വരും തലമുറകൾക്ക് ഈ ഭൂമിയിൽ എത്ര കണ്ട് വാസം സാധ്യമാണ് എന്നത് ഒരു ചോദ്യമാണ്. അത് ഇക്കണോമിക്സിന്റെ ചോദ്യമല്ല , ഇക്കോളജിയുടെ ചോദ്യമാണ്. ആ ചോദ്യത്തെ നമ്മൾ പുച്ഛിച്ച് തള്ളുന്നു. ഇലോൺ മസ്ക്കിനെ പോലുള്ളവർ അത് പണ്ടേ കാര്യമായെടുത്ത് അന്യഗ്രഹങ്ങളിൽ കുടിയേറാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നു.

ലോകം അതിവേഗം പരമ്പരാഗത ഇന്ധനങ്ങൾ ഉപേക്ഷിക്കുന്നത് എന്ത് കൊണ്ടാണ് ? ലഭ്യതക്കുറവ് അല്ല പ്രധാന കാരണം. മറിച്ച് അത് പാരിസ്ഥിതികമാണ്. പാരമ്പര്യേതര ഊർജം കാർബൺ വിസർജനം കുറയ്ക്കുന്നതിലൂടെ നമ്മുടെ പാരിസ്ഥിതിക ഉത്കണ്ഠകളെ വന്ന് തൊടുന്നു. ആഗോള താപനത്തിന് എതിരെയുള്ള ഈ പോരാട്ടത്തിൽ ലോകം തത്വത്തിൽ ഒരുമിച്ചാണെന്ന് പറയാം. ഇന്ത്യയിൽ അതിവേഗം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലേക്കിറങ്ങുന്നത് ഈ ആഗോള ബാധ്യതയുടെ പേരിൽക്കൂടിയാണ്.
ആഗോള താപനം തുടങ്ങിയ പാരിസ്ഥിതിക സംജ്ഞകൾ കേരളത്തെ എത്ര കണ്ട് ബാധിക്കുമെന്ന ചോദ്യം നാമിപ്പോഴും വേണ്ടത്ര ഗൗരവത്തിൽ ചോദിച്ചു തുടങ്ങിയിട്ടുണ്ടോ എന്ന കാര്യം സംശയകരമാണ്. അത് കൊണ്ടാണല്ലോ ഏത് വികസന പദ്ധതികളുടെയും പാരിസ്ഥിതിക ആശങ്കകൾക്കുള്ള പരിഹാരം ലളിതമായ അവഗണിക്കൽ ആണെന്ന് നാം വിശ്വസിച്ചിരിക്കുന്നത്.
മനുഷ്യനാഗരികതയുടെ ആശങ്കകളെയാണ് നാം വികസനം എന്ന വാക്ക് കൊണ്ട് പരിഹരിക്കുവാൻ ശ്രമിക്കുന്നത്. നാഗരികതയ്ക്ക് ഒരു സാമ്പത്തിക ശാസ്ത്രമുണ്ട്. ജീവിതം സാമ്പത്തിക ശാസ്ത്ര ബദ്ധമാണെന്നു നാം കരുതി തുടങ്ങുമ്പോൾ , അല്ലെങ്കിൽ അതിന് അടിപ്പെട്ട് കഴിയുമ്പോൾ മറ്റൊന്ന് സംഭവിക്കുന്നു : നാം നാഗരികതയെ അല്ല അത് നമ്മെ നിയന്ത്രിച്ചു തുടങ്ങുന്നു. ഈ ദുർമന്ത്രവാദത്തിന് നമ്മൾ കീഴടങ്ങിക്കഴിയുമ്പോൾ നാഗരികത നമ്മളെയും വലിച്ച് കൊണ്ട് എങ്ങോട്ടോ പാഞ്ഞു തുടങ്ങുന്നു. പലായനത്തിന്റെയും വേഗതയുടെയും ഭീതിയിൽ ആണങ്കിലും നമ്മൾ മുന്നോട്ട് പോവുകയാണെന്ന് വെറുതെ ആഹ്ലാദിക്കുന്നു.
