Home COLUMNS ഒരിക്കൽ തുറന്നാൽ അടയാത്ത വാതിലുകൾ – 2

ഒരിക്കൽ തുറന്നാൽ അടയാത്ത വാതിലുകൾ – 2

 പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ -രണ്ട്

പി. എ. നാസിമുദ്ദീൻ, ഡോണ മയൂര സിന്ധു കെ.വി, അനൂപ് കെ. ആർ, എം. ആർ. വിഷ്ണുപ്രസാദ് എന്നിവരുടെ കാവ്യലോകങ്ങൾ..


 

13939333_10154286798331826_2443261861942585226_n

അടങ്ങാനിഷ്ടമില്ലാത്ത ഊർജ്ജ വേഗങ്ങളുടെ കവിത

കവിതയെ ഒരു വലിയ ജനപഥമായി സങ്കല്പിച്ചാൽ അവിടെ ഇരമ്പുന്ന ജീവിതത്തിനിടെ ഏകാകിയായി പോവുന്ന ചില എഴുത്തുകളുണ്ട്. അവയുടെ കാലം ചിലപ്പോ അതായിരിക്കില്ല.പി.എ നാസിമുദ്ദീന് റ കവിത അങ്ങനൊന്നാണ്. ആധുനികതയുടെ വലിയ ശബ്ദഘോഷങ്ങളിൽ ആർ.രാമചന്ദ്രനും ജയശീലനും എൻ.ജി ഉണ്ണികൃഷ്ണനും മറ്റു പലർക്കുമുണ്ടായിരുന്നതു പോലെ, ആധുനികാനന്തര കവിതയിൽ ഒരു ജീവിതമുണ്ട് നാസിമുദ്ദീന്ന്. അടക്കത്തിന്റെ തീവ്രമായ കാവ്യവഹാരം രൂപപ്പെട്ട തൊണ്ണൂറുകൾക്ക് വിധേയമാവാതിരുന്നു, നാസിമുദ്ദീന്റെ കവിത .ഭാഷയുടെ തീവ്രമായ ധൂർത്തിനെതിരെ ഒരു സൂക്ഷ്മ ഭാഷ തേടാനുള്ള പരിശ്രമമായിരുന്നു, ഭാഷയിലും ഭാവനയിലുമുള്ള ഈ അടക്കം. പല തരം അച്ചടക്കങ്ങളിലേക്ക് വീണുപോയ ഇക്കാലത്തെ കവിത മറ്റൊരു ജീവിതത്തിനുള്ള വഴി തുറക്കുന്നത് നവമാധ്യമങ്ങളുടെ കാലത്താണെന്നാണ് എന്റെ ഒരു തോന്നൽ.ഈ ‘ അടക്കത്തിനെതിരെ സഞ്ചരിച്ചയാളാണ് നാസിമുദ്ദീനെന്ന ഒറ്റയാൻ. അടങ്ങാൻ കൂട്ടാക്കാത്ത ചില ഊർജ്ജ വേഗങ്ങളാണ് നാസിമുദ്ദീന്റെ കവിത .അത് ഇന്ദ്രിയപരമായ അടക്കങ്ങളിലോ ഭാഷയുടെ ഒതുക്കങ്ങളിലോ ശ്രദ്ധയേറ്റിയില്ല.

ഓ മീൻപിടുത്തക്കാരാ
നിനക്ക് കടലെത്ര അനായാസം പാരവശ്യം
നിന്റെ ഉയർന്നു പൊങ്ങുന്ന കരത്തിന്
കടലിന്റെ തിരചുളക്ക മെത്ര താദാത്മ്യം
എന്നാൽ എനിക്കവിടം
ആദിമസ്രോതസ്സുകളുടെ അപാര നൃത്തം

എന്നും മനുഷ്യൻ എന്ന് ഉച്ചരിക്കാൻ പോലും മടിച്ചു പോയിരുന്ന ഒരു കവിതക്കാലത്ത് അത് മനുഷ്യനായിരിക്കുക എത്ര രസകരമാണ് എന്നും എഴുതി.

നീരാടുന്ന പെൺകുട്ടീ
നിന്റെ നിതംബത്തിലൂടെ ജലം
സീ സോയിൽ ഒരുണ്ടു കളിക്കുന്ന കുട്ടികളെപ്പോലെ
താഴോട്ട് തെന്നി വീഴുന്നു
നിന്റെ ഉന്മാദം കാമം പ്രസരിപ്പ്
കുളത്തിൽ അലകളായ് പടർന്ന്
ഇലകളുടെ ശിരസ്സുകളെ സ്നാനപ്പെടുത്തുന്നു.

നാസിമുദ്ദീന്റെ കവിതയിലുടനീളം പല പെണ്ണുങ്ങൾ കുളിക്കുകയും കളിക്കുകയും ശ്വസിക്കുകയും ചിരിക്കുകയും കരയുകയും ചെയ്തു. പിന്നോട്ടുവലിക്കുന്ന ഭൂതകാല അഭിരുചിയുടെ കെട്ടുപാടുകളിൽ പെടുന്നുണ്ടെങ്കിലും നാസിമുദ്ദീന്റെ കവിത അച്ചടക്കമില്ലായ്മയുടെ വേഗങ്ങൾ ഭാവിയിലേക്ക് പ്രസരിപ്പിച്ചു

കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങളിലേക്ക്
ചായക്കോപ്പകളുടെ അരികിലേക്ക്
അതിഥി മുറികളിലേക്ക്
സിനിമാശാലകളിലേക്ക്
ചന്തകളുടെ സമൃദ്ധിയിലേക്ക്
സ്വന്തം മുറിയുടെ ഇരുട്ടിലേക്ക്
തണുപ്പിലേക്ക്
അക്ഷമകൾ തിരക്കുകൂട്ടുന്നു
ഹാ ഭൂമിയിലെ ഈ ഉപഗ്രഹം
അഭിലാഷികളുടെ പേടകം
നിരത്തിലൂടെ പാഞ്ഞു, പാഞ്ഞു പോകുന്നു.
സ്നേഹവും ഇളം ചൂടും കാറ്റുമായി
അന്തരീക്ഷം നമ്മെ മുന്നാട്ട് പിളർത്തുന്നു
നയന വീചികളുടെ രഥ പുറങ്ങളിലേറി
മരങ്ങൾ അഭിവാദ്യം ചെയ്ത് കടന്നു പോവുന്നു.
പുറത്ത് ബാനറുകൾ മാളികകൾ
കുന്ന് അധ്വാനം ബഹളം
പെൺകുട്ടികളുടെ പുടവയിൽ നിന്നു
നിറങ്ങൾ പാറി നടക്കുന്നു
ഓരോരുത്തരുടേയും സ്വർഗത്തിലേക്ക്
ബസ്സുകൾ നിർത്തി നിർത്തി പായുന്നു.
സമൃദ്ധമായ ഈ ജീവിതത്തിൽ നിന്ന്
അഭിലാഷികളുടെ ഈ ഭവനത്തിൽ നിന്ന്
ഞാനെങ്ങോട്ടാണ് ടിക്കറ്റെടുത്തിരിക്കുന്നത്?
ഞാനെവിടെയാണ് ഇറങ്ങേണ്ടത്?

വേണ്ടതു മാത്രം പറയാൻ മിടുക്കു കാണിക്കേണ്ടുന്ന ഒരു കവിതക്കാലത്ത് നാസിമുദ്ദീൻ വേണ്ടതും വേണ്ടാത്തതും പറഞ്ഞു. തീർച്ചയായും നാസിമുദ്ദീന്റെ കവിതയിൽ നിന്നും പറന്ന പക്ഷികൾ പുതു കവിതയിൽ കൂടു കൂട്ടിയിട്ടുണ്ട്.


13310612_10154696923106729_5315880928107756969_nഒടുവിലത്തെ ചവർപ്പും മധുരവും നുണയാനുണർന്നിരിക്കുന്ന ശരീരം

ജി.എൻ പിള്ള ഖാണ്ഡേക്കറുടെ യയാതിയുടെ പൊരുളന്വേഷിക്കുന്ന സന്ദർഭത്തിൽ ക്ലാസ്സിക്കൽ നരവംശശാസ്ത്രജ്ഞനായ റൂത്ത് ബനഡിക്റ്റിന്റെ പാറ്റേൺ സ്‌ ഓഫ് കൾച്ചറിൽ നിന്ന് ഡിഗ്ഗർ ഇന്ത്യക്കാരുടെ ഒരു കഥ ഉദാഹരിക്കുന്നുണ്ട്.-ആദിയിൽ ദൈവം ജനങ്ങളെ സൃഷ്ടിച്ചു.അനന്തരം അവർക്കദ്ദേഹം മണ്ണു കൊണ്ടുള്ള ഒരു കപ്പു കൊടുത്തു.മൺ കപ്പിൽ നിന്നു ജീവിതം കുടിച്ചു കൊണ്ടിരിക്കുക – ഇതാണാ മിത്ത്.ഈ മിത്തിനെ സെന്നിനെ കൂട്ടുപിടിച്ച് വ്യാഖ്യാനിച്ച് വറ്റുന്ന പാനപാത്രമായി ജീവിതത്തെ അദ്ദേഹം സങ്കല്പിക്കുന്നുണ്ട്. കടിക്കുന്തോറും വറ്റിക്കൊണ്ടിരിക്കുന്ന പാനപത്രം.ഓരോ കവിളും അവരവരെത്തന്നെ പാനം ചെയ്യൽ. ഡോണ മയൂര യുടെ കവിത വായിക്കുമ്പോഴെല്ലാം എന്തു കൊണ്ടോ വറ്റുന്ന പാനപാത്രത്തെക്കുറിച്ചുള്ള ഓർമ്മ അതിശക്തമായി എന്നെ ബാധിക്കാറുണ്ട്. രൂപകങ്ങളുടെ ലീലയിൽ ഉടലുകൊണ്ട് പങ്കാളിയാക്കിയെടുത്താണ് കവിതയിൽ ചരിത്രം പ്രവർത്തിക്കുന്നത്. അനുഭൂതികളുടെ ഉടലുണർച്ചാ രാഷ്ട്രീയം അവ നിർമ്മിക്കുന്ന അഭിലാഷങ്ങളുടേത് കൂടിയാണ് – പുതു കവിതയുടെ പൊതു സവിശേഷതകളിലൊന്ന് അവ അഭിരമിക്കുന്ന ജീവിതോർജ്ജത്തിന്റെ ധാരാളിത്തത്തിന്റേതു മാ ന്ന്. ഡോണയുടെ കവിത താനേ തന്നെ കൊത്തിത്തിന്നുന്ന പക്ഷിയാവും ചിലപ്പോൾ.

