പൂമുഖം LITERATUREനിരൂപണം കഥാവാരം – 19

കഥാവാരം – 19

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഒരു കഥയുടെ ആശയം മുൻപ് പലപ്പോഴും പലരും പറഞ്ഞതാവാം. അതേ ആശയങ്ങളെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതും ഒരർത്ഥത്തിൽ മൗലികത അവകാശപ്പെടാവുന്ന സർഗ്ഗക്രിയ തന്നെയാണ്. പക്ഷേ, നമ്മുടെ സൃഷ്ടിയിൽ ഉപയോഗിക്കുന്ന ചില നിരീക്ഷണങ്ങൾ മൗലികമാവുക – original – എന്നത് എഴുത്തിനോട് പുലർത്തേണ്ടുന്ന സാമാന്യ നീതിയിൽ ഏറെ പ്രധാനപ്പെട്ടതാണ്. എങ്കിലും ചില കഥകൾ വായിക്കുമ്പോൾ അവയിലെ നിരീക്ഷണങ്ങൾ അല്ലെങ്കിൽ ഫിലോസഫി മുൻപ് എവിടെയോ കേട്ടതായി നമുക്ക് തോന്നാറുണ്ട്. “നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് കെട്ടുകഥയാണ്” എന്ന ആടുജീവിതത്തിലെ വരികൾ അതിനുമുൻപ് നമ്മൾ കേട്ടതാണ്. ഏകദേശം അതിനു സമാനമായതാണ് “സത്യം കെട്ടുകഥകളെക്കാൾ വിചിത്രമാണ് പലപ്പോഴും” എന്ന സേതുവിന്റെ പാണ്ഡവ പുരത്തിലെ വരികൾ. ഇതേ വാചകം ഇംഗ്ലീഷിലേക്ക് പകർത്തിയിട്ടല്ലേ 1998 ലെ രഞ്ജി പണിക്കരുടെ ‘ദ ട്രൂത്ത്’ എന്ന ചിത്രത്തിൽ മമ്മൂട്ടി “സംടൈംസ് ദ് ട്രൂത്ത് ഈസ് സ്‌ട്രെയിഞ്ചർ ദാൻ ഫിക്ഷൻ” എന്ന് പറയുന്നത് എന്ന് നമ്മൾ ഓർത്തുപോകും. അപ്പോൾ ബെന്യാമിന്റെ ഫിലോസഫി മൗലികമല്ല, രഞ്ജി പണിക്കരുടെ ഫിലോസഫിയും മൗലികമല്ല. അതിനും വർഷങ്ങൾക്കു മുൻപേ സേതുവിന്റെ നിരീക്ഷണമാണ് മൗലികം.

അത് പക്ഷേ ഏതുവരെ? 1897 ലെ മാർക്ക് ട്വൈനിന്റെ ഈ വരികൾ വായിക്കുന്നത് വരെ. “സത്യം കെട്ടുകഥകളെക്കാൾ വിചിത്രമാണ്. പക്ഷേ, ‘സാധ്യതക’ളോട് കെട്ടുകഥകൾ കടപ്പെട്ടിരിക്കുന്നത് കൊണ്ടാണത്. സത്യം അങ്ങനെയല്ലാത്തതുകൊണ്ടും.” (Following the Equator: A Journey Around the World- Mark Twain 1897).

ഈ വാചകങ്ങളുടെ പിതൃത്വം മാർക്ക് ട്വയിനിൽ നിക്ഷിപ്തമാകുന്നതും, അതിനു മുമ്പുള്ള ഒരു കാലഘട്ടംവരെ മാത്രം; ലോഡ് ബൈറൺന്റെ കാലഘട്ടമാണത്. ഇതിനും 70 വർഷങ്ങൾക്ക് മുൻപേ ഈ നിരീക്ഷണം എഴുതപ്പെട്ടതാണ്.

“ഇത് വിചിത്രമാണ്, പക്ഷേ സത്യം. എന്തെന്നാൽ സത്യം എപ്പോഴും വിചിത്രമാണ്. കെട്ടുകഥകളെക്കാൾ വിചിത്രം”
( Don Juan – Lord Byron 1823).

