പൂമുഖം ഡി ഫാക്ടോ ഒരു ശ്രീലങ്കൻ ചോദ്യക്കടലാസ്

ഒരു ശ്രീലങ്കൻ ചോദ്യക്കടലാസ്

ശ്രീലങ്കന്‍ പ്രതിസന്ധിയുടെ കാരണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. പലരും അവരവരുടെ ചേരുവകള്‍ കൂടി കലര്‍ത്തിയാണ് അവ വിളമ്പുന്നതെന്ന് മാത്രം. ചിലരത് കുടുംബവാഴ്ചയുടെ അനിവാര്യമായ അന്ത്യമായി കരുതുന്നു. ചിലരതിനെ വീരനിര്‍മ്മിതികളുടെ, അതിനെ പിന്‍തുടരുന്ന അന്ധമായ ജനപിന്തുണയുടെ സ്വാഭാവികപതനമായി കരുതുന്നു. അങ്ങനെ കരുതുന്നവര്‍ക്ക് അതിനുള്ള കാരണങ്ങളുണ്ട്. അത് ശ്രീലങ്കയുടെ വിഭാഗീയമായ ചരിത്രത്തില്‍ ആഴ്ന്ന് കിടക്കുന്നു. ഭൂരിപക്ഷത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് നേരെ സായുധകലാപം നടത്തിയ ന്യൂനപക്ഷം തമിഴരെ വെടിവച്ചു ചിതറിച്ചവരെ അതേ ഭൂരിപക്ഷം യുഗപുരുഷന്‍മാരായി അവരോധിക്കുന്നത് സ്വാഭാവികം. അവരില്‍ തന്നെ ആയിരിക്കും അതേ ജനത ഭാവിയുടെ സ്വപ്‌നം കാണുന്നതും. ഇതിനൊക്കെയപ്പുറം കാലത്തിന്‍റെയും ചരിത്രത്തിന്‍റെയും തിരിച്ചടിയായും പകവീട്ടലായും ഇതിനെ വിഭാവനം ചെയ്യുന്നവരും ഉണ്ട്. അവരിതിന് തെളിവായി എടുത്ത് കാട്ടുന്നത് ആഭ്യന്തരയുദ്ധകാലത്തെ ഒരു ചിത്രമാണ്. ആ ചിത്രത്തില്‍ ഒരു പന്ത്രണ്ടുകാരന്‍ ബാലന്‍ അവന്റെ വേരുകള്‍ ആകമാനം പിഴുതെറിയപ്പെട്ടതറിയാതെ ബിസ്‌ക്കറ്റ് തിന്നു കൊണ്ടിരിക്കുന്നത് ലോകം കണ്ടിരുന്നു.

മുല്ലത്തീവിലെ നന്തിക്കടല്‍ തടാകത്തിനടുത്തിരുന്ന് ബിസ്‌ക്കറ്റ് കഴിച്ചു കൊണ്ടിരുന്ന ആ കുട്ടിയുടെ പേര് ബാലചന്ദ്രന്‍ പ്രഭാകരന്‍ എന്നായിരുന്നു. എല്‍.ടി.ടി. ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍റെ മൂന്നാമത്തെ മകന്‍. ബാലചന്ദ്രന്‍റെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കാതെ തന്നെ ശിശുസഹജമായ നിഷ്ങ്കളങ്കത അവിടെ തെളിഞ്ഞു കാണാമായിരുന്നു. എന്നാല്‍ അതിനൊക്കെയപ്പുറം ബാലചന്ദ്രന്‍റെ അസ്തിത്വം ഒരു വലിയ യുദ്ധപ്രഹേളികയായി. യുദ്ധത്തിന്‍റെ നീതി കാടന്‍റെ വിരലുകള്‍ കൊണ്ട് എഴുതിയതായത് കൊണ്ട് ഭീരുത്വത്തിന്‍റെ വെടിയുണ്ടകള്‍ നെഞ്ചിലേറ്റ് വാങ്ങീ ബാലചന്ദ്രന്‍. അങ്ങനെ ശ്രീലങ്കന്‍ സിംഹളന്‍റെ ഭാവിയെ ദു: സ്വപ്‌നങ്ങളില്‍ നിന്ന് വിമോചിപ്പിച്ച മിശിഹായായി അവന്‍ ഈ ലോകത്തു നിന്ന് മടങ്ങിപ്പോയി. അവന്‍റെ പ്രതികാരമാണ് പ്രേതരൂപിയായി ശ്രീലങ്കയെ കാര്‍ന്നു തിന്നുന്നതെന്നും ആണയിട്ട് പറയുന്നവരുണ്ട്. ഇതൊന്നുമല്ല, ശുദ്ധമായ സാമ്പത്തികകാരണങ്ങളാണ് ഇതിന് പിന്നിലെന്ന് പറയുന്നവരും ഏറെ.