നനഞ്ഞ കുട, രാത്രി
നനഞ്ഞ നായ
കടഞ്ഞെടുക്കുന്നു
പൂച്ചയായി
കുറുകെ വീഴുന്നു
ഉരഗമായി
പത്തിയുയർത്തുന്നു.
കൊത്തുന്നു
ചുണ്ടുകൾക്കുള്ളിലെ
ഇരുട്ടു വളയക്കൂട്ടിൽ
നനഞ്ഞ പക്ഷി
ചിറകു കുടയുന്നു
ചിലതുണ്ടിതു പോലെ
പലതിലേക്കും
പരകായം ചെയ്യുമതി ന്റെ
തനി സ്വരൂപമമെപ്പൊഴും
മറച്ചുവെച്ചു കൊണ്ടി
കുട പോലെയെന്നെ
ഓർമ്മയിൽ
ഭയന്ന പക്ഷിയതിന്റെ
തൂവലുകൾ
കൊത്തിപ്പറിക്കുന്നു
താനേ തന്നെ
കൊത്തിത്തിന്നുന്നു

നനഞ്ഞ കുടയും രാത്രിയും ഭയന്ന പക്ഷിയും കവിതയെ തീവ്രമായ ഉടലുണർവ്വിന്റെ ലോകമാക്കും. വറ്റുന്ന പാനപാത്രത്തെക്കുറിച്ചുള്ള ക്ലാസ്സിക്കൽ മനശ്ശാസ്ത്രത്തിന്റെ ഭീതിയല്ല വറ്റുന്ന പാനപാത്രത്തിന്റെ തീവ്ര രുചിയാണ് ഡോണയുടെ ശക്തി. ‘ കാത്തു കാത്തിരുന്നൊടുവിൽ ശലഭത്തെ തിരഞ്ഞ് പറന്നു പോവുന്ന ‘ പൂന്തോട്ടമായതു മാറും. അതാണ് ആ തീവ്ര രുചിയുടെ ഭാവം. പ്രതീക സ്വഭാവത്തിൽ നിന്ന് അകന്നു മാറുന്നതാണ് പുതു കവിതയുടെ സ്വഭാവമെങ്കിൽ പ്രതീകങ്ങളുടെ പ്രതീതി ഭാഷയ്ക്കപ്പുറമുള്ള സെന്നിലാണ് ഡോണയുടെ കവിതക്കണ്ണ്. ഡോണയിൽ ഒരു സെൻ ഒളിഞ്ഞിരിപ്പുണ്ട്.
‘ കണ്ണെത്താ ദൂരത്തോളം
പരന്നു കിടക്കുന്ന
പുൽത്തകിടിയുടെ
മുനമ്പിലെ പശുവെന്ന്
ധ്വനിപ്പിക്കുന്നൊരൊറ്റ
മൃഗം ‘

കാലം ജീവന്റെ രാഷ്ട്രീയമായി ഡോണയുടെ കവിതയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
മഷിക്കുപ്പിയിലെ വിള്ളലിൽ നിന്നും
ചുവന്ന മഷിയൊഴുകി
മേശമേൽ പടർന്ന്
രക്തബന്ധത്തേക്കാൾ
ദൃഢതയേറിയതാണ്
മഷി ബന്ധമെന്നെഴുതിയ
കടലാസ്സു കുതിർന്ന്
ഉണക്കാൻ വിസമ്മതിച്ച്
മനുഷ്യാകൃതിയിൽ
നിലത്തുമ്മവെച്ചു കിടന്നു

എന്ന് അതെഴുതും. ‘ഇല കൊഴിയുന്നൊരു മഞ്ഞുകാലത്ത് ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാർക്ക് ബഞ്ചിൽ കാലം കൊണ്ടു വെച്ച ഐസ് ക്യൂബുകളായി‘ അതു മാറുമെങ്കിലും ഈ കവിതകളിലെ തീവ്രമായ ശാരീരികത ഐസിനെ പ്രവാഹമായി രൂപാന്തരപ്പെടുത്തുക തന്നെ ചെയ്യും.

ഒറ്റക്കൊമ്പിലെ പക്ഷീ
ഒരമ്പിനാൽ നീ ഒഴിയുകിൽ
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്തു മറ്റാരു നിറയും?

അഭിലാഷങ്ങളുടെ തീവ്രതയിൽ നിരപ്പു കുറയുന്ന കപ്പിനെ അടുപ്പത്താൽ അനശ്വരമാക്കാൻ പ്രയത്നിക്കുകയാണ് ഡോണയുടെ കവിത.ഒടുവിലത്തെ ചവർപ്പും മധുരം അതിന്റെ അങ്ങേയറ്റത്തെ വ്യാപ്തിയിലും ആഴത്തിലും നുണയാനുള്ള പരിശ്രമം.


12496337_10204565199284747_3474619527918886523_o

നീയറിയുന്നുണ്ടോ നീയറിയുന്നുണ്ടോ എന്നു പ്രതിധ്വനിക്കുന്ന ഇരുളിൽ നിന്ന്

ഭാഷയുടെ വിനിമയ സാധ്യതയിൽ അതിന്റെ ശീലങ്ങളിൽ, ജ്ഞാതവും അജ്ഞാതവുമായ അതിന്റെ ബാധ്യതകളിൽ സന്ദേഹിയാണ് സിന്ധു കെ.വി.യുടെ കവി ത.അത് പ്രണയത്തെ ഒരു മറു ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നു ‘. ഈ കവിതകൾ എഴുതപ്പെട്ടിരിക്കുന്നത് പ്രണയ ഭാഷയിലാണ്.സാമ്പ്രദായികമായി ശൈലീകരിക്കപ്പെട്ട പ്രണയത്തിന്റെ ഭാഷയല്ലത്. ഒരു പുതുഭാഷ.ആ ഭാഷ വശമില്ലാത്തവർക്ക് ഈ കവിതകൾ അത്ര കണ്ട് സുതാര്യമാവണമെന്നില്ല. ഉറച്ചു പോയതിനെ പലതും ഇളക്കിയെടുക്കുന്ന ഒരു ലിലാപരതയുണ്ട് ഈ ഭാഷയിലെ വാക്കുകൾക്ക്. പ്രതീക മൂല്യമല്ല വികാരമൂല്യമാണ് അവയ്ക്കുള്ളത്. നീയറിയുന്നണ്ടോ നീയറിയുന്നുണ്ടോ എന്ന് അത് പ്രതിധ്വനിച്ചുകൊണ്ടിരിക്കും. നീയറിഞ്ഞില്ലേലും അതു ലോകത്തെ അടുപ്പത്തിന്റെ ലോകമാക്കി മാറ്റിക്കളയും. അതിനാൽ ഈ കവിതയിൽ ഭാഷയും സ്ഥലവും വെവ്വേറെയല്ല. അത് ഉന്മാദത്തെ ഭാഷയുടെ പ്രവാഹോർജ്ജമാക്കി മാറ്റുന്നു
നിറുത്തലുകളില്ലാത്തയിടങ്ങളിലൂടെ
നടന്നു കൊണ്ടേയിരിക്കുക
എന്തു രസമാണല്ലേ….,

