പൂമുഖം ഡി ഫാക്ടോ ഹരിചരണ്‍ദാസിന്റെ മരണരഹസ്യം

ഹരിചരണ്‍ദാസിന്റെ മരണരഹസ്യം

ആദ്യമേ പറയട്ടെ, ഇതൊരു പരമരഹസ്യമോ വെളിപ്പെടുത്തലോ അല്ല. ഹിന്ദിപ്രചാരസഭാ മേധാവികളിലൊരാളായിരുന്ന ഉത്തരേന്ത്യക്കാരന്‍ ഹരിചരണ്‍ദാസിന്റെ മരണവൃത്താന്തവും അതിലേക്ക് നയിച്ച സാഹചര്യങ്ങളുമെല്ലാം വായനാശീലമുള്ള പലര്‍ക്കും അറിവുള്ളതായിരിക്കും. എങ്കിലും പുതിയ ചില രാഷ്ട്രീയസാഹചര്യങ്ങള്‍ പരിഗണിച്ച് അത് ഒന്ന് കൂടി പറയുന്നൂവെന്നേയുള്ളൂ. കോവിഡ് വേരിയന്റുകള്‍ വരുമ്പോള്‍ നമ്മള്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കും പോലെ. ഒരു സ്വാഭാവിക പ്രതിരോധം.

കാലന്‍കോഴികള്‍ ‘പൂവ്വാ’ എന്ന് ചോദിച്ച് മനുഷ്യനെ മരണകവാടം കടത്തിയിരുന്ന ഒരു കാലത്തെ കേരളത്തിലേക്കാണ് ഹരിചരണ്‍ദാസ് വരുന്നത്. പ്രചാരസഭയുടെ കേരളത്തിലെ ജീവനക്കാരിലൊരാള്‍, പാലക്കാട്ടുകാരന്‍ കുമാരന്‍ ഹരിചരണെ സ്വീകരിച്ചു. വിരുന്നും ഉപചാരങ്ങളും കഴിഞ്ഞ് ഇരുവരും സംസാരിക്കാനിരുന്നു.

മലയാളികളോട് സഹതാപം തോന്നുന്നു എന്ന് ഹരിചരണ്‍. അങ്ങയെ പോലുള്ളവരുടെ സഹതാപം തുടര്‍ന്നും ഞങ്ങള്‍ക്ക് ലഭ്യമാകട്ടെ എന്ന് കുമാരന്‍.

ഉത്തരേന്ത്യക്കാരന്റെ സഹതാപം കിട്ടാനും വേണമല്ലോ ഒരു ഭാഗ്യം!

ഹിന്ദി അറിയാത്ത മലയാളികള്‍ എങ്ങനെ പരസ്പരം ആശയവിനിമയം ചെയ്യുന്നൂ എന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് ഹരിചരണ്‍. കുമാരനും അത് ശരിവച്ചു. ഹിന്ദി അറിയാത്തത് കൊണ്ട് ആര്‍ക്കും തമ്മില്‍ തമ്മില്‍ മനസ്സിലാവുന്നില്ല. സമീപഭാവിയില്‍ തന്നെ പരസ്പരം മനസ്സിലാവാതെ മലയാളികള്‍ക്ക് ഭ്രാന്ത് പിടിക്കുമെന്ന് കുമാരനും സമ്മതിച്ചു. ഒന്നുമില്ലെങ്കിലും ഹിന്ദിക്കാരന്‍ പരശുരാമന്‍ കടലില്‍ നിന്ന് പൊക്കിയെടുത്ത നാടല്ലേ, മലയാളി എന്താണ് ഇത്ര നന്ദികെട്ടവന്‍ ആയതെന്ന് കുമാരനും ഓര്‍ത്തു.

