ഹിന്ദുമതവിശ്വാസിയല്ലാത്ത അമിത് ഷാ എന്ന മഹാരാഷ്ട്രക്കാരൻ കോൺട്രാക്ടർ ഗുജറാത്ത് രാഷ്ട്രീയത്തിലും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലും വളർന്നത് കാസ്റ്റ് പൊളിക്ടിസിന്റെ രസതന്ത്രം പയറ്റിയാണ്. പ്രാദേശികവാദം ശക്തമായ മഹാരാഷ്ട്രയിൽ ബാൽ താക്കറെയുടെ ശിവസേന ഉൾപ്പെടെ കയറിക്കൂടാൻ ഒരു പാട് തീവ്രഹൈന്ദവ സംഘടനകൾ ഉണ്ടായിരുന്നിട്ടും, അമിത് ഷാ തട്ടകമായി തെരഞ്ഞെടുത്തത് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയല്ല, മറിച്ച് ഗുജറാത്താണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഹിന്ദുമതവിഭാഗക്കാരനല്ലാത്ത ഒരാൾക്ക് അത്രയെളുപ്പം കയറിപ്പറ്റാനാകാത്ത വിധം സങ്കീർണമായിരുന്നു മഹാരാഷ്ട്രയിലെ അന്നത്തെ പൊളിടിക്സിന്റെ ഘടന എന്നതിലുമപ്പുറം, ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് നിലനിന്ന അപ്പർകാസ്റ്റ് പൊളിറ്റിക്സിന്റെ ഘടനയിലെ വിടവുകളിലൂടെ നുഴഞ്ഞുകയറാൻ എളുപ്പമാണ് എന്നതുകൊണ്ടു കൂടിയാകാം, അധികാരമോഹിയായ , വിടുവായനായ, പബ്ലിസിറ്റി ഇഷ്ടപ്പെടുന്ന, അതേ സമയം ഗാംഭീരമുളള ശബ്ദവും പ്രഭാഷണചാതുരിയുമുളള നരേന്ദ്രമോധി എന്ന ആറെസ്സെസ്സുകാരനെ മുന്നിൽ നിർത്തി കളിക്കാമെന്ന് അമിത് ഷാ തീരുമാനിച്ചത്. എന്നാൽ ഏറ്റവും വലിയ തമാശ, കാസ്റ്റ് പൊളിറ്റിക്സിന്റെ ഘടനയെ പുതുക്കിപ്പണിതാണ് അമിത്ഷാ ഗുജറാത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത് എന്നതാണ്. കാലങ്ങളായി പട്ടേലർമാരും ക്ഷത്രിയരും കയ്യടക്കി വച്ചിരുന്ന, പൊളിയാറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണം പിടിച്ചെടുക്കുന്നതിലൂടെയും, ആ ബാങ്കിനെ ഒരു വർഷം കൊണ്ടു തന്നെ അപ്രതീക്ഷിത ലാഭത്തിലെത്തിക്കുകയും ചെയ്തതോടെയാണ് അമിത്ഷാ ഗുജറാത്ത് രാഷ്ട്രീയത്തിൽ പ്രബലനും നരേന്ദ്രമോധിയുടെ ഇഷ്ടക്കാരനും ആയത്. ഗുജറാത്തിന്റെ സാമൂഹ്യഘടനയിലെ സവർണ‐അവർണ ചേരികളെ ഭിന്നിപ്പിക്കുക മാത്രമല്ല, അവർണചേരിയെ മുഷ്ടിപ്രയോഗത്താൽ നിശബ്ദരാക്കിയും സവർണചേരിയെ തന്നെ രണ്ടായി ഭിന്നിപ്പിച്ചും അവരെ തന്നെ തമ്മിലടിപ്പിച്ചുമാണ് അന്യസംസ്ഥാനക്കാരനും ഈ കാസ്റ്റിലൊന്നും പെടാത്തവനും ഹിന്ദുമതവിശ്വാസി പോലുമല്ലാത്തവനുമായ അമിത് ഷാ ഭരണം പിടിച്ചത്. ഇപ്പോൾ ഗുജറാത്തിൽ നടക്കുന്ന ജാതിപ്രക്ഷോഭങ്ങളുടെ അടിവേര് ചികയേണ്ടത് അവിടെയാണ്.
