ലൈഫ് ഈസ് ബ്യൂട്ടിഫുൾ
രാവിലെ പതിനൊന്നേ മുക്കാലിന് ക്വൊലാലമ്പൂരിൽ നിന്ന് പുറപ്പെട്ട് രണ്ടു മണിക്കൂർ പറന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിന് ഹോ ചി മിനിലെത്തി. സമയമൊക്കെ ഒരു സങ്കല്പമാണ്. കൊണ്ടുപോയ 200 US ഡോളർ മാറ്റിയപ്പോൾ 48 ലക്ഷത്തിലധികം വിയറ്റ്നമീസ് ഡോംഗ് കിട്ടി. 1 രൂപ = 300 ലധികം ഡോംഗ്. ഇനിയൊക്കെ ലക്ഷത്തിൻ്റെ കളികളാണ്. പൈസയുടെ മൂല്യവും മറ്റൊരു സങ്കല്പമാണ്.
നേരത്തേ ബുക്ക് ചെയ്ത ഡ്രൈവർ പേരെഴുതി പിടിച്ച് കാത്തുനിന്ന്, കാറിൽ കയറ്റി ഹോട്ടലിൽ കൊണ്ടാക്കി. അടിപൊളി റൂം . Wifi യുടെ password ചോദിച്ചു വാങ്ങി. lifeisbeautiful- അതാണ് Password.
ഈ യാത്രയിലെ എൻ്റെ ആശങ്ക ഭക്ഷണത്തെക്കുറിച്ച് മാത്രമായിരുന്നു. എല്ലാ ജീവികളെയും തിന്നുന്ന തെക്കുകിഴക്കൻ ഏഷ്യയിൽ സസ്യാഹാരികൾ കുറച്ച് ബുദ്ധിമുട്ടും. ഹോട്ടലുകാർ പറഞ്ഞ ദിശയിൽ തപ്പിപ്പിടിച്ച് പോയപ്പോൾ ആകെയുള്ള ഇന്ത്യൻ റെസ്റ്ററൻ്റ് രണ്ടു മണിക്ക് അടച്ചു കഴിഞ്ഞു. കൂനിൻമേൽ കുരുപോലെ രണ്ടുപേരുടെയും ഡാറ്റാ റോമിംഗ് work ചെയ്യാതായി. ഗൂഗ്ൾ മാപ് ഇല്ലാതെന്തു ചെയ്യും? പെട്ടുപോയി.
വിശപ്പൊരു വഴിക്ക് ആക്രമിക്കുന്നു, ഭക്ഷണം തപ്പി വഴി തെറ്റി, തിരിച്ചുപോകാനും പിടി കിട്ടുന്നില്ല. തുണയായി ഗൂഗ്ൾ ട്രാൻസ്ലേറ്റർ വന്നു. അതിന് നെറ്റ് വേണ്ട. അതിൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് വിയറ്റ് നാമീസിലേക്ക് മാറ്റിയത് വഴിയിൽ ആരെയെങ്കിലും കാണിക്കും. അവർ ഫോൺ വാങ്ങി നോക്കി തിരിച്ച് ടൈപ്പ് ചെയ്ത് മറുപടി പറയും. അങ്ങനെ രക്ഷപ്പെട്ടെത്തി. ഒരു കടയിൽ നിന്ന് വെജ് നൂ ഡിൽസും ബണ്ണും, വഴിയരികിൽ ഒരമ്മൂമ്മയോട് ഫ്രൂട്സും വാങ്ങി വന്നു. റൂമിലെത്തി ചൂടുവെള്ളമൊഴിച്ച് നൂഡിൽസ് ആവേശത്തോടെ തിന്നുമ്പോൾ വിചാരിച്ചു, വീട്ടിൽ മക്കൾ നൂഡിൽസ് തിന്നുമ്പോൾ അവജ്ഞയോടെ നോക്കാറുള്ള എൻ്റെയൊരവസ്ഥ !
