പൂമുഖം LITERATUREകഥ ഭ്രംശം

ഭ്രംശം

കാവിന് മുന്നിൽ ബസിറങ്ങി നടക്കുമ്പോൾ ബാപ്പു ഏട്ടന്റെ കടലവണ്ടി മാരിയപ്പന്റെ കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. വറുത്ത കടലയുടെ മണം തിന്ന് ചുവന്നു,അമ്പിയണ്ണന്റെ പാടത്തിനു നടുക്കുള്ള പനയിൽ സൂര്യനും ഇരിക്കുന്നുണ്ടായിരുന്നു.

വരുന്നു എന്നറിയിച്ചാൽ ആദ്യം അമ്മ ചോദിക്കുക ബസ് പുറപ്പെടുന്ന സമയമാണ്. കവലയിൽ അത് എത്തിച്ചേരുന്ന സമയം കണക്കു കൂട്ടി ഉമ്മറത്തെ കരിങ്കല്ലിന്റെ പടിയിലേക്ക് ഇറങ്ങി ഇരിപ്പ് തുടങ്ങും. അത് കഴിഞ്ഞു മുറ്റത്ത്. സ്‌കൂൾപ്പാടി കഴിഞ്ഞാൽ കാണാം കാറ്റത്ത് പാറുന്ന അമ്മയുടെ മുണ്ടിന്റെ അറ്റം!

ഇപ്പോൾ പക്ഷെ കാത്തിരിപ്പുകൾ അമ്മ പടിഞ്ഞാറെ മുറിയിലേക്ക് മാറ്റിയിരിക്കുന്നു. അമ്മ നട്ട ചെടികളെയും മരങ്ങളെയും അവിടെ കിടന്നു മാത്രം താലോലിക്കുന്നു.

മുറിയാകെ ഏതൊക്കെയോ മരുന്നിന്റെ മണമാണ്. കണ്ണുകളിൽ ക്ഷീണം ബാധിച്ചിട്ടുണ്ട്. വിരലുകളൊക്കെയും റിട്ടയർമെന്റ് ന്റെ ആലസ്യത്തിൽ.
മീനേടത്തിയുടെ പറമ്പിലേക്ക് വീഴുന്ന മാവിന്റിലകൾ ആ വീട്ടുകാരെ ശല്യം ചെയ്യുന്നു എന്നും, ആ കൊമ്പ് വെട്ടാൻ ഏല്പിച്ചിട്ട് ഒരാളെ തരാൻ അച്ഛന് ഇനിയും നേരമായില്ല എന്നും അമ്മ പതിഞ്ഞ സ്വരത്തിൽ പരിഭവം പറഞ്ഞു. അമ്മ, ആ കിടപ്പിലും ആകുലപ്പെട്ടിരിക്കുക അടിച്ചു വാരി മീനേട്ടത്തിയുടെ നടുവൊടിയുമല്ലോ എന്നാകണം.

അമ്മയുടെ ക്ഷീണത്തിന് ഇത്തിരി ഭേദം വന്നപ്പോൾ അമ്മ തന്നെയാണ് പൊക്കോളാനുള്ള അനുവാദം തന്നത്. കഷ്ടപ്പെട്ടു പഠിച്ചു നേടിയ ജോലി കളയരുത് എന്ന് ഉപദേശിച്ചു. അവനവന്റെ കാലിൽ നിൽക്കുമ്പോഴേ തല ഉയർത്തി നിൽക്കാനാകൂ എന്ന് കൂട്ടിച്ചേർത്തു. പഴേ പത്താണ്. പഠിക്കണം ന്നുണ്ടായിരുന്നുവോ പാവത്തിന്? അച്ഛന് അമ്മ ജോലിക്ക് പോയാൽ വീടകം ശരിയാവില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നിരിക്കണം.

