പൂമുഖം LITERATUREമിനിക്കഥ അൺഫ്രണ്ട്

അൺഫ്രണ്ട്

“നിങ്ങൾക്കിതെന്തിൻ്റെ കേടാണ് മനുഷ്യാ…”
ഭാര്യയുടെ പരിഭവം.
” ഒന്നൂല്ലേലും നിങ്ങൾടെ അമ്മാവനല്ലേ, ചുമ്മാ കെടന്നങ്ങ് തർക്കിച്ചോളും … “

“ചുമ്മാതൊന്നുമല്ല, വിവേരക്കേട് പറഞ്ഞോണ്ടിരുന്നാൽ സമ്മതിച്ചു കൊടുക്കണോ…”

” അതിന് നിങ്ങക്കെന്നാ…. മാമന്റെ ഫേസ്ബുക്കില് അങ്ങേരുടെ അഭിപ്രായം എഴുതീടുന്നതിന് നിങ്ങക്കെന്നാ….” അവൾ ചൊടിച്ചു.
” പബ്ലിക്ക് പോസ്റ്റാണോ എതിരഭിപ്രായം വരും” ഞാനും വിട്ടുകൊടുത്തില്ല.
” ഒന്നും പറയണ്ടെന്ന് വെച്ചിരുന്നപ്പോ ദാണ്ടെ പുള്ളിക്കാരനെന്നെ ടാഗ് ചെയ്തതിന്റെ നോട്ടിഫിക്കേഷൻ. ” എല്ലാവരുടെയും നേരെ നീട്ടിക്കാണിച്ച മൊബൈൽ സ്ക്രീനിൽ നോക്കുക പോലും ചെയ്യാതെയവൾ ചിറികോട്ടി. കാര്യം പിടികിട്ടാതെ ഞങ്ങളെ നോക്കിയിരുന്ന അച്ഛനുമമ്മയ്ക്കും നേരെ നോക്കി ഞാൻ പിറുപിറുത്തു .
” ദാ… ഇന്നു നോക്കുമ്പോൾ അങ്ങേരെന്നെ അൺഫ്രണ്ട് ചെയ്തുപോയിരിക്കുന്ന്… “

” ആ… കണക്കായിപ്പോയി.” എന്നവൾ .

“രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ അവൻ്റെ റിക്വസ്റ്റ് വന്നോളും. ഇല്ലേൽ നീ അങ്ങോട്ടയയ്ക്ക്… അവൻ്റെ വാശി അത്രയ്ക്കൊക്കേ കാണൂന്ന് നമുക്കറിയില്ലേ.. ” അച്ഛൻ എന്നെ തണുപ്പിക്കാൻ ശ്രമിച്ചു.
” എന്തായിരുന്നു ഫേസ്ബുക്കിലെ തർക്കം എന്ന് അമ്മ.
” ആർത്തവം ” ഭാര്യയെ നോക്കി കലിപ്പിച്ചുകൊണ്ട് മറുപടി നൽകി.
” ആഹ്… വിശ്വാസമുള്ളവർക്കിതൊക്കെ വലിയ കാര്യം തന്നെ.. ” എന്നവളുടെ മറുപടി.
” ആർത്തവം അശുദ്ധിയാണെന്ന്… ” എന്റെ ശബ്ദം കൂടുതൽ ഉയർന്നു.
നീയെന്തിനാ ഇങ്ങനെ ഒച്ചയെടുക്കുന്നതെന്ന് അച്ഛൻ.
മേശമേൽ കൈതട്ടി രംഗം നിശബ്ദമാക്കി അമ്മ എണീറ്റു.
ഒരു നിമിഷം എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു – ” ഞാൻ പെറ്റതാണെങ്കിൽ നീയവന് റിക്വസ്റ്റ് അയച്ചുപോകരുത് “
അമ്മയുടെ ശബ്ദത്തിൻ്റെ മുഴക്കത്തിനിടയിൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം മുങ്ങിപ്പോയി.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like