പൂമുഖം ഡി ഫാക്ടോ അസ്ക്കറിന്റെയും ഇന്ത്യ

അസ്ക്കറിന്റെയും ഇന്ത്യ

രാഷ്ട്രവ്യവസ്ഥകളുടെ തുലാസില്‍ അളന്നാല്‍ തെക്കനേഷ്യയിലെ ഏറ്റവും ഏകാകിയായ രാഷ്ട്രമാണ് ഇന്ത്യയെന്ന് പറയേണ്ടി വരും. പാക്കിസ്ഥാനും ബംഗ്‌ളാദേശുമടങ്ങുന്ന ഇസ്‌ളാമിക രാജ്യങ്ങള്‍. സ്ത്രീകളിനി വണ്ടിയോടിക്കേണ്ടതില്ലെന്ന് ഇക്കഴിഞ്ഞ ദിവസം തീരുമാനിച്ച , നാള്‍ക്കുനാള്‍ ഭൂതകാലത്തിലേക്ക് ടൈംട്രാവല്‍ ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍. അതോററ്റേറിയന്‍ സ്‌റ്റേറ്റായ ചൈന. പട്ടാളഅട്ടിമറിയിലൂടെ മുന്നോട്ട് പോകുന്ന മ്യാന്‍മാര്‍. ഇവര്‍ക്കിടയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ പ്രതിരോധിച്ചു കൊണ്ട് ഇന്ത്യ എന്ന പേരില്‍ മുന്നോട്ട് പോകുന്നത്.

നാം ഒരു ജനാധിപത്യ-മതേതരത്വറിപ്പബ്‌ളിക് ആയി സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു.
ജനാധിപത്യം, മതേതരത്വം എന്നീ രണ്ട് വാക്കുകളെപ്പറ്റി ചിന്തിക്കുവാന്‍ വീണ്ടും നമുക്ക് അവസരമുണ്ടാക്കി തന്നിരിക്കുന്നത് മലപ്പുറത്തുകാരനായ ഒരു ചെറുപ്പക്കാരനാണ്. പേര് അസ്‌ക്കര്‍ അലി. അസ്‌ക്കറിന്റെ ഒരു പ്രഭാഷണം ഇപ്പോള്‍ കേരളമൊട്ടാകെ കേട്ടു കൊണ്ടിരിക്കുന്നു. അസ്‌ക്കറിന്റെ ഒരു പ്രത്യേകത, താന്‍ പറയുന്ന കാര്യങ്ങള്‍ക്കുള്ള തെളിവ് താന്‍ തന്നെയാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നു എന്നതാണ്. അസ്‌ക്കര്‍ ഒരു മുസ്‌ളീമായിരുന്നു. വെറും മുസ്‌ളീം അല്ല, മതപഠനം പ്രത്യേകം നടത്തിയ, മതപ്രചാരകനാവാന്‍ ലക്ഷ്യമിട്ട ഒരു മുസ്‌ളീം. ഇന്നിപ്പോള്‍ അസ്‌ക്കര്‍ മതവിമര്‍ശകന്‍ ആയിരിക്കുന്നു. ഇസ്‌ളാമിനെ ശക്തമായി വിമര്‍ശിക്കുന്നു.

