പൂമുഖം ART കേൾക്കാതെ പോയ ഗീതങ്ങൾ

കേൾക്കാതെ പോയ ഗീതങ്ങൾ


സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ ഭാര്യയും, അലാദ്ദീന്‍ ഖാന്റെ മകളുമായ അന്നപൂര്‍ണ്ണ ദേവിയെ കുറിച്ച്, ചരിത്രത്തിന്റെ അരികുകളിലേക്ക് പോയ ആ സംഗീതോപാസികയെ കുറിച്ച് രാജലക്ഷ്മി ലളിതാംബിക എഴുതുന്നു.


 

ംഗീതവിദുഷിയായ അന്നപൂർണ്ണാദേവിയുടെ എഴുതപ്പെട്ട ഏക ജീവചരിത്രം സോപൻ കുമാർ ബന്ദോപാദ്ധ്യായയുടെ Unheard Melody അഥവാ ‘കേൾക്കാതെ പോയ ഗീതങ്ങൾ’ ആണ്.അന്നപൂർണ്ണ എന്ന സംഗീതോപാസകയെ കേട്ടിട്ടുള്ളവർ കുറവാണ്. എന്നാൽ അവരോടൊപ്പം ഞാനിവിടെ പരാമർശിക്കുന്ന സംഗീതപ്രതിഭകളെ കേൾക്കാത്തവരും വളരെ കുറവായിരിക്കും.

മെയ്ഹർഖരാനയെ ലോകത്തിനു മുന്നിലെത്തിച്ച ബാബാ അലാവുദീൻ ഖാൻ എന്ന സംഗീതപ്രതിഭയുടെ മകളും, ബാബാ അലാവുദീൻ ഖാന്റെ ശിഷ്യനും ലോകപ്രശസ്ത സിതാറിസ്റ്റുമായ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യയും ‘അലി അക്ബർ സ്കൂൾ ഓഫ് മ്യൂസിക്കി’ന്റെ സ്ഥാപകനും പ്രശസ്ത സംഗീതജ്ഞനുമായ അലി അക്ബർ ഖാന്റെ സഹോദരിയുമാണ് അന്നപൂർണ്ണാ ദേവി.അതു മാത്രമല്ല, ഒരു മുളംതണ്ടിൽ ലോകത്തെ വിസ്മയിപ്പിച്ച ഹരിപ്രസാദ് ചൌരസ്യ മുതൽ അനേകം പ്രശസ്തരായ ശിഷ്യഗണങ്ങളുടെ ഗുരുവും കൂടിയാണ് അന്നപൂർണ്ണാദേവി.

മുസ്ലിം കുടുംബത്തില് പിറന്ന ഇവർക്ക് എങ്ങനെ ഒരു ഹിന്ദു പേരുണ്ടായി ?, എങ്ങനെ അവർ ഒരു ബ്രാഹ്മണന്റെ ഭാര്യയായി?, ഇത്രയധികം പ്രശസ്തർക്കിടയിൽ ജീവിച്ചിട്ടും അവർ മാത്രം എങ്ങനെ അപ്രശസ്തയായി..?അന്നപൂർണ്ണാദേവി ഒരു സമസ്യയാണ്. പലപ്പോഴും ഉത്തരം കണ്ടെത്താൻ കഴിയാത്ത സമസ്യ.

മൌനമാണ് സ്ത്രീയുടെ ഏറ്റവും വലിയ നിലവിളിയെന്ന് മുൻപ് എപ്പോഴോ വായിച്ചതോർക്കുന്നു. എന്നാൽ അന്നപൂർണ്ണയെ വായിക്കുമ്പോൾ തോന്നുന്നത് മൌനമാണ് സ്ത്രീയുടെ ഏറ്റവും വലിയ പ്രതിഷേധം എന്നാണ്. ഈ കാലയളവ് മുഴുവന് അവർ അനുഷ്ഠിച്ച മൌനം എന്തിനോടൊക്കെയോ ഉള്ള അവരുടെ പ്രതിഷേധം കൂടിയായിരുന്നു.