ഈ മന്ത്രവാദത്തിന് യുക്തിയുടെ രക്ഷ കെട്ടുകയാണ് പരിസ്ഥിതി ശാസ്ത്രം ചെയ്യുന്നത്. ആ വാക്ക് നമ്മൾ ശ്രദ്ധിക്കണം. പരിസ്ഥിതി വാദമല്ല ; പരിസ്ഥിതി ശാസ്ത്രം തന്നെ. അടിസ്ഥാനപരമായി മറ്റ് ശാസ്ത്രങ്ങൾ നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലും ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതി ശാസ്ത്രമായിരിക്കും. പരിസ്ഥിതി ശാസ്ത്രത്തിൽ നിന്നുളവാകുന്ന സമഗ്രമായ അസ്തിത്വ ബോധത്തെ വേണമെങ്കിൽ നമുക്ക് പരിസ്ഥിതി ബോധം എന്ന് വിളിക്കാം. അത് മനുഷ്യൻ എന്ന ജീവിയുടെ നാനാവിധമായ ജൈവിക സവിശേഷതകളെയും അത് പ്രകൃതിയിലും തിരിച്ചും സൃഷ്ടിക്കുന്ന കൊടുക്കൽ വാങ്ങലുകളുടെയും അതിന്റെ ഫലങ്ങളെയും പറ്റിയുള്ള വസ്തുതാപരമായ അറിയലാണ്. ഈ അറിയലിലൂടെ ആ ഫലങ്ങളെ പരമാവധി ഗുണപരമാക്കാനായാണ് പരിസ്ഥിതി ബോധം ഓരോ വ്യക്തിയിലും പ്രവർത്തിക്കുക. അത് സുസ്ഥിരമായ ജീവിത പുരോഗതി ലക്ഷ്യം വയ്ക്കുന്നു. പക്ഷെ അപ്പോഴവിടെ ജീവിതമെന്ത് എന്ന് നിർവചിക്കേണ്ടി വരും. ആ നിർവചനം നാഗരിക യുക്തിയെ തൃപ്തിപ്പെടുത്തണം എന്നില്ല. അതല്ലാതെ പാലം പണിയരുതെന്നോ റോഡ് ഉണ്ടാക്കരുതെന്നോ പരിസ്ഥിതി ബോധം പറയുന്നില്ല. അത് പെട്രോൾ വാഹനം ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനം യുക്തിപരമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

ആഗോള താപനത്തിലേക്കും കാലാവസ്ഥാ വ്യതിയാനത്തിലേക്കും മടങ്ങി വന്നാൽ കേരളം അതിന്റെ നിഴലിൽ ആയിക്കഴിഞ്ഞു എന്നത് തന്നെയാണ് വസ്തുത. കഴിഞ്ഞ് പോയ പ്രളയങ്ങൾ ആരുണ്ടാക്കി എന്ന കക്ഷി രാഷ്ട്രീയ തർക്കത്തിനപ്പുറം ‘അധികം പെയ്ത മഴ ‘ എന്നൊരു സംഗതിയുണ്ട്. അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കുഞ്ഞാണ്. ഈ അധിക മഴയും മലനിരകളിലെ അശാസ്ത്രീയമായ മനുഷ്യ ഇടപെടലും ചേർന്നപ്പോഴാണ് ദുരന്തം പൂർത്തിയായത്.

ഇനിയും നമ്മൾ അകത്തേക്ക് നോക്കാൻ തയാറല്ലെങ്കിൽ പുറത്തേക്ക് നോക്കുക.
നമ്മുടെ അയൽവാസികളായ മാലദ്വീപുകാർ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശം ഇരകളിൽ ഒന്നാണ്. 90 ദ്വീപുകളിൽ വെള്ളക്കയറ്റം പതിവായിക്കഴിഞ്ഞു. വരുന്ന 30 വർഷത്തിനുള്ളിൽ മാലദ്വീപിന്റെ 80% ഭാഗങ്ങളും ജലം വിഴുങ്ങും എന്നതാണ് കണക്ക്. ഇപ്പോൾ തന്നെ മാലദ്വീപ് പ്രാദേശിക ഭരണകൂടങ്ങൾ മറ്റ് രാജ്യങ്ങളിൽ ഭൂമി വാങ്ങിത്തുടങ്ങിയിട്ടുണ്ട്. മസ്ക്ക് ചൊവ്വയിൽ കോളനി ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഇത്തിരി വലിയ പതിപ്പ് മാത്രമാണ്. രണ്ടിനും പിന്നിൽ ഭീതി ഉണ്ട് : അനിവാര്യതയും. കിരിബാട്ടി, സോളമൻ ദ്വീപുകൾ , ഫിജി എന്നിവ വരുംകാലത്ത് ആദ്യം ഇല്ലാതാവാൻ പോകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. ന്യൂയോർക്ക് , മുംബയ് തുടങ്ങി മഹാനഗരങ്ങളുടെ പട്ടിക വേറേയുണ്ട്. വരൾച്ചയിൽ വലയുന്ന രാജ്യങ്ങളുടെയും നഗരങ്ങളുടെയും കഥകൾ വേറേ നാം കേൾക്കുന്നുമുണ്ട്. ജലദൗർലഭ്യത്തിന്റെ കാര്യത്തിൽ നമ്മുടെ ചെന്നൈയും ബാംഗ്ലൂരും ലോകനഗരങ്ങൾക്ക് ഒപ്പം ആദ്യ സ്ഥാനങ്ങളിലുണ്ട്.