അസ്‌കർ അലി


മതവിമര്‍ശനം ഒരു കാലത്തും ഇന്ത്യയില്‍ എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് പരിഷ്‌ക്കരണത്തെ ആഴത്തില്‍ പ്രതിരോധിക്കുന്ന മതങ്ങളുടെ കാര്യത്തില്‍. കേരളത്തില്‍ ചേകന്നൂര്‍ മൗലവിയുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും യുക്തി ഉപയോഗിക്കുന്ന മനുഷ്യര്‍ മതത്തിന്റെ കാര്യത്തില്‍ മാത്രം യുക്തിക്ക് ആനുകൂല്യം അനുവദിച്ചിരിക്കുന്നു. മനുഷ്യയുക്തിക്ക് പിടിതരുന്നതല്ല പ്രപഞ്ചരഹസ്യം എന്ന മുന്‍വിധിയാണ് അതിന് കാരണം. ജീവിതത്തിന്റെ ഇത്തിരിസമയം പ്രപഞ്ചത്തിന് മുന്നില്‍ അന്തംവിട്ട് വാപിളര്‍ന്ന് നിന്നുപോവാതിരിക്കാനായി അവന്‍ എഴുതപ്പെട്ട മതഗ്രന്ഥങ്ങളില്‍ അഭയം തേടുന്നു. എന്നാല്‍ ഈ വഴിയില്‍ നിന്ന് വഴി മാറി നടന്ന ഒരുപാട് മനുഷ്യരുണ്ട്. അവരാണ് എക്കാലവും ഒരു കൈത്തിരിയുമായി കാലത്തിന്റെ ഇരുളിലൂടെ നടന്നു കൊണ്ടിരുന്നത്. അന്വേഷണം എന്ന ആ കൈത്തിരിയാണ് മനുഷ്യരാശിക്ക് കടന്നുപോകാനുള്ള എല്ലാ വഴികളും തെളിച്ചമുള്ളതാക്കിയത്. അസ്‌ക്കറും ആ കണ്ണിയിലെ ഒരംഗമായിത്തീരുന്നു. കേവലയുക്തിവാദത്തിന്റെ പരിമിതികളെക്കുറിച്ച് ബോധ്യമുള്ളപ്പോള്‍ തന്നെ, സന്ദേഹങ്ങള്‍ക്ക് ഉത്തരം തേടിയുള്ള അസ്‌ക്കറിന്റെ അന്വേഷണത്വരയെ നാം മാനിക്കേണ്ടതുണ്ട്. സന്ദേഹങ്ങളുടെ നേര്‍ക്ക് വാതിലടയ്ക്കുന്നവരോ, വിശ്വാസം എന്ന ഒറ്റമൂലി കുടിച്ച് ആ പ്രശ്‌നത്തെ പരിഹരിക്കുകയോ ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും.


നാം നേരത്തേ പറഞ്ഞ വിഷയത്തിലേക്ക് തിരിച്ചു വന്നാല്‍, തീര്‍ത്തും അപകടകരമാണ് കാര്യങ്ങളെന്ന് കാണാന്‍ കഴിയും. മതവിമര്‍ശനം തന്നെ മതനിന്ദയായി കരുതിയിരിക്കുന്ന മതരാഷ്ട്രങ്ങളില്‍ നിങ്ങളുടെ കഴുത്ത് തന്നെയാണ് ഭരണകൂടം ആ കുറ്റത്തിന് ആവശ്യപ്പെടുക. ബംഗ്‌ളാദേശ് പോലുള്ള രാജ്യങ്ങളില്‍ കൊല്ലപ്പെട്ട സ്വതന്ത്രചിന്തകരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ജോസഫ് മാഷിന്റെ കൈവെട്ടിയ വിഷയത്തില്‍ ഉണ്ടായ പ്രതികരണങ്ങള്‍ പലതും മതനിന്ദ നടത്തിയിട്ടല്ലേ എന്നതായിരുന്നു. മതനിന്ദ എന്താണ് എന്ന് കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തില്‍ വിശ്വാസികള്‍ ആണ് അത് തീരുമാനിക്കുന്നത്. യുക്തിപരമായ മതവിമര്‍ശനത്തെയും മതനിന്ദയായി അനായാസം മാറ്റിത്തീര്‍ക്കാന്‍ കഴിയുന്നത് അത്‌കൊണ്ടാണ്. സത്യത്തില്‍ കാലം മുന്നോട്ട് പോവും തോറും ഈ സംഘര്‍ഷം വര്‍ധിക്കുകയേ ഉള്ളൂ. കാരണം, കാലത്തിന് ഒരുപാട് സംഗതികളെ തള്ളിമാറ്റിയും, പുതുക്കിപ്പണിതും ഒക്കെയേ മുന്നോട്ട് പോകാന്‍ കഴിയു. മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒക്കെയാണ് സ്വാഭാവികമായും കാലത്തിന്റെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ ആദ്യസ്ഥാനത്തുണ്ടാവുക.
ശരിക്കും ആരാണ് ശരി എന്ന് ചോദിച്ചു തുടങ്ങുമ്പോൾ മാത്രമാണ് മതങ്ങളെ അതിന്റെ പുറത്ത് നിന്ന് നോക്കിക്കാണാൻ പറ്റുക.
അപ്പോൾ ചരിത്രത്തിൽ പതിനായിരക്കണക്കിന് മതങ്ങളും അതിലേറെ ദൈവങ്ങളും ഉണ്ടായിരുന്നുവെന്നും അതിലൊന്ന് മാത്രമാണ് തന്റേതെന്നും തിരിച്ചറിയാൻ പറ്റും. മതം ആ അർത്ഥത്തിൽ മനുഷ്യ പരിണാമത്തിന്റെ പല മാനങ്ങൾ ഉള്ള ഒരു ചരിത്ര സാമഗ്രി മാത്രമായിത്തീരും. ലോകത്തിന്റെയും പ്രകൃതിയുടെയും സംസ്ക്കാരത്തിന്റെയും സ്വഭാവം വൈവിധ്യം ആയതിനാൽ മതങ്ങൾക്കും അത് ഉണ്ടായിരിക്കുന്നു.
പല ജാതി മരങ്ങൾ ഉള്ള ഒരിടത്ത് പോയിട്ട് ആ നിൽക്കുന്ന തേക്കാണ് ശരിയായ മരം എന്നാരും പറയാറില്ലല്ലോ.