മെയ്ഹർരാജാവായ ബ്രിജ്നാഥ് സിംഗിന്റെ കൊട്ടാരം സംഗീതജ്ഞനായിരുന്നു ബാബാ അലാവുദീൻ ഖാൻ അദ്ദേഹത്തിന് ചൈത്രപൌർണ്ണമി നാളിൽ ജനിച്ച പെൺകുഞ്ഞിനെ അന്നപൂർണ്ണ എന്ന് പേര് ചൊല്ലിവിളിച്ചത് മഹാരാജാവായ ബ്രിജ്നാഥ് സിങ്ങാണ് വീട്ടിലെല്ലാവർക്കും അവർ ‘റോഷനാര’ ആയിരുന്നു. അവളുടെ കളിക്കോപ്പുകൾ സംഗീതോപകരണങ്ങൾ ആയിരുന്നു. സിതാർ, സുർശ്രംഗാർ , വയലിൻ , സരോദ്, സുർബഹാർ ഇവയിലെല്ലാം മുട്ടിയുരുമ്മി ഇഴഞ്ഞു നടന്ന കാലം. ഇവയെല്ലാം ബാബയ്ക്ക് ജീവനോളം പ്രിയപ്പെട്ടവ ആയിരുന്നെങ്കിലും ബാബ അന്നപൂർണ്ണയെ എപ്പോഴും സംഗീതത്തിൽ നിന്ന് അകറ്റി വളർത്തി . അതിനൊരു കാരണവും ഉണ്ടായിരുന്നു. അന്നപൂർണ്ണയ്ക്ക് ഒരു മുതിർന്ന സഹോദരി കൂടി ഉണ്ടായിരുന്നു. ബാബയുടെ ശുദ്ധസംഗീതം ബാബ അങ്ങനെത്തന്നെ ആ മകൾക്ക് പകർന്നു കൊടുത്തിരുന്നു. ജഹനാര എന്നായിരുന്നു അവളുടെ പേർ. ബാബയ്ക്കൊപ്പം കച്ചേരി വേദികളിൽ നിറഞ്ഞുനിന്ന ജഹനാരയെ വിവാഹം ചെയ്തു കൊടുത്തത് ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ആയിരുന്നു.

13TH_ANNAPURNA_1296778f-google

വിവാഹിതയായി ചെന്ന ജഹനാരയുടെ തംബുരു തീയടുപ്പില് വെച്ച് ചുടുകയാണ് ആ വീട്ടുകാർആദ്യം ചെയ്തത്. പത്ത് മാസത്തെ ഭർതൃവീട്ടിലെ താമസത്തിന് ശേഷം മരവിച്ച മനസ്സുമായി തിരിച്ചെത്തിയ ജഹനാര അമ്മ മദീനാ ബീഗത്തിന്റെ മടിയില് തലവെച്ചു കിടന്നു മരിച്ചു. മകൾക്ക് ശുദ്ധസംഗീതം താൻ പകർന്നു നല്കിയതു കൊണ്ടാണ് അവൾക്ക് ഈ ഗതിയുണ്ടായത് എന്ന് ബാബ വിലപിച്ചു .അതുകൊണ്ടുതന്നെ ബാബ അന്നപൂർണ്ണയെ സംഗീതത്തിൽ നിന്ന് അകറ്റി വളർത്തി . തന്റെ സംഗീതം മുഴുവൻ അദ്ദേഹം മകൻ അലി അക്ബർഖാന് പകർന്നു നല്കി.