ഏഴു കഴിയും വരെ വീട് നിറയെ ആളുകളുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ അവരവരുടെ തിരക്കുകളിലേക്ക് എല്ലാവരും മടങ്ങി. അമ്മ ഇത്ര പെട്ടെന്ന് പോകും എന്നാരും കരുതിയിരുന്നില്ല. ഓർമതെറ്റുകൾ തുടങ്ങിയത് ആരും ശ്രദ്ധിച്ചില്ല. “കൂട്ടാനെന്താ അമ്മേ” എന്നൊക്കെ ചോദിക്കുമ്പോ, ‘വെളുത്ത, ഉരുണ്ട്, പന്ത് പോലെ’ എന്നൊക്കെ പറയും. പണ്ടും അമ്മ പേരുകൾ തെറ്റിയെ വിളിക്കു. അതുകൊണ്ട് തന്നെ ഇതും അതുപോലെ എന്ന് കരുതി. രുക്കു ചേച്ചിയുടെ മോളാണ് വിളിച്ചു പറഞ്ഞത് അമ്മ മുണ്ടിൽ മൂത്രം ആയത് അറിയുന്നില്ല എന്ന്. കടുത്ത പനിയിലും ഫാൻ ഇട്ട് ഇരിക്കുന്നു എന്ന്. ഒരാഴ്ച്ച ലീവ് പറഞ്ഞു വണ്ടി കേറി.

“ചൂലൊന്നും കൊണ്ടൊണ്ട കുട്ട്യേ, നാളെ രുക്കു വരണ ദിവസാ. അവളോട്‌ പറഞ്ഞിണ്ട്. ഇത്ര ദിവസോം പറ്റീല്യ ല്ലോ. ആളുകളൊക്കെ പോയിതല്ലേ ഉള്ളൂ”. ചെറിയമ്മ അതും പറഞ്ഞു ഉമ്മറത്തേക്ക് പോയി.
“അപ്പടി പൊടീം മാറാലേം ണ്ടാവും കുട്ടീ, അവടേം ഇവടേം കേറി ഇനി പൂവാൻ നേരത്തയ്ക്ക് ജലദോഷം പിടിപ്പിക്കണ്ട ട്ടോ. കാലം മോശം. അതോണ്ടാ “.

ചെറിയമ്മ ഒരശരീരിയായി.

മരക്കോണിയിലെ മൂന്നാമത്തെ പടിയുടെ കരച്ചിലിന് പ്രായം കൂടിയിരിക്കുന്നു എന്നതൊഴിച്ചാൽ അത് ശീലം മാറ്റിയിട്ടില്ല. ഏറ്റവും മുകളിലെ പടിയുടെ തൊട്ട് താഴെ ഉള്ളതിനും നിലവിളിയുണ്ട്.

നരച്ച നീല കർട്ടനുകളെ വകഞ്ഞു മാറ്റിയിട്ടു. ജനലിലേക്ക് തൂങ്ങി നിൽക്കുന്ന ഞാവലിന്റെ ചില്ലകൾക്ക് ജര ബാധിച്ചു തുടങ്ങിയിരിക്കുന്നു. എരിഞ്ഞികോവിലിലെ വളപ്പിൽ നിന്ന് പണ്ടെങ്ങോ അച്ഛൻ കൊണ്ടുവന്നു നട്ടതാണ്. പഴങ്ങൾ ഉണ്ടാകുമ്പോൾ ഉപ്പിട്ട് പാത്രത്തിലാക്കി ഞങ്ങളിരിക്കുന്നിടത്ത് എത്തിക്കും. നാവു നീലിക്കുന്നത് കാണാൻ നല്ല രസമാണ്. വലിയ ഇഷ്ടമായിരുന്നു അമ്മയ്ക്കാ ഞാവലിനെ. തിന്നാനും നീലിക്കാനും ഇഷ്ടമുണ്ടായിരുന്നുവോ ആവോ ? അച്ഛൻ നട്ടത് കൊണ്ടുമാത്രം ഇഷ്ടപ്പെട്ടതാകുമോ ഞാവലിനെ? അറിയില്ല.
അച്ഛന്റെയും എന്റെയും ഇഷ്ടങ്ങളെ മാത്രമേ സ്നേഹിച്ചു കണ്ടിട്ടുള്ളൂ.

എന്തിനും ഏതിനും അമ്മയെ നീട്ടി വിളിക്കുന്നത് ശീലങ്ങളിൽ ഒന്നായിരുന്നു എനിക്കും അച്ഛനും. അമ്മ ഞങ്ങളെ അങ്ങനെ വിളിച്ചു കണ്ടിട്ടില്ല. അമ്മയ്ക്ക് കാലൊന്നും വേദനിക്കുമായിരിക്കില്ല. അമ്മയ്ക്ക് പുറം വേദന ഉണ്ടാകില്ലായിരിക്കും. പുറത്ത് പോകേണ്ട ആവശ്യം അധികം ഇല്ലാത്തത് കൊണ്ടു ഒന്നും ഇസ്തിരി ഇട്ട് വെക്കുന്നതും കണ്ടിട്ടില്ല. പൗഡർ ഇടുന്നത് പോലും കണ്ടിട്ടില്ലന്നുള്ളതാണ് സത്യം.