സിന്ധുവിന്റെ കാവ്യ ഭാഷയിൽ നിറുത്തലുകളില്ല. അതു സ്വാതന്ത്ര്യത്തിന്റെ അപാര തകളായി സ്ഥലത്തെ സ്വപ്നം കാണുന്നു. സ്വാതന്ത്ര്യത്തെ അവകാശമാക്കുന്നതു കൊണ്ടാവണം ഈ കവിതകളുടെ പ്രണയ ഭാഷക്ക് പിതൃ ചിഹ്നങ്ങളിൽ ഒട്ടും വിശ്വാസമില്ലാത്തത്. ‘ കെട്ടഴിഞ്ഞ പശുക്കിടാവിനെ പോലെ ‘ ഓടിക്കൊണ്ടിരിക്കുന്ന വാക്കുകളാണ് ഈ കവിതയിൽ. അത് കേന്ദ്രത്തിനോടുള്ള വിധേയത്വത്തിൽ നിന്നു കിലുകിലെ ച്ചിരിച്ചും കണ്ണിറുക്കിയും രക്ഷപ്പെടുന്നു. അതിനാൽ സിന്ധുവിന്റെ കവിതയിലെ പ്രണയ മലയാളം പിതാവിന്റെ നോട്ടത്തിൽ നിന്നും ശാസനയിൽ നിന്നും മുക്തമാണ്. അത് ഏത് സങ്കിർണത യിലും നീയറിയുന്നുണ്ടോ? നീയറിയുന്നുണ്ടോ എന്നു പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു. ഞാനും നീയുമെന്ന പരമ്പരാഗത ആഖ്യാന കേന്ദ്രങ്ങളിൽ നിന്ന് എന്നിൽ നിന്ന് മുക്തനായ നിന്നെയും നിന്നിൽ നിന്ന് മുക്തനായ എന്നെയും സങ്കൽപ്പിക്കുന്നു.

മഴവണ്ടിയാലൊരു നാട്
മലയിറങ്ങി വരുന്നു
ഓടുന്ന ബസ്സിലേക്ക്
വെയിറ്റിംഗ് ഷെൽട്ടറിലേക്ക്
അന്നേരത്ത് ലോകം ചുരുങ്ങും
കണ്ണുകൾ മാത്രം സംസാരിക്കുന്ന
ഉറക്കം വിടാത്ത മനുഷ്യർ
അവർ പരസ്പരമല്ല
അവരോടു തന്നെ സംസാരിക്കുകയാണ്
സഞ്ചരിക്കുകയാണ്

( കുടിയിറക്കം )

സിന്ധുവിന്റെ പ്രണയ മലയാളത്തിൽ നാടും മനഷ്യരും പ്രത്യക്ഷപ്പെടുന്നത് ആകർഷകമാണ്.’

കെട്ടഴിഞ്ഞു വീഴുന്ന ഇലകളിൽ
ഇന്നലെകളുടെ കണക്കെടുക്കുന്നവർ
വഴിയോരത്തു തല കാട്ടുന്ന
മങ്ങിയ മുഖമുള്ള പരിചയക്കാർ
ഊരിയിട്ട കുപ്പായത്തിന്റെ അടിത്തട്ടിൽ
ചൂടൻ നേരങ്ങളൊളിപ്പിക്കുന്ന
തടിച്ച ഞരമ്പുള്ള മരങ്ങൾ

എന്നിങ്ങനെ അതു നിറുത്തലുകളില്ലാതെ ഓടിക്കൊണ്ടിരിക്കും. ഭൂമി മലയാളത്തിലെ നാനാ ജീവിതതീവ്രതകളിലേക്കുള്ള പ്രയാണമായി അത് കാവ്യഭാഷയെ പരുവപ്പെടുത്തിയിട്ടുണ്ട്. പ്രയാണമെങ്കിൽ അതു സ്വാംശീകരണവും കൂടിയാവുന്നു. ഉപാധികളില്ലാതെയുള്ള സ്വീകരണം.

ഞാൻ കാണുന്നുണ്ട്,
നിന്റെ നാവിൻ തുമ്പു നോക്കി
എന്നിലേക്ക് ഭൂപടമൊരുക്കുന്ന
ലോകത്തെ .
നിങ്ങളുടെ ഭൂപടങ്ങൾ
എന്നെ വരയുന്ന ശബ്ദത്തെ
………………………………………..
ഞാനറിയുന്നുണ്ട്
ആഹാ
ഞാനറിയുന്നുണ്ട്
ലോകം മുഴുവൻ എന്നിലേക്ക് വരുന്ന
ആരവത്തെ.

സിന്ധുവിന്റെ കവിത ഈ ആരവത്തെ ജീവോർജ്ജമാക്കുന്നു.


12804775_10153839150261826_2277744841695343547_n

സഞ്ചരിക്കുകയാണാ സാഹസി!

