പൂമുഖം LITERATUREകവിത മൊണാലിസ

മൊണാലിസ

ചിരിച്ചിരിക്കുമ്പോൾ
മരിച്ചുപോയൊരു
യുവതിയെക്കാണാ_
നൊരിക്കൽ ഞാൻ പോയി.

സുഹൃത്തിന്‍റെ സുഹൃ_
ത്തവ,ളതിനാലെ
അവളെനിക്കൊരു
സുഹൃത്തായ പോലെ

മരിച്ചതെങ്കിലു_
മവളുടെ മുഖ_
ത്തതേ ചിരി,കാണാൻ
വരുവോർക്കായ് ചിരി.

ചിരി കൊണ്ടുള്ളിലെ
കരച്ചിൽ മാറ്റിയ
മരണമങ്ങനെ
കിടക്കയായ് മുന്നിൽ.

അവൾ കിടക്കുമാ
മുറിതൻ ഭിത്തിയി_
ലൊരു വിവാദമാം
ചിരിയിരിക്കുന്നു.

ചിരിയിതാണെങ്കിൽ
കരച്ചിലേതെന്നു
മൊണാലിസ കണ്ണിൽ
കനിഞ്ഞു നോക്കുന്നു.

ചിരി പകച്ചു പോം
കരച്ചിലായെന്തോ
വെറുതെയെങ്കിലു_
മതോർത്തു ജീവിതം.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like