ഇന്ത്യൻ സാമൂഹ്യഘടനയിൽ മതത്തേക്കാൾ ആഴ്ന്നിറങ്ങിക്കിടക്കുന്നത് ജാതീയതയുടെ വേരുകളാണെന്നും മതങ്ങളെ തമ്മിലടിപ്പിക്കുന്നതിനേക്കാൾ കുറെക്കൂടി എളുപ്പം ജാതീയതയെ മുൻനിർത്തിക്കൊണ്ടുളള ത്രീപോളാർ ഗയിമാണെന്നും അമിത് ഷാ പഠിച്ചെടുത്തത്, മഹാരാഷ്ട്ര പൊളിടിക്സിൽ നിന്നാകാനേ സാധ്യതയുളളൂ. പാർശ്വവത്കൃതർ, ദളിതർ, ഗോത്രവംശജർ തുടങ്ങിയ ജനവിഭാഗങ്ങളെ പരിപൂർണമായും അധികാരത്തിൽ നിന്ന് അകറ്റി നിർത്തുകയും വിശാലാർത്ഥത്തിൽ പൂർണമായും ദളിതരല്ലാത്ത, അതേസമയം സവർണജനതയുടെ സാമൂഹ്യപരിസരങ്ങൾക്ക് പുറത്തു കഴിയേണ്ടിവന്ന ജാതിവിഭാഗങ്ങളെ മുൻനിർത്തി ഒരു മൂന്നാം ചേരി കൂടി ഉണ്ടാക്കിയെടുക്കുകയാണ് അമിത് ഷാ ചെയ്തത്. എതിർമതവിഭാഗങ്ങളെക്കൂടി അവർണചേരിക്കൊപ്പം പെടുത്തിയതോടെ, കാസ്റ്റ് പൊളിടിക്സിന്റെ മുഴുവൻ ആനുകൂല്യവും നേടിയെടുക്കാനും സംസ്ഥാനത്തിന്റെ ഭരണം ഒരു ദശകത്തിലുമപ്പുറം കയ്യടക്കിവെക്കാനും ഷാ‐മോദി കൂട്ടുകെട്ടിന്കഴിഞ്ഞു. വൻവ്യവസായികളുമായുളള ചങ്ങാത്തത്തിലൂടെയും അവർക്ക് നൽകിയ വഴിവിട്ട ആനുകൂല്യങ്ങളുടേയും ബലത്തിൽ സംസ്ഥാനത്ത് നടത്തിയ റിയൽ എസ്റ്റേറ്റ്പ്രൊജക്ടുകൾ വികസനമെന്ന രീതിയിൽ സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കുന്നതിൽ ഷായിലെ കച്ചവടക്കാരൻ വിജയിച്ചു. തങ്ങൾ സൃഷ്ടിച്ചെടുത്ത സവർണചേരിയിലെ രണ്ടു വിഭാഗക്കാരുടെയും പിന്തുണ ഉറപ്പുവരുത്തിയും അധകൃതരും ന്യൂനപക്ഷ മതവിഭാഗങ്ങളും ഉൾപ്പെടുന്ന മൂന്നാംചേരിയെ പരിപൂർണമായും ബലപ്രയോഗത്തിലൂടെ നിശബ്ദരാക്കിയുമാണ് പാർലമെന്റ് വരെ വളർന്ന മോദി‐ഷാ കൂട്ടുകെട്ട് ഗുജറാത്തിൽ ഭരണം നിലനിർത്തിയത്. നരേന്ദ്രമോധിക്കാലത്തിനു ശേഷം ശബ്ദം വെച്ച ഗുജറാത്തിലെ ജാതിപ്രക്ഷോഭങ്ങൾ മോദിക്കാലത്ത് നിശബ്ദമായിപ്പോയതും അതുകൊണ്ട് തന്നെ. ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന ജാതിപ്രക്ഷോഭങ്ങൾ സൂക്ഷ്മാർത്ഥത്തിൽ നേരത്തെ ചൂണ്ടിക്കാട്ടിയ ഒന്നാം ചേരിയും രണ്ടാം ചേരിയും തമ്മിലുളള സംഘർഷങ്ങളാണെന്നും അതിലും താഴെയുളള ജനവിഭാഗങ്ങൾക്കോ മുസ്ലീങ്ങളുൾപ്പെടെയുളള ന്യൂനപക്ഷങ്ങൾക്കോ ഇവക്കിടയിൽ വലിയ സ്പേസ് ഇല്ലെന്നും കാണാനാകും. സിപിഎം ബന്ധം ആരോപിച്ച് കേരളത്തിൽ നടക്കാനിരുന്ന പരിപാടിയിൽ നിന്നും ജിഗ്നേഷ് മേവാനി പിൻമാറിയതടക്കമുളള സംഗതികളെ ഈ വീക്ഷണത്തിൽ നിന്നു കൂടി വേണം പരിശോധിക്കാൻ.