ജനതയുടെ തന്നെ ദൗര്‍ബല്യമായി ഈ പ്രതിസന്ധിയെ നോക്കിക്കാണുന്നവരും ഉണ്ട്. ഒരു രക്ഷകനെ സങ്കല്‍പ്പിച്ച് അയാളില്‍ സകലതും അര്‍പ്പിച്ച് ചടഞ്ഞു കൂടിയിരിക്കുന്ന ജനത ഏറ്റവും ഭയാനകമായ ദുരന്തം സ്വയം ഏറ്റുവാങ്ങുന്നു. ഉദാഹരണത്തിന്, 2019-മുതൽ തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് സാമ്പത്തികവിദഗ്ധരില്‍ പലരും ശ്രീലങ്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കടമെടുപ്പ് അതിന്റെ സകലപരിധിയും ലംഘിക്കുകയും, വിദേശനാണയം തിരിച്ചടവിന് പോലും തികയാതെ വരികയും ചെയ്തപ്പോഴാണ് ഇറക്കുമതി ചെയ്യുന്ന രാസവളങ്ങള്‍ക്കും കീടനാശിനിക്കുമുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇത് വിപ്‌ളവകരമായ ഒരു തീരുമാനമായി ആദ്യഘട്ടത്തില്‍ കണക്കാക്കിയവരും ചെറുതല്ല. സത്യത്തില്‍ മാവോസെതൂങ്ങ് 1950-കളില്‍ ചൈനയില്‍ നടപ്പാക്കിയ മഹത്തായ കുതിച്ചുചാട്ടം അതിന്റെ ലളിതമായ രൂപത്തില്‍ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു രാജ്പക്‌സെ ഭരണകൂടം. മുന്നറിയിപ്പുകള്‍ അത്രയും തള്ളിക്കളഞ്ഞ് അവരവരുടെ സുരക്ഷിതമേഖലകളില്‍ ഒറ്റയൊറ്റ വ്യക്തികളായി ജീവിച്ച അവര്‍ ഒരു സമൂഹമായി ശ്രീലങ്കയുടെ തെരുവുകളിലേക്ക് ഇറങ്ങിയത് പിന്നെപ്പോഴാണ് ? വൈദ്യൂതി ഇല്ലാതായപ്പോള്‍, ഇന്ധനവും ഭക്ഷണവും, മരുന്നുകളും ഇല്ലാതായപ്പോള്‍. അവര്‍ക്കൊരുമിച്ചല്ലാതെ മറ്റൊരു പ്രത്യാശയ്ക്കും ഇനി ഇടമില്ലെന്ന് മനസ്സിലായപ്പോള്‍ മാത്രം ഭരണകൂടത്തിനെതിരെ തെരുവിലേക്കിറങ്ങിയ ഈ മനുഷ്യര്‍ സത്യത്തില്‍ അറവുകത്തിക്ക് നേരേ സ്വയം നടന്നു പോയ ഉരുക്കളെ ഓര്‍മ്മി പ്പിക്കുന്നുണ്ട്. അമ്പലമരങ്ങള്‍ എന്ന് പേരുള്ള മഹീന്ദരാജ്പക്‌സെയുടെ വസതിക്ക് അവര്‍ തീ കൊടുത്തെങ്കിലും വൈകിപ്പോയിരുന്നു എന്ന് പറയുന്നവരാണ് സ്വതന്ത്രബുദ്ധികള്‍. ആളിക്കത്തുന്ന അഗ്നി ശ്രീലങ്കന്‍ പ്രതിസന്ധിക്ക് എന്തെങ്കിലുമൊരുത്തരം കണ്ടെത്തുമെന്ന് അവരാരും കരുതുന്നില്ല.

