രാമദാസന്‍ അയാളെ സ്വയം ഒരു വിപ്‌ളവകാരി എന്നാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍ വിപ്‌ളവങ്ങളുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും മാറിനിന്ന് നോക്കിക്കാണാനും വിലയിരുത്താനും അയാള്‍ക്ക് കഴിവുണ്ടായിരുന്നില്ല. കാലത്തിന്റെ മഹാനദിയെ ഒരു തോക്കിന്റെ ബയണറ്റ് കൊണ്ട് വഴിതിരിച്ചു വിടാമെന്നയാള്‍ മറ്റുപലരെപ്പോലെയും കരുതി. അങ്ങനെയാണ് രാമദാസനിൽ ആദ്യ പ്രണയം സംഭവിക്കുന്നത്. അത് മാവോയിസം ആയിരുന്നു. നാല് കോടി മൃതദേഹങ്ങളുടെ കടമ്പകൾ താണ്ടി പിന്നെയും മനുഷ്യർ തന്റെ തലച്ചോറിന്റെ സത്തയിൽ ആസക്തരാവുന്നത് കണ്ട് മാവോ ഇപ്പോഴും ചിരിക്കുന്നുണ്ടാവും.
അതുകൊണ്ട് ഒരു പതിറ്റാണ്ടോളം ഒറീസയിലെയും ഛത്തീസ്ഗഡ്ഡിലെയും വനാന്തരങ്ങളില്‍ ജീവിച്ചു കൊണ്ട് അയാള്‍ പൊലീസിനോടും സുരക്ഷാസേനയോടും യുദ്ധം ചെയ്തു. നിറയൊഴിച്ചു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സംഘത്തിനൊപ്പം പലായനം ചെയ്തു. ഇന്ത്യന്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരംഗമായിരുന്നു രാമദാസന്‍.
എട്ട് എന്‍കൗണ്ടറുകളില്‍ ഭാഗമായതിന് ശേഷമാണ് താന്‍ എന്തിനിതൊക്കെ ചെയ്യുന്നു എന്ന് രാമദാസന്‍ സ്വയം ചോദിച്ചു തുടങ്ങിയത്. താന്‍ നേരത്തേ തന്നെ തോറ്റുപോയൊരു യുദ്ധമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായ അയാള്‍ പൊലീസിന് കീഴടങ്ങി.
കീഴടങ്ങിയ രാമദാസിന് സ്വന്തം കുടുംബത്തെ നേരില്‍ കാണുന്നതിനുള്ള സൗകര്യം പൊലീസ് ഒരുക്കിക്കൊടുത്തു. പത്ത് വര്‍ഷത്തിന് ശേഷം അച്ഛനമ്മമാരെയും , സഹോദരി-സഹോദരന്‍മാരെയും രാമദാസന്‍ കണ്ടു. എന്നാല്‍ പുതിയൊരു കഥ ഇവിടെ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
കീഴടങ്ങിയ നക്‌സലുകള്‍ പൊലീസ് ഏര്‍പ്പെടുത്തിയ ഒരു സംവിധാനത്തില്‍ ഒന്നിച്ചുണ്ടായിരുന്നു. ഇവിടെ വച്ചാണ് കാലംദി മാജി എന്ന വനിതാ നക്‌സലൈറ്റിനെ രാമദാസന്‍ പരിചയപ്പെടുന്നത്. അവരും സി.പി.ഐ മാവോയിസ്റ്റ് തന്നെ ആയിരുന്നു. പരിചയം, വളര്‍ന്നു. സ്‌നേഹം പ്രണയമായി. ലോകത്തെ തോക്കിന്‍കുഴലിലൂടെ നോക്കി ശീലിച്ചവര്‍ ആദ്യമായി, അപരന്റെ കണ്ണുകളില്‍ മറ്റൊരു ലോകം സ്വന്തമായിക്കിട്ടാനുണ്ടെന്ന് തിരിച്ചറിഞ്ഞു.