ഒരിക്കൽ  പുറത്തുപോയി വന്ന ബാബ കേട്ടത് സാധകം ചെയ്യുന്ന അലി അക്ബർ തെറ്റുന്നിടങ്ങളിൽ  തിരുത്തിക്കൊടുക്കുന്ന അന്നപൂർണ്ണയുടെ ശബ്ദമാണ്. അന്നവൾക്ക്  പത്ത് വയസ്സായിരുന്നു പ്രായം. സംഗീതമെന്ന ജന്മസിദ്ധിക്ക് മുന്നിൽ ബാബ തോറ്റുപോയ നിമിഷങ്ങളായിരുന്നു അവ. പിന്നീടവൾക്ക്  സംഗീതം നിഷേധിക്കാൻ  ബാബയ്ക്ക് കഴിഞ്ഞില്ല. അന്ന് മുതൽ  അന്നപൂർണ്ണ ബാബയുടെ ശിഷ്യയായി. എല്ലാ സംഗീതോപകരണങ്ങളിലും അവളുടെ വിരലുകൾചലിച്ചു തുടങ്ങി. സിതാറിനെക്കാൾ കൂടുതൽ  സൂർബഹൻ  ആയിരുന്നു ബാബ അന്നപൂർണ്ണയെ പരിശീലിപ്പിച്ചത്.

അങ്ങനെ രാവും പകലും ഇടമുറിയാതെ പഠനം തുടർന്നിരുന്ന കാലത്താണ് നർത്തകൻ ഉദയശങ്കറിന്റെ സഹോദരൻ രവിശങ്കർ എന്ന ബനാറസ് ബ്രാഹ്മണ യുവാവ് ബാബയുടെ ശിഷ്യനാകാനായി വന്നത്. ഉദയശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ലോകസഞ്ചാരം നടത്തിയ സമയത്തേ  ബാബയ്ക്ക് രവിശങ്കറിനെ അറിയാമായിരുന്നു.
ജീവിതത്തിൽ വലിയ ലക്ഷ്യബോധമൊന്നുമില്ലാത്ത ചെറുപ്പക്കാരൻ ജിവിതം അതിന്റെ എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ആസ്വദിച്ച് തീർക്കേണ്ടതാണെന്നു വിശ്വസിച്ച വ്യക്തി, അതുകൊണ്ട് തന്നെ നൃത്തമില്ലാത്ത ദിനങ്ങളിൽ നിശാക്ലബ്ബുകളിൽ ചുവടുവയ്ക്കുകയും ജീവിതം ആസ്വാദകരമാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തു പോന്നു. ഒരിക്കൽ കാബറെ കാണാൻ പാവം ബാബയെയും കൂട്ടിക്കൊണ്ടുപോയി. നൂല് പൊട്ടിയ പട്ടം പോലെ രവിശങ്കർ പറന്നു നടക്കുന്നത് കണ്ട് ഒരു ദിവസം ബാബ അയാളോടു  പറഞ്ഞു.

“ഏക് ഹി സാധെ സാബ് സാധെ ,സബ്  സാധെ സാബ് ജായ്”[ ഒരേയൊരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവൻ അത് നേടുന്നു.പലതിന്റെയും പിന്നാലെ പായുന്നവൻ അത് നഷ്ടപ്പെടുത്തുന്നു ]

നൃത്തത്തെക്കാൾ നിനക്കിണങ്ങുക സിത്താറാണ് . ഞാൻ പഠിപ്പിച്ചു തരാം . ഒരു നിബന്ധനയുണ്ട് പക്ഷെ,  ” അദ്ദേഹം പറഞ്ഞു. സ്വന്തം മനസിനെ കടിഞ്ഞാണിടാൻ പഠിക്കണം. സംഗീതം  ശ്രദ്ധാകേന്ദ്രീകരണമാണ്, സാധനയാണ്. അവിടെ അലയുന്ന മനസുമായി കടന്നുചെല്ലാൻ കഴിയില്ല. രവിശങ്കറിനു അതെല്ലാം സമ്മതമായിരുന്നു. ഒരു തകരപ്പെട്ടിയും തൂക്കി ആഡംബരങ്ങളെല്ലാം ഊരിയെറിഞ്ഞ്  രവിശങ്കർ ബാബയുടെ വീട്ടിലെത്തി. ബാബയുടെ സൗകര്യം കുറഞ്ഞ വീട്ടിൽ  ആദ്യകാലത്ത് രവിശങ്കർ വല്ലാതെ ബുദ്ധിമുട്ടി. പിന്നെ ബാബ കൊട്ടാരത്തിലേയ്ക്ക് പോകുന്ന സമയം അന്നപൂർണ്ണ  രവിക്ക് കൂട്ടായി. ദിവസങ്ങൾ  കഴിയുന്തോറും അവർ കൂടുതൽ അടുത്തു .

