COLUMNS

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾകേരളത്തിന്‍റെ വഴികള്‍ –  7 

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ

കേരളത്തിന്‍റെ ചരിത്രം വിവിധ തരം കുടിയേറ്റങ്ങളുടേയും കുടിയിറക്കങ്ങളുടേയും കൂടി ചരിത്രമാണ്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പുതിയതും പഴയതും ആയ ആവാസ പരിസരങ്ങൾ പരിണമിച്ചാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെട്ടു വന്നത്. ഒരു കാലത്ത് ഒട്ടുമുക്കാലും വന നിബിഡമായിരുന്ന ഈ പ്രദേശത്ത്, തീര പ്രദേശങ്ങളിൽ വസിച്ചിരുന്നവർ നദികളിൽ കൂടി സഞ്ചരിച്ച്  ഇട നാടുകളിലേക്കും,  കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍, മലനാടുകളിലേക്കും കുടിയേറിയതും നമ്മുടെ സാമൂഹിക-,സാമ്പത്തിക ചരിത്രത്തിന്‍റെ ഭാഗം ആണ്.
ആയതിനാൽ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ, കൂടുതൽ വേതനം ലഭിക്കുവാൻ, ജോലിയന്വേഷിച്ചു വരുന്നവരെ പഴയ കുടിയേറ്റക്കാർ ആശങ്കയോടെ വീക്ഷിക്കുന്നതിൽ വലിയ കാര്യമില്ല. കഴിഞ്ഞ ഇരുപതു കൊല്ലമായി ഇതര സംസ്ഥാനങ്ങളില്‍  നിന്ന്‍ ആളുകൾ ഇവിടെ ജോലി തേടി വരുന്നതിന്‍റെ കാരണമെന്താണ്? അത് കേരളത്തിൽ ഉണ്ടാക്കുവാൻ ഇടയുള്ള സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?
ചില തൊഴിലുകൾ ചെയ്യുവാൻ ഉള്ള ആളുകളുടെ ലഭ്യത ഇവിടെ കുറഞ്ഞതാണ് ഇതിന്‍റെ മുഖ്യകാരണങ്ങളിലൊന്ന്‍.  കഴിഞ്ഞ മുപ്പതു വർഷങ്ങളില്‍  ഉണ്ടായ  സാമ്പത്തിക സാമൂഹിക പരിണാമമാണിതിന് പിന്നില്‍ . സംസ്ഥാനത്തെ  സാർവത്രിക വിദ്യാഭ്യാസ ത്തിന്‍റെ ഫലമായി സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വലിയ ശതമാനം,  സ്‌കൂൾ വിദ്യാഭ്യാസമോ   കോളേജ് വിദ്യാഭ്യാസമോ തൊഴിലധിഷ്ഠിത   വിദ്യാഭ്യാസമോ നേടി അഭ്യസ്തവിദ്യരായി.
അങ്ങനെ വളർന്ന പുതിയ മധ്യവർഗ്ഗ സംസ്ക്കാരം കേരളത്തിലെ 90% ആളുകളുടേയും കാഴ്ചപ്പാടുകളെ മാറ്റി മറിച്ചു. ഒരു പണാധിപത്യ ഉപഭോഗ സാമൂഹിക മാറ്റം ഉണ്ടാകുമ്പോൾ ജീവിതച്ചെലവുകൾ കൂടും. പക്ഷെ  അഭ്യസ്ത വിദ്യരായവർ കൂടുതൽ ‘മാസ ശമ്പളം’ കിട്ടുന്ന ‘മാന്യമായ’ ജോലി കാത്തിരിക്കും. കേരളത്തിൽ ഇങ്ങനെയുള്ള ജോലി കിട്ടുന്നത് സർക്കാർ വകുപ്പുകളിലും ചില അര്‍ദ്ധ സർക്കാർ, സ്വകാര്യ സംരംഭങ്ങളിലും മാത്രമാണ്.  കൂടുതൽ ശമ്പളം കിട്ടുന്ന ജോലി തേടി ഇന്ത്യയിലെ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ലോകത്തിന്‍റെ അറ്റത്തോളവും മലയാളി പോയി. ഗൾഫ് രാജ്യങ്ങളിൽ ഒഴിച്ച് മറ്റു രാജ്യങ്ങളിൽ ഒരു വലിയ വിഭാഗം മലയാളികൾ  കുടിയേറി. സംസ്ഥാനത്തെ  ജനന നിരക്കും കഴിഞ്ഞ ഇരുപത് കൊല്ലമായി എല്ലാ വിഭാഗങ്ങളിലും കുറയാൻ തുടങ്ങി. ഇക്കാരണങ്ങള്‍ കൊണ്ട്  പല മേഖലകളിലും തൊഴിലാളികളുടെ എണ്ണം കുറഞ്ഞു..