കഥ ചുരുക്കുന്നു : ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അവർ വിവാഹിതരായി. ഭവാനിപറ്റ്്‌നയിലെ റിസര്‍വ് പൊലീസ് ഗ്രൗണ്ടില്‍ വച്ചായിരുന്നു വിവാഹം. പൊലീസിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിവാഹത്തിന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആതിഥേയരായി. പൊലീസുകാര്‍ പൂമാല എടുത്തു നല്‍കി. കാഞ്ചി വലിച്ച കൈകള്‍ കൊണ്ട് ഇരുവരും മാലയിട്ടു.

മാവോയുടെ സാഹിത്യം വായിച്ചല്ല രാമദാസന്‍ മാവോയിസ്റ്റായത്. ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച അയാളെ മാവോയിസ്റ്റായിരുന്ന അമ്മാവന്‍ പാര്‍ട്ടിയിലേക്ക് കൊണ്ട് വരികയായിരുന്നു. മതങ്ങള്‍ മാത്രമല്ല , മനുഷ്യചരിത്രത്തിലെ വലിയ പരാജയങ്ങളായ പല ഐഡിയോളജികളും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും ഇങ്ങനെയൊക്കെയാണ്-പരമ്പരാഗതമായി.
ഒരു പക്ഷെ രാമദാസൻ മാവോയുടെ ചരിത്രത്തെ ഇത്തിരിക്കൂടി വസ്തുതാപരമായി അടുത്തറിയാൻ ശ്രമിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇതിന് മുമ്പേ വ്യത്യസ്തമായേനേ. സത്യത്തിൽ ഒരു പാചകക്കാരനിലും ശിൽപിയിലും ഉള്ള അതേ ആത്മനിഷ്ഠ മഹത്വ ബോധം തന്നെയാണ് തോക്കെടുക്കുന്ന ഒരു മാവോയിസ്റ്റിലും ഉള്ളത്. താൻ ചെയ്യുന്നത് ഏറ്റവും ഉത്കൃഷ്ടമായ പ്രവൃത്തികളിൽ ഒന്നാണെന്ന് മറ്റെല്ലാവരെയും പോലെ അവനും കരുതുന്നു. ആ ധാരണയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ജീവിതത്തിൽ എവിടെയെങ്കിലും പറ്റിപ്പിടിച്ച് കിടക്കുക എന്നതാണ് പ്രധാനമെന്ന് കരുതുന്നവർ മാവോയിസ്റ്റായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ചിലർ അതിനുമപ്പുറത്തേക്ക് അന്വേഷിക്കുന്നു. മാവോ ശരിക്കും ചൈനയിൽ എന്താണ് ചെയ്തത് എന്നറിയുന്നു. പുതിയൊരു . വെളിച്ചം ലഭിക്കുന്നു.
ഈ വാര്‍ത്തയിലെ കൗതുകം നമ്മളെ അതിര് കവിഞ്ഞ ഒരു ആത്മവിശ്വാസത്തിലേക്കും കൊണ്ടുപോകേണ്ടതില്ല. ഇനിയും മാവോയിസ്റ്റുകള്‍ ഉണ്ടാവും. പൊലീസ് എന്‍കൗണ്ടറുകളും സംഭവിക്കും. കാരണം
വിചിത്രങ്ങളായ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ചില മനുഷ്യർ ഈയാം പാറ്റകളുടെ ജീവിതം കൂടി ജീവിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു.
ഇനി ഈ വാർത്താശകലത്തിൽ ഇതിലും കൗതുകമുള്ള മറ്റൊന്ന് കൂടിയുണ്ട്. അതായാളുടെ പേരാണ് : രാമദാസൻ.
മാവോയ്ക്ക് വേണ്ടി തോക്കെടുത്ത് യുദ്ധം ചെയ്യുന്ന ഒരുവന് ഇന്ത്യയിൽ രാമദാസൻ എന്ന് പേര് വരുന്നതിൽ അതിശയമില്ല. ഈ ഇന്ത്യൻ യാഥാർത്ഥ്യത്തെ തിരിച്ചറിയാതിരിക്കുന്നിടത്താണ് ഇടത് പാർട്ടികൾ മിക്കപ്പോഴും പരാജയപ്പെട്ട് പോകുന്നതും.
കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