പൂമുഖം LITERATUREകഥ അർഷി

അർഷി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

‘പഞ്ചശീൽ രാജകുമാരി അർഷി ഉദ്യാനമധ്യത്തിലൂടെ ചിന്താമഗ്നയായി ഉലാത്തുന്നത് ദാസിമാർ കാണുന്നുണ്ടാകും’. അവർക്കാർക്കും പ്രവേശനമില്ലാത്ത അറയിൽ നിന്നും തന്നെയും പുറത്താക്കിയെന്ന് അറിയാതിരിക്കട്ടെ. അറിഞ്ഞാൽ ഇനി കളിയാക്കലുകളും സഹിക്കണം.

കണ്മുൻപിൽ കാണുന്നതാണോ, കേട്ടറിവാണോ സത്യമെന്നറിയാതെ മനസ്സാകെ കുഴഞ്ഞു മറിയുകയാണ്. ആർദ്രഹൃദയനായ സൗബലകുമാരനെ കുറിച്ച് ഗുപ്തചരന്മാർ പറഞ്ഞതെല്ലാം കളവാണോ?

ചമത്കാരങ്ങൾ ചാർത്തി കാവ്യങ്ങൾ രചിക്കുന്ന, മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുന്ന ഗാന്ധാര രാജകുമാരൻ തന്നെയാണോ കൊട്ടാരത്തിൽ എത്തിയിരിക്കുന്നത്!

തക്ഷശിലയിൽ നിന്നും യുവരാജാവ് പുറപ്പെട്ടുവെന്ന് കേട്ടപ്പോൾ മുതൽ മനസ്സിലാകെ പലവിധ വികാരങ്ങൾ ചേക്കേറുവാൻ തുടങ്ങിയതാണ്. കുമാരന്റെ പരിചരണം രാജകുമാരിയുടെ ചുമതലയാണെന്ന് പിതാവ് പറഞ്ഞതിൽ പിന്നെ ഹൃദയം ക്രമമായി മിടിച്ചിട്ടില്ല.

വേഷപ്രച്ഛന്നനായ കുമാരൻ അംഗരക്ഷകരോടൊപ്പം കൊട്ടാരത്തിൽ വന്നിറങ്ങിയതും ഉപചാരവാക്കുകൾ പോലും പറയാതെ വിശ്രമഗൃഹത്തിലേക്ക് പോയതും നേരിൽ കണ്ടിരുന്നു.

ദുഃഖിതനും ക്ഷീണിതനുമായ കുമാരനെ കാണുവാനും പരിചരിക്കുവാനും പലവുരു ശ്രമിച്ചെങ്കിലും അനുവാദം കിട്ടിയില്ല. ഉദ്യാനത്തിൽ വരിക, യുവരാജാവ് ഇടനാഴിയിലോ വാതിലുകൾക്ക് അരികിലോ നിൽക്കുന്നത് നോക്കി നിൽക്കുക ഇതായിരുന്നു പതിവ്.

ഇന്ന് കുമാരനെ പുറത്തൊന്നും കാണാത്തതിനാലും, എന്തെങ്കിലും സുഖക്കേടാണോയെന്ന ഭയത്താലുമാണ് അറയിലേക്ക് കടന്നു ചെന്നത്.

മഞ്ചത്തിൽ ശാന്തനായി ഉറങ്ങുന്ന യുവരാജാവിനെ നോക്കി നിൽക്കെ ഉള്ളിൽ വാത്സല്യം കിനിഞ്ഞുയരുവാൻ തുടങ്ങി, പെട്ടെന്നുണ്ടായ വിപദിധൈര്യത്താലാണ് അദ്ദേഹത്തിന്റെ നെറുകയിൽ വിരലുകൾ കൊണ്ട് തലോടിയത്.

ഞെട്ടിയുണർന്ന് പരിഭ്രാന്തിയോടെ ചുറ്റും നോക്കിയ കുമാരൻ തന്നെ കണ്ടതും കോപാകുലനായി ആരാണെന്നോ, എന്താണെന്നോ ചോദിക്കാതെ അറയിൽ നിന്നും പുറത്തു പോകുവാൻ കൽപ്പിച്ചു.

ഒരു നിമിഷം പതറിപ്പോയെങ്കിലും, സമചിത്തത വീണ്ടെടുത്ത് പുറത്തേക്ക് നടന്നു.