ഇടയ്ക്കൊരിക്കൽ വീട്ടിൽ  വന്ന ഉദയ്ശങ്കർ  ബാബയോട് ചോദിച്ചു രവിയ്ക്ക് അന്നപൂർണ്ണയെ വിവാഹം ചെയ്തു നല്കുമോ എന്ന്. നല്കാതിരിക്കാൻ ബാബയ്ക്ക് കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ബ്രാഹ്മണ യുവാവ് മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കുക  എന്നൊരു പ്രശ്നം ഉദയ ശങ്കറി\നുമുണ്ടായിരുന്നില്ല. കാരണം മുസ്ലീം സമുദായത്തിൽ ജനിച്ചു എന്നല്ലാതെ അവരുടെ രീതികൾ പിൻ തുടർന്നിരുന്നില്ല .മത്സ്യമാംസാദികൾ അവർക്ക്  വർജ്ജ്യമായിരുന്നു . അവരുടെ ഉപാസനാ മൂർത്തി ശാരദാദേവി  ആയിരുന്നു. ഈ വിവാഹത്തിൽ അന്നപൂർണ്ണ സന്തോഷവതിയുമായിരുന്നു.

തന്റെ സഹോദരൻ  തനിക്കു വേണ്ടി പറഞ്ഞുറപ്പിച്ച ഈ വിവാഹം കലാജീവിതത്തിനു ഒരു മുതൽക്കൂട്ടാകുമെന്നു മനസിലാക്കിയ രവിശങ്കർ അൽ മോറയിൽ വച്ചു പരിചയപ്പെട്ട  ഉസ്റാ സെഹ്ഗൽ എന്ന പ്രണയിനിയെ ഉപേക്ഷിച്ച്  അന്നപൂർണ്ണയിലേയ്ക്ക് തിരിഞ്ഞു.ഉസ്റാ  സെഹ്ഗൽ  തകർന്ന  ഹൃദയവുമായി ഇന്ത്യ വിട്ടു.

വിവാഹിതയാകുമ്പോൾ  അന്ന പൂർണ്ണയ്ക്ക് പതിന്നാല്  വയസ് ,രവി ശങ്കറിന് ഇരുപത്തിയൊന്ന് . പതിനഞ്ചാം വയസിൽ അന്നപൂർണ്ണ അമ്മയായി. അവർക്കൊരു മകൻ ജനിച്ചു.സുബ്ഹേന്ദ്ര ശങ്കർ . അവനെയും കൂട്ടി അവർ മുംബൈയിലേയ്ക്കു താമസം മാറി. രവിശങ്കറിൽ വലിയ മാറ്റങ്ങൾ  അന്നപൂർണ്ണ കണ്ടു തുടങ്ങുന്നത് ആ മുംബൈ വാസത്തിലാണ്. പുതിയ പുതിയ സന്തോഷങ്ങൾ  തേടി രവിശങ്കർ പോകുന്നതും അന്നപൂർണ്ണയ്ക്ക് കാണേണ്ടി വന്നു

അന്നപൂര്‍ണ്ണയും രവിശങ്കറും

അന്നപൂര്‍ണ്ണയും രവിശങ്കറും

നർത്തകിയായ കമലയ്ക്ക് തന്റെ സർവ്വ സ്വവും സമർപ്പിക്കുന്ന രവിശങ്കറിനെ അന്നപൂർണ്ണ കണ്ടു. നർത്തകന്റെ ചിലങ്കപോലെ ഇളകുന്ന മനസുമായി അയാൾ പുതിയ പുതിയ വേദികൾ തേടിപ്പോയി. അന്നപൂർണ്ണയ്ക്ക് പ്രതികരിക്കാൻ  കഴിഞ്ഞില്ല. രവിശങ്കറിനെതിരെ തിരിഞ്ഞുമില്ല. പകരം അവർ തനിക്കു ചുറ്റും ഏകാന്തതയുടെയും മൌനത്തിന്റെയും ചുമർ കെട്ടി അതിനുള്ളിൽ  ഒതുങ്ങി പലപ്പോഴും. അതിൽ  നിന്ന് പുറത്തിറങ്ങാൻ  കൂട്ടാക്കിയില്ല, ആരെയും അതിനകത്ത് കയറ്റിയുമില്ല.

