിനെ പലപ്പോഴും പലതരത്തിൽ വ്യാഖ്യാനിച്ചുകൊണ്ടിരുന്നു.

അവർക്ക് അനേകം കാമുകന്മാരുണ്ടായിരുന്നു.​ ​അവിടെയൊക്കെ മദ്യം പൊതുതാല്പര്യമായിരുന്നു.​ ​മദ്യത്തിലൂടെ അവർ മുറിവുകളെ മായ്ക്കുകയായിരുന്നോ സ്വപ്നങ്ങളെ ഉണർത്തുകയായിരുന്നോ.​ ​നല്ലതോർക്കാനാണ് മദ്യപിക്കുമ്പോൾ തോന്നുകയെന്നവർ പറയുന്നു.​ ​പോകാൻ വിചാരിച്ച് പോകാൻ കഴിയായാതെ,​ ​കാണാൻ വിചാരിച്ച് കാണാൻ പറ്റാതെ,​ ​മദ്യപാനത്തിൽ ആദ്യത്തെ ഓർമ്മകളിൽ വരിക ഇത്തരം ആളുകളാണ്.​ ​പ്രണയിക്കണമെങ്കിൽ അയാളെപ്പറ്റി നല്ലൊരു ഓർമ്മ വേണം,​ ​നല്ലൊരു അനുഭവം വേണം,​ ​നല്ല സ്ഥലങ്ങൾ വേണം.​ ​ഇതൊക്കെ മദ്യപാനം എനിക്ക് കൊണ്ടുവന്നുതരും.

dsc_9662

എപ്പോഴും അവർക്ക് ഒരു കാമുകനുണ്ടായിരുന്നു.​ ​പ്രണയം കൊടുത്ത ഊർജ്ജത്തിലായിരുന്നു അവർ അരക്ഷിതമായ ഇടങ്ങളെ അതിജീവിച്ചത്.​ ​മദ്യവും അതിനവർക്ക് കരുത്തേകിയിട്ടുണ്ടാവും.​ ​ചില ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്ത് അവർക്ക് പ്രണയം തോന്നിയിട്ടുള്ള പ്രശസ്തരെ​പ്പറ്റി​ ​​പറഞ്ഞത് സദാചാരകേരളത്തിലെ വീട്ടുമുറികളിൽ കലാപമുയർത്തിയിട്ടുണ്ട്.

കുടിച്ചാലുടൻ അവർ ചെറുപ്പമാകും.​ ​വാക്കിൽ മാത്രമല്ല,​ ​സ്വഭാവത്തിലും.​ ​ഇവക്കൊപ്പം കൂടാൻ പലരും താല്പര്യപ്പെടുന്നത് ഇതുകൊണ്ടാണ്.

ഞങ്ങൾ സിനിമാ ചർച്ച നടത്തുമ്പോഴൊക്കെ മദ്യവും ഉണ്ടായിരുന്നു.​ ​അവർ പറഞ്ഞ ജീവിതം മറ്റൊരു സ്ത്രീയിൽ നിന്നും ഈ ജന്മം കേൾക്കാൻ ഇടയില്ല.​ ​ഈ അനുഭവത്തിൽ നിന്നാവും എവിടെയും നിൽക്കാനുള്ള കരുത്തവർ സമ്പാദിച്ചത്.​ ​അവരെപ്പറ്റി ഒരു സിനിമ ഇപ്പോഴും മനസിനെ മഥിച്ചു​ ​കൊണ്ടു​ ​നിൽപ്പുണ്ട്.

മാനിക്ക​,​ സിദ്ദിഖ്​,​ കുഞ്ഞാപ്പ എന്നിവരോടൊത്തുള്ള മദ്യപാനം പലതവണ അവരിൽ നിന്നും കേട്ടിട്ടുള്ളതാണ്.​ ​മാനിക്ക കറകളഞ്ഞ കാമുകൻ.​ ​സിദ്ദിഖ് പറഞ്ഞുറപ്പിച്ച കാശു കുറക്കാതെ കൊടുക്കുന്ന ക്ലയന്റ്.​ ​കുഞ്ഞാപ്പ മദ്യപിപ്പിച്ചതിനുശേഷം പൈസ പിടുങ്ങാനുള്ള വഴികൾ നോക്കുന്ന കൂട്ടിക്കൊടുപ്പുകാരൻ.​ ​ഇങ്ങനെ എത്രയെത്ര മനുഷ്യർ,​ ​എത്രയെത്ര അനുഭവങ്ങൾ,​ ​നളിനിച്ചേച്ചി സമ്പന്നയാണ്.