ഗുജറാത്തിൽ ഇപ്പോഴത്തെ ജാതി പ്രക്ഷോഭം ജാതി നിഷേധിക്കുന്നതല്ല, മറിച്ച് പ്രഖ്യാപിക്കുന്നതാണെന്നു കൂടി കാണേണ്ടതുണ്ട്. യുപിയിലോ ബീഹാറിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ നടന്ന/ നടക്കുന്ന ജാതിപ്രക്ഷോഭങ്ങളുടെ അതേ മീറ്ററിൽ ഗുജറാത്തിലെ പ്രക്ഷോഭങ്ങളെ അളക്കാനാവില്ല. മൃദുഹിന്ദുത്വത്തിന്റെയും തീവ്രഹിന്ദുത്വത്തിന്റെയും രണ്ട് ധാരകളെ സൃഷ്ടിക്കുകയും അവയെ തമ്മിൽ നിരന്തരസംഘർഷത്തിൽ നിർത്തിക്കൊണ്ട് ദളിതരും പാർശ്വവത്കൃതരുമായ ആദിമഗോത്രജനതയടക്കമുളള ജനവിഭാഗങ്ങളെയും അന്യമതവിഭാഗങ്ങളെയും പരിപൂർണമായും അധികാരത്തിൽ നിന്നകറ്റി നിർത്തി പൂർണഹിന്ദുരാഷ്ട്രം എന്ന സംഘ്പരിവാർ അജണ്ട നടപ്പിലാക്കുകയുമാണ് അമിത് ഷാ ചെയ്യുന്നത്…
പറഞ്ഞുവന്നത് മറ്റൊന്നുമല്ല, വാമനനെ സ്വാതന്ത്ര്യസേനാനിയായി പ്രഖ്യാപിച്ച ശശികലയുടെയോ വാമനജയന്തി ആശംസിച്ച അമിത്ഷായുടെയോ ഉളളിലിരുപ്പ് അത്ര നിഷ്കളങ്കമല്ലെന്നാണ്. കാസ്റ്റ് പൊളിടിക്സിനെ ട്രൈപോളാർ ആക്കുക എന്ന അജണ്ടയാണ് അതിലുളളത്. ഓണത്തെ വാമനൻ, മഹാബലി എന്നീ മിത്തുകളിലേക്ക് ചുരുക്കുന്നതോടെ ഇതൊരു ഹിന്ദു ആഘോഷമാണ് എന്നു വരുത്തിത്തീർക്കാൻ ഷാക്കും ശശികലക്കും കഴിയുന്നുണ്ട്. ഓണത്തെ അതിന്റെ എല്ലാ വിധ മിത്തുകളിൽ നിന്നും മോചിപ്പിക്കുകയും അത് ഇന്ത്യയുടെ തെക്കൻഭൂഭാഗങ്ങളിൽ നിലനിന്നിരുന്ന കാർഷികോത്സവമാണെന്ന് പേർത്തും പേർത്തും പറയുകയും പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാകണം ഓണമാഘോഷിക്കുന്ന ഓരോ മലയാളിയും ചെയ്യേണ്ടത്. ആ അർത്ഥത്തിൽ, ഓണം പണിയെടുക്കുന്നവന്റെ, കർഷകത്തൊഴിലാളിയുടെ, അധകൃതന്റെ, വിയർപ്പു മണമുളള ജനതയുടെ, സമൃദ്ധിയും സമത്വവും സ്വപ്നം കാണുന്നവരുടേതാണ്. വിരിയുന്ന ഓരോ പൂക്കളവും കടലിനോട് ചേർന്നു കിടക്കുന്ന ഈ മലഞ്ചെരിവിൽ പ്രകൃതിയൊരുക്കി ചേർത്ത നിറവൈവിധ്യമാണ്, കർക്കടകപ്പേമാരിക്കു ശേഷം തളിർക്കുന്ന പ്രതീക്ഷയുടെ പുതുനാമ്പാണ്, സമത്വത്തിനു വേണ്ടിയുളള സമരാഹ്വാനമാണ്.. ഓണത്തിനെ മിത്തുകളിൽ നിന്ന് മോചിപ്പിക്കുകയും, അതിനെ വിളവെടുപ്പുൽസവമായും അങ്ങിനെ വിശാലാർത്ഥത്തിൽ ദ്രാവിഡഗോത്രപാരമ്പര്യത്തിന്റെ നേർതുടർച്ചയായും വ്യാഖ്യാനിച്ചില്ലെങ്കിൽ, ഇതൊരു ഹിന്ദുമതാഘോഷമായി ചുരുങ്ങിപ്പോകാൻ അധികസമയം വേണ്ടി വരില്ല.
തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.