പൂമുഖം LITERATUREമിനിക്കഥ മിനിക്കഥകൾ

മിനിക്കഥകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കഥ 1

ഉത്തരം

ഞാൻ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ.
പെരുവിരലിൽ നിന്നൊരുഷ്ണം മൂർദ്ധാ വിലേക്ക് പാഞ്ഞു കേറുന്നുണ്ട്.
ഇന്നലെ നടന്ന ഒരു ആക്രമണത്തിനു
ദൃക്സാക്ഷിയായതിനാൽ
തെളിവെടുപ്പിന് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചതാണ്.

എന്റെ ഹോട്ടലിന് മുന്നിലായിരുന്നു കൃത്യം നടന്നത്. ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ
കൊലപാതകം റെക്കോർഡ് ചെയ്ത
സി സി ടി വി ദൃശ്യങ്ങൾ സിനിമ കാണുന്നത് പോലെ നിസ്സംഗമായി കാണുകയായിരുന്നു പോലീസുകാർ. ടി വി സ്‌ക്രീനിൽ
കൊലചെയ്യപ്പെട്ടയാൾ ഹോട്ടലിൽ നിന്നിറങ്ങി വരുന്നു. രണ്ടു പേർ അയാളുടെ പിന്നാലെ ഇറങ്ങുന്നുണ്ട്. വലതു ഭാഗത്ത് നിന്ന് വന്ന ഒരു മോട്ടോർ സൈക്കിൾ അയാളുടെ മുന്നിൽ നിറുത്തി. മുമ്പിലിരിക്കുന്നയാൾ വഴി ചോദിക്കുന്നു
അപ്പോൾ പിന്നിലിരിക്കുന്നയാൾ ഹെൽമറ്റ് ഊരി തലക്കിട്ട് ഒരടി കൊടുക്കുന്നു. പെട്ടെ ന്നയാൾ മറിഞ്ഞു വീഴുന്നതും
ഹോട്ടലിൽ നിന്ന് ഇറങ്ങി വന്നവരിൽ രണ്ടാമത്തെയാളാദ്യമായി വാളുകൊണ്ട് വെട്ടുന്നതും കണ്ടു.
നാലുപേരും ചേർന്ന് ചറ പറാ എന്നാ മനുഷ്യനെ വെട്ടാൻ തുടങ്ങിയപ്പോൾ കണ്ടു നിൽക്കാനാകാതെ “ദൈവമേ ജീവൻ തിരിച്ചു നൽകേണമേ .” എന്ന് ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു.

” രണ്ട് ദിവസം മുമ്പ് മരിച്ചവന് ജീവൻ തിരിച്ചു കിട്ടുന്നതെങ്ങനെയാടോ എന്ന്
പോലീസ്കാരൻ കളിയാക്കിച്ചിരിക്കുന്നത് കേട്ട് കണ്ണ് തുറന്നപ്പോൾ കരകരാ ശബ്ദത്തോടെ സ്ക്രീനിലൊരിളക്കം.

വെട്ടിയ വെട്ടുകൾ തിരിച്ചെടുത്തു മരിച്ചവനെ നിലത്തു നിന്ന് പിടിച്ചെഴുന്നേൽപ്പിക്കുകയാണപ്പോൾ കൊലപാതകികൾ. മോട്ടോർ സൈക്കിളിൽ
വന്നവർ എന്തോ ചോദിച്ചു തിരിച്ചു പോകുന്നു.
രണ്ട് പേരുടെ പിന്നാലെ ഹോട്ടലിലേക്ക് കയറിപ്പോകുകയാണിപ്പോളയാൾ

സാങ്കേതിക തകരാറാണെന്ന് പോലീസുകാർ സി ഡി പരിശോധിക്കുമ്പോഴും,അവർ ഒന്നിച്ചിരുന്നു ചായയും കുടിച്ചു ലോഹ്യം പറഞ്ഞു തിരിച്ചു പോയി സ്വന്തം കുടുംബത്തോടൊത്ത് സുഖമായി ജീവിക്കുകയാണെന്ന ആശ്വാസത്തിൽ പ്രാർത്ഥനക്ക് ഉത്തരം തന്നതിന് നന്ദിയോടെ ദൈവത്തെ ഓർക്കുകയായിരുന്നു ഞാൻ.

കഥ 2

സൂഫി

തീവണ്ടിയിൽ വാതിലിനരികിൽ മുടി ജട കെട്ടി, താടി നീട്ടി മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ ഒരാൾ ഇരിക്കുന്നു.
ഞാൻ അരികിൽ ചെന്ന് ചോദിച്ചു,
എങ്ങോട്ട് പോകുന്നു?
ആർക്കറിയാം!
ഉത്തരം കേട്ട് ഞാൻ ഞെട്ടി.
എവിടെ നിന്ന് വരുന്നു?
ആർക്കും അറിയില്ല.
അയാൾ പൊട്ടിച്ചിരിച്ചു.
ഇയാൾക്ക് ഭ്രാന്താണെന്ന് ഉറപ്പിച്ചു
തിരിഞ്ഞു നടക്കുന്ന എന്നോടായാൾ ചോദിച്ചു:
ഈ വാഹനത്തിന്റെ പേരറിയുമോ?
“ഈസ്റ്റ് വെസ്റ്റ്‌ എക്സ്പ്രസ് “
അല്ല, ജീവിതം.
അയാളെന്നെ തിരുത്തി.

കഥ 3

ദൈവസഹായം

തീവണ്ടിയിൽ സഹയാത്രികനുമായി പരിചയപ്പെട്ടു.നിരീശ്വരവാദിയാണ്.
ഈശ്വരവിശ്വാസിയായ എന്നെ സഹതാപത്തോടെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു,

“ഒരു കവിയായിട്ടും, ജീവിതത്തിൽ ഇതുവരെ ആരെയും നേരിട്ട് സഹായിക്കാത്ത ദൈവത്തെ നിങ്ങൾ വിശ്വസിക്കുന്നുവല്ലോ?”

ദൈവം നേരിട്ട് സഹായിച്ച ഒരാളെ ചൂണ്ടിക്കാണിക്കാനാകാതെ ഞാൻ മൗനം പൂണ്ടു. കുറച്ച് കഴിഞ്ഞു ടോയ്‌ലറ്റിൽ പോയി വന്ന അയാൾ പറഞ്ഞു:

“സോറി, ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നു.
ചിലരെ ദൈവം നേരിട്ട് സഹായിക്കുന്നുണ്ട് എന്നെനിക്ക് ബോധ്യം വന്നു.”

ഇത്ര പെട്ടെന്ന് അദ്ദേഹത്തെക്കൊണ്ട് തിരുത്തി പറയിപ്പിച്ച ദൈവത്തെ സ്തുതി ച്ചുകൊണ്ട് ഞാൻ ടോയ്‌ലറ്റിലേക്ക് നടന്നു.
അവിടെ ഒരു സ്ത്രീ പൂവുകൾ കോർത്തു മാലയുണ്ടാക്കുന്നു. ചില ഭക്തർ അതു പണം കൊടുത്തു വാങ്ങി ആ സ്ത്രീയുടെ മടിയിൽ വെച്ച ദൈവത്തിന്റെ പ്രതിമയിൽ ചാർത്തി പ്രാർത്ഥിക്കുന്നു.

കവർ ഡിസൈൻ : മനു

Comments
Print Friendly, PDF & Email

You may also like