പൂമുഖം COLUMNS ഒരിക്കൽ തുറന്നാൽ അടയാത്ത വാതിലുകൾ- 1

ഒരിക്കൽ തുറന്നാൽ അടയാത്ത വാതിലുകൾ- 1

ലയാളത്തിലെ ഏറ്റവും പുതിയ കവിതയെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ ടൈം ലൈനിൽ പോസ്റ്റു ചെയ്തു തുടങ്ങിയിട്ട് കുറച്ചു കാലമായി .പുതു കവിതയിൽ എന്നെ ബാധിച്ച കാവ്യാനുഭവങ്ങളെ അല്പം വൈകാരികതയോടെ നോക്കാനുള്ള ഒരു പരിശ്രമമായി സുഹൃത്തുക്കൾ ഇതു മനസ്സിലാക്കുന്നുണ്ടാവണം. ഒരു സാഹിത്യ വിദ്യാർത്ഥി എന്ന നിലയിലും വായനക്കാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും കവിതയിലുള്ള ഒന്നാം ജീവിതത്തിനുള്ള വാഴ്ത്താണിത്.പുതു കവിതയെ ക്കുറിച്ചുള്ള ഒരു വികാര ഭൂപടം നിർമ്മിക്കുകയാണ് ലക്ഷ്യം. എണ്ണക്കണക്ക് വളരെ കൂടുതലുള്ള പുതു കവിതയിൽ എന്നെ ബാധിക്കുന്നതെന്ന -ആത്മനിഷ്ഠതയ്ക്കാണ് ഈ കുറിപ്പുകളിൽ മുൻതൂക്കം.ശ്രീകുമാർ കരിയാട്, ടി.പി.വിനോദ് ,എസ് കണ്ണൻ, എം.ആർ രേണു കുമാർ, അനൂപ്‌ കെ ആർ,പി.എ നാസിമുദ്ദീൻ, ഡോണ മയൂര, സിന്ധു.കെ.വി തുടങ്ങി കുറച്ചു പേരുടെ കവിതകൾ ഇങ്ങനെ കുറിപ്പായി വന്നു. വിശദാംശങ്ങളല്ല വികാര സൂക്ഷ്മതയാണ് ഈ കുറിപ്പുകളിലുള്ളത്. അതു കൊണ്ട് നിരൂപണാംശമുള്ള ആസ്വാദനമായി പരിഗണിച്ചാൽ മതി. ചെയ്യുമെന്ന് സ്വപ്നത്തിലുള്ള മറ്റൊരു അന്വേഷണത്തിന്റെ കല്ലിടൽ.ഇത്രയും പറഞ്ഞത് ഞാൻ ഈ കുറിപ്പുകൾക്ക് ഒരു പേരിടുന്നുവെന്നത് അറിയിക്കാനാണ്‌- ‘ ഒരിക്കൽ തുറന്നാൽ അടയാത്ത വാതിലുകൾ ‘ പേരിട്ടു വിളിച്ചാൽ രണ്ടുണ്ട് കാര്യം വായിക്കാൻ താത്പര്യമില്ലാത്തവർക്ക് വേഗം ഒഴിവാക്കാം. വായിക്കുന്നോർക്ക് അതുമാവാം.


 