ആ സമയത്തും അന്നപൂർണ്ണ രവിശങ്കറിനൊപ്പം കച്ചേരികൾ   നടത്തി. രവിശങ്കർ  എത്ര മഹത്തായ കലാകാരൻ  ആയിരുന്നാലും സുർബഹാറിന്റെ ആഴങ്ങളിൽ  അന്നപൂർണ്ണയ്ക്ക് ഇറങ്ങിച്ചെല്ലാൻ  കഴിയുന്നിടത്തോളം രവിശങ്കറിന് കഴിഞ്ഞിരുന്നില്ല. അന്നപൂർണ്ണ സംഗീതത്തിൽ  ജനിച്ചു വളർന്നവളാണ്, രവിശങ്കർ  അത് പഠിച്ചെടുത്തതും. അതു തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നിച്ചുള്ള കച്ചേരിയിൽ  അന്നപൂർണ്ണയുടെ സ്വയം മറന്നുള്ള രാഗവിസ്താരങ്ങൾ  രവിശങ്കറിനെ ബുദ്ധിമുട്ടിച്ചു. മുതിർന്ന സംഗീതജ്ഞർ  അന്നപൂർണ്ണയുടെ സംഗീതജ്ഞാനം രവിശങ്കറിനെക്കാൾ  എത്രയോ ഉയരെ എന്ന് വാഴ്ത്തി. ഇതും അവർക്കിടയിലെ ഉരസലിന് കാരണമായി. ഒന്നിച്ചുള്ള വേദികൾ  മേലിൽ  പങ്കിടാൻ  ബുദ്ധിമുട്ടുള്ളതായി രവിശങ്കർ  അറിയിച്ചു. ഇല്ലെങ്കിൽ  അന്നപൂർണ്ണ ശുദ്ധസംഗീതം വിട്ട് ആധുനിക കാലത്തിന്നനുസരിച്ച് തന്റെ ശൈലിയില് മാറ്റം വരുത്തണം എന്നും രവിശങ്കർ  ആവശ്യപ്പെട്ടു. തന്റെ സംഗീതത്തിൽ  വെള്ളം ചേർക്കാൻ അന്നപൂർണ്ണ തയ്യാറായിരുന്നില്ല.