മുറി ഒന്ന് വെറുതെ കണ്ണോടിച്ചു. ഇരുട്ടിൽ കിടന്നു കിടന്നു മുറിക്കും വയസ്സായിരിക്കുന്നു! ചിലന്തികളും എട്ട്കാലികളും മുറിയിൽ സ്ഥിരതാമസക്കാരായിട്ടുണ്ട്. ഗൗളികാട്ടവും കോട്ടെരുമകളും ആവശ്യത്തിന് ഉണ്ട്. പിച്ചള പിടികളുള്ള അമ്മയുടെ അലമാരയ്ക്ക് മാത്രം ഒരു കേടുപാടുമില്ല. പൊടി പിടിച്ചിട്ടുണ്ട്. ചെറിയമ്മ, അമ്മയ്ക്ക് സുഖമില്ലാന്നറിഞ്ഞു വന്നതാണ്. മുകളിലേക്കൊന്നും കേറാൻ അവർക്കാവില്ല.

വൃത്തിയാക്കലുകൾ കഴിഞ്ഞു വെറുതെ അലമാര തുറന്നു. കുറേ പഴയ മാസികകൾ. മഴവെള്ളം വീണു മഞ്ഞ ബോർഡർ തുന്നിയ പുസ്തകങ്ങൾ. പൊയ്‌പ്പോയ വസന്തകാലങ്ങളെ അയവിറക്കി കിടക്കുന്നവ. അമ്മ ഇതൊക്കെ വായിക്കുമായിരുന്നോ ! എപ്പോൾ! ഏത് കാലത്ത്!? പണി ഒഴിഞ്ഞു കണ്ടിട്ടേയില്ല.

മാസികകൾ അടുക്കിവെച്ചതിനപ്പുറത്ത് പല നിറങ്ങളിൽ കുറേ കുപ്പിവളകൾ. ഇതൊക്കെ അമ്മ ഇട്ടിരുന്നോ!! മെലിഞ്ഞു ശോഷിച്ചു ഞരമ്പുകൾ ചാലുകൾ തീർത്തിരുന്ന കൈകൾ. അതിനപ്പുറത്തു ഒരു പിച്ചള കിണ്ണത്തിൽ ചുവപ്പും മറൂണും നിറങ്ങളിൽ ഉള്ള നെയിൽപോളിഷുകൾ. ഒരിക്കൽ പോലും നഖങ്ങളിൽ ഇതൊന്നും പുരട്ടി കണ്ടിട്ടില്ല. വൃത്തിയായി തേച്ചു മടക്കി വെച്ചിരിക്കുന്ന സെറ്റ്മുണ്ടുകൾക്കിടയ്ക്ക്, വാസന പരത്തി അങ്ങിങ്ങായി ചിതറികിടക്കുന്ന കൂറഗുളികകൾ! 1994 എന്നടയാളപ്പെടുത്തിയ കറുത്ത ചട്ടയിട്ട ഡയറിയിൽ വൃത്തിയുള്ള അക്ഷരങ്ങളിൽ കോറിയിട്ടിരിക്കുന്ന വിചാരങ്ങൾ! ഞാൻ ഉണ്ടാകുന്നതിനും പത്ത് വർഷങ്ങൾക്ക് മുൻപ് അമ്മ എഴുതുമായിരുന്നു!