sree

പ്രഭാതകാല പ്രഭാകരൻ തന്നെയാണ് സായംകാലഭാസ്കരനായി സൈക്കിൾ ചവിട്ടിപ്പോവുന്നത്

ശ്രീകുമാർ കരിയാടിന്റെ സ്റ്റാറ്റസുകൾ പുതുകവിതയിലേക്കുള്ള സൂക്ഷ്മ ജാലകങ്ങളാണ്. ഫേസ്ബുക്ക് സ്റ്റാറ്റസുകൾ ഒരു കാവ്യ ജനുസ്സായി രൂപം മാറിയതിന്റെ മികച്ച ഉദാഹരണമാണ് കരിയാടിന്റെ സ്റ്റാറ്റസുകൾ – വർത്തമാനകാലത്തോടു സൂക്ഷ്മ ബന്ധങ്ങളുണ്ട് അവയ്ക്ക് .എന്നാൽ അവയുടെ പരാവർത്തനങ്ങളല്ല പകരം കാലാനുഭവങ്ങൾക്ക് കുറുകെ അയഞ്ഞ മട്ടിൽ സഞ്ചരിക്കാനാണ് അവ യത്നിക്കുന്നത്. നേർത്ത ഉപഹാസവും കലാപരമായ ആർജ്ജവും അവ അലങ്കാരമാക്കുന്നു. പേരിടാത്ത ഒറ്റവരി കവിതയായിരസിപ്പിക്കുന്നു. തത്കാലത്വമാണു് അവയുടെ മുഖമുദ്ര, ഫേസ് ബുക്ക് സ്റ്റാറ്റസ് കവി ത യുടെ ഒരു ഭൗതികസ്ഥലമായി മാറിയതോടെ കവിത ഒരു പുതിയ ജനുസ്സിനെ സ്വാംശീകരിക്കുന്നതിന്റെ വഴികൾ കരിയാടിന്റെ സ്റ്റാറ്റസുകളിൽ അടയാളപ്പെട്ടിട്ടുണ്ട്, കവിതയെ ദൈനംദിന വ്യവഹാരങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വരുന്നതിലാണ് അതിന്റെ മർമ്മം – താത്കാലിക വായനയും തത്കാലത്വവുമാണ് ഇങ്ങനെ സ്റ്റാറ്റസിൽ രൂപപ്പെടുന്ന വരികളുടെ വിശേഷത്വം .തത്കാലത്വവും തത്സമയവും ഒരു മോശപ്പെട്ട കാര്യമാണെന്നാണ് നാം ധരിച്ചു പോരുന്നത്.പുതു ജീവിതത്തിന്റെ ഒരു സവിശേഷതയെന്ന നിലയിൽ തത്കാലത്വത്തെയും തത്സമയത്തെയും മുതലാളിത്ത സമയതന്ത്രമായി കരുതുന്നതാണ് നമ്മുടെ നSപ്പു സാംസ്കാരിക വിമർശം. (ഇപ്പോൾ – എന്ന പദം പുതുകാലത്തെക്കുറിക്കുന്ന താക്കോൽ വാക്കായെടുത്ത് സാംസ്കാരിക വിമർശം നടത്തുന്ന കല്പറ്റ മാഷിന്റെ തത്സമയം എന്ന ഗ്രന്ഥം ഉദാഹരണം. ആ വിമർശനങ്ങൾ പ്രവർത്തിപ്പിക്കുന്ന യുക്തികൾക്ക് സാധുതയില്ലെന്നല്ല, എന്നാൽ അതു പുതുജീവിതത്തെ കുറിക്കുന്ന അവസാനവാക്കല്ല.) തത്സമയം ഭൂതഭാവികളുടെ നിരാകരണമാണെന്നു സമകാലികമായ ദൃശ്യസംസ്കാരത്തിന്റെ യും സംസ്കാര വ്യവസായത്തിന്റെ യും പശ്ചാത്തലത്തിൽ സ്ഥാപിച്ചെടുക്കുമ്പോൾ സമകാലം സ്വതസിദ്ധമായി രൂപപ്പെടുത്തുന്ന ചില സമയതന്ത്രങ്ങൾ അവഗണിക്കപ്പെടുന്നുണ്ട്. ഫേസ് ബുക്ക് സ്റ്റാറ്റസ് ഒരു തത്കാലത്വമാണ്. സൗഹൃദങ്ങൾക്കിടയിലേക്ക് അയക്കപ്പെടുന്ന ഒരു തത്കാലത്വം. ഒരു കൂട്ടത്തോട് ഒരു നിശ്ചിത സന്ദർഭത്തിലുള്ള ഒരു മിണ്ടലി നോളമേ അതിനു് പ്രസക്തിയുള്ളൂ.ഏറിയാൽ മൂന്നോ നാലോ ദിവസം; അതുമല്ലെങ്കിൽ ഗ്രൂപ്പിലെ അവസാനയാളും കാണും വരെ. പുതിയത് വരുമ്പോൾ പഴയത് മാറിപ്പോകുന്നു. ചിലപ്പോൾ പഴയതിന്റെ രൂപം ഒരു വലിയ കവിതയിലേക്ക് മാറിയെന്നും വരാം. ഈ പ്രസക്തമാകലിലും മാറിത്തീരലിലും ഭാഷയെ ജീവിത വ്യവഹാരത്തോടിണക്കുന്ന ഒരു രസം പ്രവർത്തിക്കുന്നുണ്ട്-ഈ രസമാണ് എഴുത്തു കർതൃത്വത്തെ പൂർത്തിയാക്കുന്നത്- സ്റ്റാറ്റസിൽ മാത്രമല്ല അതല്ലാതെ സങ്കല്പിക്കപ്പെടുന്നവയിലും ഉണ്ട് ഈ അനുഭവം. ഈ തത്കാലത്വമാണ് പുതുകവിതയെ പ്രതീകങ്ങളുടെ ടെ ഭാരത്തിൽ നിന്ന് മോചിപ്പിക്കുന്നത്. കരിയാടിന്റെ സ്റ്റാറ്റസുകളാണ് ഈ ചിന്തയെ പ്രലോഭിപ്പിച്ചത്. ലോകാവസാന വാർത്തകൾ കാടുകയറിയപ്പോൾ കരിയാട് സ്റ്റാറ്റസ് ഇങ്ങനെ – ലോകം അവസാനിക്കുകയല്ല, വാസനിക്കുകയാണ് – വാസനിക്കുന്ന ലോകത്തിൽ നിന്നാണ് കാവ്യപുരുഷന്റെ നീലക്കരിമ്പഴി കൂടി നെക്കുറിച്ച് അദ്ദേഹത്തിന് പറയാനാവുന്നത്. സ്റ്റാറ്റസുകളിലെ മുന കൂർത്ത ചിരി ഈ കവിതയിൽ വീണ്ടും കൂർത്ത് നിൽക്കുന്നത് കാണാം