ഇതിനെ തുടർന്ന് പിന്നെ കലഹങ്ങളുടെ നാളുകളായിരുന്നു. അന്നപൂർണ്ണയുടെ സൌന്ദര്യബോധം, വസ്ത്രധാരണം ഇതൊക്കെയും രവിശങ്കറിന് വിഷയങ്ങളായിരുന്നു. ആവശ്യത്തിനു അണിഞ്ഞൊരുങ്ങാത്ത ഭാര്യയുമായി പൊതുവേദികളിൽ  പ്രത്യക്ഷപ്പെടാൻ  അദ്ദേഹം മടിച്ചു. എന്നാൽ  അന്നപൂർണ്ണയ്ക്ക് ഭര്‍ത്താവിന്റെ മനസ്സറിയുന്ന ഭാര്യയാകാനും കഴിഞ്ഞില്ല. അവർ  അവരായിത്തന്നെ നിന്നു . ഇതൊക്കെയും അവർ തമ്മിലുള്ള അകൽച്ചയ്ക്കു ആക്കം കൂട്ടി. രവിശങ്കർ  പ്രശസ്തിയിലേക്കുയർന്നപ്പോൾ അന്നപൂർണ്ണ കൂടുതൽ  , കൂടുതൽ  തന്നിലേക്കൊതുങ്ങി. ഏക ആശ്രയം ബാബയും മകനും മാത്രമായിരുന്നു. തന്റെ മുഴുവനായും മകന് പകർന്നു നല്കാൻ അവർ ശ്രമിച്ചു. ദുഖം താങ്ങാനാകാതെ വരുമ്പോൾ   ബാബയുടെ തണലിൽ  അഭയം പ്രാപിക്കാനും അവർ  ശ്രമിച്ചു. കമലയുടെ ഭർത്താവ് അമിയോ ചക്രവത്തിയുടെ മരണശേഷം അവർ രവിശങ്കറിനൊപ്പം വിദേശത്തേക്ക് പോയി. രവിശങ്കർ  മകനെയും തന്റെയൊപ്പം വിളിച്ചുകൊണ്ടിരുന്നു. ലോകപ്രശസ്തനായ അച്ഛന്റെയും, ഏകാകിയായ അമ്മയുടെയും ഇടയിൽ  കൂടുതൽ  കുഴങ്ങിയത് സുബ്ഹേന്ദ്ര ആയിരുന്നു. സിത്താർ  പഠിച്ചു കൊണ്ടിരുന്ന അവനെ രവിശങ്കർ  ചിത്രകലയിലേക്ക് മാറ്റി. എന്നാൽ  മെയ്ഹർ ഖരാന മകനിലേക്ക്‌ പകർന്നുനല്‍കാൻ  ആ സമയം അന്നപൂർണ്ണ ആവതു ശ്രമിച്ചു. പുറംലോകവുമായുള്ള ബന്ധങ്ങൾ അവർ  മുറിച്ചുകൊണ്ടിരുന്നെങ്കിലും, കൊൽക്കത്തയിലെ  ‘അലി അക്ബര്‍ സ്കൂള്‍ ഓഫ് മ്യൂസിക്‌’-ൽ  വൈസ് പ്രിന്സിപ്പാലായപ്പോൾ  അന്നപൂർണ്ണ സുബ്ഹെന്ദ്രയേയും കൂടെ കൂട്ടി. പക്ഷെ സുബ്ഹേന്ദ്രയ്ക്കാവശ്യം അമ്മയുടെ ഏകാന്തതയുടെയും ദു:ഖത്തിന്റെയും ഇടയിൽ നിന്നുള്ള മോചനം ആയിരുന്നു. അതുകൊണ്ടുതന്നെ രവിശങ്കർ വിളിച്ചപ്പോൾ അവനും വിദേശത്തേയ്ക്ക് അവർക്കൊപ്പം പോയി .സഹോദരന്റെ നിർബന്ധത്തിനു വഴങ്ങി തന്റെ സ്ഥാപനമായ ‘അലി അക്ബർ സ്കൂൾ ഓഫ് മ്യൂസിക്‌’- ണ് വേണ്ടി 1956 ഏപ്രിൽ 14 ണ് അന്നപൂർണ്ണ താനെ ആറാമത്തെയും അവസാനത്തെയും കച്ചേരി നടത്തി. താനറിയാതെ തന്റെ കച്ചേരി റെക്കോർഡ്‌ ചെയ്തതറിഞ്ഞ്   കുപിതയായ  അവർ എല്ലാം എറിഞ്ഞുടച്ചു . പിന്നെ കച്ചേരികൾക്കായി    ഒരു പൊതു വേദിയിലും അന്നപൂർണ്ണ എത്തിയിട്ടില്ല.