‘ചരിത്രത്തിന്‍റെ പ്രതികാരം ‘ എന്ന പ്രയോഗം രാജപക്സയുടെ പതനത്തിന് ഏറെ ഇണങ്ങുന്നതാണെന്നതിന് പിന്നെയും സാക്ഷ്യങ്ങളുണ്ട്. ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ സ്ഥാനമൊഴിഞ്ഞ മഹീന്ദ കൊളംബോ ഉപേക്ഷിച്ച് പറന്നത് ട്രിങ്കോമാലിയിലേക്കായിരുന്നു. കൊളംബോ സിംഹളഭൂരിപക്ഷ മേഖലയാണെങ്കിൽ ട്രിങ്കോമാലിയിൽ തമിഴരും മുസ്ലീങ്ങളും സിംഹളരും ഇടകലർന്നാണ് ജീവിതം. ഒരു കാലത്ത് രാജപക്സെയ്ക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായ അതേ സിംഹളനിൽ നിന്ന് ജീവൻ രക്ഷിക്കാൻ 300 കിലോമീറ്റർ അകലേക്ക് അയാൾക്ക് പറക്കേണ്ടി വരുന്നു. എല്ലാവരും ‘കർമ്മ ഈസ് എ ബൂമറാങ് ‘എന്നത് ഒരു സദാ സത്യവാചകമാണെന്ന് രാജപക്സെയുടെ ചെലവിൽ ഉറപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍ രണ്ട് ചോദ്യങ്ങളാണ് ചോദിക്കപ്പെടേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതാരും ചോദിക്കുന്നില്ല. അവ ഇതാണ് : ഒന്ന്, എന്താണ് ശ്രീലങ്കന്‍ പ്രതിസന്ധിക്ക് പരിഹാരം ?
രണ്ട്, എന്ത് പാഠമാണ് ഈ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നത് ?

സത്യത്തില്‍ ആദ്യത്തെ ചോദ്യം ആരും ചോദിക്കാത്തത് അതിനൊരു കൃത്യമായ ഉത്തരം അത്രകണ്ട് ആരുടെ പക്കലും ഇല്ലാത്തത് കൊണ്ടാണ്. രണ്ടാമത്തെ ചോദ്യത്തിന്‍റെ കാര്യത്തിലാവട്ടെ, അതിന്‍റെ ഉത്തരം ചിലപ്പോഴൊക്കെ അസുഖകരമായതു കൊണ്ടുമാവാം. ശ്രീലങ്കയില്‍ ഭൂരിപക്ഷം ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന പുതിയൊരു ഭരണകൂടം നിലവില്‍ വരികയെന്നതാണ് ആദ്യപടി. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷകക്ഷികള്‍ പോലും ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി അവകാശവാദം ഉന്നയിക്കുന്നില്ല. നിലവിലെ പ്രതിസന്ധി എത്രകണ്ട് പരിഹരിക്കാനാവും എന്ന കാര്യത്തിലെ വ്യക്തത ഇല്ലായ്മയാണ് ഇതിന് കാരണം. യു.എന്‍ ഒരു പ്രത്യേക ഇന്റര്‍നാഷണല്‍ മിഷന്‍ ശ്രീലങ്കയുടെ കാര്യത്തില്‍ രൂപീകരിക്കേണ്ട സമയം കഴിഞ്ഞുപോയിരിക്കുന്നു എന്നും പറയാം. ഇതിനിടയിലാണ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി പദം കൈയ്യാളുന്നത്. ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടില്‍ നിന്നും അടിയന്തിര ധനസഹായം തേടിയിരിക്കുകയാണ് നിലവില്‍ ശ്രീലങ്ക. എന്നാല്‍ രാജ്യം ആഭ്യന്തരകലാപത്തിലായിരിക്കുന്നത് കൊണ്ട് ഇത് എത്ര കണ്ട് വേഗത്തില്‍ ലഭ്യമാവും എന്നോ, കലാപം തുടര്‍ന്ന് പോയാല്‍ ശ്രീലങ്ക എത്ര കണ്ട് രാഷ്ട്രീയ അസ്ഥിരതയിലേക്ക് വീഴുമെന്നതിനെപ്പറ്റിയോ ആര്‍ക്കും പ്രവചനമില്ല. ഈ ധനസഹായം എത്ര കണ്ട് ഗുണം ചെയ്യുമെന്നും ആർക്കുമറിയില്ല. ആധുനികമാനവസമൂഹത്തില്‍ ഇത്തരത്തില്‍ ഒരു രാഷ്ട്രം തകര്‍ന്നുപോവുമെന്നതും ആരും പ്രവചിച്ചിരുന്നില്ല. നാല് പാടും മത്സ്യസമ്പുഷ്ടമായ തീരക്കടല്‍ ശ്രീലങ്കയ്ക്ക് ഉണ്ട്. മീന്‍ കഴിച്ച് ജീവന്‍ നിലനിര്‍ത്താം എന്ന് കരുതിയാലും തല്‍ക്കാലം രക്ഷയില്ല എന്നതാണ് അവസ്ഥ. ഇന്ധനം ലഭ്യമല്ല എന്നതാണ് കാരണം. പിന്നെയുള്ളത് കൈത്തോണികളും കട്ടമരങ്ങളുമാണ്. കടമെടുത്ത് തിളക്കമേറ്റിയ റണ്‍വേകളില്‍ പക്ഷികള്‍ തൂറി നിറയ്ക്കുമ്പോള്‍ കൈത്തോണിയിലേക്കും കൈവലയിലേക്കും ശ്രീലങ്കന്‍ ജനത മടങ്ങിപ്പോവുന്ന ചിത്രം സങ്കല്‍പ്പിച്ചു നോക്കൂ. പേശിയും പ്രകൃതിയും മാത്രമാവുന്നു നിങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനം. ഒരു പാഠമാണോ ഇതെന്ന് അറിഞ്ഞുകൂടാ.

