പൂമുഖം LITERATUREമിനിക്കഥ ആൾക്കൂട്ടത്തിലൊരുവൻ

ആൾക്കൂട്ടത്തിലൊരുവൻ

ഓഫീസ് വിട്ടു വീട്ടിലേയ്ക്ക് വരുമ്പോൾ ബീച്ച്റോഡിൽ ആൾക്കൂട്ടം.
” എൻ്റെ സാറെ…. ഒരാണും പെണ്ണും. മറ്റേ പരിപാടിയാന്നേ… ഞങ്ങള് പൊക്കിയങ്ങ് പൊലീസിലേൽപ്പിച്ചു ” അശ്ലീല ചേഷ്ടകളോടെ കാണികളിലൊരുവൻ.
“ഛേ… ” നല്ലൊരു കാഴ്ച നഷടമായല്ലോയെന്ന നിരാശ മറച്ചുവെയ്ക്കാതെ ചോദിച്ചു – “പിള്ളാരാണോ!! “
” ഒന്നൊരു പയ്യനാ… കൂടെയൊള്ളവളിച്ചിരി മൂപ്പാ “
രഹസ്യഭാവത്തിലുള്ള മറുപടി എനിക്കും രസിച്ചു.
” അല്ലേലും ഇക്കാലത്ത് ഇമ്മാതിരി എടപാടുകളല്ലേ കൂടുതൽ… ” എന്ന് മറ്റൊരാൾ.


ഫോൺ ശബ്ദിച്ചതിനാൽ ഞാനതിന് യെസ് മൂളാൻ പോയില്ല.
മറുതലയ്ക്കൽ മകനാണ് , അവൻ കരയുന്നു – ” അച്ഛാ… ഞാനുമമ്മയും പൊലീസ് സ്റ്റേഷനിലാണ്. അച്ഛനൊന്ന് വേഗം വര്വോ…”
ഉള്ളൊന്ന് കാളി – ” എന്താ മോനെ, എന്താ കാര്യം?!”
” ഇന്ന് ഡോക്ടറെക്കാണണ്ട ദിവസായിരുന്നില്ലേ… അത് കഴിഞ്ഞ് അമ്മ്എ … ബീച്ച് കാണിക്കാൻ കൊണ്ടുപോയതാ… കുറെപ്പേര് ഞങ്ങളെ… ” അവൻ മുഴുമിപ്പിക്കും മുമ്പേ എൻ്റെ കണ്ണിലിരുട്ടു കയറി. അവന്റെ ശബ്ദം മറുതലയ്ക്കൽ നേർത്തുപോകുന്നു – ” അമ്മേം മകനുമാന്ന് പറഞ്ഞിട്ടൊന്നുമവര്… ” അവന്റെ വിങ്ങൽ വേറേതോ ഗ്രഹത്തിലെന്നവണ്ണം കേൾക്കേ , ആൾക്കൂട്ടമെന്റെചുറ്റും നിന്നാർത്തുകൊണ്ടേയിരുന്നു.

വര : മധുസൂദനൻ അപ്പുറത്ത്

കവർ : മനു പുതുമന

Comments
Print Friendly, PDF & Email

You may also like