സുബ്ഹേന്ദ്ര  പോകുകയും,തൊണ്ണൂറ്റിയൊന്നാം വയസ്സില ബാബ കൂടി വിട പറയുകയും ചെയ്തപ്പോൾ അന്നപൂർണ്ണ തീർത്തും ഒറ്റയ്ക്കായി .പകൽ സമയം ജാലകത്തിലൂടെ പറന്നെത്തുന്ന പ്രാവുകൾക്ക് ഭക്ഷണം കൊടുത്തും അർദ്ധ രാത്രിക്ക് ശേഷം ലോകം ഉറങ്ങുമ്പോൾ സംഗീത സാധന നടത്തിയും അവർ നാളുകൾ കഴിച്ചു. ആ സമയത്ത് പുറം ലോകവുമായി തന്നെ ബന്ധിച്ചിരുന്ന അവസാന വാതിലും അവർ അടച്ചു . എന്നിട്ട് പുറത്തൊരു ബോർഡും വെച്ചു. “തിങ്കളും വെള്ളിയും ഈ വാതിൽ തുറക്കില്ല.മറ്റു ദിവസങ്ങളിൽ മൂന്നു തവണ ബെല്ലടിച്ചിട്ടും തുറന്നില്ലെങ്കിൽ നിങ്ങളുടെ വിലാസം എഴുതി വെച്ചിട്ട് പോകുക,നന്ദി ”

അമേരിക്കയിൽ എത്തിയ സുബ്ഹേന്ദ്ര  1992- ൽ അമ്പതാം വയസ്സിൽ അന്തരിച്ചു.ഇതറിഞ്ഞു അന്നപൂർണ്ണ പൂർണ്ണമായും തളർന്നു. സുബ്ഹേന്ദ്ര   മരിക്കുന്നതിനും പത്തു വർഷം മുന്നേ അന്നപൂർണ്ണയും  രവിശങ്കറും വേർപിരിഞ്ഞിരുന്നു . ഈ കാലയളവിൽ രവിശങ്കർ കമലയിൽ നിന്നു സുകന്യയിലെയ്ക്ക് ചേക്കേറി കഴിഞ്ഞിരുന്നു.

രാത്രികാലത്ത് എങ്ങു നിന്നോ ഒഴുകിയെത്തൂന്ന ശ്രുതി ശുദ്ധമായ സംഗീതത്തിന്റെ ഉടമയെ ആ ഫ്ലാറ്റിലാരും കണ്ടിരുന്നില്ല. എന്നിട്ടും അവരെ തേടി അവിടേയ്ക്കു ശിഷ്യഗണങ്ങൾ വന്നുകൊണ്ടിരുന്നു. ആ വാതിൽ എല്ലാപേർക്കു മുന്നിലും തുറക്കപ്പെട്ടില്ല. ഉത്തർപ്രദേശിലെ ഗുസ്തിക്കാരൻ ശ്രീലാലിന്റെ മകൻ വർഷങ്ങളോളം മുട്ടിയിട്ടാണ് അവർ വാതിൽ തുറന്നത്.പണ്ട് ബാബ രവിശങ്കറിനോട് ‘നിനക്ക് നൃത്തമല്ല സിത്താറാണ് ചേരുന്നത്’ എന്ന് പറഞ്ഞത് പോലെ അന്നപൂർണ്ണ അവനോടു നിനക്ക് സംഗീതത്തെക്കാൾ ചേരുക പുല്ലാംകുഴലാണെന്ന് നിർദേശിച്ചു .ആ കുട്ടിയാണ് ഒരു മുളന്തണ്ടിൽ ലോകത്തെ വിസ്മയിപ്പിച്ച ഹരിപ്രസാദ് ചൗരസ്യ .അതുപോലെ പ്രശസ്തരായ ധാരാളം ശിഷ്യഗണങ്ങൾ.. ബസന്ത് കബ്ര ,നിഖൽ ബാനർജി, അമിത് ഭട്ടാചാര്യ തുടങ്ങിയവർ. പാതിരാവു കഴിഞ്ഞ വേളകളിൽ അന്നപൂർണ്ണ അവരിലേയ്ക്ക് തന്റെ സംഗീതം പകർന്നു നല്കി. ശിഷ്യർ ‘മാ’ എന്ന് വിളിച്ചിരുന്ന അന്നപൂർണ്ണ അവർക്ക് ഒരേ സമയം അമ്മയും ഗുരുവുമായി.
1984-ൽ സത്യസായിബാബ മുംബൈയിലെത്തിയപ്പോൾ അദ്ധേഹത്തിന്റെ ഏക ആഗ്രഹം അന്നപൂർണ്ണയെ നേരിൽ കാണുക എന്നതായിരുന്നു. എന്നാൽ തനിക്കാരെയും കാണണ്ട എന്ന് പറഞ്ഞു അവിടെയും അവർ വാതിലടച്ചു. ബാബയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നു , അതിനു ശേഷം പത്മഭൂഷൻ പുരസ്കാരം അന്നപൂർണ്ണയെ തേടി വന്നു. അതിനു മുന്നിലും ആ വാതിൽ അടഞ്ഞു തന്നെ കിടന്നു.