“സഞ്ചരിക്കുകയാണാ –
സ്സാഹസി, സങ്കല്പത്തിൽ
വൻ ചെവികളാം പുള്ളി
സ്വാതന്ത്ര്യപത്രം വീശി “

വൈലോപ്പിള്ളിയുടെ ഈ വരികളെ ഇന്നോളമുണ്ടായ എല്ലാ വായനകളുടേയും ഭാരങ്ങളെ അഴിച്ചു വെച്ച് നഗ്നമാക്കി നോക്കാറുണ്ട് ഞാൻ. അങ്ങനെ കിട്ടിയ നഗ്ന വാക്യം ഞാൻ അനൂപ്‌ കെ. ആർ എന്ന പുതു കവിയുടെ കവിതയിൽ ചേർത്തുവെക്കുന്നു. ചെവിച്ചിറകുകൾ വീശി പറന്നു പോവുന്ന ഒരാനയുടെ ചിത്രം ഈ കവിതകൾ ഓർമ്മിപ്പിക്കുന്നു.’ ആനയുടെ ഒരു ചെറിയ പരാമർശം പോലുമില്ലാതിരുന്നിട്ടും സാധാരണയല്ലത്ത വിധം ഇത്തിരി വിസ്തൃതിയിൽ ആഖ്യാനം ചെയ്യപ്പെടുന്ന ഈ കവിത വന്യതയെ കൂടെ കൂട്ടുന്നുണ്ട്. പറക്കുന്ന, സാഹസിയായ ഈ ആന കൂടെ കൊണ്ടു പോവുന്നതെന്താണെന്ന ഏറിയ കൗതുകത്തോടെ ആലോചിച്ചാൽ അത് കാടിനെ / വീടിനെ കൊണ്ടു പോവുന്നു എന്നു തോന്നും. അനൂപ് കവിതയിൽ അനിയന്ത്രിതമായി ഉപയോഗിച്ചു പോവുന്ന ,ആവർത്തിക്കുന്ന പദമാണ് വീട്. അത് സാധാരണ വീടല്ല ,വലിയ മരങ്ങളുടെ ഛായയുള്ളതാണ്. മുറികൾ ചില്ലകൾ പോലെയാണതിന് .ജീവികൾ കൂട്ടമായി പെരുമാറുന്ന ഇടം.വിചിത്രമണെന്നു തോന്നലുണ്ടാക്കും വിധം അത് സ്ഥലത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളിൽ ഒതുങ്ങുന്നതുമല്ല.
പഴയതിന്മേലൽപ്പം പോലും
പഴയതുപോലെയുമല്ല
മുറിച്ചില്ലകളിൽ
കനങ്ങൾ തൂങ്ങിക്കിടക്കുന്നതേയില്ല

എന്ന മട്ടിൽ അതു ശരിരം പോലെ ,ഉരുവപ്പെടലിന്റെ ആദിമരൂപമാർന്നു നിൽക്കുന്നു. വൈലോപ്പിളളിക്കവിതയിലെന്നതു പോലെ പറന്നു പോകുന്ന ഒരാനയെ ,ജോസഫിന്റെ കവിതയിലെ കാടിനെ വഹിക്കുന്ന ആനയോട് ചേർത്തു സങ്കല്പിച്ചാൽ ഈ കവിതകളിലേക്കുള്ള പ്രവേശം എളുപ്പമാവും’ .എന്തിനാണിങ്ങനെ അമൂർത്തതയെ ആദർശമാക്കി സംസാരിക്കുന്നതെന്നു തോന്നാം.അനൂപിന്റെ കവിതകളിലെ കാവ്യ ചരിത്ര വിഛേദങ്ങളെ ശരിയായി അനുഭവിപ്പിക്കാൻ അമൂർത്തതയെത്തന്നെ കൂട്ടുപിടിക്കണം, ഭാഷ യുക്തിഭദ്രമായി സാധാരണ മട്ടിൽ മൂർത്തമാക്കിയതിനെ അമൂർത്തമാക്കി മറ്റൊരു ഭാഷയിലേക്ക് മാറ്റുന്നതാണ് എക്കാലത്തേയും നല്ല കവിത. അനുഭൂതികളെയും ഉടലുണർവ്വുകളേയും നിർമ്മിക്കലാണതിന്റെ വഴി.കണ്ടും കേട്ടും അനുഭവിച്ചും പഴകിയ ലോകത്തെയല്ല കാണാതിരുന്ന കേൾക്കാതിരുന്ന അറിയാതിരുന്ന ലോകങ്ങളെ കവിതയാക്കുന്നു സാഹസിയായ ഈ കവിത.