ഭൂമി വിട്ടുള്ളോരു മട്ടിലു മങ്ങനെ
ആരെയോ യോർത്തു ഭയന്നു കൊണ്ടങ്ങനെ
നേരം വരുന്നതിനൊച്ച കേട്ടങ്ങനെ
പാരം വിയർപ്പിൽ കുളിച്ചു കൊണ്ടങ്ങനെ


vinod

മൗനം മെനയുന്ന മാരക വിനിമയം

പുതു കവിതയുടെ ഭൂപടത്തിൽ ടി.പി വിനോദിന്റെ കവിത പ്രാചീനമായ ഒരു ഭൂപ്രദേശമാണ് – ചിന്തയും മൗനവുമാണ് ഈ സംസ്കാരിക ദേശത്തിന്റെ ആധാരശ്രുതി. കനം തൂങ്ങുന്ന മൗനവുമായി ,സ്വന്തമായി ഒരു ദേശവും വഹിച്ച് പറന്നിറങ്ങുന്ന പക്ഷികളാണവ. മലയാളിക്ക് കവിത ചിന്തയുടെ ഉപാധിയും ആധാരവുമാണ് പ്രാചീന കാലം മുതലേയെന്നതിനാൽ, വിടർച്ചയുള്ള ഒരു മലയാളിത്തം വിനോദിന്റെ കവിതയിലുണ്ട്.പ്രതീകങ്ങളുടെ ഭാരമുപേക്ഷിച്ച് ചിന്തയെ വാക്യങ്ങളുടെ വളവുകളിലേക്കും തിരിവുകളിലേക്കും കൊണ്ടുപോവുന്ന കൗതുകമാണ് വിനോദിന്റെ കവിതയെ ആകർഷകമാക്കുന്നത്.

‘നിന്നെപ്പൊലൊരുത്തൻ എന്തെങ്കിലും
വിചാരിച്ചിട്ടോ വിചാരിക്കാതിരുന്നിട്ടോ
പറഞ്ഞിട്ടോ പറയാതിരുന്നിട്ടോ
എഴുതിയിട്ടോ എഴുതാതിരുന്നിട്ടോ
പ്രസിദ്ധീകരിച്ചിട്ടോ പ്രസിദ്ധീകരിക്കാതിരുന്നിട്ടോ
ഇവിടെ ഒരു ചുക്കും സംഭവിക്കുകയില്ല’

‘ഒരു സംശയം,
ഈ ചുക്ക് ഒരു വസ്തുവല്ലേ ?
അതെങ്ങനെയാണ്‌ സംഭവിക്കുക ?’

‘അത് ഞാൻ ആലങ്കാരികമായി
പറഞ്ഞതാണ്. ‘

‘ഓ, അപ്പോൾ ആലങ്കാരികമായി
ചിലതൊക്കെ സംഭവിക്കുന്നുണ്ടല്ലേ?
അത് നല്ലതല്ലേ?’

