Home COLUMNS കേരളത്തിൽ വളരുന്ന അസമത്വങ്ങൾ

കേരളത്തിൽ വളരുന്ന അസമത്വങ്ങൾ

by

കേരളത്തിന്റെ വഴികള്‍ –  6

കേരളത്തിൽ വളരുന്ന അസമത്വങ്ങൾ
കേരളത്തിലെ സാമ്പത്തിക വളർച്ചക്കും സാമൂഹിക വികസനത്തിനും ഒപ്പം വളരുന്ന ഒന്നാണ് സാമ്പത്തിക-സമൂഹിക അസമാനതകളും അസമത്വങ്ങളും. ഇതിന്‍റെ പുതിയ സ്ഥിതി വിവര കണക്കുകൾ ഇപ്പോൾ കൂടുതൽ ലഭ്യമാണ്. ഈ പ്രാഥമികവും കൂടുതൽ സാമാന്യ വത്കൃതവും ആയ കുറിപ്പുകളിൽ സ്ഥിതി വിവരകണക്കുകൾ വിവരിക്കുന്നില്ല.
ഇതുവരെ ഞാൻ എഴുതിയ കുറിപ്പുകളിൽ കേരളത്തിലെ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിലെ, മധ്യവർഗ്ഗ-ഉപരി മധ്യ വർഗ്ഗ വിഭാഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് കൂടുതൽ ചർച്ച ചെയ്തത്. കേരളത്തിൽ തന്നെ പഴയ തിരുവിതാംകൂർ -കൊച്ചി മേഖലയും കേരളത്തിന്‍റെ വടക്കുള്ള മലബാർ മേഖലയുമായി ചരിത്രപരമായി പല വ്യത്യസ്തകളും ഉണ്ട്. ഈ വ്യത്യാസം സാമ്പത്തിക-സാമൂഹ്യ വികസന വഴികളിലും ചില വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് തിരിച്ചറിയുമ്പോഴും  മനസ്സിലാക്കണ്ട ഒരു കാര്യം കഴിഞ്ഞ അറുപതു കൊല്ലങ്ങൾ ആയി കേരളത്തിൽ സാമൂഹിക സാമ്പത്തിക പോളിസികൾ കേരളത്തെ ആകമാനം ബാധിക്കുന്നു എന്നതാണ്. അതുപോലെ തന്നെ കേരളത്തിൽ കുറയുന്ന ജനന നിരക്കും മരണ നിരക്കും അതുപോലെ കൂടി കൊണ്ടിരിക്കുന്ന രോഗ അവസ്ഥകളും അസമത്വങ്ങളും കേരളത്തിലെ സമൂഹത്തിലെ എല്ലാവര്‍ക്കും  ബാധകമാണ്.
കേരളത്തിൽ മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു ദാരിദ്രവും മുഴു പട്ടിണിയും കുറവാണെങ്കിലും അസമത്വവും അസ്വസ്ഥതകളും  ആപേക്ഷിക ദാരിദ്ര്യവും അനുഭവിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങൾ ഉണ്ട്. അങ്ങനെയുള്ളവരിൽ തന്നെ കൂടുതൽ ദുരിതമനുഭവിക്കുന്നവർ ഇവിടുത്തെ ജനവിഭാഗത്തിൽ 15% തോളം വരുന്ന ദളിത്-ആദിവാസി-മൽസ്യ തൊഴിലാളി വിഭാഗങ്ങളിൽ പെട്ടവരാണ്. ഇവരിൽ വലിയ ഒരു വിഭാഗത്തിന് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തും പൊതു ആരോഗ്യ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു സാമ്പത്തിക-സാമൂഹിക പാർശ്വവൽകൃത സമൂഹങ്ങളെ ആണ്.
കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ നേരിട്ട ഗുണഭോക്താക്കൾ ഇവിടെയും ഇന്ത്യയിലും വിദേശത്തും സ്ഥിര വരുമാനമുള്ള , മാസ ശമ്പളം പറ്റുന്ന, ഒരു മുപ്പതു ശതമാനത്തിൽ താഴെയുള്ള കുടുംബങ്ങളും ആളുകളും ആണ്. ഇത് കൂടാതെ കച്ചവട-വാണിജ്യ-വ്യവസായ-സർവീസ് മേഖലകളിൽ നിന്ന് പണം ഉണ്ടാക്കുന്ന ഒരു ചെറിയ ശതമാനം ആളുകളും ആണ്. ഇവിടെ കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക വളർച്ചയുടെ നേരിട്ടല്ലാത്ത ഗുണഭോക്താക്കൾ ഏതാണ്ട് ഇരുപതു ശതമാനം ആളുകൾ ആയിരിക്കും. ചുരുക്കത്തിൽ ഏകദേശം 50-55% ആളുകൾ സാമ്പത്തിക വളർച്ചയുടെ നേരിട്ടോ നേരിട്ടല്ലാതെയോ ഫലമായി ജീവിത നിലവാരത്തിൽ ഒരു തരത്തിലോ മറ്റൊരു തരത്തിലോ ഗുണ മേന്മ ഉണ്ടായവരാണ്. പക്ഷെ ഇതിന്‍റെ മറുപുറം കേരളത്തിൽ 45-50 ശതമാനം ആളുകൾക്ക് ഈ പണാധിപത്യ സാമ്പത്തിക സാമൂഹിക പരിവർത്തനങ്ങൾ ജീവിക്കുവാൻ കൂടുതൽ വെല്ലു വിളികൾ ഉയർത്തുന്നു.
ഇങ്ങനെ ഉള്ള ഒരു പണാധിപത്യ സാമ്പത്തിക-,സമൂഹിക പരിസരം ഒരു വലിയ വിഭാഗം ജനങ്ങളിൽ ആപേക്ഷിക ഇല്ലായ്മകളെ (relative deprivation) സൃഷ്ടിക്കും. സാമൂഹിക -,സാമ്പത്തിക അസമത്വങ്ങളും ആപേക്ഷിക ഇല്ലായ്മകളും ഒരു ഉപഭോഗ സംസ്‌കാരത്തിൽ എത്തിപിടിക്കാൻ വെമ്പുന്ന ഒരു സാമൂഹിക (aspirational social urges) പരിസരം കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉണ്ടാകുന്നുണ്ട്. തൊട്ടടുത്ത വീട്ടിൽ രണ്ടു കാറുള്ളപ്പോൾ എനിക്ക് ഒരു മോട്ടോർ സൈക്കിൾ മാത്രമേ ഉള്ളൂ എന്ന് പരിതപിക്കുന്നവർക്കു ഒരു കാറു വാങ്ങണം എന്ന ആഗ്രഹം ഉണ്ടാകുന്നത് സ്വാഭാവികം ആണ്. ഒരു ഉപഭോഗ സംസ്കാരത്തിൽ ഉപഭോഗ -അഭിമാന ചിഹ്നങ്ങൾ (consumer-status symbol) ജീവിതത്തിന്‍റെ സാധാരണ ഘടകം ആകുമ്പോൾ ആണ് ഭക്ഷണത്തിന് കാശില്ലെങ്കിലും ടി.വി യും, ഫ്രിഡ്‌ജും മോട്ടോർ സൈക്കിളും, പുതിയ മൊബൈൽ ഫോണുകളും എല്ലാം കേരളത്തിലെ മിക്ക വീടുകളിലും സർവ സാധാരണം ആകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇന്ന് കൂടുതൽ പണം മുടക്കാൻ സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങൾ പോലും തയ്യാറാണ്. കേരളത്തിലെ ജനങ്ങൾ സാമ്പത്തികമായി പല തട്ടിൽ ആണെങ്കിലും സാമൂഹികമായി ഇവിടുത്തെ ബഹു ഭൂരിപക്ഷം ആളുകളും ഒരു മധ്യവൽകൃത സാമൂഹിക സാംസ്കാരിക കാഴ്ചപ്പാടിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഒരു പരിധിവരെ അത് കേരളത്തിലെ സാർവത്രിക വിദ്യഭ്യാസത്തിന്‍റെയും സാമൂഹിക വികാസത്തിന്‍റെയും പ്രതിഫലനമാണ്.