ആ നേരം മുതൽ ഉദ്യാനത്തിൽ ഉലാത്തുവാൻ തുടങ്ങിയതാണ്. ഇതിനിടയിൽ കുമാരൻ ഇടനാഴിയിലും വാതിലുകൾക്ക് അരികിലും പ്രത്യക്ഷപ്പെട്ടതും നിഷ്ക്രമിച്ചതും കണ്ടിട്ടും കാണാത്ത ഭാവത്തിൽ നടക്കുകയായിരുന്നു.

കുമാരി..

തൊട്ടരുകിൽ കുമാരന്റെ ശബ്ദം, ചിന്തകൾക്കിടയിൽ അദ്ദേഹം അരികിലെത്തിയതും നിലയുറപ്പിച്ചതും അറിഞ്ഞതേയില്ല. മുഖത്തേക്ക് നോക്കുവാൻ അഭിമാനം അനുവദിച്ചില്ല. കണ്ണുകൾ ഉയർത്താതെ അദ്ദേഹത്തിന് അഭിമുഖമായി നിലകൊണ്ടു.

കുമാരി ഇവിടേയ്ക്ക് വരരുത്. അതിഥിയായി ഒളിച്ചു താമസിക്കുവാനല്ല ശകുനി ഇങ്ങോട്ട് വന്നത്. കുരുവംശത്തിന്റെ സർവ്വനാശം മാത്രമാണ് ലക്ഷ്യം.അതിനിടയിൽ മനസ്സിനെ മഥിക്കുന്നതൊന്നും ഉണ്ടാവരുതെന്ന് നിർബന്ധമുണ്ട്.

പ്രഭോ..അങ്ങയുടെ ലക്ഷ്യം ഗാന്ധാരത്തിന്റെ വ്രതമാണെന്നറിയാം. എന്റെ രാജ്യത്തിന്റെ പകയൊടുക്കുവാൻ ആയുധമെടുക്കുവാനും, ജീവൻ കൊടുക്കുവാനും അർഷി ഒരുക്കമാണ്.

അറിയാം, അസ്ത്രശാസ്ത്രങ്ങളിൽ വിദഗ്ദയായ കുമാരിയെ കുറിച്ച് മാതാവ് പറഞ്ഞു തന്നിട്ടുണ്ട്.

അതുമാത്രമാണോ രാജമാതാവ് അറിയിച്ചിട്ടുള്ളത്?.
സുബല മഹാരാജാവ് കുമാരിയുടെ പിതാവിന് നൽകിയിരുന്ന വാഗ്ദാനവും അറിയാം.

ശകുനിയെന്ന നാമധേയത്തേക്കാൾ കുമാരന് യോജിക്കുക സൗബലൻ എന്ന നാമം തന്നെയാണ്.

ഗാന്ധാരമഹാരാജാവ് സമ്മാനിച്ച നാമമാണത്. അദ്ദേഹം മാത്രമേ അങ്ങനെ വിളിക്കുമായിരുന്നുള്ളൂ. അചലകുമാരനും, വൃഷാകകുമാരനും ഉൾപ്പടെയുള്ള പുത്രന്മാരെല്ലാം മികച്ച പോരാളികളായിരുന്നിട്ടും, കാവ്യങ്ങൾ ചമയ്ക്കുന്ന നൂറാമത്തെ പുത്രനോടായിരുന്നു അദ്ദേഹത്തിന് ഏറെ വാത്സല്യം.

പെട്ടെന്ന്, കുമാരൻ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുവാൻ തുടങ്ങി. ഒരുനിമിഷം പതറിപ്പോയെങ്കിലും സമചിത്തത വീണ്ടെടുത്ത് കുമാരന്റെ കൈകളിൽ ചേർത്തു പിടിച്ചു.

കുമാരാ..അങ്ങ് ഗാന്ധാരത്തിന്റെ യുവരാജാവാണ്, മഹാരഥിയായ പോരാളിയാണ്. രാജമാതാവിന്റെ സന്ദേശമുണ്ടായിരുന്നു. പഞ്ചശീലിൽ നിന്നും തിരികെയെത്തുന്ന സൗബലേയനായി വൈഹിന്ദിലെ സ്ത്രീകൾ തപമിരിക്കുകയാണ്. അവരുടെ പകയിലായിയിരിക്കണം ശകുനി ഉയിർകൊള്ളേണ്ടത്.

രാജകുമാരി..ഗാന്ധാരപതിയാകുവാൻ സൗബലൻ ഇതുവരെയും പാകപ്പെട്ടിട്ടില്ല, നഷ്ടങ്ങളും കണ്ണുനീരും മാത്രമാണ് ശകുനി.