ആലങ്കാരികമായി സംഭവിക്കുന്ന ചിലതാണ് വിനോദിന്റെ കവിത .അതു നല്ലതാണ്. കവിത നിർവ്വഹിക്കുന്ന രാഷ്ടീയ വൃത്തിയെക്കുറിച്ച് പുതു കവിത അത്രയുംസുതാര്യമായി സംസാരിക്കുന്നത് വിനോദിന്റെ ഈ കവിതയിലാണ്.
ഭാഷയുടെ ആഴം എന്നത് നമുക്ക് കവിതയോടുള്ള ശീലത്തെ പ്രകാശിപ്പിക്കുന്ന ഒരു പ്രയോഗ മാണ്. ആഴം അനുഭവിപ്പിച്ചവയാണ് നമ്മുടെ മഹദ് രചനകളെല്ലാം – ശുഭ്രവീചീ ഭംഗവ്യാകുലജലമാർന്ന സാഗരങ്ങൾ – എന്നു ആശാനെഴുതുമ്പോൾ ഈ ആഴമാണ് നമ്മെ വിഭ്രമിപ്പിക്കുക. ഓരോ കാലത്തും ഭാവ ലോകത്തെ സംഭവങ്ങൾ സൂക്ഷ്മമായ വ്യത്യാസപ്പെടും.പരിണാമിയാണിവ. അതുകൊണ്ടാണ് ആഴത്തിന്റെ കാവ്യ ഭാഷയിൽ നിന്ന്‌ പുതു കവിത പുറത്തേക്കു നടക്കുന്നത്. ഭാഷയിൽ കവിതയുടെ ജലനിരപ്പ് കുറയുകയാണെന്ന് പഴയ തലമുറയ്ക്ക് തോന്നിയേക്കാം. എന്നാൽ ആഴമല്ല തരംഗമാണ് (രൂപക മുപയോഗിച്ച് പറഞ്ഞാൽ ) പുതുകവിതയെ പ്രചോദിപ്പിക്കുന്നത്.വിനോദിന്റെ കവിത ഇത്തരത്തിൽ സഞ്ചരിക്കുന്ന തരംഗമാലകൾ പോലെ തോന്നിപ്പിക്കും. ആഴമുണ്ട് അതിന്. തരംഗങ്ങളുടെ ശക്തിവിശേഷംകൊണ്ട് ഊഹിക്കേണ്ടുന്ന ആ ഴമാണെന്നു മാത്രം

ഞാന്‍ എന്നോട്
പറഞ്ഞ/പറയുന്ന
വാക്കുകള്‍ക്കേ
എന്തെങ്കിലും
അര്‍ത്ഥമൊക്കെ ഉള്ളൂ

അല്ലാത്ത പറച്ചിലുകളും
വാക്കുകളും പാട്ടുകളുമെല്ലാം
എന്നോടുള്ള യുദ്ധത്തില്‍
ലോകം തോല്‍ക്കുന്നതിന്‍റെ
പശ്ചാത്തലസംഗീതം
മാത്രമാണ്.
( അ ർ ത്ഥം)
മാരകമായ ഒരു ആകർഷണം വിനോദിന്റെ കവിതകൾക്കുണ്ട് ,ശാരീരികമായി ബാധിക്കുന്ന ( എല്ലാ നല്ല കവിതകളേയും പോലെ) ഒന്ന്‌. മൗനം മെനയുന്ന മാരക വിനിമയമായി അതു മാറുന്നു.

എവിടെ നിന്നാണ്?
– എന്റെ കുട്ടിക്കാലത്ത് നിന്ന്.
അതല്ല, ഏത് സ്ഥലമെന്നാണ്?
– കാലവും ഒരു സ്ഥലമാണ്,
നിങ്ങൾക്കറിയാഞ്ഞിട്ടാണ്.
( പരിചയപ്പെടുന്നു.)


