പൂമുഖം LITERATURE എമര്‍ജന്‍സി എക്സിറ്റ്

എമര്‍ജന്‍സി എക്സിറ്റ്

വിരലുകളുടേത്
പ്രണയചേഷ്ടകളൊന്നു-
മായിരുന്നിരിക്കില്ല,
നിന്നിൽ നിന്നും ചാടി രക്ഷപ്പെടാനുള്ള
എമർജൻസി എക്‌സിറ്റുകൾ
പരതുകയായിരുന്നിരിക്കണം.

നിറയെ വർണ്ണരാജികൾ തോരണംതൂക്കിയ
നിന്റെ ലാവണ്യത്തിനു നടുവിൽ
അപായച്ചങ്ങലയേതെന്ന്
തിട്ടം വരുത്തുകയായിരുന്നിരിക്കണം.
വേഗപ്പൂട്ടു തകർത്ത
നിന്റെ ഉടൽവേഗത്തെ
എന്റെ ആഞ്ഞാഞ്ഞുള്ള മിടിപ്പുകൾ
ഒപ്പിയെടുക്കുകയായിരുന്നിരിക്കണം.

ചുംബനങ്ങളുടെ താരാട്ടിൽ
നിന്നെ ഉറക്കിക്കിടത്തി, വെളുക്കും മുമ്പേ
ബോധിവൃക്ഷച്ചുവട്ടിലേക്ക് മടങ്ങാൻ
തത്രപ്പെടുകയായിരുന്നിരിക്കണം.
ഏറെയേറെ പ്രണയിക്കുമ്പോൾ
നാം ഏറെയേറെ
പിരിയുകയാണ്.
വലിയ വലിയ ശബ്ദങ്ങൾ
കാതുകൾക്ക്
ഒരു തരം നിശബ്ദത-
യായിരിക്കുന്ന പോലെ …

Comments
Print Friendly, PDF & Email

You may also like