പൂമുഖം LITERATUREകവിത മൂന്നേമുക്കാൽമണിപ്പൂക്കൾ

മൂന്നേമുക്കാൽമണിപ്പൂക്കൾ

നേരത്തേയെത്തും ചിലർ,
കാത്തു നിൽക്കും
തിടുക്കമില്ലാച്ചിരി
കടുപ്പമില്ലാ മുഖം
ഏതു നിറത്തിനും ചേരും

വൈകല്ലേയെന്ന്
ഒട്ടുമോർമ്മിപ്പിക്കണ്ട,
ട്രാഫിക്കിൽ പെടുമെന്ന
സ്ഥിരം പറച്ചിലേയില്ല,
കിതപ്പില്ല,
വിയർപ്പില്ല
ധൃതിയില്ല…
“എന്റെ സമയത്തേയെത്തൂ..”
എന്ന ശാഠ്യങ്ങളില്ല

കരച്ചിലാണെങ്കിൽ
വന്നു തൊട്ട് നിൽക്കും
പറച്ചിലാണെങ്കിൽ
ഒപ്പം കേട്ടിരിക്കും
വിറച്ചിലാണെങ്കിൽ
മിണ്ടാതെ,
ഉള്ളം കൈ, ഉരച്ചുരച്ച്
തണുപ്പിക്കും…

നേരത്തെയെത്തുന്നവർ,
മൂന്നേമുക്കാൽമണിപ്പൂക്കൾ
ഉള്ളു തണുപ്പിന്റെ
വിരിവാണ്,
അപൂർണ്ണമെങ്കിലും
അവരിൽ
സർവ്വവർണ്ണങ്ങളും
തെളിഞ്ഞു നിൽക്കും
അവർ പൂക്കുന്നതാണ് സമയം!

നോക്കി നിൽക്കെ,
തെളിഞ്ഞ പോലത്തന്നെ,
വിരിഞ്ഞ പോലെത്തന്നെ
മറയും,
തിരിച്ചൊരു ചിരി പോലും വേണ്ട…

അന്നേരത്തും,
നാലുമണിക്കേയെത്താമെന്ന് ചിരിച്ച്
ട്രാഫിക്കിൽ വിരിഞ്ഞു നിൽപ്പുണ്ടെന്ന്
പിന്നേം പിന്നേം
ഇളക്കത്തോടെ മറുപടിയിടുന്നവരെ ഓർക്കും
പൂത്തതൊക്കെയും
സമാധാനമെന്ന് ശ്വസിക്കും…

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like