ഇരുവരും അമ്പലത്തിലേക്ക് ഇറങ്ങി. എന്താ പ്രതിഷ്ഠയെന്ന ഹരിചരണിന്റെ ചോദ്യത്തിന് കൃഷ്ണന്‍ എന്ന് കുമാരന്‍ മറുപടി കൊടുത്തു. ഏത് ഭാഷയിലാണ് പ്രാര്‍ത്ഥിക്കാറ് എന്ന് ഉത്തരേന്ത്യക്കാരന്‍. മലയാളം എന്ന് കുമാരൻ. ചുമ്മാതല്ല പ്രാര്‍ത്ഥന ഫലിക്കാത്തതെന്ന് ഹരിചരണ്‍. കിഷന്‍ജി ഉത്തരേന്ത്യക്കാരനാണ്. സ്വന്തം ഭാഷയായ ഹിന്ദിയെ അവഗണിക്കുന്നത് അദ്ദേഹം സഹിക്കുമോ എന്ന ഹരിചരണിന്റെ ചോദ്യത്തിന് മുന്നില്‍ കുമാരന്‍ നടുങ്ങി നിന്നു. ശാന്തിക്കാരന്റെ നിത്യദാരിദ്ര്യത്തിന്റെ കാരണവും അപ്പോഴാണ് കുമാരന് മനസ്സിലായത് – കിഴവന്റെ പ്രാര്‍ത്ഥന കന്നഡത്തിലാണ്. ഭാഷാവഗണന ഭഗവാന്റെ മനസ്സ് വേദനിപ്പിച്ചിരിക്കണം.

ഇതിനിടയില്‍ ഹരിചരണ്‍ ഗീത ഉദ്ധരിച്ച് തന്റെ ഭാഗം സമര്‍ത്ഥിച്ചു : ഭാഷകളില്‍ ഞാന്‍ ഹിന്ദിയാണെന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ടത്രേ. തന്റെ കൈയ്യിലെ ഗീതയില്‍ അത് കാണുന്നില്ലെന്ന് കുമാരന്‍. എന്നാല്‍ നീ നിന്റെ ഗീത തിരുത്തെന്നായി ഹരിചരണ്‍.

എന്തായാലും കാലന്‍കോഴികളുടെ പ്രശസ്തി ഉത്തരേന്ത്യ വരെ എത്തിയ സ്ഥിതിക്ക് അവയെ കണ്ടുകളയാം എന്നായി ഹരിചരണ്‍. കുമാരന്‍ വിളിച്ചു : കാലന്‍കോഴീ, വാ! ഇല്ല. കാലന്‍ കോഴികള്‍ മരക്കൊമ്പുകളില്‍ നിന്ന് തല നീട്ടുന്നില്ല. ഹരിചരണ്‍ ഇടപെട്ടു. ഹിന്ദിയില്‍ വിളിക്ക് എന്നായി. കുമാരന്‍ ഹിന്ദിയില്‍ വിളിച്ചു : കാലന്‍ കാ മുര്‍ഗാ, ആവോ ബച്ചാ!

ഫലമില്ല. ഹരിചരണ്‍ കയര്‍ത്തു. കാലന്‍കോഴിയെ ഹിന്ദി പഠിപ്പിക്കാനുള്ള പദ്ധതിക്ക് ഫണ്ട് തരില്ലെന്ന് പറഞ്ഞ് കുമാരനെ വിരട്ടി. സംസ്‌ക്കാരപഠനവും ഭാഷാപഠനവും സകലചപ്പുചവറുകളും അവസാനം ചെന്നുമുട്ടുന്നത് കറന്‍സിയില്‍ ആയതിനാല്‍ പാവത്തിന്റെ ഉറക്കം നഷ്ടപ്പെട്ടു. പാലക്കാട്ടെ ചൂടില്‍ കുമാരന്‍ കാലന്‍കോഴികളെ ഓര്‍ത്ത് ഉരുണ്ടുപിരണ്ടു. ഹിന്ദിയിലും മലയാളത്തിലുമെല്ലാം മാറി മാറി വിളിച്ചു.

അടുത്ത ദിവസം വൈകുന്നേരം ഇരുവരും വീണ്ടും അമ്പലപ്പറമ്പില്‍ എത്തി. കാലന്‍കോഴി ഇല്ല. ഹരിചരണ്‍ കോപാക്രാന്തനായി. ഹിന്ദിയില്‍ കാലന്‍കോഴികളെ തെറിവിളിച്ചു : ‘കാലന്‍ കാ ചിടിയോം, മദ്രാസീ കാ ബച്ചോം ‘

അപ്പോള്‍ മരക്കൊമ്പില്‍ നിന്ന് ഒരു കാലന്‍കോഴി കൂവി : ‘ പൂവ്വാം ‘

ഹരിചരണിന്റെ ഉത്തരേന്ത്യന്‍ ഹിന്ദി തിരിച്ചു കൂവി : ‘ സിംപിള്‍ ഹിന്ദി മേം ബാത്ത് കരോ, സാലേ ‘

കാലന്‍കോഴി ഇക്കുറി ശുദ്ധമലയാളത്തില്‍ തിരിച്ചാട്ടി : മലയാളത്തില്‍ തന്നെ പറയുമെടാ, പൂവ്വാ, പൂവ്വാ, വാടാ, വാടാ ! ‘

പിന്നീട് എന്തുണ്ടായി എന്ന് പറയണ്ടല്ലോ. ഹരിചരണ്‍ദാസ് അമ്പലനടയ്ക്കല്‍ മരിച്ചുവീണു.