ഇങ്ങനൊക്കെ ഉള്ള ഇഷ്ടങ്ങളുണ്ടായിരുന്നോ അമ്മയ്ക്ക്!ആലോചിക്കുംതോറും കനം കൂടി എനിക്ക്. വീണു പോകാതിരിക്കാൻ ചുമരിലേക്ക് കൈനീട്ടി. അമ്മയ്ക്കെന്തായിരുന്നു ഇഷ്ടമെന്ന് അന്വേഷിച്ചിട്ടില്ല. എന്റെ സാരിയ്ക്ക് ഞാനിട്ടിരുന്ന ബ്ലൗസുകളുടെ ഡിസൈനുകളെ കുറിച്ച് കോളേജിൽ ചിലരെങ്കിലും ചോദിക്കുമായിരുന്നു. അമ്മയായിരുന്നു അവയൊക്കെയും തുന്നൽക്കാരനോട് പറഞ്ഞു ചെയ്യിച്ചിരുന്നത്. പക്ഷെ അമ്മയൊരിക്കലും അത്തരത്തിൽ ഒന്ന് ഇട്ട് കണ്ടിട്ടില്ല. നല്ലൊരു ഫാഷൻ ഡിസൈനർ ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം. അച്ഛന്റെയും ഞങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങൾക്കിടയ്ക്ക് അമ്മ സ്വയം ഒതുങ്ങി കാണണം. അമ്മയ്ക്കിഷ്ടമുള്ള ഒന്നും അങ്ങനെ പ്രത്യേകിച്ച് ഉണ്ടാക്കി കഴിച്ചിരുന്നത് ഓർമയില്ല. ഒറ്റയ്ക്കായപ്പോൾ എങ്കിലും കഴിച്ചു കാണുമോ? ആവോ, അറിയില്ല. വിളിച്ചു ചോദിച്ചിട്ടേയില്ല. കഴിച്ചോ എന്നല്ലാതെ. ‘അമ്മയ്ക്കിഷ്ടമുള്ളത് എന്താ ‘ എന്ന് അന്വേഷിച്ചിട്ടില്ല എന്ന ചിന്ത നിറഞ്ഞു നിറഞ്ഞൊരു വലിയ ചുഴിയായി.
എല്ലാവരുടെയും പരിഭവങ്ങൾ കേട്ടിരുന്ന അമ്മ. അറിയുന്ന പോലെ പോംവഴികൾ നിർദേശിച്ചിരുന്ന അമ്മ. അമ്മയെ ആരും കേട്ടില്ല…

കറങ്ങിത്തിരിയുന്ന ചുഴിയുടെ വട്ടത്തിലേക്ക്‌ ഒരിക്കൽകൂടി ശക്തിയോടെ ഞാനെറിയപ്പെട്ടു. പണിപ്പെട്ടു ഉയരാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ആഴങ്ങളിലേക്ക് എന്റെ കാലുകൾ ആഴ്ന്നു കൊണ്ടേയിരുന്നു. ഞരമ്പുകൾ ഓരോന്നായി തളരുന്നതും, ചുറ്റുമുള്ള നീലിച്ച വെള്ളം പച്ച നിറമാകുന്നതും അതിൽ കറുപ്പ് കലർന്ന നീല പൊള്ളങ്ങളുണ്ടാകുന്നതും ഞാൻ കണ്ടു. ഞാവൽപ്പഴങ്ങളെ പോലെ നീലിച്ച പൊള്ളങ്ങൾ! ഒഴുകി പോകുന്നതിനിടയ്ക്ക് എവിടെയോ വെച്ച് ഞാവൽപ്പഴങ്ങളൊക്കെയും അമ്മയുടെ കണ്ണുകളായി രൂപാന്തരം പ്രാപിച്ചു.

കനം കുറഞ്ഞൊരു തൊണ്ടായി ഞാൻ ഒരിക്കൽക്കൂടി ചുഴിക്കു മുകളിലേക്ക് പൊന്തി. കാലിൽ നിന്ന് തലയുടെ ഉള്ളിലേക്കെവിടെക്കോ പച്ച നിറഞ്ഞ കലങ്ങിയ ചുവന്ന വെള്ളം കട്ടിയായി ഒഴുകിയിറങ്ങിതുടങ്ങി. ജനാലപ്പടികളിൽ ഉണങ്ങി തൊലി വരണ്ടു കിടന്നിരുന്ന ഞാവലുകളെ പെറുക്കി കളയാൻ ആകാതെ തിരിച്ചു കോണിയിറങ്ങുമ്പോൾ എല്ലാ പടികളും നിശ്ശബ്ദമായിരുന്നു.

ഉമ്മറത്ത് ആരോടോ ചെറിയമ്മ പറയുന്ന കേട്ടു, അമ്മയ്ക്കായി മുറിച്ച നീലാണ്ടനെ കൊടുക്കണം ന്ന്. ഇടിമിന്നൽ തട്ടിയിരിക്കുന്നു ത്രെ! “ആരടേങ്കിലും തലേല് വീണാ തീർന്നു, പിന്നെ അയ്‌ന്റെ പിന്നാലെ കെട്ടി തിരിയാനൊക്കെ ആർക്കാ നേരണ്ടാവാ” ന്ന്…!

ചിത്രം : സൂരജ് മേനോൻ

കവർ : ആദിത്യ സായീഷ്

Comments
Print Friendly, PDF & Email

You may also like