പൂമുഖം EDITORIAL ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലി

ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലി

ഹൈസ്കൂളിന്റെ മുറ്റത്തിനപ്പുറമുള്ള പാറയിൽ ഉച്ചത്തെ ഇടവേളക്കുള്ള പതിവ് പാട്ടുചർച്ചയിലാണ് പാട്ടുകാരിയായ നസീം എന്ന കൂട്ടുകാരി ആദ്യം പറഞ്ഞത് – ഒരു പുതിയ ഗായകൻ ഉണ്ട്. വേറിട്ട ശബ്ദം അതി സുന്ദരം.
പ്രേമചകോരി…..
അവൾ മൂളി കേൾപ്പിച്ചു. ആറു പതിറ്റാണ്ടുകൾക്ക് ശേഷവും ആ ഗാനത്തിൽ നിന്ന് കൗമാരം ചോർന്നുപോയിട്ടില്ല. ഇന്നും അത് കേൾക്കുമ്പോൾ നമ്മൾ അന്നത്തെ ഭാവപ്രപഞ്ചത്തിലേക്കു പരകാലപ്രവേശം നടത്തുകയാണ്.

യേശുദാസ് ഹിറ്റ് ഗാനങ്ങളുമായി നിറഞ്ഞു നിൽക്കുമ്പോഴാണ് താരതമ്യേന സാന്ദ്രത കുറഞ്ഞ, യൗവനത്തിലേക്കു കാലുവെക്കുന്ന പ്രായത്തിലുള്ള പുതുപുരുഷശബ്ദം മലയാളി ആസ്വാദകരുടെ മനസ്സിന്റെ വാതിലിൽ മുട്ടിവിളിക്കുന്നത്. മല്ലികപ്പൂവിൻ മധുരഗന്ധംപോലെ..ചന്ദനമണമൂറും മലർവല്ലികളായി.

കഴിവുള്ളവരുടെ പ്രവേശനം യേശുദാസ് തടയുന്നു എന്ന് എല്ലാകാലത്തും ചില കോണുകളിൽ നിന്നുയർന്ന ആക്ഷേപത്തിന്റെ നിരാകരണം കൂടിയാണ് ജയചന്ദ്രന്റെ വരവും ഭാവഗായകനായി സ്ഥിരപ്രതിഷ്ഠ നേടലും.

ഇന്ദുമുഖീ, ഇന്നുരാവിൽ എന്തു ചെയ്‌വൂ നീ, എന്ന് അരുമയോടെ തേടിയെത്തിയ ആ സ്നേഹാന്വേഷണം

ഇനിയും പുഴയൊഴുകും, ഇനിയും കുളിർ കാറ്റോടി വരും എന്ന സാന്ത്വനം

എൻ നെഞ്ചിലിന്നുമാ ഗാനമൂറും നിന്നുള്ളിലിന്നുമാ രാഗമുണ്ടോ എന്ന പരിഭവം

വർണരഹിതമാം നിമിഷദലങ്ങളെ നീ സ്വർണപതംഗങ്ങളാക്കി എന്ന പ്രണയപൂജ

കാവ്യപുസ്തകമല്ലോ ജീവിതം, ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ എന്ന കൈപിടിച്ചു കയറ്റൽ

താരണിമണിമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ എന്ന കണ്ണീർ തുടയ്ക്കൽ….

എല്ലാം ആ ശബ്ദത്തിൽനിന്നും ഭാവ വിഹ്വലമായ ആലാപനത്തിൽനിന്നുമാണ് സാക്ഷാൽക്കരിച്ചത്.
നന്ദി.

മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ എന്നും നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടാണ് ഞാൻ എന്നും ഭക്തിയിൽ മുഴുകുമ്പോഴും ആ ശബ്ദം പ്രണയാർദ്രമാണ്. ഭാവ പാരമ്യത്തിൽ അലിഞ്ഞിലാതെയാവുന്നതാണല്ലോ പ്രണയത്തിന്റെയും ഭക്തിയുടെയും അതിർവരമ്പുകൾ.
യാത്രപറയുന്നില്ല, പിരിയുന്നവരോടാണല്ലോ അത്തരം ഔപചാരികതകൾ.

പതിറ്റാണ്ടുകൾ നീണ്ട സംഗീതസപര്യക്ക് മലയാളനാടിന്റെ ആദരാഞ്ജലി.

കവർ : വിൽസൺ ശാരദ ആനന്ദ്

Image Courtesy : Google

Comments

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like