പൂമുഖം ഡി ഫാക്ടോ തീന്‍മുറികളിലെ അരിയും മലരും

തീന്‍മുറികളിലെ അരിയും മലരും

ക്യൂ ജിയാനു എന്ന് കേട്ടിട്ടുണ്ടോ ? ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള ഉത്തരങ്ങളുടെ സാധ്യതകള്‍ക്കപ്പുറം ആ പേര് പക്ഷെ വിസ്മയശേഷികളുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഫുജിയാനില്‍ നിന്നുള്ള ക്യൂ ജിയാനു തന്റെ പതിമൂന്നാം വയസ്സിലാണ് വിസ്മയബാലനായി സ്വയം അടയാളപ്പെടുത്തിയത്. മൂന്ന് റൂബിക്‌സ് ക്യൂബുകള്‍ എടുത്തവന്‍ അമ്മാനമാടാന്‍ തുടങ്ങി. അതിനിടയില്‍ വെറും 5 മിനിറ്റും 2.43 സെക്കന്‍ഡുകളും കൊണ്ട് അവനാ മൂന്ന് ക്യൂബുകളും സോള്‍വ് ചെയ്തു. ഇന്നും തിരുത്തപ്പെടാത്ത ലോകറെക്കോഡ് ആണത്.

ക്യൂ ജിയാനു


കുട്ടികള്‍ ഇത്തരത്തില്‍ അഭൂതപൂര്‍വമായ ശേഷികള്‍ ഉള്ളില്‍ വഹിക്കുന്നവരാണ്. ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും കൈത്തെറ്റുകള്‍ കൊണ്ടവര്‍ക്ക് പോറലേല്‍ക്കുന്നത് വളരുമ്പോഴാണ്, മുതിരുമ്പോഴാണ്. വെറും മനുഷ്യരായി മാത്രം പിറന്നുവീഴുന്നവര്‍, നിഷ്ങ്കളങ്കമായി കരയുകയും ചിരിക്കുകയും ചെയ്യുന്നവര്‍, മുതിരുന്നതിന്റെ അലംഘനീയനിയമങ്ങള്‍ക്ക് കീഴടങ്ങി വിചിത്രസ്വഭാവികളായ മനുഷ്യരായി പരിണമിച്ച് ജീവിതത്തിന്റെ അസംബന്ധങ്ങളില്‍ ചെന്നൊടുങ്ങുന്നു. ഒരു ചക്രം എങ്ങനെയോ പൂര്‍ത്തിയാക്കി കളം വിടുന്നു.
ക്യൂ ജിയാനു ഒരൊറ്റ ഉദാഹരണമല്ല. ഗ്രേറ്റ തന്‍ബെര്‍ഗിന്റെ കഥയും നമുക്ക് ഓര്‍മിക്കാവുന്നതാണ്. വെറും 17 വയസ്സില്‍ ഗ്രേറ്റ 2019-ല്‍ ടൈം മാഗസിന്റെ പെഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഗ്രെറ്റ തൻബെർഗ്

സ്വീഡിഷുകാരിയായ ഈ പെണ്‍കുട്ടി കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ലോകത്തോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ചെറിയ പ്രായത്തിനുള്ളില്‍ അവളെത്തേടിച്ചെന്ന അംഗീകാരങ്ങളുടെ നിര വലുതും അര്‍ത്ഥവത്തുമാണ്.
ഇനി മലയാളിയായ ഒരത്ഭുതബാലന്റെ കഥയുണ്ട്. നാമവനെ ഒരിക്കലും മറക്കുകയില്ല. ഒരിത്തിരി ചായക്കൂട്ടില്‍ ലോകത്തിന്റെയും ജീവിതത്തിന്റെയും മഹാപ്രകമ്പനങ്ങള്‍ തീര്‍ത്ത് കടന്നുപോയ അവന്റെ പേര് ക്‌ളിന്റെ് എന്നാണ്. വെറും ഏഴ് വയസ്സിനുള്ളില്‍ ഇരുപത്തയ്യായിരത്തിലേറെ ചിത്രങ്ങള്‍ വരച്ചു കടന്ന് പോയ ക്‌ളിന്റ് നമ്മെ ഓര്‍മപ്പെടുത്തുന്നൊരു കാര്യമുണ്ട് : കുട്ടികളുടെ മനസ്സിനുള്ളില്‍ ലോകം അതിന്റെ എല്ലാ സമൃദ്ധിയോടെയും ആഞ്ഞുപതിയുന്നു എന്നതാണത്. മുതിര്‍ന്നവരുടെ ലോകത്തിന് അപരിചിതവും അദൃശ്യവുമായ യഥാര്‍ത്ഥലോകത്തിന്റെ ഉടമസ്ഥരാണ് ഓരോ കുട്ടികളുമെന്ന് ക്‌ളിന്റ് അവന്റെ വിരലുകളാല്‍ രേഖപ്പെടുത്തുകയായിരുന്നു.