ഈയൊരു നിരീക്ഷണം, ഏകദേശം ഇതുപോലെ തന്നെ വേറെ പലരും ഉപയോഗിച്ചിട്ടുണ്ട് ഇംഗ്ലീഷ് സാഹിത്യത്തിൽ. ജികെ. ചെസ്റ്റേർട്ടൺ, എഡ്വാർഡ് ബെല്ലാമി തുടങ്ങിയവർ. ആ കാരണം കൊണ്ട് തന്നെ ഒരു ചൊല്ല് എന്ന രീതിയിൽ ആണ് ആ വാചകങ്ങളെ എഴുത്തുകാർ ഉപയോഗിച്ചിട്ടുള്ളത്. നിരീക്ഷണങ്ങൾവഴി കണ്ടെത്തിയ സ്വന്തം ഫിലോസഫി ആയി അവതരിപ്പിക്കപ്പെട്ട ഒന്നല്ല ആ വാചകങ്ങൾ. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ഇംഗ്ലീഷ് സാഹിത്യകാരന്മാരിലോ സേതുവിലോ ബെന്യാമിനിലോ പ്ലേജിയറിസം ആരോപിക്കാമോ? ഏറ്റവും കൂടിയാൽ, മഹാന്മാർ ഒരുപോലെ ചിന്തിക്കുന്നു എന്ന് മാത്രം കരുതുക.

അപ്പോഴും, പുതിയ കഥയെഴുത്തുകാർ ശ്രദ്ധിക്കേണ്ട ഏറ്റവും മുഖ്യമായ കാര്യം, നിങ്ങൾ മുൻപ് സിനിമയിൽ കണ്ടതോ, എഴുത്തുകളിൽ വായിച്ചതോ ആയിട്ടുള്ള കാര്യം ‘ഗംഭീരൻ ഫിലോസഫി’ ആയി അവതരിപ്പിക്കുന്നത് നിഷേധാത്മക ഫലമായിരിക്കും ഉണ്ടാക്കുക എന്നുള്ളതാണ്.

യു കെ കുമാരൻ

യു കെ കുമാരൻ മാതൃഭൂമി വാരികയിൽ എഴുതിയ കഥയാണ് ‘ആടുകളെ വളർത്തുന്ന വായനക്കാരി’. അധികം വിദ്യാഭ്യാസമൊന്നും ഇല്ലാത്ത സതി എന്ന പേരുള്ള ഒരു പെൺകുട്ടി. അനാഥയാണ്. ആടുവളർത്തലാണ് ജോലി. തികഞ്ഞ നാട്ടിൻപുറത്തുകാരി. ഒരിക്കൽ തന്റെ ആട് ഏതോ ഒരു പുസ്തകം കടിച്ച് തിന്നുന്നത് കണ്ടു. ആടിന്റെ വായിൽനിന്നും പകുതി കടിച്ച പുസ്തകം വലിച്ചെടുത്തതോടുകൂടിയാണ് സതി വായിക്കാൻ ആരംഭിക്കുന്നത്. പിന്നെ അവൾക്ക് വായന ഹരമായി. തൊട്ടടുത്ത വായന ശാലയിൽനിന്നും പാത്തുമ്മയുടെ ആടും അങ്ങനെ പല പുസ്തകങ്ങളും എടുത്ത് വായിക്കുന്നു. ഇതാണ് കഥയുടെ ഒന്നാം ഭാഗം. പ്രിയപ്പെട്ട വായനക്കാരേ, എങ്ങനെയുണ്ട്?