സെവിഡസെഡ്മോർ എന്ന സമാഹാരത്തിലെ ഓരോ കവിതയും ഓരോ വാസസ്ഥാനങ്ങളാണ് മാറിക്കൊണ്ടിരിക്കുന്ന വാസസ്ഥാനങ്ങൾ .സ്വന്തമായി ഒരു വീടിനെ വഹിക്കുന്ന ഒരു ജീവി ഈ വാസസ്ഥലങ്ങളെ അടുത്തതിലേക്കുള്ള മാർഗം മാത്രമാക്കി ചുരുക്കിക്കളഞ്ഞ് പൊയ്ക്കളയുന്നു. അതിനാൽ ഓരോ കവിതയും മറ്റേതെങ്കിലും ഒരു കവിതയിലേക്കുള്ള വഴിയായി മാത്രം തോന്നിയേക്കാം. സ്ഥലകാലങ്ങളെ കുറിച്ചുള്ള സാമാന്യ ബോധ്യങ്ങളെ പരിഗണിക്കാതെയാണ് അതു പെരുമാറുന്നതെന്നതു കൊണ്ടുമാണത്. എം.ആർ.വിഷ്ണുപ്രസാദ് നിരീക്ഷിക്കുന്നതു പോലെ ഒരു നാടോടിത്തമുണ്ട് അനൂപിന്റെ കവിതയിൽ .അതു പുതു കവിതയുടെ തന്നെ സ്വഭാവമാണ്. മലയാളത്തിലെ പുതകവിതയിൽ നാടോടിത്തരത്തിലേക്കുള്ള (nomadic) പരിണാമമുണ്ട്. അതു പക്ഷേ സൈബർ സാങ്കേതിക വിദ്യയുടെ സാധ്യതകൾ കവിതയിൽ ഉപയോഗിക്കുന്നതു കൊണ്ടല്ല.അനന്തമായ സ്ഥലകാല വൈവിധ്യങ്ങളെ, അവയിലെ ജീവിതങ്ങളെ ,ജീവാജീവ- ചരാചര ഭേദമില്ലാതെ എഴുതാൻ പുതു കവിത പരിശ്രമിക്കുന്നതിനാലാണ്.മാധ്യമപരമായ സാധ്യതകൾ രണ്ടാമതേ വരുന്നുള്ളൂ. അനൂപിന്റെ കവിതയിൽ ഇടങ്ങളിൽ നിന്ന് ഇടങ്ങളിലേക്ക് മാറി മാറി താമസിക്കുന്ന ഒരു ആദിമ സഞ്ചാരിയുണ്ട്. ആധുനിക നഗരങ്ങളിലെ പ്രതീതി ജീവിതത്തിൽ നിന്ന് അഹമ്മദേ അഹമ്മദേ ന്നു കരയുന്ന ആടുകളുള്ള മലഞ്ചെരിവുകളിലേക്കും ഡെവി ഡേ സെഡ് മോർ എന്ന വെബ്ബിടത്തിലേക്കും കപ്പലുകളെ ചുമലിലിരുത്തിപ്പോവുന്ന ജലോപരിതലങ്ങളിലേക്കും വീട്ടിലെ പൊട്ടുകൾ നീന്തിയുലയുന്ന കണ്ണാടിയിലേക്കും എന്നു വേണ്ട വിചിത്രമായ പല ഇടങ്ങളിലേക്കും ആ ആദിമ സഞ്ചാരി ഇടം മാറ്റിക്കൊണ്ടിരിക്കും. വീടിനെ സ്വയം പേറുന്നതിനാലാവാം പോവുന്നിടത്തെല്ലാം അത് സ്വന്തം ഇടമാക്കും.“പ്രപഞ്ചം ചാരുകസേരയിൽ ഇതു തെറ്റായ ധാരണയുടെ ആകെ പ്രശ്നമാണ് ” എന്നൊരു കവിതയുണ്ട് അനൂപിന്റേതായി. ഭൂമി അത്രയും വിരസമായ ഒരു നേരത്ത് നഗരങ്ങളെ സ്ഥലം മാറ്റുന്ന വിചിത്ര ഭാവനയാണിത്. ഡെൽഹിയും കാനഡയും കൊച്ചിയുമെല്ലാം അവയുടെ ഇടങ്ങൾ മാറുന്ന ജീവികളായിത്തീരുന്നു ഈ കവിതയിൽ . അതിർത്തികളില്ലാത്ത നാടും നഗരവും ആകാശവും മണ്ണും കടലും ജീവിതത്തിന്റെ ഇടങ്ങളായിത്തീരുന്ന ഈ കവിതകൾ പണത്തിന്റെ യുക്തി പ്രവർത്തിപ്പിച്ച് ഉപഭോഗവസ്തുക്കളെക്കൊണ്ട് നിശ്ചിതവും നിയന്ത്രിതവുമാക്കി ആധുനിക മുതലാളിത്തവും അതിന്റെ അനുശീലന വ്യവസ്ഥകളും പരമ്പരയായുള്ള സാമൂഹിക സ്ഥാപനങ്ങളും ചുരുക്കിയെടുത്ത ജീവിതത്തെ പൊട്ടിച്ചു കളഞ്ഞ് നവ ജീവിതത്തിന്റെ അതിരില്ലായ്മയിലേക്ക് പറക്കുന്നു .

വീടൊട്ടുക്ക് മാറിപ്പോയി
ഇപ്പോഴിതെല്ലാം കൗതുകം
വിരിഞ്ഞു വിരിഞ്ഞിതാ
മുറ്റത്തു കരഞണ്ടുകൾ
തുള്ളിത്തുള്ളി പുൽച്ചാടികൾ
പൂച്ചകൾ രാത്രി ചുറ്റി വരവേ
കൊണ്ടുവരും പച്ചിലപ്പാമ്പുകൾ
മൃതശരീരങ്ങൾ.
ചെമ്പരത്തികൾക്കു താഴെ
പുതിയ ചുണ്ടെലി മാളങ്ങൾ
വഴി തെറ്റി വളരും കുമ്പളങ്ങ വള്ളികൾ
ചേരകൾ വെയിൽ കായും ഓട്ടിൻപുറം
നീയില്ലാതായ വീട്
ഒഴിപ്പിച്ച നഗരം
അപരിചിത ജീവിത സങ്കരങ്ങൾ
കുടിയേറിപ്പാർത്ത നഗരം
മഴ വറ്റിയ മുറ്റത്ത്
കായൽ കവിയുന്ന ജലനിരപ്പിൽ
പടിക്കെട്ടുകളുലയുന്നു
പടുകൂറ്റൻ കപ്പലുകൾ
കടലാസുവഞ്ചികളായ്
പരൽപ്പാട്ടിൻ താളത്തിൽ
അതിൻ തെളിമയിൽ
തിരിച്ചു കൊണ്ടു പോകുകയാണ്
നിന്റെ വീടും കായൽത്തിരകളും
തിരമാലകളുടെ കയ്യിലെ
കുഞ്ഞോളങ്ങളും.
പുഴയിലേക്ക് ചായ്കയാണ്
വയൽപ്പാതികൾ
മരങ്ങൾ
വെട്ടിയൊരുക്കിയ വഴികൾ
നീയൊഴിഞ്ഞ വീട്
നീയൊഴിഞ്ഞ ഞാൻ..


