പൂമുഖം LITERATURE കജൂർ

കജൂർ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
ുസ്സഫയിലെ
വലിയ പള്ളിയില്‍ നിന്നും
മഗ്രിബ് ബാങ്കിന്‍ ധ്വനിയുയര്‍ന്നു .
നെടുനീളെവിരിച്ച പരവതാനിയിലിരുന്ന്
പരസ്പരം പകുത്തെടുത്ത
അന്നത്തെ വിശപ്പിനെ
ഒരു കജൂറിന്‍ മാധുര്യത്താല്‍
മുറിച്ചെടുക്കുമ്പോള്‍,
അരികിലിരിക്കുന്നവന്‍ അന്യദേശക്കാരന്‍,
അന്യഭാഷക്കാരന്‍, അന്യമതസ്ഥന്‍
അങ്ങനെ,
അന്യനന്യനെന്നൊരുവട്ടവും ഓര്‍ക്കാതെ
പങ്കുചേരലുകളെ പന്തിയില്‍ വിഭജിക്കാതെ
ഒരേവിശപ്പിനെ, ഒരേപോലെ,
ഒരുമിച്ചു നനച്ചെടുക്കുന്നു,
ഒരേ തളികയില്‍ നിന്നും
ബിരിയാണിയുടെ ഗന്ധം നുകരുന്നു .
ഒരതിശയരാജ്യമായി വാര്‍ത്തെടുക്കുന്നു
ഈ മരുഭൂമിയെ തൊഴിലാളികള്‍ .
വ്രതകാലമേ,
നീയെന്നില്‍ നിറച്ച വിശപ്പിനാല്‍
നീ അനുവദിച്ചു നല്‍കിയ ഈ കജൂറിനാല്‍
ഈ മാനവീകൈക്യത്തിനുമീതെ
ഞാന്‍ നട്ടുനനക്കുന്നു ,
മരുഭൂമിതന്‍ തണലിടങ്ങള്‍ പോല്‍
ഹൃദയോരങ്ങളില്‍ മാധുര്യം നിറച്ച
ഒരായിരം ഈന്തപ്പനമരങ്ങള്‍ …!

Comments
Print Friendly, PDF & Email

യുവകവികളിൽ ശ്രദ്ധേയനായ ജമാൽ മൂക്കുതല മലപ്പുറം സ്വദേശിയാണ്. 'പച്ചമൂടിയ മുറിവുകൾ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബിയിൽ പ്രവാസജീവിതം നയിക്കുന്നു.

You may also like