മതത്തിന് ആകെപ്പാടെയുള്ള ഗുണം അത് ദൈവാഭിമുഖമായ നിങ്ങളുടെ ആത്മീയ ഭാവനയെ പരിപോഷിപ്പിക്കുന്നു എന്നതാണ്. അത് പക്ഷെ ഒരു ചെറു ന്യൂനപക്ഷത്തിന് മാത്രം പറ്റുന്നതാണ്. ആഴക്കടലിൽ നടന്ന് കുന്തം കൊണ്ട് മീൻ കുത്തിയെടുക്കുന്ന അത്രയും ദുഷ്ക്കരമാണത്.സ്ഥാപനവത്ക്കരിക്കപ്പെടുന്തോറും മതം സമൂഹത്തെ പിന്നാക്കം നയിക്കുന്ന ഒന്നായിത്തീര്‍ന്നുകൊണ്ടേയിരിക്കും.
അസ്‌ക്കറിന്റെ കാര്യത്തില്‍ അയാളെ തട്ടിക്കൊണ്ട് പോവാനും ആക്രമിക്കാനും ഒക്കെ ശ്രമങ്ങള്‍ ഉണ്ടായി. എത്ര ബാലിശമാണ് എന്ന് നോക്കൂ. അസ്‌ക്കര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാനാണ് മതപക്ഷത്തുള്ളവര്‍ ശ്രമിക്കേണ്ടത്. മതത്തിന് എന്താണ് ചെയ്യാനുള്ളത് എന്ന് തെളിയിക്കാന്‍ അത്തരം സംവാദങ്ങള്‍ കൊണ്ടേ കഴിയൂ. സത്യത്തില്‍ അസ്‌ക്കറിന് മതം വിട്ടു പുറത്ത് വരാനും, തന്റെ അനുഭവങ്ങള്‍ സമൂഹത്തോട് വിളിച്ചു പറയാനും, മതവിമര്‍ശനം നടത്താനും ഉള്ള ജനാധിപത്യ അവകാശമുണ്ട്. എന്നാല്‍ ഈ അവകാശത്തോടൊപ്പം എത്ര പേര്‍ നില്‍ക്കുന്നു എന്നൊരു ചോദ്യമുണ്ട്. കോയമ്പത്തൂരില്‍ റഫീക്ക് എന്നൊരു ചെറുപ്പക്കാരന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ഇതു പോലെ നിശബ്ദത നാം കണ്ടതാണ്. കാരശേരിയെപ്പോലെ ചിലര്‍ മാത്രമാണ് അവരുടെ മനുഷ്യപക്ഷത്തെ ആ ഘട്ടത്തിലും ശബ്ദം കൊണ്ട് ബോധ്യപ്പെടുത്തിയത്. പൊതുവേ കേരളത്തില്‍ ഇങ്ങനെയൊരു കാപട്യത്തിന്റെ പ്രശ്‌നം ഉണ്ട്. അത് ചേകനൂര്‍ മുതല്‍ അസ്‌ക്കര്‍ വരെയുള്ള അനുഭവങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒന്നാണ്.
അസ്‌ക്കറിന് മതം വിട്ടു പുറത്ത് വരാം. മതവിമര്‍ശനം നടത്താം. അതുകൂടിയാണ് ഇന്ത്യന്‍ ജനാധിപത്യം. അത് കൂടിയാണ് ഇന്ത്യന്‍ മതേതരത്വം.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like