സാമ്പത്തികവികാസത്തിന്‍റെ കുതിപ്പ് നമ്മളെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന ചോദ്യം നാം സ്ഥിരമായി ചോദിച്ചു കൊണ്ടിരിക്കേണ്ടതാണ് എന്നതാണ് ലങ്കന്‍ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്ന പാഠം. പാളം തെറ്റിയോടുന്ന സമ്പദ് വ്യവസ്ഥകൾ ‍ തകരാം എന്നത് വികസനവിരുദ്ധരുടെ കള്ളപ്രചാരണം അല്ല എന്ന് നമുക്കിപ്പോള്‍ മനസ്സിലായിത്തുടങ്ങുന്നു. ആ തകര്‍ച്ച നമ്മളെ ഒരു പിടിച്ചോറിലേക്കും ഒഴിച്ചുകറിയിലേക്കും മാത്രം ചുരുക്കുമെന്നും എന്നാല്‍ അതുപോലും ആ സമയം ദുഷ്‌ക്കരമായേക്കും എന്നും നമ്മള്‍ ഇപ്പോള്‍ അടുത്തു നിന്ന് കാണുന്നുണ്ട്. എത്രപേര്‍ അത് മനസ്സിലാക്കുന്നുണ്ട് എന്നത് മറ്റൊരു പ്രഹേളികയാണ്.