രണ്ടാം ഭാഗത്തിൽ, സതിയുടെ പറമ്പിൽ ഒരു വേഗതകൂടിയ പാലമോ മറ്റോ വരാൻ വേണ്ടി കുറ്റി നാട്ടുന്നതിനെക്കുറിച്ചുള്ള പറച്ചിലാണ്. അതായത്, അനാഥയായ, വിദ്യാഭ്യാസം കുറഞ്ഞ, ആട് മേക്കൽ അല്ലാതെ വേറൊരു ഉപജീവന മാർഗ്ഗവും ഇല്ലാത്ത സതിയുടെ പറമ്പിൽ കെ റയിൽ കുറ്റിയടിക്കുന്നു! വായനക്കാരൻ വൈകാരികമായി പരിക്ഷീണിതൻ ആകുന്നു. ( എന്ന് കഥാകൃത്തിന് തോന്നിക്കാണണം ). വൈകാരികത വായനക്കാരിലേക്ക് എത്തിയോ എന്ന സംശയം ഉള്ളതുകൊണ്ട്, അല്ലെങ്കിൽ ആ വൈകാരികതയുടെ തീവ്രത കുറഞ്ഞു പോയതുകൊണ്ട്, വേറൊരു പൊടിക്കൈ കൂടി കഥാകൃത്ത് കാണിക്കുന്നുണ്ട്. കെ റയിൽ കാർ വന്ന് കുറ്റിയടിച്ച പറമ്പിൽ തന്നെയാണ് സതിയുടെ അച്ഛൻ ഉറങ്ങുന്നത്. അമ്മ ഉറങ്ങുന്നത്. പോരേ സെന്റിമെൻസ്; ഇത്രയൊക്കെ പോരേ? പരിചയ സമ്പന്നരായ കഥാകൃത്തുക്കൾ എന്തിനാണ് ഇത്രയ്ക്ക് ബാലിശമായ സൃഷ്ടികൾ മാതൃഭൂമി വഴി വായനക്കാർക്ക് നൽകുന്നത്? കറന്റ് അഫയേഴ്സ് എന്നതിലപ്പുറം കഥയുടെ മൊത്തത്തിലുള്ള ഘടനയിൽ വല്ല പുതുമയും സൗന്ദര്യവും ഉണ്ടോ? ശില്പചാതുരി കൊണ്ടുള്ള മനോഹാരിതയുണ്ടോ? ഏതെങ്കിലും ഒരു വാചകം കൊണ്ടോ അല്ലെങ്കിൽ ഭാഷ കൊണ്ടോ നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടോ? ഇല്ലെന്ന് മാത്രമല്ല പലയിടത്തും എഡിറ്റിംഗ് പരിതാപകരമാണ്. ഉദാഹരണത്തിന് ഒരു വാചകം നോക്കുക. “കയങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും ആലോചിച്ചു കൊണ്ടിരിക്കെയാണ് ഒരു ആടിന്റെ വായിൽ വെളുത്ത എന്തോ ഒന്ന് സതി കാണുന്നത്. അത് വായിൽ ചെന്നാൽ ആടിന് അപകടം ഉണ്ടാകുമെന്ന് തോന്നിയതിനാൽ ഓടിച്ചെന്ന് പറിച്ചെടുത്തു. ഒരു പുസ്തകമായിരുന്നു അത്. ആദ്യത്തെ ഏതാനും പേജുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നു അത്. പേജുകൾ ആട് തിന്നതാകാം…. ” ഇതിനു ശേഷം തുടർച്ചയായി വാക്യങ്ങളാണ്. അവിദഗ്ധമായ വാക്യങ്ങൾ. വായനക്കാരന് യാതൊന്നും നല്കാൻ ഇല്ലാത്ത സൃഷ്ടി ആയിട്ടാണ് ഈ കഥ എനിക്ക് അനുഭവപ്പെട്ടത്.