ഹരിചരണ്‍ ദാസ് മരണപ്പെട്ട ഈ കഥ നമ്മളോട് പറഞ്ഞത് മലയാളത്തിന്റെ സ്വന്തം ഒ.വി.വിജയനാണ്. വിജയന്റെ രാഷ്ട്രീയബോധ്യങ്ങള്‍ കാലത്തിലൂടെ സഞ്ചരിച്ച് ഇപ്പോഴും നമ്മളെ വന്ന് തൊടുന്നു. ഹിന്ദി ഒരു രാഷ്ട്രീയ ആയുധമായി നമ്മെ ആക്രമിക്കുമെന്നും അതിന് പ്രതിരോധം എങ്ങനെ വേണമെന്നും ആണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘പക്ഷിശാസ്ത്രം, ഭാഷാശാസ്ത്രം ‘ എന്ന ഈ സറ്റയറിലൂടെ വിജയന്‍ നമ്മോട് പറഞ്ഞത്.

മറ്റൊന്നും ചെയ്യേണ്ടതില്ല. നമ്മുടെ ജൈവികമായ, സഹജമായ സാംസ്‌ക്കാരിക ഈടുവയ്പ്പുകളെ മുറുകെപ്പിടിച്ചാല്‍ മതി. ഉത്തരേന്ത്യക്കാരന്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ പറഞ്ഞാല്‍ നമ്മള്‍ മലയാളികള്‍ നല്ല മലയാളത്തില്‍ ‘മലയാളത്തില്‍ തന്നെ സംസാരിക്കുമെടാ’ എന്ന് തിരിച്ചു പറയുക. കാലന്‍കോഴിയുടെ പാഠം ഏറ്റു ചൊല്ലുക. ബാക്കി അതിന്റെ വഴിക്ക് പൊയ്‌ക്കോളും.

ഇതൊരു ഭാഷ വിരോധത്തിന്റെ പ്രശ്‌നമേയല്ല. ഒരു സാംസ്‌ക്കാരിക ബഹുസ്വരതയുടെ ഭാഗം എന്ന നിലയില്‍ ഹിന്ദി ഭാഷയെ നാം തിരിച്ചറിയുകയും അതിനെ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഉള്ളത് പോലെ ഒരു വലിയ ജനവിഭാഗത്തിന്റെ സാംസ്‌ക്കാരികചരിത്രത്തെയും വര്‍ത്തമാനത്തിന്റെ രൂപപ്പെടുത്തലിനെയും അത് ഉള്ളില്‍ പേറുന്നുണ്ട്. ഒഴുകുന്നുണ്ട്. പക്ഷെ ഈ ഒഴുക്ക്, സംസ്‌ക്കാരം, ചരിത്രം അത് എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഉള്ളതാണ്. ഈ ഭാഷാവൈവിധ്യമാണ് ഇന്ത്യന്‍ സാംസ്‌ക്കാരികതയെ ആഴത്തില്‍ നിര്‍ണയിച്ചിരിക്കുന്നത്, രൂപപ്പെടുത്തിയിരിക്കുന്നത്.

ചുരുക്കത്തില്‍ ഭാഷാ സംസ്കൃതി വേറെ, ഭാഷയെന്ന രാഷ്ട്രീയായുധം വേറെ.

ഉത്തരേന്ത്യക്കാരന്‍ അധികാരത്തിന്റെ വില്ലില്‍ ഭാഷയുടെ അമ്പാണ് തൊടുക്കുന്നതെങ്കില്‍ നമുക്ക് തിരികെ പറയാന്‍ കാലന്‍ കോഴിയുടെ വചനമേയുള്ളൂ : മലയാളത്തില്‍ തന്നെ പറയുമെടാ, പോടാ!

കവർ ഡിസൈൻ : നിയ മേതിലാജ്

വര : മിഥുൻ സുരേന്ദ്രൻ

Comments
Print Friendly, PDF & Email

You may also like