renukumar
സംസ്കാരത്തെ നിരന്തരം അപഗ്രഥിച്ചു കൊണ്ടിരിക്കുന്ന കവിത

തൊണ്ണൂറുകളിലെ മലയാളകവിതയെ പുതുകവിതയായി പരിണമിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട പ്രേരകശക്തിയും രാസത്വരകവുമായി പ്രവർത്തിച്ചത് ദലിത് ഇടപെടലുകളാണ്. ആധുനികതാവാദ കവിതയുടെ അവയുടെ തുടർച്ചകളുടേയും ശബ്ദമുഖരിതമായ പാരമ്പര്യത്തോടേറ്റുമുട്ടി മനുഷ്യജീവിത നിരാസത്തിലേക്കു വീഴുമായിരുന്ന കവിതയിൽ പുതുവഴി വെട്ടിയത് ദലിത് കവിതയാണ്. സാമാന്യ മനുഷ്യനെന്ന ആധുനികതാ പ്രതീകത്തെ അസ്ഥിരപ്പെടുത്തുന്ന കർതൃ കേന്ദ്രങ്ങളെ സൃഷ്ടിച്ചു കൊണ്ടും പുതു ഭാഷ സൃഷ്ടിക്കാൻ പ്രയാസപ്പെടുന്ന കവിതയിൽ മറ്റൊരു ജീവിതം കൊണ്ടുവന്നും മാറ്റിപ്പണിയുകയായിരുന്നു ദലിത് കവിത. മനുഷ്യേതര പ്രകൃതി കവിതയിൽ കൊണ്ടുവന്നും ആഖ്യാന കേന്ദ്രത്തിലേക്ക് കുഞ്ഞുങ്ങളുടെ ലോകബോധത്തെ പ്രതിഷ്ഠിച്ചുകൊണ്ടു മെല്ലാം പുതുവഴികളുടെ അന്വേഷണത്തിൽ മുഴുകിയിരുന്ന അക്കാലത്തെ കവിതയ്ക്ക് മനുഷ്യജീവിതത്തെ തിരിച്ചു കൊടുത്തത് ദലിത് കവിതയാണ്. ഇങ്ങനെ തിരിച്ചുപിടിക്കപ്പെട്ട ജീവിതമാണ് പുതു കവിതയുടെ സാമാന്യ പ്രതലത്തെ മലയാളത്തിൽ ഉറപ്പിച്ചത്.എസ്.ജോസഫിന്റെ കവിത ഈ ധർമ്മനിർവഹണത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. ജോസഫിന്റെ കവിതയുടെ വളർച്ചയും പരിണാമവും ശ്രദ്ധിച്ചാൽ ഇതു വ്യക്തമാവും’ ആധുനികതാവാദാനന്തരത എന്ന ഹ്രസ്വ പ്രതിഭാസത്തിൽ അസ്തമിക്കുന്നില്ല, അത്.ജോസഫ് ഒരു പുതു കാവ്യ വഴക്കം തന്നെയുണ്ടാക്കി. ഒരുതരം ജോസഫ് വൃത്തം. ജോസഫിന്റെ കവിതകളിലെ സൗമ്യതയും ചരിത്രത്തിലെ അവഗണിക്കപ്പെട്ട വംശത്തെ ഓർമ്മകളിലൂടെ നിർമമമായി വരച്ചു വെക്കുന്ന രീതിയും ആ കാലത്തിന്റെ ആവശ്യകതയുടേയും പ്രകാശനമാണ്. അതിനെ മറികടക്കാൻ പിന്നാലെ വന്ന അത്തരം പിന്തുടർച്ചയിലുള്ള കവികൾക്കായോ എന്നു സംശയമാണ്. പലരും ജോസഫ് സൃഷ്ടിച്ച വൃത്തത്തിൽ കുടുങ്ങി അകാലവാർദ്ധക്യത്തിലെത്തി. ശക്തമായ പ്രസാരണ ശേഷിയുമായി വന്ന ജി.ശശി മധുരവേലി (ബലിക്കാക്ക എന്ന സമാഹാരം) കാവ്യ ഭാഷയെ വികസിപ്പിച്ചു കണ്ടില്ല.