14051583_10154306367851826_486092261352299634_nകറവയറ്റ ഇന്ദ്രിയങ്ങളെ അഴിച്ചു കെട്ടി പുതുക്കിയെടുക്കുന്ന കവിത.

ഇന്ദ്രിയങ്ങളെ നഗ്നമാക്കുന്നതിൽ ശ്രദ്ധിക്കുന്ന കവിതയാണ് എം.ആർ വിഷ്ണുപ്രസാദിന്റേത്. ശീലങ്ങളെ പ്രതിരോധിക്കൽ തന്നെ ഈ നഗ്നത .അതിലൂടെയാണ് അത് ഒരു കാവ്യ വൃത്തിയായി ഉറപ്പിക്കപ്പെടുന്നത്.ഭാവനയുടെ തിവ്രമായ പ്രയോഗത്തിലൂടെ അത് രേഖീയമായ സമയ കാലങ്ങൾ പ്രവർത്തിക്കാത്ത ഒരു ലോകം തുറന്നു വെക്കും

അഴിച്ചു കെട്ടെടാ പയ്യിനെ.
ഇതത്ര എളുപ്പമല്ല
ഒന്നിനും മൂക്കു കയറില്ലെന്നേ
പുല്ലു തിന്ന് തിന്ന്
മഴ മേഘങ്ങളായി
മാറിയവരാണ്
മേയുന്നത്.
പറഞ്ഞാൽ പിടി കിട്ടേണ്ടേ.
കുന്നിൻ പുറവും പശുക്കളും
സ്വപ്നത്തിന്റെ ഭാഗമാണ്.
കയറിന്റെ ഇങ്ങേയറ്റവുമായി
ഉറക്കത്തിന് വെളിയിലാണ്
എന്റെ നിൽപ്പ്

നിയമങ്ങൾ ഒരുപോലല്ലാത്ത പല ലോകങ്ങളെ കാട്ടി വിഷ്ണുവിന്റെ കവിത വിഭ്രമിപ്പിക്കും.ഇവയിലൊന്ന് യഥാർത്ഥ ലോകമെന്നാവും നമ്മുടെ യുക്തിയുടെ ആശ.എന്നാൽ അങ്ങനൊരു യഥാർത്ഥ ലോകം വിഷ്ണുവിന്റെ കവിതയിലില്ല. ഓഫ് ലൈൻ അല്ല, മുഴുവൻ സമയ ഓൺലൈൻ ആണത്. തീവ്രമായ പരോക്ഷതകളുടെ ലോകം. യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള അംശബന്ധം കണക്കുകൾക്കു പുറത്തേക്കു പോകുന്നിടത്തു വച്ചേ വിഷ്ണുവിന്റെ കവിതയിലേക്ക് പ്രവേശിക്കാനാവൂ.ഓഫ് ലൈൻ ഓൺലൈൻ എന്ന നവ മാധ്യമ പ്രയോഗങ്ങളെ ഒന്നു സാമാന്യമാക്കിയാൽ സാഹിത്യം എന്നും ഓൺലൈൻ ആണെന്നു കാണാം. അവ വായനക്കാരന്റെ ഒരു ക്ലിക്കിൽ തുറക്കാൻ പാകത്തിൽ കിടന്നു. കവിത നവ മാധ്യമ കാലത്ത് ഈ പരോക്ഷതയെ കൂറെക്കൂടി തീവ്രമാക്കിയെന്നു മാത്രം. ഈ പരോക്ഷതയിൽ ഹിംസ (violence) യും ഒരു കാവ്യ ധർമ്മമാവും വിഷ്ണുവിന്റെ കവിതയ്ക്ക്.. അത് ഹിംസയെ ഒരു ശാരീരികാനുഷ്ഠാനമാക്കി ജ്വലിപ്പിച്ചു നിർത്തുന്നു. യാഥാർത്യത്തിലെ ഹിംസയുടെ എതിർ ബലങ്ങളാണ് കലയിലെ ഹിംസ എക്കാലത്തും. ലിംഗാഘോഷവും ലിംഗബലിയും പുതു കവിതക്കാലത്തെ രണ്ടു വിശേഷ ബിന്ദുക്കളാണ്. പുതു കവിതയെ വിശകലനം ചെയ്യുന്നവർ ഇവയുടെ സാംസ്കാരിക-രാഷ്ടീയ സൂചനകളേയും പരിഗണിക്കേണ്ടി വരും. വിഷ്ണുവിന്റെ കവിത ഈ രണ്ടു സൂചകങ്ങളിൽ ലിംഗബലിയിലാണ് കവിതയെ ചേർത്തുവെക്കുന്നത്. അതിനാൽ ആണിറച്ചിയെന്നുള്ള കവിതയും ആണിറച്ചിയുടെ മണമുള്ള കവിതകളും വിഷ്ണു പ്രസാദിന്റെ കവിതകളുടെ പൊതുപ്രതലമാണെന്ന് തോന്നിപ്പിക്കും.എന്നാൽ എല്ലാത്തരം മുദ്രണങ്ങൾക്കെതിരെ സഞ്ചരിക്കാനുള്ള ത്വരയും വിഷ്ണുവിലുണ്ട്. ആണിറച്ചി എന്ന കവിതയ്ക്ക് ഒരു ഗാർഹികാനുഷ്ഠാനത്തിന്റെ ഛായയുണ്ട്.