ചന്ദ്രൻ മുട്ടത്ത്

ചന്ദ്രൻ മുട്ടത്ത് സമകാലിക മലയാളം വാരികയിൽ ‘ചെമ്പൻ’ എന്ന കഥ എഴുതിയിട്ടുണ്ട് ഈ ആഴ്ച. എണ്ണംപറഞ്ഞ കർഷകനായ കണാരേട്ടന്റെയും അയാളുടെ വിത്തുകാള ചെമ്പന്റെയും കഥയാണിത്. നാട്ടിലെ അനവധി അനവധി പശുക്കൾക്ക് കാള കൂട്ടുന്നത് ചെമ്പൻ ആണ്. ചെന വന്ന പശുക്കളെ വിത്തുകാളകളെ കൊണ്ട് ചവിട്ടിക്കൊന്ന രംഗം കഥാകൃത്ത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതിന്റെ സാഹിത്യപരമായ മേന്മ എന്ത് എന്ന് ചോദിച്ചാൽ പറയാൻ ഉത്തരം ഒന്നുമില്ല. കൗമാരത്തിൽ ഉള്ള കുട്ടികൾക്ക് താല്പര്യജനകമായ വർണ്ണന എന്ന് വേണമെങ്കിൽ പറയാം. കഥയുടെ ആകെത്തുക എന്നത്, നാട്ടിൽ കൃത്രിമ ബീജസങ്കലന കേന്ദ്രം വരുന്നതുകൊണ്ട് ഇനി കണാരേട്ടനും ചെമ്പനും നാട്ടിൽ വില ഇല്ലാതാകുന്നു എന്നത് മാത്രമാണ്. വരിയുടക്കാൻ കൊണ്ടുപോകുന്ന ചെമ്പന്റെ കണ്ണുകളിലെ ദയനീയതയും വായിൽ കൂടി ഊറിവരുന്ന ഉമിനീരും പിന്നെ ആ കുമിളകൾ സൂര്യപ്രകാശത്തിൽ പൊട്ടുന്നതും- അതാണ് കഥയ്ക്ക് മാറ്റുകൂട്ടാൻ വേണ്ടിയുള്ള രചനാസൗകുമാര്യമായി എഴുത്തുകാരൻ കാണുന്നത്. ജയമോഹന്റെ ‘പൂനാച്ചി’ എന്ന നോവൽ വായിച്ചാൽ, ഇതുപോലുള്ള അഞ്ചാറു കഥകൾ എഴുതാം എന്ന് മാത്രമേ പറയുന്നുള്ളൂ. പക്ഷേ, ഒരേ വരിയിൽ തന്നെ ഒന്നോരണ്ടോ പേരുകൾ പലവട്ടം ആവർത്തിക്കാതെ ഭേദപ്പെട്ട എഡിറ്റിങ് ചെയ്താൽ വായിച്ചുപോകാവുന്ന കഥയാക്കി ഇതിനെ മാറ്റാവുന്നതാണ്.

കഥയിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പേര് ആവർത്തിക്കുന്നത് രചനയുടെ സൗന്ദര്യം കെടുത്തും എന്ന് മാത്രമല്ല അനാവശ്യമായ ദൈർഘ്യം അതിനു നൽകുകയും ചെയ്യുന്നു. ഇക്കഥയുടെ രണ്ടാംഭാഗം നോക്കുക. മൂന്ന് ചെറു ഖണ്ഡികകളിൽ ഓരോ വാക്യത്തിലും ഒന്ന് എന്നപോലെ കണാരേട്ടനെ കൊണ്ട് നിർത്തിയിരിക്കുന്നു. തുടർന്നുവരുന്ന നാലു വാക്യങ്ങളിൽ നാല് പ്രാവശ്യം ചെമ്പനും!

ഏതൊരു കഥയിലേക്കും വായനക്കാരനെ ഇറക്കുന്നത് അതിന്റെ തുടക്കമാണ്. മനോഹരമായ ഒരു വാചകം കൊണ്ടോ, പൊതുവേ ആരും പറയാത്ത ഒരു പശ്ചാത്തല വർണ്ണന കൊണ്ടോ ഇക്കാര്യം സാധിച്ചെടുക്കാറുണ്ട് അനുഭവസമ്പന്നരായ എഴുത്തുകാർ. അങ്ങനെ ചെയ്യുമ്പോഴും കഥയുടെ ആശയത്തോട്, കഥയുടെ പൂർണത യോട്, വളരെ ചേർന്നുനിൽക്കുന്നതും കഥയുടെ ഭാഷയ്ക്ക് അല്ലെങ്കിൽ ശബ്ദത്തിന് അനുരൂപമായി ഇരിക്കുന്നതും ആവണം ഈ തുടക്കം. അല്ലാത്തപക്ഷം ആ തുടക്കം തന്നെ കൃത്രിമത്വം ഉള്ളതായി തീരും.