കേരളത്തിൽ തന്നെ ഇന്നു കുറഞ്ഞത് അഞ്ചു സാമ്പത്തിക തട്ടുകൾ ഉണ്ട്. ഈ കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിൽ 20 കോടിയിൽ അധികം ആസ്തിയും 35 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനവും ഉള്ളവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്ന് കേരളത്തിൽ ആണ് 25 ലക്ഷത്തിൽ അധികം വിലയുള്ള കാറുകളുടെ വിപണികൾ സജീവമായി ഉള്ളത്. സമ്പന്നരിൽ കൂടുതൽ പ്രവാസി സംരംഭകരും ഉയർന്ന ഉദ്യോഗസ്ഥരും ഇവിടെ വാണിജ്യ-വ്യവസായ -സർവീസ് മേഖലയിൽ പണം ഉണ്ടാക്കുന്നവരും ആണ്. രണ്ടാമത്തെ തട്ടിൽ ഉള്ളവർ ഒരു കോടി മുതൽ അഞ്ചു കോടി ആസ്തിയും ഏകദേശം 18 ലക്ഷം മുതൽ 30 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള ഉപരി മധ്യ വർഗ്ഗ വിഭാഗം ആണ്. കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ഏറ്റവും ഗണ്യമായ വർദ്ധിച്ച ഒരു വിഭാഗം ആണിത്. ഇവരിൽ ഭൂരിഭാഗം പ്രൊഫഷണൽ ജോലി സ്വദേശത്തോ വിദേശത്തോ ഉള്ളവർ ആയിരിക്കും. ഇവിടെ ഉള്ള വ്യാപാര-വ്യവസായികളും രാഷ്ട്രീയ നേതാക്കളും നല്ലൊരു ശതമാനം ഈ വിഭാഗത്തിൽ പെടും.
മൂന്നാമത്തെ തട്ടിൽ ഉള്ള മാധ്യവർഗ്ഗത്തിന് 30 ലക്ഷം മുതൽ 1 കോടി വരെ ആസ്തിയും വാർഷിക വരുമാനം 6 ലക്ഷം മുതൽ 18 ലക്ഷം വരുന്ന ഒരു വലിയ വിഭാഗം ആളുകൾ ആണ്. പ്രവാസികളിൽ വലിയൊരു ശതമാനവും കേരളത്തിലെ വലിയ ഒരു ശതമാനം സർക്കാർ ഉദ്യോഗസ്ഥരും കേരളത്തിലെ സ്വകാര്യ മേഖലയിൽ ഉള്ള ഉദ്യോഗസ്ഥന്മാരും വ്യാപാരി വ്യവസായികളും രാഷ്ട്രീയ നേതാക്കളിൽ ബഹു ഭൂരിപക്ഷവും ഈ വിഭാഗത്തിൽ പെടും. ഇന്ന് കേരളത്തിളെ സാമൂഹിക , രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ ഏറ്റവും പ്രഭാവം ഉള്ളത് ജന സംഖ്യയിൽ ഏതാണ്ട് മുപ്പതു ശതമാനം വരുന്ന മധ്യ വർഗ്ഗ വിഭാഗമാണ്.
നാലാമത്തെ വിഭാഗം 20 ലക്ഷത്തില്‍ താഴെ ആസ്തി ഉള്ളവരും രണ്ടു ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ള കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ഇടത്തര മാധ്യവർഗ്ഗവും മുകളിലെ തട്ടിലോട്ടു കയറാൻ വെമ്പുന്നവരും (aspiring middle class) ആണ്.അഞ്ചമത്തെ വിഭാഗം 3 ലക്ഷത്തിൽ താഴെ ആസ്തി ഉള്ളവരും 1 ലക്ഷത്തിൽ താഴെ വരുമാനവും ഉള്ളഒരു വിഭാഗമാണ്. കേരളത്തിൽ ആപേക്ഷിക ദാരിദ്ര്യം (relative poverty) അനുഭവിക്കുന്നവരിൽ വലിയ ഒരു വിഭാഗം ദളിത്-മൽസ്യ-പരമ്പരാഗത മേഖലയിൽ ഉള്ളവരാണ്.