ജോലിക്കാര്‍ കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ അവരുടെ ലഭ്യത  കുറഞ്ഞാല്‍    വേതനം കൂടും എന്നത് സാമ്പത്തികശാസ്ത്രത്തിന്‍റെ ബാലപാഠമാണ്. അങ്ങനെ ഇന്‍ഡ്യയിലെ ഏറ്റവും കൂടുതൽ ദിവസവേതനം കിട്ടുന്ന സംസ്ഥാനമായി നമ്മുടേത്.  ദിവസക്കൂലിക്കു പണി എടുക്കുവാൻ തയ്യാറുള്ള ആളുകളുടെ എണ്ണം, എന്നിട്ടും, വല്ലാതെ കുറഞ്ഞു.
ഒരു പുതുപണ മധ്യവർഗ്ഗ സമൂഹത്തിൽ ദിവസശമ്പളം കിട്ടുന്ന ‘കൂലിപ്പണി’ ഒരു ‘കുറച്ചി’ലായി ഒരു വലിയ വിഭാഗം കാണാൻ തുടങ്ങിയതാണ് ഒരു കാരണം. കുറഞ്ഞ ‘സാലറി’ എന്ന മാസ ശമ്പളത്തിന് സ്വകാര്യ സ്‌കൂളുകളിലും സ്വാകാര്യ ആശുപത്രികളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ തയ്യാറാണെങ്കിലും താരതമ്യേന നല്ല വേതനം കിട്ടുന്ന ‘കൂലിപ്പണി’ ക്കു  പോകുവാൻ പുതിയ തലമുറയിൽ ഉള്ള മലയാളി തയ്യാറല്ല. ഗൾഫിൽ പോയി മെയ്യനങ്ങി, കോൺട്രാക്റ്റ് തൊഴിലാളികളായി പണി ചെയ്തു മാസ ശമ്പളം വാങ്ങി നാട്ടിൽ മധ്യ വർഗ്ഗ സാമൂഹിക ചുറ്റുപാടിൽ താമസിക്കുവാന്‍ മലയാളിക്ക് മടിയില്ല. അങ്ങനെ, അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം കൂടിയെങ്കിലും തൊഴിലാളി ക്ഷാമമുള്ള  സംസ്ഥാനമായി കേരളം !.
ഇത് സാമ്പത്തിക വളർച്ച കൈവരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും പൊതുവെ കാണുന്ന  മാറ്റമാണ്.  രണ്ടും തമ്മിലുള്ള  പ്രകടമായ ഒരു  വ്യത്യാസം നമ്മള്‍ കാണാതിരിക്കരുത് .  മറ്റു രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച അവിടെയുള്ള വ്യവസായ -സർവീസ് വളർച്ച കാരണമാണ്. മറിച്ച് കേരളത്തിലെ സാമ്പത്തിക വളർച്ച ഒരു ‘മാറ്റൊലി സാമ്പത്തിക’ ചുറ്റുപാടുള്ളതാണ്.  സംസ്ഥാനത്തിന്‍റെ  പ്രധാന വരുമാനം  തൊഴിലാളി കളേയും  പ്രൊഫഷണൽ ജോലിക്കാരേയും ആഗോള തലത്തിൽ കയറ്റുമതി ചെയ്തു കിട്ടുന്ന ‘റെമിറ്റൻസ്” സാമ്പത്തിക പരിസരം ആണ്. കേരളത്തിലെ സാമ്പത്തിക വളർച്ച ഒരു ‘ ഡെറിവേറ്റിവ് ഇക്കോണമി'( derivative economy) ആയതുകൊണ്ട് ആഗോള വിപണിയിൽ എണ്ണയുടെയും റബ്ബറിന്‍റെയും വില കുറയുമ്പോഴും കൂടുമ്പോഴും  നമ്മുടെ സാമ്പത്തിക രംഗത്തെ  കുലുങ്ങും . അമേരിക്കയിലും യൂറോപ്പിലെ രാജ്യങ്ങളിലും  ഉണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങളും കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും.
പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളിലും സ്കാന്‍റിനേവ്യൻ രാജ്യങ്ങളിലും ‘ വരുത്തരായ’ മെയ്തൊഴിലാളികളും (manual labours) തദ്ദേശീയരും തമ്മിലുള്ള സാമൂഹിക സംഘർഷങ്ങൾ ഇപ്പോൾ കൂടുതൽ ദൃശ്യമാണ്. അവിടെയുള്ള മധ്യവർഗ്ഗ സമൂഹങ്ങൾ ‘വൈറ്റ് കോളർ’ ജോലി എന്ന ഓഫീസ് ജോലികൾ മാത്രം തേടുമ്പോൾ ‘ബ്ലൂ കോളർ’ ജോലി എന്ന കായിക അദ്ധ്വാന ജോലികൾ കൂടുതൽ ‘വരുത്തൻമാ’ രാണ് ചെയ്യുന്നത്. സാമൂഹികമായി ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണം സാമ്പത്തിക സാംസ്കാരിക ചുറ്റുപാടുകളാണ്. അതിലൊന്ന് ജനനനിരക്കിൽ ഉള്ള കുറവും തൊഴിലാളി ക്ഷാമവും ആണ്. യൂറോപ്പിൽ ‘അദ്ധ്വാന വർഗ്ഗങ്ങൾ’ ആയി കുടിയേറുന്ന ഒരു വലിയ സമൂഹം മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു വംശങ്ങളിൽ നിന്നും മറ്റു ഭാഷകളിൽ നിന്നും മറ്റു മതങ്ങളിൽ നിന്നും ഉള്ളവരാണ്.   ‘വരുത്തരായ’ അന്യ മതസ്ഥരും(വലിയ ഒരു വിഭാഗം മുസ്ലിങ്ങൾ)  നൂറ്റാണ്ടുകളായി അവിടെയുള്ള  തദ്ദേശ വാദികളും തമ്മിൽ  സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക സംഘർഷങ്ങൾ യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ദൃശ്യമാണ്.
ഇതിൽ നിന്ന്  പാഠമുൾക്കൊണ്ട്, പുതിയ സാമൂഹിക നയ രൂപങ്ങളെ(social policy) കുറിച്ച്  കേരളം ചർച്ച ചെയ്യേണ്ടതുണ്ട്.
എന്താണ് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്?  കൂടുതൽ പണം കിട്ടുന്ന ജോലി തേടി 15 തൊട്ട് 20 % വരെയുള്ള ആളുകൾ, ഇവിടെ നിന്ന്‍  ഇന്‍ഡ്യയിലെ നഗരങ്ങളിലും വിദേശ നഗരങ്ങളിലും ചേക്കേറി. ഇവരില്‍  വലിയൊരു വിഭാഗം  തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. അതേ സമയം സംസ്ഥാനത്തിലെ  ജനസംഖ്യയുടെ ഏതാണ്ട് 10% ത്തിന് തുല്യമായ ആളുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ തൊഴിൽ ചെയ്യാൻ വരുന്നു. ഇപ്പോൾ അവരിൽ ഭൂരിഭാഗം ‘സീസണൽ’ തൊഴിലാളികളാണ്. അവരുടെ യഥാർത്ഥ സ്ഥിതി വിവര കണക്കുകളെ കുറിച്ച് ഇനിയും കൃത്യമായ ധാരണ ഉണ്ടോയെന്ന് സംശയമാണ്. കേരള സർക്കാരും തൊഴിൽ വകുപ്പും ചില ഗവേഷണ സ്ഥാപനങ്ങളും ചില പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്.
ഇതര സംസ്ഥാന തൊഴിലാളികളും അവിടങ്ങളില്‍  നിന്ന് ഇവിടെ ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യാൻ വരുന്നവരും ക്രമേണ കേരളസമൂഹത്തിലെ ഒരു വിഭാഗമാ കുവാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത്  മലയാളം സംസാരിക്കാത്തവരുടെ എണ്ണം  കൂടാനും  ഇടയുണ്ട്. വരും കാലങ്ങളിലെ മാറ്റത്തിന്‍റെ സൂചനകൾ ആണിത്.