ഒരിക്കൽ അല്ലാവുദീൻ ഖാൻ മ്യൂസിക്‌ സർക്കിളിന്റെ പരിപാടിക്ക് വന്നപ്പോൾ രവിശങ്കർ അന്നപൂർണ്ണയെ കാണാൻ ചെന്നിരുന്നു. അന്ന് കാക്കയ്ക്കും പ്രാവിനും ഭക്ഷണം കൊടുത്തു കൊണ്ട് അവർ നടത്തുന്ന ധൂർത്തിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. മിണ്ടാപ്രാണികൾ ഒരിക്കലും ചതിക്കില്ല എന്ന മറുപടിയിൽ രവി ശങ്കറിന് ഉത്തരം മുട്ടി
അന്നപൂർണ്ണയേക്കാൾ പതിമൂന്നുവയസ്സ് ഇളപ്പമുള്ള റൂഷികുമാർ പാണ്ട്യ എന്ന അഹമ്മദാബാദുകാരൻ അവരുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നു വന്നു. അപ്പോഴും ആ ജീവിതത്തിനു മാറ്റമൊന്നും ഉണ്ടായില്ല. കുറച്ചു നാളുകൾ അന്നപൂർണ്ണയുടെ ജീവിതത്തിൽ കൂട്ടായിരുന്നിട്ടു 2013 -ൽ അപ്രതീക്ഷിതമായുണ്ടായ കാർഡിയാക് അറസ്റ്റിൽ അദ്ദേഹം അന്നപൂർണ്ണയെ വിട്ടുപിരിഞ്ഞു .വീണ്ടും അന്നപൂർണ്ണയ്ക്കു കൂട്ട് സംഗീതം മാത്രമായി.
ഇപ്പോൾ അന്നപൂർണ്ണയ്ക്ക് തൊണ്ണൂറിലധികം വയസ്സുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി മൂന്നോ നാലോ തവണ മാത്രമാണ് അവർ വാതിൽ തുറന്നു പുറത്ത് വന്നത് . സന്ദർശകരില്ലാത്ത പബ്ലിസിറ്റിസ്ടണ്ടുകൾ ഇല്ലാത്ത ജീവിതം . ഇരുപതു വയസിനു മുൻപെടുത്ത ഒന്ന് രണ്ടു ഫോട്ടോകൾ അല്ലാതെ മറ്റൊരു ഫോട്ടോയും അവരുടേതായി ഇല്ലതാനും.

മുംബൈ മഹാ നഗരത്തിലെവിടെയോ അന്നപൂർണ്ണയുണ്ട്. ചുളിവു വീണ കൈകൾ കൊണ്ടവർ ഇപ്പോഴും പാതിരാവു കഴിയുന്ന സമയങ്ങളിൽ സുർബഹാറിന്റെ ആഴങ്ങളിൽ അലിയുന്നുണ്ടാകാം. ഉടമസ്ഥനെ കാണാതെ ആ സംഗീതം അയൽവാസികൾ ആസ്വദിക്കുന്നുമുണ്ടാകാം. എങ്കിലും അന്നപൂർണ്ണാ….
ലോകം കാത്തിരിക്കുന്ന ആ വാതിൽ നമുക്ക് മുന്നിൽ തുറന്നിട്ട്‌ നിങ്ങൾ പുറത്തേയ്ക്ക് വരാൻ…. ആ സംഗീതം മതിവരുവോളം ആസ്വദിക്കാൻ..


 

Comments
Print Friendly, PDF & Email

You may also like