പൂമുഖം LITERATUREകവിത എൻ്റെ വീടിപ്പോൾ നിലാവ് പൂക്കുന്ന കുന്നിൻ പുറത്താണ്.

എൻ്റെ വീടിപ്പോൾ നിലാവ് പൂക്കുന്ന കുന്നിൻ പുറത്താണ്.

നിർത്താത്ത
നടത്തമായിരുന്നു
എല്ലായിടത്തും
ഇടവഴികൾ മൺവഴികൾ
ടാറുരുകിയ റോഡുകൾ
പൂത്ത വേനൽക്കാടുകൾ
നനഞ്ഞ സമതലങ്ങൾ
എല്ലാം പതുക്കെ
നടന്നു തീർക്കുകയായിരുന്നു.
ഓരോ കംമ്പാർട്ട് മെൻറിലുമോരോ -
ഋതുക്കളുറങ്ങുന്ന
സമയ ശകടത്തിൻ്റെ പാളത്തിലൂടെ
ഏകാന്ത പഥികയായി
പക്ഷെ
നിലാവു പൂക്കുന്ന കുന്നുമാത്രം
കയറാനൊത്തില്ല.
അങ്ങനെയിഴഞ്ഞ് നടക്കുന്ന നേരത്താണ്
പൊടുന്നനെയെന്നോണം
നിറയെ തേറ്റകളുള്ളൊരു ഭ്രാന്തൻ പട്ടി
അലറിക്കുരച്ച് കൊണ്ട് പിറകെയോടിയത്.
പിന്നെ നടത്തം മറന്ന് ഒരോട്ടമായിരുന്നു ,
നിലാവ് പൂക്കുന്ന കുന്നുകൾ
ഒറ്റ ശ്വാസത്തിലോടിക്കയറി.
ഭ്രാന്തൻ പട്ടികൾ
അവിടെയെവിടെയോ ഉണ്ട്.
പക്ഷെ
എൻ്റെ വീടിപ്പോൾ
നിലാവ് പൂക്കുന്ന കുന്നിൻ പുറത്താണ് .
ഇവിടെയെൻ്റെ ശലഭങ്ങൾക്ക്
വസന്തമാണ്.

കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like