“തെറ്റിന്റെ തൊണ്ടിമുതലു കൂടിയാണ് ഓർമ്മകൾ”. ഇങ്ങനെയാണ് മാധ്യമം വാരികയിൽ വി ബാലു എഴുതിയ ‘ഗൗളിശാസ്ത്രം’ എന്ന കഥ ആരംഭിക്കുന്നത്. മനോഹരൻ ആണ് കഥയിലെ കേന്ദ്രകഥാപാത്രം. മരണത്തിനു മുൻപേ മകനെ അവസാനമായി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ, അബൂദാബിയിൽ നിന്നും അച്ഛന്റെ അടുത്തേക്ക് വരുന്ന കഥാനായകനോടെ കഥ ആരംഭിക്കുന്നു. അമ്മ മുൻപേ മരണപ്പെട്ടതിനാൽ ഒരുതരം ഏകാന്തവാസി ആയിരുന്നു അച്ഛൻ. മനോഹരന് മരണം എപ്പോഴും പേടിപ്പെടുത്തുന്ന ഒന്നായിരുന്നു. കാണാനോ കേൾക്കാനോ വയ്യാത്ത വിധം അയാളെ തകർത്തുകളയുന്ന ഒന്ന്. സ്വന്തം അമ്മയുടെ മരണസമയം പോലും മനോഹരൻ വന്നില്ല. അച്ഛന്റെ മരണസമയത്തും വരരുത് എന്നാണ് ആഗ്രഹം. നാലു മലകൾക്കിടയിലെ അഞ്ചേക്കർ മണ്ണ് സ്വന്തമായുള്ള വ്യക്തിയാണ് ഇയാൾ. ഏക്കറിന് നൂറു രൂപാക്കണക്കിൽ മൂപ്പനിൽ നിന്നും വാങ്ങിയ ഭൂമിയിൽ പഴയ ഉടമസ്ഥരായ അതേ ഇരുളന്മാരെ കൊണ്ട് പണി ചെയ്യിപ്പിച്ച പ്രതാപിയായ ഒരാൾ. തന്റെ കാലം കഴിയാനായെന്ന തോന്നലെത്തിയതോടെ മകനെ അടുത്ത് വിളിച്ചു തന്നിൽ മാത്രമുള്ള ഒരു രഹസ്യം പറയുന്നു അച്ഛൻ. തന്റെ സഹായിയായി കൂടെ കൂട്ടിയിരുന്ന പയ്യനോടൊപ്പം ശയിച്ചതാണ് ആ കാര്യം; അതിനുശേഷം അവനെ കാണാതായതും. പിന്നെ കുറേ സമയത്തിനുശേഷം അവന്റെ ശവം കണ്ടെടുക്കുന്ന കാര്യവും പറയുന്നു. ഇതാണ് കഥയുടെ അപൂർണ സംഗ്രഹം.

കഥയുടെ സംഗ്രഹം ഇങ്ങനെയാണെങ്കിലും അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതി വ്യത്യസ്തമാണ്. എന്തുകൊണ്ട് വ്യത്യസ്തം എന്നത് കഥ വായിച്ചാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. ചില വ്യത്യസ്തതകൾ വായനക്കാരനെ ഹരം കൊള്ളിക്കും. ചിലത് absurd അഥവാ അസംബന്ധം എന്നു പറഞ്ഞു വായനക്കാരും തിരസ്കരിക്കും. കഥയുടെ പൂർണതയ്ക്കോ ഒഴുക്കിനോ സൗന്ദര്യത്തിനോ ഒന്നും സംഭാവന ചെയ്യാത്ത, ഭാഷ കൊണ്ടുള്ള സൂത്രപ്പണികൾ കഥയുടെ സ്വാഭാവികതയേയും വികാരത്തെയും കെടുത്തിക്കളയും. “മരണവീടുകളിൽ കണ്ണടക്കുകയും ചെവി പൊത്തുകയും ചെയ്യുന്ന മനോഹരന്റെ മുന്നിൽ മരണത്തിന്റെ ഉന്മാദ ലഹരിയിൽ മദോന്മത്തനായ അച്ഛൻ മരണത്തിലേക്ക് ഒരു പക്ഷിയെപ്പോലെ ചിറകുവിരിച്ച് തുടങ്ങുന്നത് കണ്ടു അയാൾക്ക് നെഞ്ചിടിപ്പ് കൂടി.” അബ്സേഡ് അല്ലെങ്കിൽ അസംബന്ധം എന്നതിന് വേറെ ഉദാഹരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

അലങ്കാര പ്രയോഗങ്ങൾ ചെറുകഥയ്ക്ക് അത്യന്താപേക്ഷിതമല്ല. പക്ഷേ നല്ല എഴുത്തുകാരുടെ നല്ല അലങ്കാരങ്ങൾ വായനക്കാർക്ക് നവ്യാനുഭൂതി നൽകും എന്നത് അവിതർക്കിതമാണ്. മുൻപേ പ്രസ്താവിച്ചതുപോലെ, കഥയുടെ ഭാവത്തിന് അനുയോജ്യമല്ലാത്ത അലങ്കാര പ്രയോഗങ്ങൾ വായനക്കാരന് എന്ത് വികാരം നൽകാനാണ്!