സി.അയ്യപ്പന്റെ ഉച്ചമയക്കത്തിലെ സ്വപ്നങ്ങൾ എന്ന കഥാസമാഹാരമുണ്ടാക്കിയ തീവ്രതകളോളം ശശിയുടെ ചില കവിതകൾ പ്രതീക്ഷയുണ്ടാക്കിയിരുന്നു. കാവൽ ഭൂതം’’ എന്ന കഥയുണ്ടാക്കിയ ആഘാതം കവിതയിൽ സൃഷ്ടിക്കാനായ ഒരു കവി എം.ആർ.രേണുകുമാറാണ്.രേണു കുമാറിന്റെ പല കവിതകളും ജോസഫിന്റെ വഴിയിൽ സഞ്ചരിക്കുന്നവയാണെങ്കിലും അതിൽ നിന്നു ഭിന്നനായ മറ്റൊരു രേണുകുമാറുണ്ട്. ദലിത് കവിതയെ സാമാന്യവത്കരിക്കുന്ന പലർക്കും പിടികിട്ടാത്ത ഒരു രേണുകുമാറാണത്. സ്ഫോട ശേഷിയുള്ള ആ രേണുകമാറിനെ ഓർമ്മകളുടെ സൗമ്യ ദൈന്യങ്ങളിലേക്ക് മയക്കിക്കിടത്തുകയാണ് പല സാമാന്യ വായനകളും. ഓർമ്മകളിലൂടെയുള്ള ചിത്രം വരയലല്ല രേണുകമാറിന്റെ കവിതയുടെ മർമ്മം.വ്യത്യസ്തമായ മറ്റൊരു വഴിയാണത്.അദ്ദേഹത്തിന്റെ കെണി നിലങ്ങളേക്കാളും താൻപോരിമ പ്രകടമാക്കുന്ന സമഹാരങ്ങൾ വെഷക്കായയും പച്ചക്കുപ്പിയുമാണ്.മലയാളത്തിന്റെ ദലിത് പുതുകവിതയുടെ വഴി അവയിൽ അടയാളപ്പെട്ടിരിക്കുന്നു. എഴുത്തിൽ സി.അയ്യപ്പനുണ്ടാക്കിയ ഊർജ്ജശേഷിയുടെ സ്വരൂപമാണത്. വെഷക്കായ, അപ്രതീക്ഷിതം ,മൊഴി, കൂട്ടുകാരി, നിന്നോടാണെനിക്കിഷ്ടം, കരിനീലപ്പച്ച,കണ്ണീ ചോര, മനപൂർവമല്ലാത്ത ,തുടങ്ങിയ കവിതകൾ ഓർമ്മയെ ഫെറ്റിഷ് ആക്കുന്നവയല്ല. അതിശക്തമായ അപഗ്രഥനശേഷി പ്രകടമാക്കുന്നവയാണ് ഇവയിലെ ബിംബ നിർമിതി. സ്ഫോട ശേഷിയുള്ള ഈ കവിതകൾ വേദനിച്ചു ജീവിച്ചു മരിച്ച, കൊല്ലപ്പെട്ട മനുഷ്യക്കൂട്ടങ്ങളെയാകെ എഴുന്നേൽപ്പിച്ചു കൊണ്ടു വരുന്നു.
ഉച്ചിയിൽ
കുടം വന്നു വീഴുമ്പോൾ
ഓർമ്മ കൊണ്ട്
ഇണയുടെ ഉടൽ
കൂർമ്പിച്ചെടുത്ത്
തന്നത്താൻ സ്നേഹിച്ച്
രസിക്കുകയായിരുന്നു.
അതുകൊണ്ടാണ്
പന്നി മാതിരി
ഞാനങ്ങനെ അമറിപ്പോയത്.
മുഞ്ഞി കുത്തി വീണ്
കിറിയങ്ങനെ വികൃതമായി
കോടിപ്പോയത്
ചെളിമണ്ണിനെ
കച്ചിത്തുരുമ്പാക്കി
ഞെക്കിപ്പീച്ചി
കരയിൽ പിടയും മീനായത്
ഒന്നു കോച്ചി വലിച്ച്
മലം മൂത്രം ശുക്ലം
ജീവനും വിസർജ്ജിച്ചത്.
സാറൻമർക്കൊക്കെ
വലിയ ബുദ്ധിമുട്ടായിരുന്നല്ലേ
മനപൂർവ്വമായിരുന്നില്ല, ഒന്നും

