ART

കെ.ജി.സുബ്രഹ്മണ്യന്‍: ആധുനികതയുടെ ചിത്രകാരന്‍


കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ചിത്രകാരന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വി.കെ.രാമചന്ദ്രന്‍ എഴുതിയ ഒരു കുറിപ്പ്.

ധുനിക ഇന്ത്യന്‍ ചിത്രകലയിലെ കുലപതികളിലൊരാളായ കെ.ജി.സുബ്രഹ്മണ്യന്‍ എന്ന കെ.ജി.എസ്സിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദര്‍ശനം നടന്നത് 2014 ആഗസ്റ്റിലായിരുന്നു. അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കലാചരിത്രകാരനായ ആര്‍.ശിവകുമാര്‍ ക്യുറേറ്റ് ചെയ്ത് കല്‍ക്കത്തയിലെ സീഗള്‍ ആര്‍ട്ട് ഫൗണ്ടേഷനും കേരള ലളിതകല അക്കാദമിയും ചേര്‍ന്നൊരുക്കിയ വിപുലമായ കലാപ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ഹാളിലായിരുന്നു.‘യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പ്പങ്ങള്‍ക്കും ഇടയിലൂടെ’എന്ന് സ്വയം വിശേഷിപ്പിച്ച ചിത്രപരമ്പരയില്‍ വരച്ച ഏറ്റവും പുതിയ തൊണ്ണൂറ് ചിത്രങ്ങളുമായാണ് പ്രിയപ്പട്ടവര്‍ ‘മണി ദാ’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന കെ.ജി.എസ്സ് കേരളത്തിലെ തന്റെ ആദ്യ സോളോ പ്രദര്‍ശനത്തിന് എത്തിയത്.

വരയിലെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ‘അനായാസ വര’ (doodle) കളുടെ നിറ ചിത്രീകരണങ്ങളാണ് കെ.ജി.എസ്സിന്റെ പെയ്ന്റിംഗുകള്‍. അതില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രകൃതിയും കഥകളും ആഖ്യാനപ്പെടുന്നുണ്ട്. ഭാരതീയ മിത്തുകളിലും നാടോടി പാരമ്പര്യ കഥകളിലുമുള്ള കഥാപാത്രങ്ങളുടെ ചിത്രീകരണത്തില്‍ പുതിയൊരു കാഴ്ചയൊരുക്കി, ആധുനിക ചിത്രകലയിലെ പുതിയ സാദ്ധ്യതകളെ വികസിപ്പിച്ചെടുത്ത അപൂര്‍വ്വം ഇന്ത്യന്‍ ചിത്രകാരന്മാരില്‍ ഒരാളാണ് കെ.ജി.എസ്. സമകാല ഇന്ത്യന്‍ അവസ്ഥയിലെ യാഥാര്‍ത്ഥ്യങ്ങളെയാണ് നാടോടിക്കഥകളുടെ ശീലുകളായി അദ്ദേഹം അവതരിപ്പിക്കുന്നത്. പുരാണ കഥാപാത്രങ്ങള്‍ക്കും പഴയ ചരിത്ര നായികമാര്‍ക്കും ഇന്നിന്റെ മുഖമാണുള്ളത്. ഹനുമാന്‍ വെറും കുരങ്ങനും ദുര്‍ഗ്ഗാദേവി സാധാരണ പെണ്‍കുട്ടിയും മഡോണ അടുക്കള വേലക്കാരിയുമാണ്. ജീവനോടെ ദഹിപ്പിക്കപ്പെട്ടിരുന്ന പഴയ കാല അനുഭവങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തയല്ല ‘സതി’എന്ന ചിത്രത്തിലെ പെണ്‍കുട്ടി. അന്തര്‍ലീനമായ നര്‍മ്മവും ആക്ഷേപഹാസ്യവും വിരുദ്ധോക്തികളും സാമൂഹ്യ വിമര്‍ശനങ്ങളും ഈ പെയ്ന്റിംഗുകളുടെ അടിയൊഴുക്കുകളായി വര്‍ത്തിക്കുന്നു. 36 ഗ്ലാസ്സ് പെയ്ന്റിംഗുകള്‍ (reverse paintings on acrylic sheet), gouache on board ഉള്‍പ്പെടെ 58 പെയ്ന്റിംഗുകളും ഹാന്‍ഡ്‌മെയ്ഡ് പേപ്പറിലുള്ള 32 ഇങ്ക് ഡ്രോയിംഗുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

അസാധാരണമായ അനവധി വ്യത്യസ്ത കഴിവുകളുള്ള ഒരു കലാകാരനായിരുന്നു കെ.ജി.എസ്. പഴയതും പുതിയതുമായ വ്യത്യസ്ത മാധ്യമങ്ങളിലും പ്രതലങ്ങളും സാങ്കേതിക രീതികളിലുമുള്ള പ്രയോഗങ്ങളിലെ വൈദഗ്ദ്യം അത്ഭുതപ്പെടുത്തുന്നതാണ്.