പക്ഷെ ഇതൊന്നും ഇല്ലാത്ത, ഭൂമിയോ, ആസ്തിയോ വിദ്യാഭ്യസമോ വരുമാനമാർഗ്ഗങ്ങളോ ഇല്ലാത്ത വെറും പട്ടിണിക്കാർ (absolute poor) കേരളത്തിൽ ഉണ്ട്. ഇവരിൽ ഭൂരിഭാഗവും ആദിവാസികളും 60 നു മേൽ പ്രായമായ ദളിത് കർഷക തൊഴിലാളികളും ആണ്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന സാമ്പത്തിക സാമൂഹിക അസമത്വങ്ങൾക്കു പല പ്രത്യാഘാതങ്ങൾ ഉണ്ടാകാം. അവയിൽ ചിലതു താഴെ കുറിക്കുന്നു.
1)സാമ്പത്തിക സാമൂഹിക അസമത്വം ഒരു പരിധിയിൽ കൂടുതൽ ഉള്ള സമൂഹങ്ങളിൽ സമൂഹത്തിന്റെ പൊതു ഘടനയിലും ജീവിത പ്രസരങ്ങളിലിലും കൂടുതൽ വിള്ളലുകൾ ഉണ്ടാക്കും. ഇത് സാമൂഹിക തലത്തിൽ ജനവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം കുറക്കാൻ ഇടയുണ്ട്.
2)സാമ്പത്തിക അസമത്വത്തിന് സ്വതമാനങ്ങൾ ഉണ്ടാകുമ്പോൾ ജാതി മത സ്പർദ്ധകൾ വർദ്ധിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ ഗണ്യമായ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ വളർച്ച ഉണ്ടായ ഒരു സമൂഹമാണ് കേരളത്തിൽ മുസ്ലിം ജന വിഭാഗം. കേരളത്തിൽ 25% കൂടുതൽ ജനസംഖ്യ ഉള്ള സമൂഹത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഒരു കാരണം പ്രവാസ ജോലിയിൽ നിന്നുണ്ടായ വരുമാനത്തിൽ ഉള്ള വർദ്ധന ആണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹം സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരമായും, രാഷ്ട്രീയമായും ഉന്നമിക്കുമ്പോൾ അത് നേരത്തെയുള്ള അധികാര മേൽക്കോയ്മ-സന്തുലിത സമവാക്യങ്ങളെ അലോരസപ്പെടുത്തും. അതിന്റെ അനുരണനങ്ങൾ ആണ് അഞ്ചു കൊല്ലം മുമ്പുണ്ടായ വിവാദങ്ങൾ.
സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ മുതൽ എടുത്തു കൊണ്ട് മനഃപൂർവ്വം ചേരി തിരുവുകൾ ഉണ്ടാക്കി സ്വത വ്യത്യസ്തകൾ പാർവ്വതീകരിച്ചാണ് വർഗീയ രാഷ്ട്രീയം കേരളത്തിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത്.
3)സാമ്പത്തിക-സാമൂഹിക അസമത്വങ്ങൾ ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ അത് സമൂഹത്തിൽ ആക്രമണ സംഭവങ്ങൾ കൂട്ടും. അങ്ങനെ ഉള്ള സമൂഹങ്ങളിൽ ക്രൈം റേറ്റ് കൂടാൻ ഇടയുണ്ട്. ഭവന ഭേദനങ്ങളും തെരുവ് പിടിച്ചുപറികളും സംഘടിത ഗാംഗുകളും കൂടാൻ സാദ്ധ്യതയുണ്ട്.
4) സമൂഹത്തിലെ ഒരു ഗണ്യമായ വിഭാഗം സാമ്പത്തിക-സമൂഹിക വളർച്ചയിൽ നിന്നും പിന്തള്ളപ്പെടുമ്പോൾ (excluded from socio-economic development) അത് പുതിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴി തെളിക്കും. അതുകൊണ്ടു തന്നെ പുതിയ സ്വത്വരാഷ്ടീയങ്ങളെ ഫാസിസ്റ്റ് വർഗീയ ശക്തികൾക്ക് കൈയടക്കാൻ താരതമ്യേന എളുപ്പം സാധിക്കുന്നത്. അതിന്‍റെ തുടക്കം ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടു തുടങ്ങിയത്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന മധ്യവർഗ സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടും ഇവിടെ വളർന്നു വരുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അസമത്വങ്ങളും കേരളത്തിന്‍റെ രാഷ്ട്രീയ ഭാവിയെ പല തരത്തിൽ ബാധിക്കും.

Comments
Print Friendly, PDF & Email

You may also like