ക്ലിന്റ്

ഓരോ കുട്ടികളും എന്ന് പറഞ്ഞത് വെറുതെയല്ല. നാം കണ്ണുകള്‍ തുറന്ന് പിടിച്ച് ചുറ്റും നോക്കിയാല്‍ മതി. ഈ ലേഖകന് അറിയാവുന്ന ഒരു കുട്ടിയുണ്ട്. തിരുവനന്തപുരത്തിനടുത്തു ഇരിഞ്ചയം സ്വദേശി അപ്പു. അപ്പുവിനെപ്പറ്റി അടുത്തിടെ മലയാളമനോരമ ഓണ്‍ലൈന്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം ക്‌ളാസുകാരനായ അപ്പു ജീവലോകത്തിന്റെ അത്ഭുതങ്ങള്‍ക്ക് സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. കളിമണ്ണില്‍ അപ്പു നിര്‍മ്മിക്കുന്ന ജീവികളുടെ രൂപങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഇതിനോടകം എണ്ണമറ്റ ജീവികളെ കളിമണ്ണില്‍ വാര്‍ത്തെടുത്ത അപ്പു അവയുടെ അത്രയും സവിശേഷതകള്‍ രസകരമായി നമ്മോട് വിവരിക്കുകയും ചെയ്യും.

അപ്പു


ഇതില്‍ നിന്നൊക്കെ നമ്മള്‍ മനസ്സിലാക്കേണ്ടത് ലളിതമായ ഒരു സത്യമാണ്. മുതിരുമ്പോള്‍ നാം ലോകത്തെ നിര്‍മ്മിക്കുകയോ പരിഷ്‌ക്കരിക്കുകയോ അല്ല ചെയ്യുന്നത്. മറിച്ച് നമുക്ക് സൗകര്യപ്പെടുന്നത് പോലെ അതിനെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഒരു ജൈവസ്വത്വം എന്ന നിലയില്‍ നമ്മുടെ അസ്തിത്വം നമ്മുടെ ഏറ്റവും വലിയ ഭീതിയായി മാറുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് അത്തരം ഭീതികളൊന്നും തന്നെയില്ല. അവര്‍ക്ക് ചിന്തയുടെ ഭ്രാന്ത് ഇല്ല. ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ ഇല്ല. അനിശ്ചിതത്വത്തില്‍ നിന്നുള്ള ഭീതിയില്ല. കാര്യങ്ങള്‍ സ്വന്തം നിയന്ത്രണത്തില്‍ തന്നെ ആയിരിക്കണമെന്ന വാശി ഇല്ല. അവര്‍ ഹിന്ദുരാഷ്ട്രം ഉണ്ടാക്കുന്നതിനെപ്പറ്റിയോ, ഇസ്‌ളാമികരാഷ്ട്രം സ്ഥാപിക്കുന്നതിനെപ്പറ്റിയോ കമ്മ്യുണിസ്റ്റ്സർവ്വാധിപത്യങ്ങൾ ഉണ്ടാക്കുന്നതിനെ പറ്റിയോ ചിന്തിക്കുന്നില്ല. അത്തരം വിഡ്ഡിത്തങ്ങള്‍ക്കൊന്നും ഒരു കുട്ടിയുടെ ജീവിതത്തില്‍ സ്ഥാനമില്ല. അവന്‍ കൈ ഒന്ന് ചെറുതായി മുറിഞ്ഞാല്‍ വാവിട്ട് നിലവിളിക്കുന്നവനാണ്. ഈ ഭൂമിയിലെ മഴയിലും മധുരത്തിലും മഹാവൈവിധ്യങ്ങളിലും ജീവിതസത്യത്തെ അറിയുന്നവനാണ്. സ്വര്‍ഗത്തിന്റെ പേരില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ നിങ്ങള്‍ക്ക് ഒരു കുട്ടിയെ കിട്ടില്ല. ഭൂമിയിലാണ് സ്വര്‍ഗം എന്നത് കുട്ടിയുടെ അനുഭവമാണ്. സ്വന്തം അനുഭവങ്ങളാണ് ഓരോ കുട്ടിയുടെയും യുക്തി എന്നിരിക്കേ അവനെ കബളിപ്പിക്കുകയെന്നത് അത്ര എളുപ്പമല്ല. ചൈല്‍ഡ് ഈസ് ദി ഫാദര്‍ ഓഫ് മാന്‍ എന്ന് പറയുന്നത് വെറുതെയല്ല.
കുട്ടികളും മുതിര്‍ന്നവരും രണ്ട് ലോകങ്ങളില്‍ ജീവിക്കുന്നവരാണ്. സത്യത്തില്‍ കുട്ടികളായിരിക്കുമ്പോള്‍ മാത്രമാണ് നമ്മളെല്ലാവരും ലോകത്തെ ഇത്തിരിയെങ്കിലും നോക്കി നിന്നിട്ടുണ്ടാവുക. ലോകത്തിന്റെ ചലനം മന്ദഗതിയിലാണെന്നും ലോകത്തിന്റെ സംഗീതം നിശബ്ദതയിലാണെന്നും മനസ്സിലാക്കിയിട്ടുണ്ടാവുക. നാം നഷ്ടപ്പെടുത്തിക്കളഞ്ഞവയിലാണ് ഓരോ കുട്ടിയും വേരുകളാഴ്ത്തിയിരിക്കുന്നത്, തളിര്‍ത്ത് പൊന്തുന്നത്. മുതിരുമ്പോള്‍ നിഷ്‌ക്കരുണം നാം അവന്റെ കാഴ്ചയെ ചോര്‍ത്തിക്കളയുന്നു. വേരുകള്‍ അറുത്ത് മറ്റൊരിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. അങ്ങനെയാണ് സമൂഹജീവിതത്തിന്റെ ക്‌ളസ്റ്ററുകള്‍ ഉണ്ടാവേണ്ടതെന്ന് നാം ശഠിക്കുന്നു.