ഈ പുരുഷന്റെ നില കരിമ്പഴിക്കൂട്ടിൽ തത്കാലത്തിന്റെ ആകാംക്ഷയിലുള്ളതുതന്നെ. അതിനാൽ നൈമിഷികമായതും തത്കാലമായതും പുതു ജീവികൾക്ക് അനന്തമായ കാവ്യാർത്ഥമാണ് – പഴിക്കരുതേ അവയെ .അവയാണ് ജീവിതം


kannan

ഇന്ദ്രിയങ്ങളെ അഴിക്കുകയും പുതുക്കുകയും ചെയ്യുന്ന കവിത

കണ്ണന്റെ കവിത വായിക്കുമ്പോൾ വളരെ വേഗം നാം ശാരീരികമായ ഒരു പ്രയാസത്തിലേക്കു ചെന്നു വീഴും. നമ്മുടെ ഇന്ദ്രിയങ്ങളെല്ലാം ഒരു പ്രതിസന്ധിയിൽ പെട്ടതു പോലെ വേദനിക്കും. അവ പ്രവർത്തിക്കാതാവും.ഇന്ദ്രിയങ്ങളെ അടച്ചുകളയുന്നോ ഈ കവിത? എന്ന പരിഭ്രമത്തിലേക്ക് നാം കൂപ്പുകുത്തും. വായനയിൽ ശീലിച്ച സുഗമവഴികളിൽ തങ്ങിനിൽക്കുന്നവർ പരിഭ്രമിച്ചു മടങ്ങിപ്പോയേക്കാം. എന്നാൽ ഈ അടയ്ക്കലിൽ നിന്നാണ് കണ്ണന്റെ കവിത യഥാർത്ഥത്തിൽ തുറക്കുന്നത് .ഭാഷയുടെ നടപ്പു കാലത്തിലല്ല അവയുടെ നിൽപ്പ്. വരാനിരിക്കുന്ന പുതുക്കങ്ങളിലാണ് അതിന്റെ ശ്രദ്ധ. ഇന്ദ്രിയങ്ങളുടെ വഴക്കങ്ങളെ അഴിച്ചു കളഞ്ഞു കൊണ്ടാണ് യഥാർത്ഥത്തിൽ ഈ കവിത പ്രവർത്തിക്കുന്നത്.പുതു കവിതയിലെ പുതുത് എന്നതിൽ മുഗ്ധമാണ് കണ്ണന്റെ കാവ്യ പരിശ്രമങ്ങൾ .അതു പുതു ത് തന്നെയാണ്.

വെയിലുള്ള കരയ്ക്കടുത്തിളകുന്ന നിഴൽ
അകലെ മലകളിൽ
പരക്കും മഞ്ഞിനിടക്കോരോ
വെളുത്ത പൂക്കൾ
പാടത്തൊറ്റയ്ക്കായ മരപ്പച്ചത്തഴപ്പിൽ
പകൽ കഴിക്കുവാൻ രാത്രി
നിൽക്കുന്നതായിത്തോന്നി

എന്നു പറയുന്നതിലെ വിന്യാസ ഭംഗി ഭാഷയിൽ വാക്കുകൾ വിന്യസിക്കുന്നതിലുള്ളതു മാത്രമല്ല, അവ ലോകത്തെ പുതിയ ക്രമത്തിൽ അടുക്കുന്ന വിധവും കൂടിയാണ്. ഈ അർത്ഥത്തിൽ കണ്ണന്റെ കവിതയക്ക് ഒരു തിയറ്റർ സ്വഭാവമുണ്ട്. അർത്ഥങ്ങളെ അഴിച്ചു കളഞ്ഞ് വസ്തുക്കൾക്ക് പുതിയ അർത്ഥവും താളവും നൽകുന്ന പുതിയൊരു രം ഗ സ്ഥലം അവ നിർമ്മിക്കുന്നു;പുതിയൊരു നാടകവും. നടന്നു പോകുന്ന വഴിയിൽ എന്നൊരു കവിതയുണ്ട് കണ്ണന്റേതായി. പുതിയൊരു രം ഗാഖ്യാനം പോലെ തീവ്രമാണത്. ഒരു പക്ഷേ ഈ തിയറ്റർ സ്വഭാവം ഭാഷയുടെ വഴക്കങ്ങളിൽ നിന്ന് വാക്കിനെ – കവിതയെ രക്ഷിച്ചെടുക്കാനുള്ള വിദഗ്ധമായ ഒരു പരിശ്രമമാണ് .കണ്ണൻ കവിതയെ മുന്നോട്ട’ നയിക്കുന്നത് ഇത്തരത്തിലാണ്.മഴ മഴുവും മൊഴിയുമായി ത്തിരുന്ന വാഗ്ശീലങ്ങളെ ഒരു കവിതയിൽ കണ്ടെടുക്കുന്നതു പോലെ പുതുക്കത്തിലേക്കുള്ള നിരന്തരാന്വേഷണം ഈ കവിതകളിലുണ്ട്. വഴങ്ങിക്കിടക്കുന്ന ഇന്ദ്രിയങ്ങളെ ശീലങ്ങളിൽ നിന്നു മോചിപ്പിച്ച് പുതിയ കൂർപ്പുകളോടെ പെരുമാറാൻ അവ ആവശ്യപ്പെടുന്നു. ഒറ്റ നോട്ടത്തിൽ ഇവ കണ്ണിന്റെ കവിതയാണെന്നു തെറ്റിദ്ധാരണയുണ്ടായേക്കാം. എന്നാൽ സർവ്വേന്ദ്രിയങ്ങളോടും ഈ കവിത സംസാരിക്കുന്നു. കണ്ണന്റെ കവിത ശരീരത്തിൽ മുഴുവൻ അന്റിനകൾ നിർമ്മിക്കുന്നു.