ടെറാക്കോട്ടയും പോട്ടറിയും കളിപ്പാട്ട നിര്‍മ്മാണവും പ്രിന്റ്‌മേക്കിംഗും ഗ്ലാസ്സ് പെയ്ന്റിംഗും ശില്‍പ്പവും നെയ്ത്തും വരെ അതില്‍പ്പെടുന്നു. ശാന്തിനികേതനിലെ രണ്ടുനില കെട്ടിടത്തിന്റെ പുറം ചുവരുകളില്‍ ഒറ്റക്ക് മ്യൂറല്‍ ചെയ്ത് തീര്‍ത്തത് മൂന്ന് വര്‍ഷം മുമ്പാണ്. ആര്‍ട്ടും ക്രാഫ്റ്റും വേര്‍തിരിച്ച് കാണേണ്ട ആവശ്യമില്ലെന്ന പക്ഷക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. പ്രഗല്‍ഭനായ അദ്ധ്യാപകനും കലാചരിത്രകാരനും കവിയും ബാല സാഹിത്യകാരനും കൂടിയാണ് കെ.ജി.എസ്സ്. കലാപഠനങ്ങളും കവിതാസമാഹാരങ്ങളും കലാഗ്രന്ഥ പരിഭാഷകളും ബാലസാഹിത്യ രചനകളും ഉള്‍പ്പെടെ ഇരുപതോളം കൃതികള്‍ അദ്ദേഹത്തിന്റെതായുണ്ട്.

പാലക്കാട് കല്‍പ്പാത്തി ഗണപതി അയ്യരുടെ മകനായി കൂത്തുപറമ്പില്‍ ജനിച്ച കെ.ജി.എസ്സിന്റെ ബാല്യം കല്‍പ്പാത്തിയിലും മാഹിയിലുമായിരുന്നു. മാഹിയിലെ സകൂള്‍ പഠനത്തിനു ശേഷം മദ്രാസ്സിലെ പ്രസിഡന്‍സി കോളേജില്‍ ഇക്കണോമിക്‌സ് പഠിക്കാനെത്തിയ കാലത്താണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലാവുന്നത്. അവിടെ ആറുമാസം തടവില്‍ കഴിഞ്ഞു. ഈ സംഭവത്തോടെ സര്‍ക്കാര്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതൊരു വഴിത്തിരിവായിരുന്നു. ഗാന്ധിജിയുടെയും ടാഗോറിന്റെയും ജീവിതചിന്തകളില്‍ ആകൃഷ്ടനായിരുന്ന അക്കാലത്താണ് ശാന്തിനികേതനെക്കുറിച്ച് അറിയുന്നതും തനിക്കേറെ താല്‍പ്പര്യമുണ്ടായിരുന്ന ചിത്രകല പഠിക്കാനായി അവിടെ എത്തുന്നതും. നന്ദലാല്‍ ബോസ്, ബിനോദ് ബിഹാരി മുഖര്‍ജി, രാംകിങ്കര്‍ തുടങ്ങിയ പ്രഗല്‍ഭരായ അദ്ധ്യാപകരുടെ ശിഷ്യനായാണ് അവിടെ പഠനം പൂര്‍ത്തിയാക്കിയത്. ദേശീയതയിലുറച്ച ഗാന്ധിയന്‍ ജീവിതവും ഇടതു ചിന്തകളുടെ ഉള്‍ക്കരുത്തുമുള്ള കലാകാരന്റെ രാഷ്ട്രീയം കെ.ജി.എസ്സില്‍ രൂപപ്പെടുന്നതും ഇക്കാലത്താണ്.