പുറത്ത് മുറ്റത്ത് നിലാവിൽ പതിക്കുന്നു
ഇറച്ചി നുറുക്കിയ തിളങ്ങും ചന്ദ്രക്കല
എച്ചിലും നക്കിക്കൊണ്ട് മുറ്റത്തേക്കോടുന്നവർ
മുറികളോരോന്നായി പിന്നാലെയിറങ്ങുന്നു
നീയെന്റെ കയ്യേപ്പിടി ക്കെന്നവർ
നിന്റെ കയ്യേൽ കുളിമുറി പിടിക്ക്
കുളിമുറി അനിയന്റെ കയ്യേപ്പിടിക്ക്
അനിയൻ കിടപ്പുമുറി പിടിക്ക്
ഊണുമുറി അച്ഛന്റെ കയ്യേപ്പിടിക്ക്
അച്ഛൻ അടുക്കളയെ പിടിക്ക്
അടുക്കള എന്നെ പിടിക്ക്
വട്ടം ചുറ്റ് നൃത്തം ചെയ്യ്
തിന്നതെല്ലാം ദഹിക്കട്ടെ

ഇറച്ചിയിൽ ആണിന്റേതിന് രുചി കൂടുമെന്ന നാട്ടു രുചിയെക്കൂടി ആവാഹിച്ചാണ് അത് കവിതയിലെ വിരുദ്ധോക്തി ലോകത്തിന് തിളക്കം കൊടുക്കുന്നത്. ’ ഉമ്മറത്തെ
ശിവലിംഗം ഇളക്കി മാറ്റി നിലവിളക്കിനു മുന്നിൽ അവയവത്തെ പ്രതിഷ്ഠിക്കുന്ന ‘ലിംഗബലിയുടെ തീവ്രതയെ കവിതയാക്കുന്നു. വിഷ്ണുവിന്റെ കവിതയിലെ ലിംഗബലി പുതുകാല ജീവിതത്തിന്റെ ഹിംസാത്മകമായ ആധിപത്യവാസനകൾക്കെതിരെ കവിതയെന്ന മികച്ച പ്രവൃത്തിയെ ഉയർത്തിപ്പിടിക്കുന്നു. ചോരയെ വറ്റൽ മുളകാക്കി ഉണക്കി വെക്കുന്നവളാണ് ഈ കവിതകളിലെ കാമുകി

രണ്ടു പേർ ചുംബിക്കുമ്പോൾ
നാല് പേരാകുന്നു
പുണരുമ്പോൾ എട്ട്
കിടടക്കയുടെ ഓരോ തിരിവിലും വളവിലും
പതിനാറ് മുപ്പത്തിരണ്ട് അറുപത്തിനാല് എന്നിങ്ങനെ
എണ്ണം കൂടിക്കൂടി വരുന്നു.
——-
ശരീരം കൊണ്ടു ജീവിതത്തിന്റെ ശീലങ്ങളെ മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ഈ കവിത ‘ ജീവിതത്തെ’ വിശേഷ ലക്ഷ്യവും പ്രവർത്തന മണ്ഡലവുമായി ചുരുക്കിയെടുക്കുന്ന സങ്കേത മുതലാളിത്ത ( Techno capitalism) ത്തെക്കുറിച്ചുള്ള കാവ്യാത്മകമായ മുന്നറിയിപ്പുകൾ കൂടിയാണ്.
ഭൂതകാലം അത് ഇന്ദ്രിയ ശീലങ്ങളുടേതാവട്ടെ കാവ്യ ചരിത്രത്തിന്റെ താവട്ടെ തിരസ്കരിക്കുവാനുള്ളതാണ് ഈ കവിതയ്ക്ക്.അർജന്റീനിയൻ എഴുത്തുകാരനായ മത്തിയാസ് നെ സ്പോളയുടെ പൂച്ചയെക്കൊല്ലാൻ എ ഴു വഴികൾ ( Seven wayട to Kill a cat) എന്ന നോവലിലെ നായകൻ ഗ്രിങ്കോ ഒരു ഘട്ടത്തിൽ പറയുന്ന വാക്യമുണ്ട് – ‘എനിക്ക് ഓർമ്മകളില്ല, നല്ലതുമില്ല, ചീത്തയുമില്ല ,ഭൂതകാലത്തെ കൈകാര്യം ചെയ്യുവാൻ എനിക്കാവില്ല.ഞാൻ സന്തുഷ്ടനാണ്. വർത്തമാനത്താൽ കരിഞ്ഞുവെന്തവൻ ‘_ (ഈ വരികളുടെ വിവർത്തകൻ എൻ.ശശിധരൻ മാഷാണ് ) വിഷ്ണുവിന്റെ കവിത ശീലങ്ങളുടെ ഭൂതകാലത്തെ നിരാകരിക്കുകയും ഭോഗത്തിന്റെയും ക്രൗര്യത്തിന്റെയും സമയ കാലത്തിൽ മുങ്ങുകയും ചെയ്യുന്നു. അത് മനുഷ്യപ്രകൃതിയുടെ വർത്തമാനത്തെ കവിതയിൽ ജ്വലിപ്പിക്കുന്നു. ഇന്ദ്രിയാനുഭവങ്ങളുടെ സങ്കീർണതകളേയും രാഷ്ടീയ മാനങ്ങളെയും വെളിവാക്കാൻ ശക്തിയുള്ളതാണ് കവിതയെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.

Comments
Print Friendly, PDF & Email

യുവനിരൂപകൻ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകൻ

You may also like