“പിറവിയുടെ അവശേഷിപ്പുകൾ മുഴുവൻ ഒരു വാക്വം ക്ലീനർ എന്ന പോലെ അയാൾ വലിച്ചെടുക്കാൻ തുടങ്ങി.” അവിദഗ്ധമായ ഉപമയുടെ ഉദാഹരണമാണ് ഇത്.

നമ്മളും ഈ ലോകവും ഊഹാപോഹങ്ങൾ മാത്രമാണെന്ന ഒരു ഫിലോസഫി പറയുന്നുണ്ട് കഥാനായകൻ. കഥാകൃത്തിന്റെ സ്വന്തമാണോ ഈ ഫിലോസഫി എന്ന് നമ്മൾ ചിന്തിക്കുമ്പോൾ, ഒരു സിനിമയിലെ ഡയലോഗ് ഓർമ്മ വരും: “എല്ലാം ഓരോ തോന്നലല്ലേ പത്രോസേ, ഞാനും താനും ഒക്കെ ആരുടെയെങ്കിലും തോന്നലാണെങ്കിലോ”

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ദേശാഭിമാനി വാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ കഥ ‘എസ്കോർട്ട്.’ കഥയുടെ പേര് കേൾക്കുമ്പോൾ തന്നെ കഥ എന്താണെന്നും കഥാവസാനം എന്തായിരിക്കുമെന്നും ഒരു ഏകദേശ ധാരണ വായനക്കാർക്ക് കിട്ടുമല്ലോ. അതും കിട്ടിയില്ലെങ്കിൽ കഥാനായിക ചെന്നുചേരുന്ന കമ്പനിയുടെ പേര് ശ്രദ്ധിച്ചാൽ മതി. എസ്കോർട്ട് ത്രിബിൾ എക്സ്. പ്രൈമറി സ്കൂൾ കുട്ടികൾക്ക് പോലും സംഭവം എന്താണെന്ന് മനസ്സിലായിട്ടുണ്ടാകും. പക്ഷേ കഥാനായികയ്ക്ക് മാത്രം സംഗതി പിടികിട്ടിയില്ല. അതിനാൽ തന്നെ താൻ ചെയ്യുന്ന ജോലി എന്താണെന്ന് മനസ്സിലായതുമില്ല. ഒരു 35-40 വർഷം മുൻപ് ആണ് ഈ കഥ എഴുതിയത് എങ്കിൽ വായനക്കാരന് കഥാപാത്രത്തോട് കൂടി മാത്രമേ ക്ലൈമാക്സ് മനസ്സിലാകുമായിരുന്നുള്ളൂ. അതിനാൽ അതിഭീകരമാംവിധം പഴഞ്ചനാണ് കഥയുടെ കേന്ദ്ര ആശയം. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ആയതുകൊണ്ടു പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ തന്നിരിക്കും എന്ന ധാരണയോടെ വേണമെങ്കിൽ വായിക്കാം. അപ്പോൾ കഥാവസാനത്തിൽ ഈ പെൺകുട്ടി ടോയ്‌ലറ്റിൽ കാണുന്ന ചിത്രത്തിൽ നമ്മുടെ കണ്ണുടക്കും. ഓൾഗ ഒക്കിനോവ എന്ന ചിത്രമായിരുന്നു അത്. ചിത്രകലയിൽ താല്പര്യമുള്ള കഥാനായികയ്ക്കും, നായികയെ സൃഷ്ടിച്ച കഥാകൃത്തിനും അതെന്താണെന്ന് അറിയാമായിരിക്കും. പക്ഷേ വായനക്കാരൻ എന്ന നിലയിൽ എനിക്കറിഞ്ഞുകൂടാ സംഭവം എന്താണെന്ന്. ഇനി പിക്കാസോയുടെ മോഡലും ആദ്യഭാര്യയും ആയിരുന്ന ഓൾഗാ കൊക്ക്ലോവ ആയിരിക്കുമോ? ശൗചാലയത്തിന്റെ തറയിൽ നിന്നും തന്റെ മാസമുറയുടെ രക്തവും വിസർജ്യവും എല്ലാം നഗ്നശരീരത്തിൽ വാരിപ്പൂശി അതിഥിയിലേക്ക് ചെന്നു കയറുന്ന കഥാനായികയിൽ തീരുന്നു കഥ. ‘നന്നായി’ എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു.