കലാഭവനിലെ പഠനം കഴിഞ്ഞിറങ്ങിയ കെ.ജി.എസ്സ് 1951 ല്‍ ബറോഡ ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്‌സില്‍ അദ്ധ്യാപകനായി. 1956 ല്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പില്‍ ലണ്ടനിലെ SLADE സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ തുടര്‍ പഠനം. അതു കഴിഞ്ഞ് തിരിച്ചെത്തി 1959 മുതല്‍ 1961 വരെ ആള്‍ ഇന്ത്യ ഹാന്റ്ഡ്‌ലൂം ബോഡില്‍ (ബോംബെ) ഡിസൈന്‍ ഡയറക്റ്റര്‍. 1961 മുതല്‍ ബറോഡയില്‍ പെയ്ന്റിംഗ് വിഭാഗം റീഡറും 1966 ല്‍ പ്രൊഫസറും ആയിരുന്നു. 1966 ല്‍ Rockefeller ഫെല്ലോഷിപ്പില്‍ ന്യൂയോര്‍ക്കിലേക്ക് പോയി. തിരിച്ചെത്തി 1968 മുതല്‍ 1974 വരെ ബറോഡ ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്‌സില്‍ ഡീന്‍. 1980 ല്‍ വീണ്ടും ശാന്തി നികേതനില്‍ തിരിച്ചെത്തി പെയ്ന്റിംഗ് വിഭാഗം പ്രൊഫസറായി. 1989 ല്‍ കലാഭവനില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന വര്‍ഷം പ്രൊഫസര്‍ എമിറിറ്റസ് ആയി നിയമിക്കപ്പെട്ടത് ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ മോണ്ട്രിയല്‍, ഒട്ടാവ, ഹാമില്‍ട്ടന്‍ തുടങ്ങിയ കനേഡിയന്‍ യൂനിവേഴ്‌സിറ്റികളിലും വിസിറ്റിംഗ് ലക്ചറര്‍ ആയിരുന്നു. 2004 ല്‍ ശാന്തിനികേതന്‍ വിട്ട് ബറോഡയില്‍ താമസമാക്കി.

05 couple-reversepaintingonacrylicgouache+oil
കെ.ജി.സുബ്രഹ്മണ്യത്തിന്റെ ഒരു പെയിന്റിംഗ്

നമ്മുടേതു പോലുള്ള ഇന്ത്യന്‍ അവസ്ഥയില്‍ കഴിഞ്ഞു പോയ കാലത്തെ ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസത്തിനു പകരം പത്തു വര്‍ഷമെങ്കിലും ഭാവിയിലേക്ക് ഉള്‍ക്കാഴ്ചയോടെയുള്ള വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടതെന്നും കെ.ജി.എസ്സ് അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ കലാ സാംസ്‌കാരിക രംഗത്ത് അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്. കലക്ക് ഇവിടെ പൊതുസമൂഹമോ സര്‍ക്കാരോ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. ഈ സ്ഥിതി മാറേണ്ടതുണ്ടെന്നും സാധാരണക്കാരായ ജനങ്ങളില്‍ കലയോടുള്ള അഭിരുചി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ബിനാലെ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ഇന്ത്യയിലും ഇരുപത്തിയഞ്ചിലധികം വിദേശരാജ്യങ്ങളിലുമായി നൂറോളം ഗ്രൂപ്പ് പ്രദര്‍ശനങ്ങളും എണ്‍പതോളം സോളൊ പ്രദര്‍ശനങ്ങളും ചെയ്തിട്ടുള്ള കെ.ജി.എസ്സിന് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ പലതവണ ലഭിച്ചിട്ടുണ്ട്. 1992 ല്‍ രബീന്ദ്ര ഭാരതി യൂനിവേഴ്‌സിറ്റിയും 1997 ല്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയും 2011 ല്‍ ആസ്സാം യൂനിവേഴ്‌സിറ്റിയും ഡി.ലിറ്റ് നല്‍കി ബഹുമാനിച്ചു. 1975 ല്‍ പത്മശ്രീയും 2006 ല്‍ പത്മഭൂഷണും 2012 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച ഈ പ്രതിഭയെ 1993 ല്‍ ഫെല്ലോഷിപ്പ് നല്‍കി കേരള ലളിതകലാ അക്കാദമിയും 2001 ല്‍ പ്രഥമ രവിവര്‍മ്മ പുരസ്‌കാരം നല്‍കി കേരള സര്‍ക്കാരും ആദരിച്ചു. കേരളത്തില്‍ നിന്ന് അദ്ദേഹത്തിന് (കലാലോകത്തിനും) ലഭിച്ച മറ്റൊരു ആദര സമ്മാനം കൂടിയുണ്ട്. കെ.ജി.എസ്സിനെ കുറിച്ച് ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി, ‘മൂവിംഗ് ഫോക്കസ്’ ( Moving Focus, A Voyage With K.G..Subramanian). മകള്‍ ഉമക്ക് തന്റെ ജന്മനാട് കാണിച്ചു കൊടുക്കാന്‍ വേണ്ടി അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തുന്ന കെ.ജി.എസ്സിനെ പിന്‍തുടരുന്ന ഷാജിയുടെ ക്യാമറ ആ കലാകാരന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കുന്ന മനോഹരമായ കാഴ്ചയാണ്.


(കലാപൂര്‍ണ്ണ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Comments
Print Friendly, PDF & Email

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

About the author

വി.കെ.രാമചന്ദ്രന്‍

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.