ഇപ്പോൾ തന്നെ ഇതര സംസ്ഥാന തൊഴിലാളികളും മലയാളി ‘ലോക്കൽസു’ മായി പല സ്ഥലങ്ങളിലും ഉരസൽ തുടങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ മലയാളികളിൽ വലിയൊരു വിഭാഗം മധ്യവർഗ്ഗ കാഴ്ച്ചപ്പാടുകൾ സ്വാംശീകരിക്കുകയും യഥാർത്ഥ ‘ തൊഴിലാളികൾ’ ഇതര സംസ്ഥാനത്തു നിന്നുള്ളവരാകുകയും ചെയ്യുമ്പോൾ  ‘ തൊഴിലാളി വർഗ്ഗ പാർട്ടികൾ എന്ന വാദിക്കുന്നരുടെ നില പോലും പരുങ്ങലിൽ ആവാനിടയുണ്ട്.
വലിയ സാമൂഹിക പ്രശ്നം വേറൊന്നാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികളിൽ ഭൂരിഭാഗവും രണ്ടാം തരം മനുഷ്യരും പൗരന്മാരുമായാണ് കാണുന്നത്. ഇതിന് ഒരു പരിധിവരെ കാരണം കേരള സമൂഹത്തിൽ മേൽക്കോയ്മ നേടിയ സവർണ മനോഭാവമാണ്.ഇതര സംസ്ഥാന തൊഴിലാളികളികളിൽ ഭൂരിഭാഗം പേരും പാവപ്പെട്ട ദളിതരും മുസ്ലിങ്ങളും ആണെന്നുള്ളത് ഈ സാമൂഹ്യ വിവേചനത്തിന് ഇടമൊരുക്കുന്നുമുണ്ട്.   കൊലപാതകങ്ങളോ ഭവന ഭേദനങ്ങളോ ഉണ്ടായാൽ സമൂഹത്തിന്‍റെ സംശയം നീളുന്നത് പലപ്പോഴും  ഇവരുടെ നേരെയാണ് .
കേരളത്തിൽ നിന്ന് പതിനേഴായിരം കോടി മുതൽ ഇരുപതിനായിരം കോടി വരെ ഇവർ ‘കടത്തി’ ക്കൊണ്ട് പോകുന്നു എന്ന് പരിതപിക്കുന്നവര്‍ ഓർക്കേണ്ടത് കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് നിദാനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഇവിടെ വരുന്ന പണമാണ് എന്ന വസ്തുതയാണ് . ഇവിടെ വരുന്ന പണത്തിന്‍റെ അഞ്ചില്‍  ഒന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഇവിടുത്തെ ഇപ്പോഴത്തെ സാമ്പത്തിക വളർച്ചയുടെ സ്വഭാവം കൊണ്ടാണ്.
ഇവിടെ വസിക്കുന്ന ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കേരള സർക്കാരിന് നികുതി വരുമാനവും ഭാഗ്യക്കുറി വരുമാനവും നൽകുന്നുണ്ട്. പക്ഷെ കേരള സർക്കാർ ബജറ്റിൽ ഈ തൊഴിലാളികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇവരിൽ വലിയ ഒരു വിഭാഗം താമസസൗകര്യമടക്കം ഒന്നും ഇല്ലാതെ കഴിയുന്നവരാണ്. ചെറിയ മുറികളിൽ അഞ്ചും പത്തും പേര് ഒരുമിച്ചാണ് കഴിയുന്നത് .
ഇതര സംസ്ഥാനങ്ങളിൽ നിന്നു ഇവിടെ ജോലിക്കു വരുന്നവരും ഇവിടെ കുടിയേറാൻ സാധ്യത ഉള്ളവരും  ഇവിടത്തെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിൽ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇപ്പോൾ തന്നെ ബംഗാളിൽ നിന്ന് ഇവിടെ വരുന്നവർ ബംഗ്ലാദേശ് ‘മുസ്ലിങ്ങൾ’ ആണെന്നും അവരെ സൂക്ഷിക്കണം എന്നും സംഘ്പരിവാർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ പുതിയ കുടിയേറ്റങ്ങൾ കാരണം മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Comments
Print Friendly, PDF & Email