ഇടയ്ക്ക് ഒരു ദിവസം ജലദൗർലഭ്യം, ജലത്തർക്കങ്ങൾ എന്നിവ ആരുടെയൊക്കെയോ ഭാവനയാണ് എന്ന തരത്തിൽ ഒരു പ്രതികരണം വായിക്കാനിടയായി. കാലാവസ്ഥ വ്യതിയാനം പോലും പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നേരമ്പോക്കാണ് എന്ന മട്ടിലാണ് പൊതുവെ പ്രതികരണങ്ങൾ വരുന്നത്.
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ വെള്ളം റേഷനായി കൊടുക്കേണ്ട അവസ്ഥ സംജാതമായി എന്ന കാര്യം എത്ര പേർ അറിഞ്ഞു എന്നറിയില്ല. കഴിഞ്ഞ 13 വർഷമായി വരൾച്ചയുടെ പിടിയിലാണ് ചിലി.
തലസ്ഥാനത്തിന് ഭൂരിഭാഗം ജലവും നൽകുന്ന മൈപോ, മാപോച്ചോ നദികളുടെ ശേഷി ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തുന്ന ഘട്ടത്തിലാണ് നഗരസഭ ഈ തീരുമാനം എടുത്തത്. ഇതനുസരിച്ച് ഓരോ ദിവസവും വ്യത്യസ്‌ത പ്രദേശങ്ങളിൽ വെള്ളം മുടങ്ങും.
‘ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഠിന്യം കാരണം സാന്റിയാഗോയിൽ ജലവിതരണത്തിന് പ്രത്യേക പദ്ധതി ചരിത്രത്തിൽ ആദ്യമാണ്. കാലാവസ്ഥാ വ്യതിയാനം ഇവിടെ നിലനിൽക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ‘ – സാന്റിയാഗോ ഗവർണറുടെ വാക്കുകളാണിത്.
നമ്മൾ ചിരിക്കും. കാരണം സാന്റിയാഗോ കേരളത്തിലോ ഇന്ത്യയിലോ അല്ലല്ലോ. ഇക്കോളജിയെ നമ്മൾ സയൻസ് ആയി ഇതുവരെയും കണക്കാക്കിയിട്ടുമില്ലല്ലോ. കാരണം മറ്റ് ശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അത് നമ്മളിൽ നിന്ന് ചിലത് അങ്ങോട്ടാവശ്യപ്പെടുന്നു. അതു തന്നെ കാരണം.

ഏറ്റവും പുതിയ പഠനങ്ങൾ അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ കൂടുതൽ പ്രകടമായിക്കഴിഞ്ഞു. കനത്ത മഴയും തീവ്ര വരൾച്ചയും കേരളത്തിന്റെ ഭക്ഷ്യ – നാണ്യ വിളകളുടെ ഉല്പാദനത്തിൽ 33 % ഇടിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏപ്രിൽ 19 നുള്ള ഹിന്ദു ദിനപത്രം ഈ വിവരം വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൺസ്യൂമർ സ്റ്റേറ്റായ നമുക്ക് ഈ കണക്കും നിസ്സാരമാക്കാവുന്നതേയുള്ളൂ. പക്ഷെ കാലം ചെല്ലുമ്പോൾ അതും സാധ്യമായെന്ന് വരില്ല. കാരണം കാലാവസ്ഥാ വ്യതിയാനം വയറിനെ മാത്രം ബാധിക്കുന്നൊരു പ്രശ്നമല്ല എന്നത് കൊണ്ട് തന്നെ.
ഇനി നാം ഒരു ചോദ്യം സ്വയം ചോദിക്കുക : എന്തിനാണ് നമുക്ക് വികസനം എന്നതാണ് ആ ചോദ്യം.
ഉത്തരം ‘ കൂടുതൽ മെച്ചപ്പട്ട ജീവിതത്തിന് ‘ എന്നായിരിക്കും.
എന്താണ് മെച്ചപ്പെട്ട ജീവിതം ? നല്ല ഭക്ഷണം, നല്ല വെള്ളം , നല്ല വായു , നല്ല ഉറക്കം , സുഖകരമായ ജീവിതാന്തരീഷം ഇതൊക്കെയാവും അതിന്റെ അടിസ്ഥാനങ്ങൾ.
പക്ഷെ ഇതൊക്കെ ഇല്ലായ്മ ചെയ്തു വരുന്ന വികസനത്തെ കൈ നീട്ടി സ്വീകരിക്കുന്നതിലൂടെ എന്ത് ജീവിതമായിരിക്കും നമ്മൾ ജീവിക്കാൻ പോകുന്നത് ?
കവർ ഡിസൈൻ : ആദിത്യ സായീഷ്