വിയറ്റ്നാമിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇവിടുത്തെ മസാജിംഗ് കേന്ദ്രങ്ങളാണ്. നമ്മുടെ നാട്ടിൽ മസാജിംഗിന് ഒരു അനാശാസ്യ പരിവേഷമുണ്ടോ എന്ന് സംശയം. അല്ലെങ്കിൽ അവിടെ ഉയർന്ന നിലയിലുള്ള ഉഴിച്ചിൽ സുഖചികിത്സകളാണല്ലോ ഉള്ളത്. ഇവിടെ സാധാരണക്കാർക്ക് പ്രാപ്യമാവും വിധമാണ്.Professionals ആണ് ചെയ്യുന്നത്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഉച്ചി മുതൽ ഉള്ളംകാൽ വരെ എന്തോ കുഴമ്പുപുരട്ടി കിടത്തിയുള്ള പരിപാടി. വൈകിട്ട് ഞങ്ങൾ രണ്ടാളും അങ്ങനെയൊരു കേന്ദ്രത്തിൽ മസാജിംഗ് ചെയ്തു. നല്ല സുഖമാണ്. നാട്ടിൽ ഒരു facial ചെയ്യുന്നതിലും അല്പം കൂടുതൽ തുകയേ ആവൂ.
അതും കഴിഞ്ഞ് രാത്രിഭക്ഷണമെങ്കിലും നന്നായി കഴിക്കാൻ നേരെ ഇന്ത്യൻ റസ്റ്ററൻ്റിലേക്ക് വെച്ചുപിടിച്ചു. അപ്പോഴാണിവിടെ നഗരമധ്യത്തിൽ വൻ കലാപരിപാടികൾ നടക്കുന്നതു കണ്ടത്. നക്ഷത്രം പതിച്ച ചെങ്കൊടികൾ പാറുന്നുണ്ട്. ഇവിടുത്തെ DYFI ആണോ എന്ന് സംശയിച്ചു! ജനം തടിച്ചു കൂടിയിട്ടുണ്ട്. ഇവരുടെ ദേശീയ ദിനമാണത്രേ ഇന്ന്. ഗംഭീര പരിപാടികൾ. പിന്നെ മാർച്ച് പാസ്റ്റ്, കുതിരപ്പട്ടാളം… ആകപ്പാടെ കളറായി. ഒന്നു രണ്ടു ലക്ഷം പൊട്ടിച്ച് ചപ്പാത്തിയും കഴിച്ച് ഹാപ്പിയായി.
തിരിച്ചു വരുമ്പോൾ വഴിയരികിൽ ഡാൻസ് ബാറുകളുടെ മുന്നിൽ അല്പവസ്ത്രധാരികളായ നിശാസുന്ദരികൾ ക്ഷണവുമായി കൂടിയിരിക്കുന്നു. കെട്ട്യോൻ്റെ കൈയും മുറുകെപ്പിടിച്ച് നടന്നു. റൂമിലെത്തി. നാട്ടിൽ മോൻ്റെ ഇടപെടൽ കൊണ്ട് ഇവിടെ data roaming ശരിയായി. ഇനി കാര്യങ്ങൾ ഉള്ളം കൈയിൽ.
ഒരു കാര്യം പറയാൻ വിട്ടു. വിമാനമിറങ്ങി പുറത്തേക്കു നടക്കുമ്പോൾ എൻ്റെ കൊറിയക്കുഞ്ഞും അതിൽ ഉണ്ടായിരുന്നു. അവരുടെ അടുത്തു ചെന്ന് ഒരു Selfi എടുത്തോട്ടേ എന്നു ചോദിച്ചു. അവരുടനെ കുഞ്ഞിൻ്റെ കെട്ടൊക്കെ അഴിച്ച് അതിനെ എൻ്റെ കൈയിലേക്ക് തന്ന് ഫോൺ വാങ്ങി ഫോട്ടോ എടുത്തു തന്നു !
ജീവിതം എന്തൊക്കെ അത്ഭുതങ്ങളാണല്ലേ കാത്തു വെക്കുന്നത്!
കവർ: ജ്യോതിസ് പരവൂർ