ഔട്ട് ഡേറ്റഡ് ആയിപ്പോയ ഒരു സാഹിത്യകാരന്റെ കഥയാണ് ദേശാഭിമാനി വാരികയിൽ പി എൻ വിജയൻ എഴുതിയ ‘ചക്രക്കസേര.’ ഇപ്പോൾ വാരികകളുടെ എഡിറ്റർമാരുടെ പരിഗണനയ്ക്ക് വരാതിരിക്കുന്നു അയാളുടെ കഥകൾ. അങ്ങനെയിരിക്കെയാണ് അവിചാരിതമായി നവമാധ്യമങ്ങളിലൊന്നിൽ അയാളുടെ കഥ വായിക്കാൻ ഒരു പെൺകുട്ടി അനുമതി ചോദിക്കുന്നത്. ആ കുട്ടി ആ കഥ വായിക്കുന്നു. ഗ്രൂപ്പിൽ ഇടുന്നതിനു മുൻപേ അവൾ അത് എഴുത്തുകാരന് അയച്ചു കൊടുക്കുന്നു. അഭിപ്രായം ആവശ്യപ്പെടുന്നു. സാഹിത്യകാരൻ കഥ കേൾക്കുന്നു. പരസ്പരം ചാറ്റുകൾ ഉണ്ടാകുന്നു. ഫോൺവിളികൾ ഉണ്ടാകുന്നു. അടുപ്പം ഉണ്ടാകുന്നു. എഴുത്തുകാരന് അവളെ കാണാൻ ആഗ്രഹം തോന്നുന്നു. അവൾ ആരായിരിക്കും എന്ന് അറിയാനുള്ള ക്യൂരിയോസിറ്റി അഥവാ ജിജ്ഞാസ ആണ് എഴുത്തുകാരനുള്ളതെങ്കിൽ, അവൾ ഏതാണ് എന്ന തെളിഞ്ഞ ഉറപ്പാണ് വായനക്കാരന്. പുതുമ ഒട്ടുമില്ലാത്ത ഒരു കഥ. കഥാനായിക മനസ്സിലാക്കാനുള്ള എല്ലാ സൂചനകളും അവസാനം വരെയും കൊടുക്കുന്നുണ്ട് കഥയിൽ. വാതിൽ തുറക്കുമ്പോൾ മുൻപിൽ വീൽചെയറിൽ ഒരു സ്ത്രീയെ ആയിരിക്കും എന്നത് ഉറപ്പാണ് വായനക്കാർക്ക്. അവൾ ട്രെയിനിൽ നിന്നും വീണവളാണോ അതോ ഉല്ലാസ യാത്രയിൽ അപകടത്തിൽപ്പെട്ടവളാണോ എന്ന സംശയം മാത്രമേയുള്ളൂ. അതിനാൽ പുഞ്ചിരിയോടെ ജിജ്ഞാസ ഒന്നുമില്ലാതെ വായനക്കാർ കഥ വായിച്ച് തീർക്കുന്നു. ഇതുപോലുള്ള കഥ എത്രാമത്തെ തവണയാണ് താൻ വായിക്കുന്നത് എന്ന് അവർ അത്ഭുതം കൂറുന്നു. സ്വാഭാവികമായ ആഖ്യാനമായതുകൊണ്ടുമാത്രം വായന പൂർത്തിയാക്കുന്നു.

പുതുമയുള്ള ഒന്നും വായനക്കാരന് നൽകാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ എഴുത്തുകാർ സ്വയം ഒന്ന് നവീകരിച്ചാൽ നന്നാവും. ഒരേ തരത്തിലുള്ള, ഒരേ അച്ചിൽ വാർത്ത കഥകളാണ് ഒന്നുകിൽ. അല്ലെങ്കിൽ കൃത്രിമത്വം ഉള്ള ഏച്ചുകെട്ടിയ പോലുള്ള അലങ്കാരങ്ങളും ഭാഷാപ്രയോഗങ്ങളും നിറഞ്ഞവ. സഹൃദയരെ ആഹ്ലാദിപ്പിക്കുന്ന നല്ല കഥ എന്ന് നമുക്ക് എപ്പോഴാണ് ആത്മാർത്ഥമായി പറയാൻ പറ്റുക!

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like