നളിനിച്ചേച്ചി ചിറ്റൂരിൽ താമസിക്കുന്ന കാലം. ഷാപ്പിൽക്കയറി കള്ളുകുടിക്കണമെന്നൊരു പൂതി.​ ​ഇളംകള്ളും ഉച്ചക്കള്ളും അന്തിക്കള്ളും രുചിക്കണം.​ ​കേരളത്തിലെ അറിയപ്പെടുന്ന,​ ​പേരുപറയാൻ ആഗ്രഹിക്കാത്ത ഒരു ശരിരം ആ ദിവസങ്ങളിൽ നളിനിച്ചേച്ചിയുടെ കൂടെയുണ്ട്.​ ​ആളൊത്താണ് സഹവാസവും കുടിയും.​ ​രാവിലെ കുളിച്ചൊരുങ്ങി മുല്ലപ്പൂവെച്ച് അവർ കള്ളുഷാപ്പിലേക്കിറങ്ങും.​ ​മുൻകൂട്ടി പറയാതെയുള്ള മുഖ്യമന്ത്രിയുടെ സന്ദർശനം പോലെയായിരുന്നു ഷാപ്പിലെ മുഴുവൻ പേരുടേയും പ്രതികരണം.എന്തു ചെയ്യണമെന്നറിയാതെ ഷാപ്പുജീവനക്കാരുടേയും കുടിയന്മാരുടേയും മറ്റുള്ളവരുടേയും ശ്വാസഗതി നേരെയാവാൻ കുറച്ചു​ ​നേരമെടുത്തു.​ ​നല്ലകള്ളില്ലെന്നു പറഞ്ഞ് ഇവരെ മടക്കി അയക്കാൻ മാനേജർ ഒരു കൈ​ ​നോക്കിയെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ എന്നമട്ടിൽ അവർ അവിടെയിരുന്നു കുടി തുടങ്ങി.ഷാപ്പ് തൊട്ടടുത്തായതിനാൽ മൂന്നുനേരവും അവർ കുടിക്കാൻ​ ​പോയി,​ ​ഒന്നല്ല അഞ്ചുദിവസങ്ങളിൽ അതു തുടർന്നു.

കൂറ്റനാട് കൃഷ്ണൻ എന്നൊരു വാറ്റുകാരനുണ്ടായിരുന്നു.​ ​നളിനിച്ചേച്ചി അന്നാട്ടിൽ താമസിക്കുകയാണ്.​ ​കൃഷ്ണന് നളിനിച്ചേച്ചിയോട് പ്രണയം തോന്നുന്നു.​ ​രാവിലെ നളിനിച്ചേച്ചി കണികാണുന്നത് ഈ കള്ളകൃഷ്ണനെയാണ്.​ ​വെറുംകയ്യോടെയല്ല കൃഷ്ണൻ വരിക. ഈഴവനായിരുന്നു കൃഷ്ണൻ.​ ​നളിനിച്ചേച്ചിയെ ഉയർന്ന ജാതിയിൽപ്പെട്ട ഒരുവളായിട്ടാണ് കൃഷ്ണൻ കണ്ടത്.​ ​ലൈംഗികക്കച്ചവടത്തിലും ജാതി പ്രകടമാണ്.​ ​പ്രത്യേകിച്ച് അവിടെയും ഇവിടെയുമില്ലെന്നു തോന്നുന്ന ഈഴവർക്ക്. നിവേദ്യം പോലെയാണ് പ്രത്യേകം വാറ്റിയെടുത്ത വാറ്റുചാരായം തന്നിരുന്നതെന്ന് നളിനിച്ചേച്ചി ഓർക്കുന്നു.​ ​ഇത് കൈമാറുമ്പോൾ അയാളുടെ മുഖത്ത് വിരിയുന്ന​ ​പുഞ്ചിരിയും വിതുമ്പുന്ന​ ​ചുണ്ടുകളും പ്രണയത്തിന്റെ അടയാളങ്ങളായിരുന്നു. കൃഷ്ണൻ വിവാഹിതനും മൂന്നു​ ​കുട്ടികളുടെ അച്ഛനും ഒപ്പം ഉത്തരവാദിത്വമുള്ള കാമുകനുമായിരുന്നു.​ ​ഇതുപോലെ ഉത്തരവാദിത്വമുള്ള കാമുകന്മാരാണ് ഗുലുമാലു​ ​പിടിച്ച ഈ ലോകത്തിനാവശ്യമെന്ന് നളിനിച്ചേച്ചി ഉറപ്പിച്ചുപറയും.

വൺ ഫോർ ദി റോഡ് : സ്ത്രീകൾക്ക് അർഹതപ്പെട്ടത് കൂടി പുരുഷന്മാർ അനുഭവിക്കുകയാണ്. അവർക്കുകൂടി അത് പങ്കുവെച്ചെങ്കിൽ ലോകം കുറെക്കൂടി സുന്ദരമായേനെ.

Comments
Print Friendly, PDF & Email

എഴുത്തുകാരൻ. സംവിധായകൻ. കൃതികൾ: മാർജ്ജാരൻ, ബാർ/ബേറിയൻസ് -മദ്യവും മലയാളിയും. മണിലാല്‍ സംവിധാനം ചെയ്ത ‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം ‘ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

You may also like