അങ്ങയുടെ ശക്തിയും ദൗർബല്യവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്, വിജയിക്കുവാൻ വേണ്ടത് അജ്ഞാതവാസമല്ല.പ്രജകൾക്കിടയിൽ അവർക്കൊപ്പം ജീവിക്കണം, അവരുടെ വിശ്വാസവും ധൈര്യവുമാകണം.

അനാഥരാക്കപ്പെട്ട സ്ത്രീകളുടെ മുന്നിൽ നിൽക്കുവാനുള്ള ശക്തിയെനിക്കില്ല. അവരുടെ സങ്കടങ്ങളുടെ കാരണക്കാരൻ കൂടിയല്ലേ ഞാൻ.

പ്രഭോ, അങ്ങ് ആരുടെയും സങ്കടങ്ങളുടെ കാരണക്കാരനല്ല, ഗാന്ധാരത്തിന്റെ പകയുടെ പുരുഷരൂപമാണ്.

വാക്കുകൾ തിരഞ്ഞു പരാജയപ്പെട്ടതുപോലെ സൗബലകുമാരൻ നിശ്ശബ്ദനായി. വിദൂരതയിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന്റെ കണ്ണുകൾ സജലങ്ങളാകുന്നതും ക്രമേണ കണ്ണുനീർ വറ്റിയ കണ്ണുകളിലേക്ക് നിരാശ കുടിയേറുന്നതും നോക്കി നിൽക്കുവാൻ കഴിഞ്ഞില്ല.

കുമാരന്റെ ഇടതുകൈയിൽ മുറുകെ പിടിച്ചു കൊണ്ട് കൊട്ടാരത്തിലേക്ക് നടന്നു. അനുസരണയുള്ള ബാലനെപ്പോലെ അനുഗമിക്കുന്ന അദ്ദേഹമാണോ അറയിൽ നിന്നും തന്നെ പുറത്താക്കിയതെന്ന് ഒരു നിമിഷം ശങ്കിക്കാതിരുന്നില്ല.

കൊട്ടാരത്തിന്റെ ഇടനാഴികളെല്ലാം ശൂന്യമാണ്, ദാസിമാർക്കും കാവൽഭടന്മാർക്കും പ്രവേശനമില്ലാത്തതിനാൽ ആളൊഴിഞ്ഞ കൊട്ടാരക്കെട്ടുകൾ ഇരുട്ടിലാണ്ടു കിടക്കുന്നു.

സമയത്തെ കുറിച്ചോ കാലത്തെ കുറിച്ചോ ചിന്തയില്ലാത്ത കുമാരനെയാണോ ഗാന്ധാരം പകയുടെ താക്കോലേൽപ്പിക്കുന്നത്? വൈഹിന്ദിലെ സ്ത്രീകളുടെ കണ്ണുനീർ മുഴുവൻ യുവരാജാവിന്റെ ഹൃദയത്തിലേക്ക് കോരിയൊഴിച്ചതാരാണ്..?

പരിചരിക്കേണ്ടത് സൗബലന്റെ ശരീരത്തെയല്ല, മനസ്സിനെയാണ്.

അറയിലെ മഞ്ചത്തിനരുകിൽ സ്വാതന്ത്രനാക്കപ്പെട്ട കുമാരൻ ജാലകത്തിനരുകിലേക്ക് പോയി തിരശീല മാറ്റി ഇരുളിലേക്ക് കണ്ണുകൾ പായിച്ചു.

മുനിഞ്ഞു കത്തിക്കൊണ്ടിരുന്ന വിളക്കുകളുടെ നാളങ്ങൾ നീണ്ടതും അറയിൽ പ്രകാശം നിറഞ്ഞതും കുമാരൻ അറിഞ്ഞതേയില്ല. ഇടനാഴിയിൽ ഉറപ്പിച്ചിരുന്ന വിളക്കുകളും തെളിഞ്ഞു, ഗാന്ധാരപതി വന്നതിൽ പിന്നെ അന്നാദ്യമായാണ് കൊട്ടാരത്തിന്റെ ആ ഭാഗത്തേക്ക് വെളിച്ചം കടന്നു വന്നത്.

ഇടനാഴികളിൽ പ്രകാശം നിറഞ്ഞതിനൊപ്പം, ഇരുളിൽ നിൽക്കുന്ന സൗബലേയന്റെ ഉള്ളിൽ പഞ്ചശീലിലെ രാജകുമാരി അർഷി ജ്വാലയായി തെളിയുവാൻ തുടങ്ങി.

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like