സാമ്പത്തികവികസനമെന്ന മാനവരാശിയുടെ റോക്കറ്റ് എക്കാലവും കുതിച്ചു കൊണ്ടിരിക്കുമോ എന്നത് ഒരു ചോദ്യം തന്നെയാണ്. അതിന്‍റെ ഗതി മന്ദീഭവിച്ചു തുടങ്ങിയാല്‍, അത് തിരികെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ആശങ്ക പരിഗണിക്കപ്പെടേണ്ടതാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ വികസനം രണ്ട് തരത്തില്‍ സംഭവിക്കുന്നുണ്ട്. സുസ്ഥിരവും ശാസ്ത്രീയവുമായ, കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുള്ള വികസനം. ഇതാണ് പലപ്പോഴും വികസിത രാജ്യങ്ങളില്‍ നടക്കുന്നത്. രണ്ട് , ജനസംഖ്യാവിസ്‌ഫോടനത്തിന് ആനുപാതികമായി ഉയര്‍ന്നുവരുന്ന അടിസ്ഥാന ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നതിനായി ഉണ്ടാകുന്ന വികസന മുറവിളികള്‍. കെ-റെയില്‍ വന്നാല്‍ നിക്ഷേപം ഒഴുകും. പിന്നെയീ നാട് സ്വര്‍ഗമാവും എന്ന് ഒരടിസ്ഥാനവുമില്ലാതെ നമ്മളെക്കൊണ്ട് തോന്നിപ്പിക്കുന്നത്, നമ്മളെ വിശ്വസിപ്പിക്കുന്നത് ഈ വികസനപരിഭ്രാന്തിയാണ്. ആറ് വര്‍ഷമായി കേരളം ഇടതുപക്ഷം ഭരിക്കുന്നു. മറ്റ് കക്ഷികളില്‍ നിന്ന് വ്യത്യസ്തമായി സവിശേഷമായ സാമ്പത്തിക കാഴ്ചപ്പാടുള്ളവരാണെന്ന് സ്വയം അവകാശപ്പെടുന്നവരാണിവര്‍. ഇനിയും നാല് വര്‍ഷം കൂടി ഇവര്‍ ഭരിക്കുമെന്ന് കരുതാം. പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി ഒന്ന് ബ്രേക്ക് -ഈവന്‍ ആക്കാന്‍ ഇവര്‍ക്ക് കഴിയുമെന്ന് നമ്മളാരെങ്കിലും കരുതുന്നുണ്ടോ ? കുറഞ്ഞപക്ഷം, ഈ പൊതുമേഖലാസ്ഥാപനത്തിന്‍റെ തകര്‍ച്ചയ്ക്കുള്ള അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താനെങ്കിലും ഇവര്‍ക്ക് കഴിയുമോ? നമുക്ക് ഏറ്റവും പരിചിതമായ ഒരു പ്രശ്നത്തിനുള്ള പരിഹാരം പോലും കാലങ്ങളായി മാറിമാറി ഭരിക്കുന്ന മുന്നണികൾക്ക് എത്ര അകലെയാണെന്നുള്ളതിൽ നിന്ന് മനസ്സിലാവുന്നുണ്ട് ഒരു സാമ്പത്തിക വിപ്ലവത്തിനുള്ള ശേഷി ഇവർക്ക് എത്രത്തോളം ഉണ്ടെന്നുള്ളത്.

ചുരുക്കത്തില്‍ സാമ്പത്തികവികാസമെന്നത് അടിസ്ഥാനപരമായി സമ്പത്ത് എന്താണ് എന്ന നിര്‍വചനത്തിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അത് പ്രകൃതിവിഭവങ്ങളും മനുഷ്യന്‍റെ ഗുണപരമായ ക്രിയാശേഷിയുമാണ്. ഇതില്‍ ഗുണപരമായ ക്രിയാശേഷി എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അപ്പോള്‍ നമുക്ക് ചെന്നെത്താവുന്നത് പ്രകൃതി വിഭവങ്ങളാണ് സമ്പത്ത് എന്നതിലാവും. പട്ടിണി താണ്ഡവമാടുന്ന ഒരിടത്ത് ഒരു ചാക്ക് അരിക്ക് പത്ത് പവന്‍ സ്വര്‍ണത്തേക്കാള്‍ വിലയുണ്ടാവുമല്ലോ. വേണ്ടി വന്നാല്‍ ആ സ്വര്‍ണമുരുക്കി കഞ്ഞി വെയ്ക്കുകയും ചെയ്യും നമ്മള്‍. അത് കൊണ്ട് മനുഷ്യന്‍ അവന്‍റെ സാമ്പത്തിക സൂചകങ്ങളെ, സാമ്പത്തികവളര്‍ച്ചയുടെ മാനകങ്ങളെ പുനര്‍നിര്‍വചിക്കേണ്ട സമയമായി എന്നാണ് ശ്രീലങ്ക നമ്മോട് പറയുന്നത് ; നമ്മളതിന് ചെവി കൊടുക്കുന്നില്ലെങ്കിലും.

കവര്‍: ആദിത്യ സായീഷ്

Comments
Print Friendly, PDF & Email

You may also like