എന്റെ നാടിന്റെ ഭാഷ
കുന്നുകൾക്കിടയിൽ തളം കെട്ടിക്കിടന്നു
ഉറങ്ങുന്ന നിഴലുകൾക്കു മേലെ
റബ്ബറിലകൾ കൊഴിഞ്ഞു.
അല്ല ,വാക്കുകൾ

കണ്ണ്റെ കാവ്യ ഭാഷ ഇല പൊഴിക്കുന്നതിൽ ദത്ത ശ്രദ്ധമാണ്. അതിനാൽത്തന്നെ ഇലമുളക്കുന്നതിന്റെ ശബ്ദം പോലും അവയിൽ കേൾക്കാം.

പുതു കവിതയിൽ കവിതയും കാലവും ഇണചേരുന്നതിന്റെ അത്ഭുതങ്ങൾ അനവധിയുണ്ട്. അടർത്തിമാറ്റാനാവില്ല കാലത്തെ കവിതയിൽ നിന്ന്. വ്യത്യസ്ത കാല ഖണ്ഡങ്ങളിൽ അവ പല തലങ്ങളിൽ അനുഭൂതിയെ പ്രവർത്തിപ്പിക്കും. കണ്ണന്റെ കവിത ഒരു ഭാഷാ ലീലയല്ല. അതു മലയാളിയുടെ വർത്തമാനത്തിലേക്കു ചുഴിഞ്ഞു നോക്കുകയും കല്ലെറിയുകയും കലഹിക്കുകയും ചെയ്യുന്നു. താനുൾപെടുന്ന പ്രകൃതിയുടെ ബഹുത്വത്തിലാണ് അയാളുടെ ശ്രദ്ധ’ അതു കൊണ്ടു തന്നെ അയാൾ വിന്യസിക്കുന്ന പുതിയ ലോകത്തിൽ അയാളുടെ സാമൂഹ്യ ജീവിതം ഒട്ടും പ്രധാനമോ അപ്രധാനമോ അല്ല.

ചുമരിൻ നിഴലുകൾ
നെയ്തു നെയ്തെടുക്കുന്നതിൻ
വെളിയിൽ
വിരിപ്പിൻ മൂല
മുടിയിഴ
ഇടയ്ക്കിടയ്ക്കിളകുന്നു
മുറ്റത്തു പോക്കുവെയിൽ
വരുന്ന തണലുകൾ
വെളിച്ചം വെയ്ക്കുന്നേടത്തേയ്ക്കെന്ന
വിളിക്കുന്ന ജനൽ
ഞാൻ കണ്ടു
കാറ്റിൽ ഞാൻ കടന്ന മുറികൾ
ഇന്നലെയുടുത്തവ ,വിരിപ്പിനൊപ്പം
ചുളിഞ്ഞു കിടക്കുന്ന മെത്ത
മുറ്റത്തെ പിങ്ക് പൂക്കളുടെ നിറമുള്ള
രാത്രി വസ്ത്രങ്ങൾ

വാക്കുകൾക്കും വസ്തുക്കൾക്കുമിടയിലുള്ള പൊരുത്തമില്ലായ്മയാണ് കാവ്യാനു നുഭവത്തിന്റെ കാതൽ എന്നു ഈ കവിതകളെ അവതരിപ്പിക്കുമ്പോൾ പി.പി.രവീന്ദ്രൻ പറയുന്നുണ്ട് ‘. എന്നാൽ വാക്കുകൾക്കും വസ്തുക്കൾക്കു തമ്മിലുണ്ടെന്നു ഭാഷ ഭാവിക്കുന്ന മടുപ്പിക്കുന്ന പൊരുത്തങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള പരിശ്രമമാണ് കണ്ണന്റെ കവിതയെന്നാണ് എന്റെ അനുഭവം. മലയാളത്തിൽ പുതിയ കവിതയില്ലെന്നും ആഴ്ചപ്പതിപ്പുകകളിലൂടെ വിളിച്ചു പറയുന്ന പുംഗവൻമാരോട് എനിക്കിപ്പോൾ സഹതപിക്കാൻ തോന്നുന്നു.!

Comments
Print Friendly, PDF & Email

യുവനിരൂപകൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകൻ

You may also like