ജീവിതത്തിന്റെയും പരിണാമത്തിന്റെയും മാലിന്യശാലയായ മുതിര്‍ന്നവരുടെ ലോകത്ത് നിന്ന് കുട്ടികളുടെ ലോകത്തിലേക്ക് എന്തിന്റെ പേരിലായാല്‍ പോലും നാമൊരു ചാല്‍ കീറിക്കൂടാ. നമ്മുടെ രാഷ്ട്രീയസിദ്ധാന്തങ്ങളുടെ അസംബന്ധങ്ങളും പുതുലോകനിര്‍മ്മിതികളുടെ പഴഞ്ചന്‍ പണിക്കോപ്പുകളും നമുക്കായിത്തന്നെ ബാക്കിയിരിക്കട്ടെ. മുദ്രാവാക്യങ്ങള്‍ ഭക്ഷിച്ചു തളര്‍ന്ന നമുക്ക് ആശ്വസിക്കാന്‍ ബാക്കിയുള്ളത് സത്യത്തില്‍ ഈ കുട്ടികള്‍ മാത്രമാണ്. അവരുടെ വായിലേക്ക് പൊളിറ്റിക്കല്‍ പ്രൊപ്പഗാന്‍ഡയുടെ അരിയും മലരും കുന്തിരിക്കവും തിരുകിക്കൊടുക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ പൊളിറ്റിക്കല്‍ ബുച്ചറിങ്ങ് ആണ്.

നമ്മുടെ മലിനമായ തീന്‍മേശയില്‍ കുരുന്നുകളുടെ മാംസം വിളമ്പിക്കിട്ടണമെന്ന് നാം ശഠിക്കുന്നതെന്തിനാണ് ? അരിയും മലരും കുന്തിരിക്കവുമൊക്കെ അത്രനിര്‍ബന്ധമെങ്കില്‍ ആ തീന്‍മുറികളിലായിക്കോട്ടെ.
നമ്മള്‍ ആകപ്പാടെ ചെയ്യേണ്ടത് കുട്ടികളെ വെറുതെ വിടുക എന്നത് മാത്രമാണ്. അങ്ങനെ സംഭവിക്കുന്ന നിമിഷം അവര്‍ വിവേചനങ്ങളുടെയും വിദ്വേഷങ്ങളുടെയും ലോകത്തെ തകിടം മറിച്ച് കൊണ്ട് ചരിത്രമെന്നത് നമ്മളെ ബന്ധിച്ചിരിക്കുന്ന മിഥ്യകളുടെ ഒരു ചങ്ങല മാത്രമാണെന്ന് തെളിയിക്കുന്നത് കാണാം.

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like